റഷ്യയിലെ ആദ്യത്തെ മക്ഡൊണാൾഡ്‌സും, പ്രശസ്തമായ കഫെ പുഷ്‌കിനും എക്‌സ്‌പ്ലോർ ചെയ്തപ്പോൾ

റഷ്യയുടെ തലസ്ഥാനമായ മോസ്‌ക്കോയിൽ വന്നിട്ട് ഇത് നാലാമത്തെ ദിവസം. മുൻ ദിവസങ്ങളേക്കാൾ തണുപ്പ് കുറവായിരുന്നു അന്ന് ഫീൽ ചെയ്തത്. റെഡ് സ്ക്വയറിനടുത്തായി മോസ്‌കോ സിറ്റി സെന്ററിലേക്കാണ് ഇനി ഞങ്ങളുടെ യാത്ര. അവിടെയുള്ള Courtyard by Marriott ഹോട്ടലിലാണ് ഇനി രണ്ടു ദിവസം ഞങ്ങളുടെ താമസം. അങ്ങനെ ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത് Yandex ആപ്പ് വഴി ഒരു ടാക്സി കാർ ഓൺലൈനായി ബുക്ക് ചെയ്ത് സിറ്റി സെന്ററിലേക്ക് യാത്രയായി.

ടാക്സി കാറിൽ കയറിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. അതിൽ ബേബി സീറ്റർ സജ്ജീകരിച്ചിരിരുന്നു. സംഭവം മറ്റൊന്നുമല്ല, ചെറിയ കുട്ടികളുമായി കാറിൽ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും ബേബി സീറ്ററിൽത്തന്നെ കുട്ടികളെ ഇരുത്തേണ്ടതായുണ്ട്. മറ്റൊന്നുമല്ല, കുട്ടികൾക്ക് നമ്മളെപ്പോലെ സീറ്റ്ബെൽറ്റ് ഇടാൻ സാധിക്കില്ലല്ലോ. ഇത്തരത്തിൽ ബേബി സീറ്ററിൽ ഇരുത്തിയല്ലാതെ യാത്ര ചെയ്‌താൽ ടാക്സി ഡ്രൈവർക്കായിരിക്കും ട്രാഫിക് പോലീസിൻ്റെ ഫൈൻ ലഭിക്കുക. ഇക്കാരണത്താൽ ഇവിടെ കുട്ടികളായി യാത്ര ചെയ്യുമ്പോൾ ‘Kids Friendly’ ടാക്‌സികൾ ആയിരിക്കും ആളുകൾ എടുക്കുക.

അങ്ങനെ ഞങ്ങൾ ടാക്സിയിൽ സഞ്ചരിച്ച് അവസാനം സിറ്റി സെന്ററിലെ മാരിയറ്റ് ഹോട്ടലിൽ എത്തിച്ചേർന്നു. അവിടെ താമസിക്കുവാനായി രണ്ടു ദിവസത്തേക്ക് 13,800 രൂപയാണ് ചാർജ്ജ് വന്നിരിക്കുന്നത്. അതും ബ്രേക്ക്ഫാസ്റ്റ് ഇല്ലാതെ. അതും കൂടി include ചെയ്താൽ ചാർജ്ജ് ഇനിയും കൂടും. അങ്ങനെ ഞങ്ങൾ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം റൂമിലേക്ക് നീങ്ങി.

ഇനി റൂമിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. 222 എന്ന ഫാൻസി നമ്പറായിരുന്നു ഞങ്ങളുടെ റൂം നമ്പർ. ഫാൻസി നമ്പർ റൂമിന് എക്സ്ട്രാ കാശൊന്നും കൊടുക്കേണ്ട കേട്ടൊ. കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ താമസിച്ചതിനേക്കാൾ വലിയ റൂം ആയിരുന്നു മാരിയറ്റിലേത്. കിടക്കകൾ separate ആയിട്ടുള്ള ട്വിൻ ബെഡ് റൂമായിരുന്നു അത്. അങ്ങനെ ഞങ്ങൾ റൂമിൽ കുറച്ചു സമയം വിശ്രമിച്ച ശേഷം ഭക്ഷണം കഴിക്കുവാനായി പുറത്തേക്ക് ഇറങ്ങി.

