സൗദി മരുഭൂമിയിലെ നിഗൂഢതകൾ നിറഞ്ഞ മലഞ്ചെരിവുകൾ

എഴുത്ത് – അബു വി.കെ.

ദിനേനെ കൺമുന്നിലെത്തുന്നത് മഞ്ഞണിഞ്ഞ സാരാവത്ത് മലഞ്ചെരിവുകളുടെ കാഴ്ചകളായിരുന്നു. ചുമ്മാ ഒരു ആകാംഷ നിഗൂഢതകൾ നിറഞ്ഞ മലഞ്ചെരിവുകളിലെ താഴ്വരങ്ങളിൽ ഒളിപ്പിച്ചു വെച്ച രഹസ്യങ്ങളുടെ ചുരുളോന്നഴിച്ചാലോ എന്ന്.. പിന്നീട് ഒട്ടും താമസിച്ചില്ല, ഓരോ മലഞ്ചെരിവുകളും തേടി ഒരോ ദിവസവും യാത്ര തിരിക്കും.

അതി വിജനമല്ലാത്ത മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന എനിക്ക് മരുഭൂമി എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരേയും പോലെ മനസ്സിലേക്ക് ഇരച്ചു കയറുന്നത് ചുട്ടു പഴുത്ത മണൽ തരികൾ നിറഞ് കണ്ണെത്താ ദൂരം പറന്ന് കിടക്കുന്ന വിജനതയുടെ ഒരു ലോകം തന്നെയാ !!.

അടിച്ചു വീശുന്ന ഓരോ മണൽക്കാറ്റിലും രൂപപ്പെടുന്ന മണൽ കൂനകളുടെ മനോഹാരിത അതെത്രമാത്രം . മരുഭൂമിയെ വർണ്ണിക്കുകയല്ല. മറിച്ച്‌ കഥകളിലും വായനയിലൂടെയുമെല്ലാം അടുത്തറിഞ്ഞ മരുഭൂമിയിലൂടെ ഒട്ടകപ്പുറത്ത് പോകുന്ന കച്ചവടക്കാരെയും മറ്റു യാത്രികരെയും കൊള്ളയടിക്കുന്ന കൊള്ളക്കാരുടെ കഥ പറഞ്ഞു തന്ന തിരുട്ടുഭൂമിയായിരിക്കും. ലൈലാ മജ്നുവിന്റെ കഥ പറഞ്ഞു തന്ന പ്രണയ ഭൂമിയാകും. ബെന്യാമിന്‍ പറഞ്ഞു തന്ന കഥയിലെ നജീബിന്റെ കണ്ണീര്‍ തുള്ളികള്‍ വീണ കദനഭൂമി ആയിരിക്കണം.. തീർന്നില്ല, ഉമർ മുക്താർ എന്ന വീര പട നായകൻറെ ഒട്ടകങ്ങൾ തേരോട്ടം നടത്തിയ രണഭൂമിയാകാം ….അങ്ങിനെ നിരവധി കഥകളെല്ലാം കേട്ടിട്ടുണ്ട്.

ഈ മരുഭൂമിയെക്കുറിച്ചുള്ള കഥകളെല്ലാം അറിയാൻ തുടങ്ങിയ നാൾ മുതൽ ആഗ്രഹിക്കുകയാണ് വിജനമായ മരുഭൂമിയിലൂടെ ഒരു യാത്രയ്ക്ക് ഒരുങ്ങണമെന്നത് . അത് ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുകയാണ്. അതിനിടയിലേക്കാണ് വിജനമായ മരുഭൂമിലെ മലഞ്ചെരിവുകളുടെ കാഴ്ചകൾ കാണാൻ തുടങ്ങുന്നത്.. .കാലം മാറി. കഥകളും പിടിച്ചു പറിയും യുദ്ധവുവുമെല്ലാ മാറി നിന്നു. ഒട്ടകപ്പുറത്ത് വരി വരിയായ് നീങ്ങിയിരുന്ന കാഫിലക്കൂട്ടങ്ങള്‍ ഇപ്പോള്‍ മരുക്കഥകളിൽ മാത്രമേ അവശേഷിക്കുന്നൊള്ളൂ.

