2020ല്‍ കേരളത്തെ കാത്തിരിക്കുന്നത് മൂന്നാം പ്രളയമോ?

കൊറോണക്കിടയിൽ 2020ല്‍ കേരളത്തെ കാത്തിരിക്കുന്നത് മൂന്നാം പ്രളയമോ, നിഗമനങ്ങള്‍ ചര്‍ച്ചയാവുന്നു. 2018 ലും 2019 ലും കേരളത്തിൽ തെക്ക്പടിഞ്ഞാറൻ മൺസൂൺ കാലത്തുണ്ടായ പ്രളയം ഈ വർഷവും ആവർത്തിക്കുമോ എന്ന ആശങ്ക പങ്കുവെച്ചിരിക്കുകയാണ് തമിഴ്നാട് വെതർമാൻ. കാലാവസ്ഥ പ്രവചന മാന്ത്രികൻ എന്നറിയപ്പെടുന്ന പ്രദീപ് ജോൺ ആണ് തന്റെ തമിഴ് നാട് വെതർമാൻ എന്ന ഫേസ്ബുക്ക് പേജിലൂടെ പ്രവചനം നടത്തിയത്. പ്രവചനങ്ങളുടെ കൃത്യതകൊണ്ട് പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട് തമിഴ്നാട് വെതർമാൻ.

ഇരുപതാം നൂറ്റാണ്ടിൽ തുടർച്ചയായി മൂന്ന് വർഷമുണ്ടായ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലത്തെ പ്രളയ വർഷങ്ങൾ ഈ നൂറ്റാണ്ടിൽ ആവർത്തിക്കുകയാണെന്നാണ് തമിഴ്നാട് വെതർമാന്റെ നിഗമനം. 1920 കളിൽ 2300 മില്ലിമീറ്ററിലധികം പെയ്ത തെക്ക്പടിഞ്ഞാറൻ മൺസൂൺ മഴ തുടർച്ചയായ മൂന്ന് വർഷം കേരളത്തിൽ പ്രളയം സൃഷ്ടിച്ചിരുന്നു. 1922 മുതൽ 24വരെയാണ് 2300 മില്ലിമീറ്ററിലധികം മഴ ലഭിച്ചത്. 21ാം നൂറ്റാണ്ടിൽ സമാനമായ മഴയാണ് 2018ൽ കേരളത്തിന് ലഭിച്ചതെന്നും 2019ൽ 2300 ലധികം ലഭിച്ച മഴ 2020 ലും ആവർത്തിക്കുമോ എന്നാണ് സംശയം പ്രകടിപ്പിക്കുന്നത്.

തമിഴ്നാട് വെതർമാന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം : 1920 കളിലാണ് കേരളത്തിൽ അധികമഴ തുടർച്ചയായി മൂന്നു വർഷം ലഭിച്ചത്. ജൂണിനും സെപ്റ്റംബറിനുമിടയിലുള്ള തെക്ക്പടിഞ്ഞാറൻ മൺസൂണിലൂടെ 2049 മില്ലിമീറ്റർ മഴ ചുരുങ്ങിയത് ലഭിക്കാറുണ്ട്. എന്നാൽ ഈ നൂറ്റാണ്ടിൽ കേരളത്തിന് പൊതുവെ കുറഞ്ഞ അളവിലുള്ള മൺസൂൺ മഴയാണ് ലഭിച്ചിരുന്നത്.

2007ൽ 2786 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നത് മാത്രമാണ് ആശ്വാസം. എന്നാൽ 2018ൽ കേരളത്തിന് ലഭിച്ച മഴ പ്രളയത്തിന് വഴിവെച്ചു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയമായിരുന്നു അത്. 2517മില്ലിമീറ്റർ മഴയാണ് 2018ൽ ലഭിച്ചത്.2 007ലും 2013ലും ലഭിച്ച മഴയുടെ തോതുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെങ്കിലും കുറഞ്ഞസമയത്തിനുള്ളിൽ ഏറ്റവും കൂടിയ അളവിൽ മഴ ലഭിച്ചതാണ് 2018ൽ പ്രളയത്തിനിടയാക്കിയത്.

1924, 1961, 2018 വർഷങ്ങൾ കേരളത്തിൽ ഏറ്റവും വലിയ പ്രളയത്തിന് വഴിവെച്ച മൂന്ന് വർഷങ്ങളാണ്. 1920 കളിൽ തെക്ക് പടിഞ്ഞാറൻ മൺസൂണിലൂടെ രേഖപ്പെടുത്തിയ മഴയുടെ അളവ് ചുവടെ കൊടുക്കുന്നു. 1922- 2318 മില്ലീമീറ്റർ, 1923 – 2666 മില്ലീമീറ്റർ, 1924 – 3115 മില്ലീമീറ്റർ, അടുത്ത നൂറ്റാണ്ടിൽ 2018 – 2517 മില്ലീമീറ്റർ, 2019 – 2310 മില്ലീമീറ്റർ.
2300 മില്ലിമീറ്ററിലധികം തുടർച്ചയായ മഴ രേഖപ്പെടുത്തിയ ട്രെൻഡ് ഇത്തവണയും ഉണ്ടാവുമോ എന്ന സന്ദേഹമാണ് തമിഴ്നാട് വെതർമാൻ ചോദിക്കുന്നത്.

പല മാതൃകകളും കാണിക്കുന്നത് കേരളത്തിന് ഇത്തവണ വലിയ മഴ ലഭിക്കുമെന്നാണ്. മുൻ വർഷങ്ങളിലെ സ്ഥിതി വിവര ശാസ്ത്രവുമായി താരതമ്യം ചെയ്യുമ്പോൾ 2020ൽ 2300 ലധികം മഴ ലഭിക്കാനാണ് സാധ്യതയെന്നും വെതർമാൻ കുറിക്കുന്നു.

തമിഴ്‌നാട് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഡപ്യൂട്ടി മാനേജരായ പ്രദീപ് ജോലിത്തിരക്കുകള്‍ക്കിടയിലാണു കാലാവസ്ഥാ പഠനം ഒരു ലഹരിയായി ഒപ്പം കൊണ്ടുപോകുന്നത്. ധനതത്ത്വശാസ്ത്രത്തില്‍ എം.ബി.എ നേടിയ ചെന്നൈ സ്വദേശിയായ പ്രദീപ് 2012 ലാണ് വെതര്‍മാന്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജില്‍ കാലാവസ്ഥ വിവരങ്ങള്‍ പങ്കുവെച്ച് തുടങ്ങിയത്. 2015 ൽ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016ല്‍ വാര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ പ്രവചനങ്ങൾ കൃത്യമായിരുന്നു. പ്രവചനം കൃത്യമായതോടെയാണ് പ്രദീപ് ജോണിന് ആരാധകര്‍ കൂടിയത്.