സ്വിമ്മിങ് പൂളിൽ ഇറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

അല്പനേരം വെള്ളത്തില്‍ മുങ്ങിക്കിടന്നാലുള്ള സുഖമൊന്ന് ആലോചിച്ച് നോക്കൂ. ഈ സുഖമറിഞ്ഞതുകൊണ്ടാണ് റിസോർട്ടുകളിലെ സ്വിമ്മിങ് പൂളിൽ കുളിക്കുവാൻ ആളുകൾ ഇത്ര ആഗ്രഹിക്കുന്നതും. നീന്തിക്കുളി മാത്രമല്ല സ്വിമ്മിങ്ങ് പൂളിന്റെ ഗുണം. ജലാശയക്കാഴ്ച എന്ന നിലയിലും അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കാനും പൂളുകള്‍ സഹായിക്കും. നീന്താനും നീന്തല്‍ പഠിക്കാനുമെല്ലാം ഇപ്പോള്‍ മിക്കവാറും പേര്‍ ഉപയോഗിക്കുന്നത് സ്വിമ്മിംഗ് പൂളാണ്.

സ്വിമ്മിംഗ് പൂള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഹോട്ടലോ റിസോർട്ടോ എന്തുമാകട്ടെ, അവർക്ക് അവരുടേതായ പൂൾ നിയമങ്ങൾ ഉണ്ടായിരിക്കും. പൂളിൽ ഇറങ്ങുന്നതിനു മുൻപ് ഈ നിയമങ്ങൾ ഒന്നറിഞ്ഞിരിക്കുക. ഓരോ പ്രോപ്പർട്ടികൾക്കും അവരവരുടേതായ പൂള് സമയം ഉണ്ടായിരിക്കും. സാധാരണയായി രാവിലെ പത്തു മണി മുതൽ രാത്രി പത്തു മണി വരെയായിരിക്കും മിക്ക റിസോർട്ടുകളിലെയും പൂൾ സമയം.

ഫാമിലിയായി വരുന്നവർ കുട്ടികളെ ഒറ്റയ്ക്ക് പൂളിൽ ഇറക്കുവാൻ പാടുള്ളതല്ല. ചിലയിടങ്ങളിൽ കുട്ടികൾക്കായി പ്രത്യേകം പൂളുകൾ ഉണ്ടായിരിക്കും. അതിൽ ആഴം ഒട്ടും തന്നെ ഉണ്ടായിരിക്കില്ല. എന്നിരുന്നാലും മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രം അവരെ പൂളിൽ ഇറക്കുക. സ്വിമ്മിങ് പൂളിൽ ഇറങ്ങുന്നതിനു മുൻപും പൂളിൽ നിന്നും കയറിയതിനു ശേഷവും ഒരു കുളി, അത് നിർബന്ധമാണ്. ഇത് അണുക്കളെ നശിപ്പിക്കാനും ക്ലോറിന്‍ നീക്കാനും സഹായിക്കും.അതാത് മിക്ക പൂളുകൾക്കു സമീപവും ബാത്ത് റൂമുകൾ ഉണ്ടായിരിക്കും.

പൂളിലേക്ക് ചാടുന്ന പ്രവണത എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിക്കുക. ചാടുന്നതിനുള്ള സംവിധാനം ഉണ്ടെങ്കിൽ മാത്രം അതിനു മുതിരുക. കാരണം മിക്കവാറും പൂളുകളുടെ സമീപത്ത് ആകെ വെള്ളം വീണ് നനഞ്ഞു വഴുക്കുവാൻ സാധ്യതയുണ്ട്. ഓടിവന്നു ചാടുവാൻ ശ്രമിക്കുമ്പോൾ തെന്നി വീണു അപകടം സംഭവിക്കുവാൻ ഇടയുണ്ട്. അതുകൊണ്ട് ചാട്ടങ്ങൾ പരമാവധി ഒഴിവാക്കുക. ജംപിങ് സംവിധാനമുള്ളതാണെങ്കിൽ പൂളിൽ ഇറങ്ങിയിട്ട് പൂളിന്റെ ഘടനയും മറ്റും മനസ്സിലാക്കിയിട്ടു ചാടുന്നതായിരിക്കും ഉത്തമം.

