ട്രെയിനിൽ വീണ്ടും സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം; സീറ്റുകൾ കുത്തിക്കീറി.

എത്ര നല്ലയാളുകൾ ആയാലും നമ്മുടെയിടയിൽ സാമൂഹ്യ വിരുദ്ധരായ ചില പുഴുക്കുത്തുകൾ ഉണ്ടായിരിക്കും. പൊതുമുതൽ നശിപ്പിക്കുന്നതിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന അത്തരം മാനസിക രോഗികൾ ഇപ്പോൾ ട്രെയിനുകളിലാണ് കൂടുതലായി വിളയാടിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബെംഗളൂരു ബനാസ്‌വാടിയിൽ നിന്നും എറണാകുളത്തേക്ക് വന്ന 12684 ആം നമ്പർ സൂപ്പർ ഫാസ്റ്റ് ട്രെയിനിലെ S10 കോച്ചിലെ സീറ്റുകൾ ഏതോ ഞരമ്പുരോഗിയായ യാത്രക്കാരൻ (ഒന്നിൽക്കൂടുതൽ ആളുകളുണ്ടോ എന്ന് വ്യക്തമല്ല) ഭീകരമാംവിധം കുത്തിക്കീറുകയും, സീറ്റിൽ മൂർച്ചയേറിയ ആയുധം കൊണ്ട് മോശപ്പെട്ട വാക്കുകൾ എഴുതി വെക്കുകയും ചെയ്തു. കാര്യം കഴിഞ്ഞു സംതൃപ്തിയോടെ അവർ ഇറങ്ങിപ്പോവുകയും ചെയ്തു.

ട്രെയിൻ എറണാകുളത്ത് എത്തിയപ്പോൾ ഇത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ ജീവനക്കാർ, അക്രമികൾ ട്രെയിനിൽ ചെയ്തു വെച്ചതിന്റെ ചിത്രങ്ങൾ എടുക്കുകയും അവ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു. “മൗലിക കർത്തവ്യങ്ങൾ പൗരൻ നന്നായി നിറവേറ്റി. അഭിമാനം” എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കെ ഷെയർ ചെയ്യപ്പെട്ടത്.

ഇത്തരത്തിൽ പൊതുമുതൽ നശിപ്പിക്കുമ്പോൾ കിട്ടുന്ന ആനന്ദം എന്താണെന്നു മനസിലാകുന്നില്ല. ഇത് ചെയ്തവർ എന്തായാലും മാനുഷിക മൂല്യങ്ങൾക്ക് വിലകൊടുക്കാത്തവർ ആണെന്ന് ഉറപ്പാണ്. ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. ഈ സുരക്ഷിതത്വവും ഇത്തരം വൃത്തികേടുകൾ ആവർത്തിക്കുവാൻ ഈ ഞരമ്പുരോഗികൾക്ക് ധൈര്യം നൽകുന്നു.

ദിവസങ്ങൾക്ക് മുൻപാണ് പുതിയ കൊച്ചുകളുമായി സർവ്വീസ് ആരംഭിച്ച വേണാട് എക്സ്പ്രസ്സിലെ സീറ്റുകൾ പുതുമണം മാറുന്നതിനു മുൻപേ അക്രമികൾ കുത്തിക്കീറിയത്. ഈ വാർത്ത പുറത്തുവന്ന്, ആളുകളുടെയിടയിൽ പ്രതിഷേധം നടക്കുന്നതിനിടെ രണ്ടു ചെറുപ്പക്കാർ വേണാട് എക്സ്പ്രസ്സിന്റെ സീറ്റിലും, ട്രേയിലും കാലുകൾ കയറ്റിവെച്ചുകൊണ്ട് യാത്ര ചെയ്യുന്ന ചിത്രങ്ങളും പുറത്തു വന്നു. ഇപ്പോഴിതാ ബനാസ്‌വാടി – എറണാകുളം സൂപ്പർഫാസ്റ്റിലും അത് ആവർത്തിച്ചിരുന്നു.

ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ബെംഗളൂരുവിലെ ബനാസ്‌വാടി സ്റ്റേഷനിൽ നിന്നും എറണാകുളത്തേക്ക് സൂപ്പർഫാസ്റ്റ് ട്രെയിൻ പുറപ്പെടുന്നത്. രാത്രി ഏഴു മണിയ്ക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് വെളുപ്പിന് ആറുമണിയോടെയാണ് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിച്ചേരുന്നത്.

രാത്രി സർവ്വീസ് ആയതിനാൽ സീറ്റുകൾ കുത്തിക്കീറിയത് എവിടെ വെച്ചാണെന്നോ ആരാണെന്നോ ഒന്നും വ്യക്തമല്ല താനും. ചിലപ്പോൾ തമിഴ്‌നാട്ടിൽ വെച്ചാകാം, അല്ലെങ്കിൽ കേരളത്തിൽ വെച്ചാകാം ഈ സംഭവം അരങ്ങേറിയത്. പക്ഷെ ആരു ചെയ്തതാണെങ്കിലും അവരൊക്കെ നമ്മുടെ നാടിനു നാണക്കേട് തന്നെയാണ്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കുവാൻ ട്രെയിനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.