ആൾത്തിരക്കുകളിൽ നിന്നും ഒഴിഞ്ഞുകൊണ്ട് ആനയിറങ്ങൽ ഡാമിലെ കിടിലൻ ബോട്ടിംഗ്..

മൂന്നാറിലെ ഞങ്ങളുടെ ഹണിമൂൺ യാത്രയ്ക്കിടയിലാണ് ആനയിറങ്ങൽ ഡാമിലെ ബോട്ടിംഗിനു പോകുവാനുള്ള പ്ലാൻ ഉടലെടുത്തത്. ഞങ്ങൾ താമസിച്ചിരുന്നത് മൂന്നാർ ചിന്നക്കനാലിലുള്ള ഗോൾഡൻ റിഡ്ജ് റിസോർട്ടിലായിരുന്നു. റിസോർട്ടിൽ നിന്നും കുറച്ചു സഞ്ചരിച്ചാൽ ആനയിറങ്ങൽ ഡാമിൽ എത്തിച്ചേരും. ഇതിനു മുൻപ് ഞാൻ ഒറ്റയ്ക്ക് ഇവിടെ വന്നപ്പോൾ ഡാമിലെ റിസർവ്വോയറിൽ വെള്ളം കുറവായിരുന്നതിനാൽ അന്ന് ബോട്ടിംഗ് നടത്തുവാൻ കഴിഞ്ഞിരുന്നില്ല. അന്നു മുതലേ ആ ആഗ്രഹം അങ്ങ് മനസ്സിൽ കിടക്കുകയായിരുന്നു.

അങ്ങനെ ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനു ശേഷം ആനയിറങ്ങൽ ഡാം ലക്ഷ്യമാക്കി നീങ്ങി. നല്ല തണുപ്പ് ആയിരുന്നു ആ സമയത്ത് അവിടമാകെ. റിവ്യൂ ചെയ്യുവാനായി ലഭിച്ച പുത്തൻ വെർണ കാറിലായിരുന്നു ഞങ്ങൾ പോയത്. പോകുന്ന വഴിയിൽ മനോഹരമായ കാഴ്ചകൾ ആയിരുന്നു ഞങ്ങളെ സ്വാഗതം ചെയ്തിരുന്നത്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള ആ യാത്ര ഞങ്ങൾ നന്നായി ആസ്വദിച്ചു. ഇതിനിടയിൽ ശ്വേതയ്ക്ക് തേയിലത്തോട്ടത്തിനു നടുവിൽ നിന്നുകൊണ്ട് ഫോട്ടോസ് എടുക്കണമെന്ന് ഒരാഗ്രഹം. അങ്ങനെ ഞങ്ങൾ വഴിയിൽ വീതിയുള്ള ഭാഗത്ത് വണ്ടി നിർത്തി. നിർത്തിയപാടെ ശ്വേതാ ഓടി തേയിലത്തോട്ടത്തിനു ഇടയിലേക്ക് പോയി. അങ്ങനെ ഞങ്ങൾ അവിടെ നിന്നുകൊണ്ട് ധാരാളം ഫോട്ടോസ് എടുത്തു.

ആ പച്ചപ്പ്‌ നിറഞ്ഞ സ്ഥലത്തിനിടയിൽ ഞങ്ങൾ വന്ന ചുവന്ന വെർണ കാർ കിടന്നിരുന്ന കാഴ്ച അടിപൊളിയായിരുന്നു. താഴെ ഡാമിന്റെ റിസർവോയർ വ്യക്തമായി കാണാമായിരുന്നു. എങ്ങനെ ക്യാമറ വെച്ച് ഫോട്ടോയെടുത്താലും മനോഹരമായ ദൃശ്യങ്ങളാണ് അവിടെ നിന്നും നമുക്ക് ലഭിക്കുക. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സ്ഥലം കൂടിയായിരുന്നു അത്. കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

ആനയിറങ്ങൽ റിസർവ്വോയറിലേക്ക് കടക്കുന്നയിടത്തുള്ള ചെക്ക്‌പോസ്റ്റിൽ നിന്നും ടിക്കറ്റ് എടുക്കേണ്ടതായുണ്ട്. ഇവിടെ കയറുന്നതിനു ഒരാൾക്ക് മുപ്പതു രൂപയാണ് എൻട്രി ഫീസ്. ക്യാമറ ഉപയോഗിക്കുന്നതിനു 40 രൂപയും നൽകേണ്ടതായുണ്ട്. വലിയ വീഡിയോ ക്യാമറ ആണെങ്കിൽ റേറ്റ് കൂടും. ഞങ്ങളുടേത് ചെറിയ ക്യാമറ ആയിരുന്നതിനാൽ നാൽപ്പത് രൂപ മാത്രമായിരുന്നു ചാർജ്ജ് ഈടാക്കിയത്. വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യങ്ങൾ അവിടെയുണ്ട്. റിസർവ്വോയറിൽ ധാരാളം വെള്ളമുണ്ടായിരുന്നതിനാൽ ബോട്ടിംഗ് അടിപൊളിയായി നടത്താൻ പറ്റും എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു.

