ടിപ്പറുകളുടെ അമിതവേഗതയ്ക്ക് കൂച്ചുവിലങ്ങിട്ട അങ്കമാലിയിലെ പെൺകുട്ടികൾ…

എഴുത്ത് -സന്ദീപ് ദാസ്.

പെൺകുട്ടികളാണ്. അങ്കമാലി പാലിശ്ശേരി സർക്കാർ ഹൈസ്കൂളിലെ വിദ്യാർത്ഥിനികളാണ്. കുഞ്ഞു സൈക്കിളുകൾ കുറുകെ വെച്ചുകൊണ്ട് അവർ തടഞ്ഞു നിർത്തിയിരിക്കുന്നത് വമ്പൻ ടിപ്പർ ലോറികളെയാണ്. വർഷങ്ങൾക്കുമുമ്പു തന്നെ നമ്മുടെ നാട്ടിൽ രാവിലെയും വൈകീട്ടും ടിപ്പർ ലോറികൾക്ക് ഗതാഗതനിരോധനം ഏർപ്പെടുത്തിയിരുന്നു.അത്തരമൊരു നിയന്ത്രണം വെറുതെ കൊണ്ടുവന്നതല്ല. സ്കൂ­ൾ കുട്ടികൾ റോഡുകളിലൂടെ സഞ്ചരിക്കുന്ന സമയത്ത് ലോറികളുടെ മരണപ്പാച്ചിൽ ഒഴിവാക്കുന്നതിനുവേണ്ടിയാണ് അധികൃതർ അത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പക്ഷേ പലപ്പോഴും നിയമം ലംഘിച്ചുകൊണ്ട് ടിപ്പർ ലോറികൾ ചീറിപ്പായുന്ന കാഴ്ച്ചയാണ് കണ്ടിട്ടുള്ളത്. അങ്കമാലിയിലും ഇത് ആവർത്തിച്ചപ്പോഴാണ് വിദ്യാർത്ഥിനികൾക്ക് പ്രതിഷേധിക്കേണ്ടിവന്നത്.

ടിപ്പർ ലോറിയിടിച്ച് എത്രയോ കുട്ടികളും മദ്ധ്യവയസ്കരും വൃദ്ധരും മരണപ്പെട്ടിരിക്കുന്നു ! അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കഷ്ടിച്ച് ജീവൻ തിരിച്ചു പിടിച്ചവരും ഒരുപാട്. എല്ലാ വാഹനങ്ങളും അപകടങ്ങൾ ഉണ്ടാക്കാറുണ്ട്. പക്ഷേ അല്പം വ്യത്യസ്തമാണ് ടിപ്പർ ലോറികളുടെ കാര്യം. ഓവർസ്പീഡും ഓവർലോഡും ഈ വമ്പൻ വാഹനത്തിൻ്റെ സവിശേഷതകളാണ്. മണൽ കടത്തുന്ന ടിപ്പർ ലോറികളെ പിടികൂടാറുണ്ട്.അനധികൃത മണ്ണെടുക്കൽ തടയാൻ ശ്രമിച്ച ഒരാളെ ടിപ്പർ കയറ്റി കൊല്ലാൻ ശ്രമിച്ചുവെന്ന് വാർത്തയുണ്ടായിരുന്നു. സാധാരണക്കാർക്ക് മാത്രമല്ല, ഉദ്യോഗസ്ഥർക്കും രക്ഷയില്ല. മണൽക്കടത്ത് തടയാനെത്തിയ കൊയിലാണ്ടി തഹസീൽദാർക്കുനേരെ ടിപ്പർ ഓടിച്ചുകയറ്റിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ.

നമ്മുടെ പരിസ്ഥിതിയ്ക്ക് മണൽ വാരൽ ഒരു ഗുണവും ചെയ്യുന്നില്ല എന്ന കാര്യം വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. ഇതെല്ലാം നടപ്പിലാക്കാൻ ഇവിടൊരു മാഫിയ തന്നെയുണ്ട്. അനധികൃതമായി വരുന്ന വാഹനങ്ങൾ ഗ്രാമപ്രദേശങ്ങളിലൂടെയാണ് സഞ്ചരിക്കാറുള്ളത്. സർക്കാരിനും നീതിപീഠത്തിനും ഇടപെടേണ്ടി വന്നത് സ്വാഭാവികം മാത്രം. കുറേ നല്ല മനുഷ്യർ ലോറി ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ട്.പക്ഷേ ഒരുപാട് പ്രശ്നങ്ങളുള്ള മേഖലയാണത്. ടിപ്പർ തടഞ്ഞ വിദ്യാർത്ഥിനികൾക്ക് ഭീഷണികൾ എത്തിത്തുടങ്ങിയെത്രേ !

ഈ പെൺകുട്ടികളെ വിമർശിച്ചുകൊണ്ട് കുറേപ്പേർ രംഗത്തെത്തിയിട്ടുണ്ട്.പ്രളയം വന്നപ്പോൾ സഹായിച്ച ടിപ്പർ ലോറികളെ തള്ളിപ്പറയരുത് എന്ന് ഒരു വിഭാഗം. ഡ്രൈവർമാർ ഈ മരണപ്പാച്ചിൽ നടത്തുന്നത് ഉപജീവനത്തിനുവേണ്ടിയാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്നവരും കുറവല്ല. എന്നാൽ ഈ വാദങ്ങൾക്കൊന്നും ഒട്ടും പ്രസക്തിയില്ല. പ്രളയസമയത്ത് സഹായിച്ചു എന്നത് ഭാവിയിൽ എന്തും ചെയ്യാനുള്ള ലൈസൻസ് ആണോ? കുറേ പാവം മനുഷ്യരെ വണ്ടികയറ്റിക്കൊന്ന കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ കുടുങ്ങിയപ്പോൾ അയാളുടെ ആരാധകർ പറഞ്ഞത് ഒരുപാട് ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന സല്ലുഭായിയെ വെറുതെവിടണമെന്നാണ്. അന്ന് അതിനെ പരിഹസിച്ച മലയാളികളാണ് സമാനമായ വാദവുമായി ഇറങ്ങിയിരിക്കുന്നത്.

