സന്തോഷ് ജോർജ്ജ് കുളങ്ങരയും സഞ്ചാരവും – കേരളം കണ്ട ഏറ്റവും വലിയ സഞ്ചാരി

കേരളം കണ്ട ഏറ്റവും വലിയ സഞ്ചാരി ആരായിരിക്കും? യാതൊരു സംശയവും വേണ്ട, ‘സഞ്ചാരം’ എന്ന പരിപാടിയിലൂടെ ലോകം ചുറ്റി പ്രസിദ്ധനായ ‘സന്തോഷ് ജോർജ്ജ് കുളങ്ങര’ ആയിരിക്കും ആ വലിയ സഞ്ചാരി. സഞ്ചാരം എന്ന വാക്കിന് ഇപ്പോള്‍ സന്തോഷ് ജോര്‍ജ് കുളങ്ങര എന്നുകൂടി അര്‍ഥമുണ്ട്.

ഇന്ത്യയിലെ ആദ്യത്തേതും ഒരേയൊരു പര്യവേഷകചാനലുമായ സഫാരി ടിവിയുടെ സ്ഥാപകനും മുഖ്യപര്യവേഷകനുമാണ് കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി സ്വദേശിയായ സന്തോഷ് ജോർജ് കുളങ്ങര (ജനനം 25 ഡിസംബർ 1971). ഏഷ്യാനെറ്റ് ടെലിവിഷൻ ചാനലിലെ ദൃശ്യ യാത്രാവിവരണ പരിപാടിയായ സഞ്ചാരത്തിന്റെ നിർമ്മാതാവ് എന്ന നിലയിലാണ് ഇദ്ദേഹം പ്രസിദ്ധമായത്. ഇതുകൂടാതെ ലേബർ ഇന്ത്യ പബ്ലിക്കേഷൻസിന്റെ മാനേജിങ് ഡയറക്ടറും കൂടിയാണ് സന്തോഷ്.

മധുരയിലെ കാമരാജ് യൂണിവേഴ്സിറ്റിയില്‍ മാസ് കമ്മൂണിക്കേഷനില്‍ വിഷ്വല്‍ മീഡിയ ജേണലിസം പഠിക്കാന്‍ ചെന്നപ്പോൾ ടിവിയിലേയും സിനിമയിലേയും കൂടുതല്‍ പ്രഗത്ഭരെ പരിചയപ്പെടാന്‍ സന്തോഷിനു സാധിച്ചു. ഇതായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് എന്നുവേണമെങ്കിൽ പറയാം. അന്ന് അവരെല്ലാവരും കൂടി ടെലിഫിലുമുകളും പ്രോഗ്രാമുകളും ചെയ്യുകയുണ്ടായി.

എല്ലാവരിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ചിന്ത മനസ്സിലുദിക്കുന്നത് ആ സമയത്തായിരുന്നു. എസ്.കെ. പൊറ്റക്കാടിന്റെ പുസ്തകങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന സന്തോഷ് തൻ്റെ പാതയും യാത്രകൾ തന്നെയാണെന്നു തീരുമാനിക്കുകയായിരുന്നു. കേരളത്തിലെ ചില ചരിത്രപരമായ സ്ഥലങ്ങൾ കോർത്തിണക്കി സന്തോഷ് ആദ്യമായി ഒരു യാത്രാവിവരണ പ്രോഗ്രാം ചെയ്തു.

അന്ന് അദ്ദേഹത്തിൻറെ കൂടെ ഒരു ക്യാമറാമാനും ഉണ്ടായിരുന്നു. പിന്നീടാണ് ക്യാമറ സ്വന്തമായി ചെയ്താലെന്താ എന്നുള്ള ബുദ്ധിയുദിക്കുന്നത്. തുടർന്ന് സന്തോഷ് ഇന്ത്യ മുഴുവനും ഒറ്റയ്ക്കു യാത്ര ചെയ്യുകയും കാഴ്ചകളെല്ലാം ക്യാമറയിൽ വീഡിയോ രൂപത്തിൽ പകർത്തി ഓരോ എപ്പിസോഡുകൾ ആക്കുകയും ചെയ്തു. 1997 ഒക്ടോബര്‍ 24 ന് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തുടങ്ങിയ യാത്രയില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര കണ്ടതും കേട്ടതും ലോകത്തിന്റെ അനുഭവങ്ങളായിരുന്നു.