അവിടെ അടുത്തായി സ്ഥിതി ചെയ്യുന്ന കഫേ പുഷ്കിൻ എന്ന ഒരു പ്രശസ്തമായ റെസ്റ്റോറന്റ് ആയിരുന്നു ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി തിരഞ്ഞെടുത്തത്. ദൂരം കുറവായിരുന്നതിനാൽ ഞങ്ങൾ ഹോട്ടലിൽ നിന്നും നടന്നാണ് റെസ്റ്റോറന്റിലേക്ക് പോയത്. ആ സമയത്ത് രാവിലത്തേതിനേക്കാൾ തണുപ്പ് കൂടിയതായി ഞങ്ങൾക്ക് തോന്നി. നടക്കുന്നതിനിടയിൽ റഷ്യക്കാരുടെ റോഡ് – ഡ്രൈവിംഗ് മര്യാദ ഞങ്ങൾക്ക് നന്നായി ബോധ്യപ്പെട്ടു. ഒരു ബിഗ് സല്യൂട്ട്…

അങ്ങനെ ഞങ്ങൾ നടന്നു നടന്ന് കഫേ പുഷ്കിൻ റെസ്റ്റോറന്റിൽ എത്തിച്ചേർന്നു. ചെന്നു കയറിയപ്പോൾ തന്നെ സഹീർ ഭായിയെ അവർ അണ്ടർഗ്രൗണ്ട് റൂമിലേക്ക് പറഞ്ഞയച്ചു. കാര്യം മറ്റൊന്നുമല്ല, സഹീർ ഭായി ഒരു ചുവന്ന ജാക്കറ്റൊക്കെ ധരിച്ചതായിരുന്നു വന്നിരുന്നത്. എന്നാൽ റെസ്റ്റോറന്റിൽ പ്രവേശിക്കുവാനായുള്ള ഡ്രസ്സ് കോഡിൽ ഈ ജാക്കറ്റ് ഉൾപ്പെടില്ലായിരുന്നു. അതുകൊണ്ട് കുഴപ്പമില്ല, ഹോട്ടലിന്റെ അണ്ടർഗ്രൗണ്ടിലുള്ള ക്ളോക്ക് റൂമിൽ ഇത്തരം സാധനങ്ങൾ നമുക്ക് സൂക്ഷിക്കാവുന്നതാണ്. നമ്മുടെ നാട്ടിൽ ചില തുണിക്കടകളിലും മറ്റും പോകുമ്പോൾ ബാഗൊക്കെ സൂക്ഷിച്ചു വെക്കാറില്ലേ? അതുപോലൊരു സംവിധാനം.

ക്ളോക്ക് റൂമിൽ ജാക്കറ്റും നൽകി ഞങ്ങൾ റെസ്റ്റോറന്റിലേക്ക് കയറി. റെസ്റ്റോറന്റിനകത്ത് വളരെ നല്ലൊരു atmosphere ആയിരുന്നു. ഏതോ ഒരു ചരിത്രമുറങ്ങുന്ന മ്യൂസിയത്തിൽ കയറിയതു പോലെയായിരുന്നു ഞങ്ങൾക്ക് ഫീൽ ചെയ്തത്. കൂടാതെ ജീവനക്കാരുടെ പെരുമാറ്റമെല്ലാം മികച്ചതു തന്നെ. നല്ല വിശപ്പുണ്ടായിരുന്നതിനാൽ വ്യത്യസ്തമായി കണ്ട വിഭവങ്ങൾ ഞങ്ങൾ ഓർഡർ ചെയ്തു. ഭക്ഷണം കഴിച്ചുകഴിഞ്ഞു ബിൽ വന്നത് 7000 രൂപയായിരുന്നു. കേൾക്കുമ്പോൾ കത്തിയാണെന്നു തോന്നുമെങ്കിലും ഇവിടത്തെ സജ്ജീകരണങ്ങളും സർവ്വീസും ഭക്ഷണത്തിന്റെ നിലവാരവും അനുസരിച്ച് ഇത്രയും തുക വരും.

ഭക്ഷണം കഴിച്ചു കഴിഞ്ഞു അടുത്തുള്ള ഒരു ചെറിയ സൂപ്പർ മാർക്കറ്റിൽ നിന്നും ചെറിയൊരു ഷോപ്പിംഗ് (ഫ്രൂട്സ്) കഴിഞ്ഞു ഞങ്ങൾ തിരികെ ഹോട്ടൽ റൂമിലേക്ക് നടന്നു. ഹോട്ടൽ റൂമിൽ ചെന്നിട്ട് കുറച്ചു സമയത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ വീണ്ടും കറങ്ങുവാനായി പുറത്തേക്ക് ഇറങ്ങി.

പുറത്തിറങ്ങിയപ്പോൾ കാലാവസ്ഥ ആകപ്പാടെ മാറിയിരുന്നു. പുറത്ത് നല്ല മഴ… മെട്രോ യാത്രകൾ നടത്തുവാൻ പ്ലാനിട്ടിരുന്നുവെങ്കിലും മഴയായതിനാൽ അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് നടക്കുക ബുദ്ധിമുട്ടായിരുന്നു. ഇനി ടാക്സി വിളിക്കുകയാണെങ്കിൽ, വെറും ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള മെട്രോ സ്റ്റേഷനിലേക്ക് പോകുവാൻ 7010 രൂപയായിരുന്നു റേറ്റ് കാണിച്ചിരുന്നത്. എന്തായാലും മഴയോട് തോറ്റു പിന്മാറുവാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു. ഞങ്ങൾ പ്ലാൻ മാറ്റി മറ്റൊരു സ്ഥലത്തേക്ക് ആക്കി യാത്ര.