ഒത്തിരി ഒത്തിരി കഥകളും ചരിത്രങ്ങളും പറയാനുണ്ട് വിജനമായ മരുഭൂമികൾക്ക്. ഇത്രയൊക്കെ ചരിത്രങ്ങളും കഥകളും ഉൾക്കൊണ്ട ആര്‍ദ്രമായ ഈ മണല്‍തരികളെ എഴുതി ചേര്‍ക്കാൻ എനിക്കു ഒരിക്കലും കഴിയുകയില്ല. എന്നാൽ ഈ മരുഭൂമിക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന ചെറിയ ചെറിയ മലയിടുക്കുകളുടെ കഥകളധികം കേട്ടിട്ടുണ്ടോ നിങ്ങൾ ….? കുറവായിരിക്കും ല്ലേ… ഞാൻ അധികമൊന്നും കേട്ടിട്ടില്ല. പക്ഷെ.. കുറച്ചൊക്കെ നേരിട്ട് കണ്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട് താനും.

വിജനമല്ലാത്ത മരുഭൂമികൾക്കിടയിൽ നിഗൂഢതകൾ നിറഞ്ഞ കുറേയധികം മലഞ്ചെരിവുകളുണ്ട് . അവയിൽ ഉൾപ്പെട്ട ഒന്നാണ് സൗദി അറേബ്യയിലെ മക്കാ പ്രവിശ്യയിൽപ്പെട്ട ദഹിയാ, ഹഖൽ എന്നീ സ്ഥലങ്ങൾ. ഒമേഗയിൽ നിന്ന് ഹഖൽ പോകുന്ന വഴി കഷ്ട്ടി 10 കിലോമീറ്റർ പിന്നിട്ടാൽ ദഹിയാ,യിലേക്ക് പ്രവേശിക്കാം അവിടുന്ന് തുടങ്ങുകയാണ് മലനിരകളുടെ സംഗമം. ദഹിയായിലൂടെ ഇനി 30 കിലോമീറ്റർ വളഞ്ഞു പുളഞ്ഞു പോകുന്ന കൊടിയ വളവുകളുള്ള ചെറിയൊരു ചുരം ഉണ്ട് .അൽ ഷഫി മൗണ്ട് പാസ്സ് വഴി കയറാൻ തുടങ്ങുന്ന ചുരം.. അവിടുന്നങ്ങോട്ട് കാഴ്ചകളുടെ പൊൻവസന്തം കണ്ടുതുടങ്ങും .

സാരാവത്ത് മലനിരകളിൽ മഞ് പുതഞ്ഞ്‌ നിൽക്കുന്ന മനോഹരമായ കാഴ്ച കണ്ടിട്ടുണ്ടോ ?? ഇല്ലെങ്കിൽ ഇതുവഴി പ്രഭാതത്തിലുള്ള ഒരു യാത്ര നടത്തുക ആ യാത്രയിൽ കോടമഞ് പുതഞ് നിൽക്കുന്നത് കാണാൻ കഴിയും . എന്നാൽ എല്ലാ ദിവസങ്ങളിലും കോടമഞ്ഞിറങ്ങാറില്ല ഇവിടം. മഴ ലഭിക്കുന്ന ദിവസങ്ങളിലും മറ്റു പ്രത്യേക ദിവസങ്ങളിലും കോട കടന്ന് വരാറുണ്ട് താനും.

സാരാവത്ത് മലനിരകളിൽപ്പെട്ട ഉരുളൻ കല്ലുകൾ നിറഞ്ഞ ചെങ്കുത്തായതും എന്നാൽ ചെറുതും വലതുമായ ഇടതൂർന്ന പർവ്വതങ്ങളൾക്ക് മുകളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന കൊടിയ വളവുകളുള്ള ചുരം കയറി ഇറങ്ങിയാൽ ഹഖൽ എന്ന സ്ഥലത്തെത്തും.

ഒമേഗയിൽ നിന്നും ഏകദേശം 50 കിലോമീറ്റർ ദൂരം കാണും ഹഖൽ എന്ന കൊച്ചു ഗ്രാമത്തിലെത്താൻ അൽ ഷഫി പാസ്സ് വഴി കയറുമ്പോൾ കാണുന്ന കോടമഞ്ഞും ചുരത്തിന്റെ ഭംഗിയുമൊക്കെ ആസ്വൊദിച്ചു കഴിയുമ്പോൾ ഹഖൽ എന്ന ആ കൊച്ചു ഗ്രാമത്തിലെത്തിയിരിക്കും ഇതാണ് ഈ റൂട്ടിലെ അവസാനത്തെ ഓണം കേറാമൂല.