അങ്ങനെയിരിക്കെ വിവേകാനന്ദ ട്രാവൽസ് മുഖേനയാണ് സന്തോഷിനു നേപ്പാളിലേക്ക് പോകുവാൻ ഒരവസരം ലഭിക്കുന്നത്. അതായിരുന്നു സന്തോഷിന്റെ ആദ്യത്തെ വിദേശ യാത്രാ വീഡിയോ. പിന്നീട് അത് ഓരോരോ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. സന്തോഷ് ഏറ്റവുമധികം സന്ദർശിച്ച രാജ്യങ്ങൾ അമേരിക്കയും ചൈനയുമാണ്.

ഒരു ദിവസം യാത്രയ്ക്കിടയിൽ ഏകദേശം 40 ജി.ബി.യോളം ഡാറ്റ റിക്കാഡ് ചെയ്യാറുണ്ട്. പോയ സ്ഥലങ്ങൾ നേരിൽക്കാണുന്നതിലും കൂടുതൽ ക്യാമറയിൽക്കൂടിയാണ് അദ്ദേഹം കണ്ടിട്ടുള്ളത്. സന്തോഷ് എവിടെപ്പോയാലും ഒപ്പം ക്യാമറ കൂടെക്കാണും. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാണ് അദ്ദേഹം കാമറയില്ലാതെ യാത്ര ചെയ്യാറുള്ളത്. ഇതിനിടെ ചിലിയിൽ നിന്നും അൻറാർട്ടിക്കയിലേക്കുള്ള ഒരു സാഹസിക യാത്ര കഴിഞ്ഞ് മടങ്ങുന്ന വഴി മിലിട്ടറി ഉദ്യോഗസ്ഥർ പറത്തിയിരുന്ന വിമാനത്തിൻറെ കോക്പിറ്റിൽ ഇരുന്ന് വിമാനം നിയന്ത്രിക്കുവാനും സന്തോഷിനു ഭാഗ്യം ലഭിച്ചിരുന്നു.

സഞ്ചാരം : ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സം‌പ്രേഷണം ചെയ്തിരുന്ന ഒരു യാത്രാവിവരണ പരിപാടിയാണ്‌ സഞ്ചാരം.ഈ പരിപാടി മുൻപ്‌ എല്ലാ ഞായറാഴ്ചയും ഇന്ത്യൻ സമയം രാവിലെ 10.30 മുതൽ 11.00 വരെയാണ്‌ ഏഷ്യാനെറ്റ് ന്യൂസിലും ,പിന്നീട് മൂന്നു തവണ ഏഷ്യാനെറ്റിന്റെ മറ്റു ചാനലുകളിലും‌ ഈ പരിപാടി പ്രക്ഷേപണം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇത്‌ സന്തോഷ് ജോർജ് കുളങ്ങരയുടെ സ്വന്തം ചാനൽ ആയ സഫാരി ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ 7:30നും രാത്രി 09:30നും ആണ് സംപ്രേക്ഷണം. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ യാത്രകളിലൂടെയാണ്‌ ഈ പരിപാടി.

ഈ പരിപാടിയുടെ ഇന്റർനെറ്റ് എഡിഷൻ ചാനൽ സഞ്ചാരം ഡോട്ട് കോം എന്ന വെബ്‌സറ്റിലൂടെ ലഭ്യമാണ്‌. ഈ വെബ്‌സറ്റിലൂടെ വീഡിയോകൾ സൗജന്യമായി വീക്ഷിക്കാം. മലയാളത്തിലെ ആദ്യത്തെ ഇന്റർനെറ്റ് ടെലിവിഷൻ ചാനലാണ്‌ സഞ്ചാരം ഡോട്ട് കോം.

ബഹിരാകാശത്തേക്കുള്ള ഒരു യാത്രാപരിപാടിക്കൊരുങ്ങുകയാണ്‌ സഞ്ചാരം. ഇതിന്റെ അവതാരകാനായ സന്തോഷ് ജോർജ്ജ് കുളങ്ങര, വിർജിൻ ഗാലക്ടികിന്റെ അടുത്ത ബഹിരാകാശ യാത്രാ പരിപാടിയായ സ്പേസ്‌ഷിപ്പ്‌ടുവിലെ ഒരംഗമാണ്‌. ഇതു വഴി ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റാവുകയാണ്‌ സന്തോഷ്. കേരളത്തിലെ സഞ്ചാരികളുടെ പ്രിയങ്കരനായ, വഴികാട്ടിയായ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ യാത്രകൾ തുടർന്നുകൊണ്ടേയിരിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.