പിന്നെ ലോറി ഡ്രൈവർമാരുടെ കുടുംബങ്ങൾ നല്ല രീതിയിൽ ജീവിക്കുന്നതിനോട് ആർക്കും വിരോധമില്ല. ഏർപ്പെടുത്തിയിട്ടുള്ള ചട്ടങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് ഒരു മയത്തിലൊക്കെ സർവ്വീസ് നടത്തണമെന്നല്ലേ പറയുന്നുള്ളൂ? നിയമം അനുവദിക്കാത്ത തൊഴിലുകൾ ചെയ്യുന്ന എല്ലാ മനുഷ്യരും ശിക്ഷിക്കപ്പെടാറുണ്ട്. ‘ഉപജീവനം’ എന്ന ന്യായം അവർക്കും പറയാനുണ്ടാവും. എന്നുക­രുതി കുറ്റങ്ങൾ ചെയ്യുന്നവരെ വെറുതെവിടാനാവുമോ?

ലോറി എന്നത് പലപ്പോഴും ആണത്തത്തിൻ്റെ പ്രതീകമായി അവതരിപ്പിക്കപ്പെടാറുണ്ട്. മുണ്ടും മടക്കിക്കുത്തി ലോറിയിൽ നിന്ന് ചാടിയിറങ്ങി ഹീറോയിസം കാണിക്കുന്ന നായകൻമാരെ മലയാള സിനിമയിൽ ഒത്തിരി കണ്ടിട്ടുണ്ട്. ഒരു പെണ്ണ് ബുള്ളറ്റ് ഓടിച്ചാൽ പോലും സഹിക്കാത്ത മനുഷ്യരുള്ള നാടാണിത്. അങ്ങനെയിരിക്കെ ഏതാനും കൊച്ചുപെൺകുട്ടികൾ ടിപ്പർ തടഞ്ഞാൽ ചിലരുടെയൊക്കെ ആണഹങ്കാരത്തിന് മുറിവേൽക്കുന്നത് സ്വാഭാവികം. അതിൻ്റെ കൂടി ഫലമാണ് ഇത്തരം കഴമ്പില്ലാത്ത വിമർശനങ്ങൾ.

ഈ ഫോട്ടോയിൽ ഒരേയൊരു കുഴപ്പമേ ഞാൻ കാണുന്നുള്ളൂ. ഇതുപോലുള്ള ദുഷ്പ്രവണതകൾ തടയാനുള്ള സംവിധാനം നമ്മുടെ നാട്ടിലുണ്ട് എന്നാണ് വയ്പ്. എന്നിട്ടും യൂണിഫോമും ബാഗും ഇട്ട കുരുന്നുകൾക്ക് തെരുവിലിറങ്ങേണ്ടി വന്നു.ഈ വിദ്യാർത്ഥിനികൾ പെട്ടന്നൊരു ദിവസം റോഡിലിറങ്ങി വാഹനം തടഞ്ഞതൊന്നുമല്ല. എല്ലാ പ്രതിവിധികളും പരാജയപ്പെട്ടപ്പോഴാണ് അവർ ഇതിന് മുതിർന്നത്. അത് നമ്മുടെ പരാജയമാണ്. പെൺകുട്ടികളുടെ തലയിൽക്കയറുന്നവർ സൂക്ഷിച്ചു കൊള്ളുക. പഴയ കാലമൊന്നുമല്ല. ചൊറിയാൻ പോയാൽ പലിശ സഹിതം തിരിച്ചു കിട്ടിയേക്കും.

സ്വകാര്യ ബസ്സുകൾ ഇതിൽ നിന്ന് ചിലതെല്ലാം പഠിക്കുന്നത് നന്നാവും. സ്കൂൾ കുട്ടികളെ പിടിച്ചു തള്ളുന്നതും തെറിപറയുന്നതും മറ്റും അവർക്ക് പതിവാണ്. വിദ്യാർത്ഥികളോട് വിവേചനം കാണിക്കരുതെന്നും സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കരുതെന്നും ബഹുമാനപ്പെട്ട ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.പക്ഷേ എത്ര ബസ് ജീവനക്കാർ അത് അനുസരിക്കും എന്നറിയില്ല. പൊതുവെ പെൺകുട്ടികളോടാണ് ബസ് കണ്ടക്ടർമാർ കൂടുതൽ തട്ടിക്കയറാറുള്ളത്.അവർ തിരിച്ച് ഒന്നും പറയില്ല എന്നൊരു വിചാരമാണ്. പെണ്ണുങ്ങളാണ്. ഉശിരുള്ളവരാണ്. ‘വെറും പെണ്ണ്’ അല്ല. അതോർത്തിട്ട് കളിച്ചാൽ മതി.എല്ലാവരും !