ഇനി അവിടുന്നങ്ങോട്ട് രണ്ടു വഴികൾ മാത്രമേ ഉള്ളൂ. അതും പാതി പൊട്ടിപൊളിഞ്ഞ റൂട്ടിലൂടെ അതയാത് റബൂ അല്യാൻ പോകുന്ന വഴിയിയാണ്. ഇതുവഴി യാത്ര ചെയ്യുമ്പോൾ മറ്റൊരു ചുരവും കൂടി കയറി ഇറങ്ങി 48 കിലോമീറ്റർ പിന്നിട്ടാൽ തിരഹ് (അൽ തകീഫ്) എന്ന പട്ടണത്തിലേക്ക് പ്രവേശിക്കാം . അവിടുന്ന് ഗഹയിലേക്കും മൈസാനിലേക്കും, പ്രവേശിക്കാം. തകീഫ് പട്ടണത്തിൽ നിന്നും അൽമൊഹദർ പോകുന്ന വഴിയിൽ പച്ചപ്പ്‌ നിറഞ്ഞ തട്ട് തട്ടുകളായി അടുക്കി വെച്ച കൃഷി നിലങ്ങൾ കാണാൻ സാധിക്കും. നമ്മുടെ വട്ടവടയെയും പൂബ്ബാറയേയും ഓർമിപ്പിക്കും വിധം മനോഹരമായ കൃഷിയിടങ്ങൾ ഈ മലനിരകളിൽ ഉണ്ട്. തകീഫ്ൽ നിന്ന് തായിഫിലേക്കും, മക്കയിലേക്കും സുഗമമായ പാതകളിലൂടെ വളരെ വേഗത്തിൽ എത്തിപ്പെടാൻ കഴിയും .

ഹഖൽ എന്ന സ്ഥലത്ത് ആ ഗ്രാമത്തിനെ ചുറ്റി പറ്റി നിഗൂഢതകൾ നിറഞ്ഞ പർവ്വത താഴ്വരകൾ ഒത്തിരിയുണ്ട്. പുറം കാഴ്ചയിൽ അവയെല്ലാം മനോഹരമായി തോന്നണമെന്നില്ല . ഓരോ ചെറിയ മലഞ്ചെരിവുകളുടെ താഴ്വരകൾ തേടി പല നാൾ നടത്തിയ കൊച്ചു ട്രെക്കിങ്ങുകളിലേക്കാണ് ഈ യാത്രയെ ഞാൻ കൊണ്ടു പോകുന്നത്…

ഉരുളൻ കല്ലുകൾ നിറഞ്ഞ ചെറിയൊരു മല മുകളിലേക്ക് സാഹസികത നിറഞ്ഞ ചെറിയൊരു ട്രെക്കിങ്ങ് ആണ് ആദ്യ ദിവസം നടത്തിയത്. വല്യ മലയൊന്നുമല്ലെങ്കിൽ പോലും കുറച്ച്‌ അധികം സമയമെടുത്ത് മല മുകളിലെത്താൻ. ആദ്യമായിട്ടാണ് കല്ലുകൾ നിറഞ്ഞ മല കയറുന്നത്. ഒരു പക്ഷേ ആ പരിചയ കുറവായിരിക്കാം സമയക്കൂടുതൽ എടുത്തതെന്ന് തോന്നുന്നു. എല്ലാവർക്കും ഈ സ്ഥലത്തെക്കുറിച്ച് അറിയാൻ ആകാംഷ ഉണ്ടാകുമെന്നു അറിയാം പക്ഷേ വഴി പറഞ്ഞു തരാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്. എന്തെന്നാൽ ഓരോ ഉള്ളറകളും തേടി നടത്തിയ യാത്രയായതിനാൽ ഇവയിൽ ചിലതൊന്നും വഴിയോര കാഴ്ചകളിൽ കാണാൻ കഴിയില്ല… ഒരു മാപ്പ് ഉണ്ടായിരുന്നെങ്കിൽ അതിലൂടെ നിങ്ങളെ എനിക്ക് കൊണ്ടു പോകാൻ കഴിയുമായിരുന്നു അതു തന്നെയാണ് വഴി പറഞ്ഞു തരാനുള്ള ബുദ്ധിമുട്ട് എന്ന് പറഞ്ഞത്. ക്ഷമിക്കുക.

