സെന്റ് ജോർജ്ജ് മോട്ടോഴ്‌സ് സി.എന്‍.ജിയിലേക്ക് മാറി ; ഇന്ധനച്ചിലവ് 50% കുറഞ്ഞു

കോട്ടയം ജില്ലയിലെ ആദ്യത്തെ സി.എന്‍.ജി. ദീര്‍ഘദൂര സര്‍വീസുമായി സെന്റ് ജോർജ്ജ് മോട്ടോഴ്‌സ്. സിഎൻജി നിറച്ച് സെന്റ് ജോർജ്ജ് മോട്ടോഴ്‌സ് ബസിന്റെ മൂന്ന് ദിവസത്തെ സർവീസ് പൂർത്തിയാകുമ്പോൾ ഉടമസ്ഥനും ജീവനക്കാർക്കും പെരുത്ത് സന്തോഷം. ഇന്ധനം നിറയ്ക്കാൻ പമ്പിൽ കടം പറഞ്ഞിരുന്നിടത്ത് ചെലവ് കഴിഞ്ഞ് പണം കൈയിലേക്ക് കിട്ടിത്തുടങ്ങി. കമ്പനി നൽകിയ നൂറ് ശതമാനം ഉറപ്പിൽ ആത്മവിശ്വാസത്തോടെയാണ് മുണ്ടക്കയം – എറണാകുളം റൂട്ടിൽ മുന്നോട്ടുള്ള യാത്ര.

അതിജീവനത്തിന്റെ പാതയിലാണ് ഒരു വർഷമായി സ്വകാര്യ ബസ് സർവീസ്. അതിനിടയിലാണ് ഡീസലിന്റെ വില അടിക്കടി ഉയരുന്നത്. ഒരു വർഷത്തിനിടെ പത്ത് രൂപയുടെ വില വ്യത്യാസമുണ്ടായപ്പോഴാണ് സെന്റ് ജോർജ്ജ് മോട്ടോഴ്‌സും പുതിയ പരീക്ഷണത്തിന് തയ്യാറായത്. എറണാകുളം കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള കമ്പനിക്കാരാണ് സി.എൻ.ജി. എന്ന ആശയവുമായി മുന്നോട്ടുവന്നത്. ഇതിനോടകം എറണാകുളം, തൃശ്ശൂർ ജില്ലകളിലെ നിരവധി ബസ്സുകളിൽ സിഎൻജി വിജയകരമായതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സെന്റ് ജോർജ്ജ് മോട്ടോഴ്സും സിഎൻജിയിലേക്ക് മാറുന്നതിനെപ്പറ്റി ചിന്തിച്ചത്.

ബസിന്റെ എൻജിൻ, റേഡിയേറ്റർ, പമ്പ് എന്നീ ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനും പുതിയ സിലിണ്ടറുകൾ ഘടിപ്പിക്കുന്നതിനുമായി നാലു നക്ഷത്തിന് മുകളിൽ ചെലവഴിച്ചു.
ബസ് നൽകിയതിന് ശേഷം ആർ.ടി.ഓഫീസിൽ പേപ്പറുകൾ മാറ്റുന്നതുൾപ്പെടെയുള്ള പണികളിലെല്ലാം കമ്പനിക്കാരുടെ നല്ല സഹകരണമുണ്ടായിരുന്നു. 10,000 കിലോമീറ്റർ വരെ 70 കിലോമീറ്ററിന് മുകളിൽ പോകാതെ നിയന്ത്രിച്ച് ഓടിക്കണം. ഇതിന് ശേഷം ബസ് സാധാരണ രീതിയിലാകും. ലോക്ഡൗണിന് ശേഷം ബസുകൾ സർവീസ് തുടങ്ങിയപ്പോൾ ജീവനക്കാർക്ക് വേതനം കൊടുക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ജീവനക്കാർക്കും വിഷമമില്ല.

എറണാകുളം, തൃശ്ശൂർ റൂട്ടുകളിൽ നിരവധി സിഎൻജി ബസുകളുണ്ട്. ഇപ്പോൾ കോട്ടയവും. ഡീസൽ എൻജിനേക്കാൾ ശബ്ദവും പുകയും സി.എൻ.ജി. എൻജിനിൽ കുറവാണ്. സിലിൻഡറുകൾക്ക് 15 വർഷത്തെ ഗ്യാരന്റി കമ്പനി നൽകുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഈ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബജറ്റിൽ കിലോഗ്രാമിന് അഞ്ച് രൂപ കുറയ്ക്കാമെന്നുള്ള വാഗ്ദാനം സിഎൻജിയിലേക്ക് മാറുന്നവർക്ക് പ്രോത്സാഹനമാണ്. സിഎൻജിയിലേക്ക് മാറുന്ന ബസുടമകൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ തയ്യാറാകണമെന്നാണ് ബസുടമകളുടെ അഭ്യർത്ഥന.

എറണാകുളം ജില്ലയിലെ ടാക്സി കാറുകളിൽ ഭൂരിഭാഗവും സി.എൻ.ജിയിലേക്ക് മാറിക്കഴിഞ്ഞു. ഓട്ടോ റിക്ഷകളും ഒപ്പമുണ്ട്. കുറഞ്ഞ നിരക്കും അധിക മൈലേജും തന്നെയാണ് ഡ്രൈവർമാരെ ഇതിലേക്ക് ആകർഷിച്ചത്. അതേസമയം ട്രക്കുകൾക്ക് സി.എൻ.ജിയിലേക്ക് മാറ്റാൻ അനുമതിയായിട്ടില്ല. അനുമതി ലഭിച്ചാൽ ട്രക്കുകളും കൂട്ടത്തോടെ സി.എൻ.ജിയാക്കാനാണ് ട്രക്ക് ഉടകളുടെ ആലോചന. സി.എൻ.ജിയുടെ ഗുണങ്ങൾ തിരിച്ചറിഞ്ഞ് ഗ്രാമങ്ങളിലും ഒട്ടേറെപ്പേർ ഇതിലേക്ക് മാറുന്നുമുണ്ട്.

കടപ്പാട് – മാതൃഭൂമി, കറ കളഞ്ഞ ബസ് പ്രേമി.