മിക്കവർക്കുമുള്ള ഒരു ആഗ്രഹമാണ് പൂളിൽ കിടന്നു മദ്യപിക്കുക എന്നത്. എന്നാൽ ഇത് വളരെ അപകടകരമാണ് എന്നോർക്കുക. കേരളത്തിലെ റിസോർട്ടുകളിൽ ഭൂരിഭാഗവും പൂളിലുള്ള മദ്യപാനം അനുവദിക്കുന്നില്ല. ഗോവ പോലുള്ള ടൂറിസ്റ്റു കേന്ദ്രങ്ങളിൽ ഒക്കെ പൂളിനു സമീപത്തായി ബാറുകൾ തന്നയുണ്ടാകും. അവിടെയൊക്കെ വേണമെങ്കിൽ നിങ്ങൾക്ക് കള്ളുകുടി ആസ്വദിക്കാം. മദ്യപാനം ഞങ്ങൾ പ്രോൽസാഹിപ്പിക്കുന്നില്ല കേട്ടോ.

സ്വിമ്മിംഗ് പൂളില്‍ സാധാരണയായി ക്ലോറിന്‍ ഉപയോഗിക്കാറുണ്ട്. വെള്ളം വൃത്തിയാക്കുന്നതിനു വേണ്ടിയാണിത്. എന്നാല്‍ വെള്ളം
വളരെ കടുത്ത നീല നിറത്തില്‍ കാണുകയാണെങ്കില്‍ അതിൽ കൂടുതല്‍ ക്ലോറിന്‍ അടങ്ങിയിട്ടുണ്ടെന്നു മനസിലാക്കാം. ഇളം നീല നിറത്തിലെ തെളിഞ്ഞ വെള്ളമാണെങ്കില്‍ ക്ലോറിന്‍ തോത് പാകത്തിനായിരിക്കും. ക്ലോറിന്‍ മുടിയ്ക്കും കണ്ണിനും ഏറെ ദോഷം ചെയ്യും. ഇതുകൊണ്ടു തന്നെ സ്വിമ്മിംഗ് ക്യാപ്, നീന്തുമ്പോള്‍ ഉപയോഗിക്കുന്ന പ്രത്യേക തരം കൂളിംഗ് ഗ്ലാസ് എന്നിവ ഉപയോഗിക്കുക. പൂളിൽ ഇറങ്ങുന്നവർ അതാത് പറഞ്ഞിട്ടുള്ള ഡ്രസ്സ് കോഡുകൾ ഉപയോഗിക്കുവാൻ ശ്രമിക്കുക. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ പൂളുകൾ ആണെങ്കിൽ ശരിയായ ഡ്രസ്സ് കോഡ് ഇല്ലാതെ അവർ പൂളിൽ ഇറക്കുകയില്ല.

വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും ധരിച്ചുകൊണ്ട് പൂളിൽ കുളിക്കുവാൻ ഇറങ്ങരുത്. കാരണം ഇവയൊക്ക അബദ്ധവശാൽ പൂളിൽ താഴെ പോയിക്കഴിഞ്ഞാൽ പിന്നെ തിരികെ ലഭിക്കുക പ്രയാസമാണ്. മിക്കവാറും സമയങ്ങളിൽ പൂളിലെ വെള്ളം ശുദ്ധിയാക്കുവാനായി ഫിൽറ്ററേഷൻ നടന്നുകൊണ്ടിരിക്കുകയായിരിക്കും. അതിലൂടെ ഇവ നഷ്ടപ്പെട്ടുപോകുവാനും സാധ്യതയുണ്ട്. ഇനി നിങ്ങൾ സ്വിമ്മിങ് പൂളുകളിൽ ഇറങ്ങുന്നതിനു മുൻപായി ഈ കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കുക.