പിന്നെ എന്തിനു ഇതിവിടെ വിവരിക്കണമെന്ന് ചിന്തിക്കുന്നവരുമുണ്ടാകും… പുറമെ കാണുന്ന മനോഹരമല്ലാത്ത സ്ഥലങ്ങളുടെ ഉള്ളറകൾ തേടി പോയിട്ടുണ്ടോ നിങ്ങൾ? ….ഇല്ല എന്നാണ് മറുപടിയെങ്കിൽ എന്തോ ചെറിയൊരു മല കയറി ചെന്നപ്പോൾ ഞാൻ കണ്ട കാഴ്ചകൾ അതായിരുന്നു എന്നെ ദിവസവും ഓരോ മലഞ്ചെരിവുകളും തേടി പോകാൻ പ്രാപ്തനാക്കിയത്. ഒരു നിമിഷം ആ മലമുകളിലിരുന്നപ്പോൾ മലമുകളിൽ നിന്നും അടർന്ന് ചിന്നി- ച്ചിതറിയോടുന്ന ഉരുളൻ പാറകൾ പോലെയാണ് ചില ജീവിതങ്ങൾ ചിലതൊക്കെ അങ്ങ് തട്ട്മുട്ടില്ലാതെ ഉരുണ്ടു കൊണ്ടേയിരിക്കും എന്ന് തോന്നിപോയി.

ആ മരുഭൂമികൾക്കിടയിലെ മലഞ്ചെരിവുകളുടെ രഹസ്യങ്ങൾ തേടി പോവണം. ഓരോ മലഞ്ചെരിവുകൾക്കിടയിലൂടെ ഒഴുകുന്ന നീർ തടങ്ങങ്ങളിൽ വളരുന്ന വിത്യസ്ത ഇനം സസ്യങ്ങൾ അവിടെ കാണാം. മലമുകളിൽ നിന്നും വരുന്ന മലവെള്ളപ്പാച്ചിലിലൂടെ കുത്തിയൊലിച്ചു വന്ന ഉരുളൻ കല്ലുകളുണ്ട് അവിടെ. അതിലെ ഓരോ കല്ലുകളും നമ്മോട് സംവദിക്കുമെന്ന് തോന്നിപ്പോകും. അത്രെയും മനോഹരമാണ് അതെല്ലാം.

ഓരോ നിരപ്പായ ഇടങ്ങളിലെ പാറകൾക്കിടയിലും ഒളിഞ്ഞിരിക്കുന്ന ഗുഹാമുഖങ്ങൾ ഒത്തിരിയുണ്ട് അവിടെ. പേടിപ്പെടുത്തുന്നതും രഹസ്യ ചുരുളുകളഴിക്കാത്തതുമായ ഗുഹാന്തരങ്ങളും കാണാം. പാറിപ്പറക്കുന്ന പക്ഷികളും, പച്ചവിരിച്ച മുൾവൃക്ഷങ്ങളും, പേരറിയാത്ത ഒരു കൂട്ടം കള്ളിചെടികളും അവിടങ്ങളിൽ വളര്‍ന്നു നില്‍ക്കുന്നുണ്ട്. അതിജീവനത്തിന്റെ പ്രതീകങ്ങളായ അവയോട് ചേര്‍ന്ന് കുറേയധികം സമയം ഞാനിരുന്നു…… ദൂരെ… അങ്ങ് ദൂരേയ്ക്ക് കണ്ണും നട്ടിരിക്കുമ്പോള്‍ ഇവിടെ ഞാന്‍ തേടിയത് യുഗങ്ങള്‍ക്കു മുമ്പ് ഈ മണ്ണിലൂടെ സഞ്ചരിച്ചവരുടെ കാല്‍പാടുകളെയായിരുന്നില്ല മറിച്ച് രഹസ്യങ്ങളൊന്നും തുറന്നു തരാത്ത ഈ മലഞ്ചെരുവുകളിലെ മാത്രിക കാഴ്ചകളെയായിരുന്നു.