ഞങ്ങൾ പോകുവാനായി തിരഞ്ഞെടുത്തത് ഒരു മക്ഡൊണാൾഡ്‌സ് കഫേയിലേക്ക് ആയിരുന്നു. വെറുമൊരു കഫേ മാത്രമായിരുന്നില്ല അത്. സോവിയറ്റ് യൂണിയനിലെ ആദ്യത്തെ മക്ഡൊണാൾഡ്‌സ് കഫേ ആയിരുന്നു അത്. 1990 ലാണ് ഈ മക്ഡൊണാൾഡ്‌സ് ഇവിടെ ആരംഭിച്ചത്. പുഷ്കിൻസ് സ്‌ക്വയർ എന്ന സ്ഥലത്ത് ഞങ്ങൾ നേരത്തെ ഭക്ഷണം കഴിച്ച കഫെ പുഷ്കിന് അടുത്തായിരുന്നു ഇതും സ്ഥിതി ചെയ്തിരുന്നത്.

ഇത് ഇവിടെ തുടങ്ങിയ സമയത്ത് റഷ്യയിലെ ഒരു Expensive Food ആയിരുന്നു മക്ഡൊണാൾഡ്‌സ്. ഒരു ദിവസം അയ്യായിരത്തിലധികം ആളുകൾ ഒരേ ക്യൂവിൽ നിന്നുകൊണ്ട് ഇവിടെ നിന്നും ഭക്ഷണം വാങ്ങിച്ച ചരിത്രവും റെക്കോർഡും കൂടിയുണ്ട് ഈ മക്ഡൊണാൾഡ്‌സ് കഫേയ്ക്ക്. കാലങ്ങൾ കടന്നുപോയി, പുതിയ പുതിയ ചെയിൻ റെസ്റ്റോറന്റുകളും, കഫേകളുമൊക്കെ റഷ്യയിൽ വേറെ വന്നെങ്കിലും ഈ മക്ഡൊണാൾഡ്‌സിൽ ഇപ്പോഴും അതുആവശ്യം തിരക്കുണ്ട്.

വലിയ വിശപ്പൊന്നും ഉണ്ടായിട്ടായിരുന്നില്ല ഞങ്ങൾ അവിടേക്ക് പോയത്. എല്ലാം ഒന്ന് എക്‌സ്‌പ്ലോർ ചെയ്യുവാനായിട്ടായിരുന്നു. ഞങ്ങൾ ഒട്ടും വിചാരിക്കാത്തത്ര വലതായിരുന്നു ആ കഫേ. കൂടാതെ ഒടുക്കത്തെ തിരക്കും.

കഫെയിൽ സജ്ജീകരിച്ചിരുന്ന കിയോസ്‌ക്ക് സ്‌ക്രീനിൽ നിന്നും ഞങ്ങൾക്ക് വേണ്ടത് ഓർഡർ ചെയ്ത ശേഷം അതിൽത്തന്നെ ഓൺലൈനായി പേയ്‌മെന്റ് നടത്തി. ഇതിനു ശേഷം കിയോസ്‌ക്കിൽ നിന്നും ഞങ്ങൾക്ക് ഒരു റിസീപ്റ്റ് ലഭിച്ചു. അതിൽ ടോക്കൺ നമ്പർ അടക്കം രേഖപ്പെടുത്തിയിരുന്നു. പൊതുവെ ഇത്തരം കഫേകളിൽ ഓർഡർ ചെയ്തു കഴിഞ്ഞാൽ കുറഞ്ഞത് 15 – 20 മിനിറ്റെങ്കിലും നമുക്ക് കാത്തുനിൽക്കേണ്ടി വരാറുണ്ട്. എന്നാൽ ഇവിടെ ഓർഡർ ചെയ്തു, മിനിറ്റുകൾക്കകം ഞങ്ങളുടെ ടോക്കൺ വിളിക്കുകയും, ഒരു ട്രേയിൽ ഭക്ഷണം ലഭിക്കുകയും ചെയ്തു.

മക്ഡൊണാൾഡ്‌സിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ മഴ പൂർണ്ണമായും മാറിയിരുന്നില്ല. അക്കാരണത്താൽ ഞങ്ങൾക്ക് കൂടുതലൊന്നും കറങ്ങുവാൻ സാധിച്ചില്ല. മഴയത്തു നടക്കുവാനുള്ള ബുദ്ധിമുട്ട് കാരണം ഒരു ടാക്സി വിളിച്ച് ഞങ്ങൾ ഹോട്ടളിലേക്ക് നീങ്ങി.