ശ്രീകൃഷ്ണൻ ഗുരുവായൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ….

മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. അന്നേദിവസം നടത്തപ്പെടുന്ന ശ്രീകൃഷ്ണജയന്തി ഘോഷയാത്രയിൽ പങ്കെടുത്തുകൊണ്ട് നിരവധി ചെറിയ കുട്ടികൾ കൃഷ്ണന്റെയും രാധയുടെയും ഗോപികമാരുടേയുമൊക്കെ വേഷമണിഞ്ഞു കൊണ്ട് കാഴ്ചക്കാരെ സന്തോഷിപ്പിക്കാറുണ്ട്.

കേരളത്തിൽ ഗുരുവായൂരിലാണ് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളും പാട്ടും നൃത്തവുമെല്ലാം ഏറ്റവും കൂടുതലായി അരങ്ങു കൊഴുക്കുന്നത്. അതുകൊണ്ട് ഗുരുവായൂരിൽ ഭക്തജനത്തിരക്ക് ഏറുകയും നല്ല കളർഫുൾ ചിത്രങ്ങൾ ലഭിക്കുമെന്നതിനാൽ ഫോട്ടോഗ്രാഫർമാർ ധാരാളമായി എത്തിപ്പെടുകയും ചെയ്യും. ഇത്തവണ ശ്രീകൃഷ്ണജയന്തി സ്പെഷ്യലായി പകർത്തിയ ചിത്രങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത് ‘കെഎസ്ആർടിസിയും കൃഷ്ണനും’ എന്ന തീമിൽ ഗുരുവായൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പശ്ചാത്തലമാക്കി ചിത്രീകരിച്ച ഒരു ഫോട്ടോഷൂട്ട് ആണ്.

തൃശ്ശൂർ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഗോകുൽദാസിൻ്റെ ആശയത്തിൽ ഉടലെടുത്തതാണ് വ്യ്ത്യസ്തവും ഇതുവരെ അധികമാരും പരീക്ഷിക്കാത്തതുമായ ഈ ഫോട്ടോഷൂട്ട് വിഷയം. കെഎസ്ആർടിസി എൻക്വയറിയിൽ അന്വേഷണം നടത്തുന്ന കൃഷ്ണൻ, ഡിപ്പോയിലെ സെക്യൂരിറ്റിയോട് കുശലം ചോദിക്കുന്ന കൃഷ്ണൻ, വനിതാ കണ്ടക്ടറോട് സംസാരിക്കുന്ന കൃഷ്ണൻ, കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിൽ കയറിയ കൃഷ്ണൻ തുടങ്ങി വ്യത്യസ്തവും ആകർഷണീയവുമായ ഫ്രെയിമുകളാണ് ഫോട്ടോഗ്രാഫറായ ഗോകുൽദാസ് പരീക്ഷിച്ചത്. ചിത്രങ്ങൾ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തതോടെ ഫോട്ടോഷൂട്ട് അങ്ങു വൈറലായി മാറുകയായിരുന്നു.

ഗുരുവായൂർ സ്വദേശിനിയായ വൈഷ്ണവ കെ.സുനിൽ എന്ന പെൺകുട്ടിയാണ് ഫോട്ടോഷൂട്ടിൽ കൃഷ്ണനായി വേഷം ധരിച്ചിരിക്കുന്നത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് വൈഷ്ണവ ഗുരുവായൂരിലെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കായി കൃഷ്ണവേഷം ധരിക്കുന്നത്. ഫോട്ടോഷൂട്ടിനു പുറമെ ആകർഷണീയമായ ചുവടു വെയ്പുകളോടെ കള്ളനോട്ടത്തോടെയുള്ള വൈഷ്ണവയുടെയും കൂട്ടരുടെയും നൃത്തത്തിന്റെ വീഡിയോ ദൃശ്യങ്ങളും ടിക്‌ടോക്, യൂട്യൂബ്, ഫേസ്‌ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി മാറിക്കഴിഞ്ഞു.

14 വർഷമായി നൃത്തമഭ്യസിക്കുന്ന വൈഷ്ണവ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. അപ്രതീക്ഷിതമായി താൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതിനെ അങ്ങേയറ്റം ബഹുമാനത്തോടെയും ആദരവോടെയുമാണ് കാണുന്നതെന്ന് വൈഷ്ണവ പറയുന്നു. എന്തായാലും നൃത്തചുവടുകൾക്കൊപ്പം കെഎസ്ആർടിസി ഡിപ്പോയിലെ ഫോട്ടോഷൂട്ടും വൈറലായതിന്റെ സന്തോഷത്തിലാണ് ഈ മിടുക്കി.

അഷ്ടമിരോഹിണിക്ക്‌ ഗുരുവായൂരിൽ പുലർച്ചെ 3ന് നിർമാല്യദർശനം മുതൽ വലിയതോതിലുള്ള ഭക്തജനപ്രവാഹമാണ് ഇത്തവണയും ഉണ്ടായത്. കൃഷ്ണ-രാധാ വേഷാലംകൃതരായ നൂറുകണക്കിന് കുട്ടികൾ ക്ഷേത്രനടയെ വൃന്ദാവനസമാനമാക്കി. ഉറിയടി ഘോഷയാത്രയിൽ ഗോപികാനൃത്തം, ജീവത എഴുന്നള്ളത്ത്, താലപ്പൊലി എന്നിവയും കാഴ്ചക്കാർക്ക് ആവേശം പകർന്നു.

രാവിലെയും ഉച്ചയ്‌ക്കും നടന്ന കാഴ്ചശീവേലിക്ക് വലിയ കേശവന്‍ സ്വര്‍ണക്കോലമേറ്റി. കൊമ്പന്മാരായ ജൂനിയര്‍ മാധവനും ചെന്താമരാക്ഷനും പറ്റാനകളായി. പെരുവനം കുട്ടന്‍മാരാർ മേളത്തിന് പ്രമാണം വഹിച്ചു. ഭക്തജനങ്ങള്‍ക്ക് വിഭവസമൃദ്ധമായ സദ്യയും ദേവസ്വം ഒരുക്കിയിരുന്നു. രണ്ട് സ്ഥലങ്ങളിലായി പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ മുപ്പതിനായിരത്തോളം പേർ സദ്യയില്‍ പങ്കെടുത്തു.