വിവിധ തരത്തിലുള്ള ബോട്ടിംഗുകൾ അവിടെ ലഭ്യമാണ്. കുട്ടവഞ്ചി യാത്രയ്ക്ക് ആണെങ്കിൽ നാലു പേർക്ക് 25 മിനിറ്റ് സമയത്തേക്ക് 700 രൂപയാണ് ചാർജ്ജ്. കയാക്കിംഗ് ആണെങ്കിൽ രണ്ടുപേർക്ക് 25 മിനിറ്റ് സമയത്തേക്ക് 500 രൂപയും, ഹൈ സ്പീഡ് ബോട്ടിനു അഞ്ചു പേർക്ക് 15 മിനിറ്റ് സമയത്തേക്ക് 1100 രൂപയും പെഡൽബോട്ടിനു രണ്ടുപേർക്ക് അരമണിക്കൂർ സമയത്തിനു 300 രൂപയുമായിരുന്നു ചാർജ്ജുകൾ. ബോട്ടിംഗിന്‌ മുൻപ് കുറച്ചുസമയം ഞങ്ങൾ അവിടത്തെ കാഴ്ചകൾ കണ്ടു നടന്നു. ശ്വേതയ്ക്ക് ആ പരിസരം നന്നായി ഇഷ്ടപ്പെട്ടു.

പിന്നീട് ഞങ്ങൾ ബോട്ടിംഗിനായുള്ള കൗണ്ടറിൽ ചെന്നു. അവിടെ നിന്നും ലഭിക്കുന്ന ഒരു ഫോമിൽ നമ്മൾ നമ്മുടെ ഡീറ്റെയിൽസ് എല്ലാം ഫിൽ ചെയ്തു കൊടുക്കണം. സ്പീഡ് ബോട്ട് ആയിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്. അങ്ങനെ പണം അടച്ചശേഷം ഞങ്ങൾ ടിക്കറ്റുമായി ബോട്ട് കിടക്കുന്നയിടത്തേക്ക് നടന്നു. അങ്ങോട്ടുമിങ്ങോട്ടും കൂടി മൊത്തം എട്ടു കിലോമീറ്റർ സ്പീഡ്ബോട്ടിൽ സഞ്ചരിക്കാം എന്നായിരുന്നു അവർ പറഞ്ഞത്. അങ്ങനെ ഞങ്ങൾ ബോട്ടിൽ കയറി. ഏത് ബോട്ടിൽ കയറിയാലും ലൈഫ് ജാക്കറ്റ് ധരിക്കേണ്ടത് നിർബന്ധമായിരുന്നു. ഞങ്ങളും ധരിച്ചു ലൈഫ് ജാക്കറ്റുകൾ.

ബോട്ട് ഓടിക്കുന്ന ചേട്ടൻ പതിയെ ബോട്ട് തീരത്തു നിന്നും റിസർവ്വോയറിന്റെ നടുവിലേക്ക് എടുത്തു. പിന്നീട് ഒരു പറപ്പിക്കലായിരുന്നു. ഞങ്ങൾ ബോട്ടിൽ നന്നായി മുറുകെ പിടിച്ചിരുന്നു. നേരെയും കറങ്ങിയും ഒക്കെ ഡ്രൈവർ ചേട്ടൻ ബോട്ട് പായിച്ചുകൊണ്ടിരുന്നു. അതിനിടയിൽ ഞങ്ങൾ ചേട്ടനെ പരിചയപ്പെടുകയും ചെയ്തു. രാജേഷ് എന്നായിരുന്നു ആ ചേട്ടന്റെ പേര്. യാത്രയ്ക്കിടയിൽ രാജേഷ് ചേട്ടൻ ഞങ്ങളുടെ ക്യാമറയിൽ വീഡിയോ ഒക്കെ എടുത്തു തന്നു സഹായിക്കുകയുണ്ടായി.

അങ്ങനെ പതിനഞ്ചു മിനിറ്റത്തെ യാത്രയ്ക്കു ശേഷം രാജേഷ് ചേട്ടനോട് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ ബോട്ടിൽ നിന്നും കരയിലേക്ക് ഇറങ്ങി. ഒന്നും പറയാനില്ല. നല്ല ഒരു അടിപൊളി അനുഭവം തന്നെയായിരുന്നു അത്. മൂന്നാറിൽ വരുന്ന എല്ലാവരും ഈ ബോട്ടിംഗ് ഒന്ന് ആസ്വദിച്ചിരിക്കേണ്ട ഒന്നാണ്. മാട്ടുപ്പെട്ടി ഡാമിലെ ബോട്ടിംഗിനെക്കാൾ എന്തുകൊണ്ടും മികച്ചതാണ് ആനയിറങ്ങൽ ഡാമിലെ ബോട്ടിംഗ്.

എല്ലാം കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ സമയം ഉച്ചയ്ക്ക് 12.30 ആയിരുന്നു. ആ സമയത്ത് അവിടെ ഒട്ടും വെയിൽ ഉണ്ടായിരുന്നില്ല മറിച്ച് നല്ല തണുപ്പായിരുന്നു. പിന്നീട് ഞങ്ങൾ അവിടെനിന്നും ആനയിറങ്ങൽ ഡാമിനു മുകളിലേക്ക് പോയി. ഡാമിനു മുകളിലൂടെ നമുക്ക് കാർ ഒക്കെ ഓടിച്ചുകൊണ്ട് പോകാൻ സാധിക്കും. വളരെ മനോഹരമായ കാഴ്ചകൾ ആയിരുന്നു അവിടെ. അങ്ങനെ കുറെനാളായുള്ള ആഗ്രഹം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിൽ ഞങ്ങൾ അവിടെ നിന്നും തിരികെ റിസോർട്ടിലേക്ക് യാത്രയായി.