ന്യൂജെൻ എസ്.യു.വി.കളിലെ കരുത്തൻ – ടാറ്റ ഹാരിയർ വിപണിയിൽ..

2019 കാറുകളുടെ വർഷമാണെന്നു വേണമെങ്കിൽ പറയാം. വിവിധ കമ്പനികളുടെ പുതിയതും പരിഷ്‌കരിച്ചതുമായ പലതരം മോഡലുകളാണ് ഇക്കൊല്ലം വിപണിയിൽ മത്സരത്തിനായി തയ്യാറെടുക്കുന്നത്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് ടാറ്റയുടെ പുതിയ എസ്.യു.വി. മോഡലായ ഹാരിയർ.

ഇന്ന് (24-01-2019) കൊച്ചിയിൽ വെച്ചു നടന്ന ചടങ്ങിലാണ് ഹാരിയർ കേരളത്തിൽ ലോഞ്ച് ചെയ്തത്. വടക്കേ ഇന്ത്യയിൽ കഴിഞ്ഞ ദിവസം ഈ മോഡലിന്റെ ഒഫീഷ്യൽ ലോഞ്ച് നടത്തിയിരുന്നു. ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ ടാറ്റ കളത്തിലിറങ്ങിയിരിക്കുന്നത്. ഹ്യുണ്ടായ് ക്രേറ്റ, ജീപ്പ് കോമ്പസ്, റിനോ കാപ്റ്റര്‍, മഹീന്ദ്ര XUV500, നിസ്സാന്റെ പുതിയ മോഡലായ കിക്ക്‌സ് എന്നിവയുമായിട്ടായിരിക്കും ഹാരിയറിന്റെ മത്സരം.

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ടാറ്റായുടെ പുതിയ പ്രീമിയം കോംപാക്ട് എസ്.യു.വി.യായ ഹാരിയർ വിപണിയിലെത്തിയിരിക്കുന്നത്. എല്ലാവരെയും അതിശയിപ്പിച്ച മറ്റൊരു കാര്യം ഈ മോഡലിന്റെ വിലക്കുറവാണ്. നാലു വേരിയന്റുകളിൽ വിപണിയിലെത്തിയിരിക്കുന്ന ഹാരിയറിനു 12.69 ലക്ഷം രൂപ മുതല്‍ 16.25 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. വിലവിവരങ്ങൾ : XE – Rs 12.69, XM – Rs 13.75, XT – Rs 14.95, XZ – Rs 16.25. ഏവരും പ്രതീക്ഷിച്ചതിലും വിലക്കുറവിലാണ് ഈ പുത്തൻ താരത്തിന്റെ വരവ്.

300 ലധികം ക്രാഷ് ടെസ്റ്റുകൾക്ക് ശേഷമാണ് ഹാരിയർ നിരത്തിലിറങ്ങുന്നത്. ഇക്കാരണത്താൽ വാഹനത്തിന്റെ സുരക്ഷയെക്കുറിച്ച് ഉപഭോക്താക്കൾക്ക് നല്ല വിശ്വാസം നേടിയെടുക്കുവാൻ ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ട്. 4598 mm നീളവും, 1894 mm വീതിയും, 1706 mm ഉയരവും, 205 mm വീല്‍ബേസുമാണ് ഹാരിയറിന് ടാറ്റ നൽകിയിട്ടുള്ളത്.

ലാൻഡ്റോവറിനെ അടിസ്ഥാനമാക്കിയുള്ള ടാറ്റയുടെ പുതിയ ഒമേഗ പ്ലാറ്റ്ഫോമിലാണ് ഹാരിയർ നിർമ്മിച്ചിരിക്കുന്നത്.
രൂപത്തിലും ഏറെക്കുറെ ആ തലയെടുപ്പും ഗാംഭീര്യവും ഹാരിയറില്‍ പ്രകടമാണ്. ഇനി എഞ്ചിന്റെ കാര്യമെടുത്താൽ,
2.0 ലിറ്റര്‍ ക്രെയോടെക് ഡീസല്‍ എന്‍ജിനാണ് ഹാരിയറിൽ ഉള്ളത്. നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണിത്‌. 140 bhp കരുത്തും 350 Nm ടോർക്കും ആണ് ഈ എഞ്ചിന്റെ മറ്റൊരു സവിശേഷത.

ഇപ്പോൾ ഇറങ്ങുന്ന മോഡലിൽ 6 സ്‌പീഡ്‌ മാനുവൽ ട്രാൻസ്മിഷൻ ആയിരിക്കും ഉണ്ടായിരിക്കുക. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെ മൂന്നു ഡ്രൈവിംഗ് മോഡുകള്‍ ഹാരിയറിലുണ്ട്.
ഓഫ്-റോഡ് ഉൾപ്പെടെ എല്ലാത്തരം റോഡ് കണ്ടീഷനുകളിലും എന്‍ജിന്റെ പ്രകടനം പരീക്ഷിച്ചുറപ്പിച്ചാണ് ക്രെയോടെക് എന്‍ജിന്‍ ഹാരിയറില്‍ ഉപയോഗിക്കുന്നതെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

മറ്റു സവിശേഷതകൾ : ടെറെയ്ൻ റെസ്പോൺസ് സിസ്റ്റം, പുഷ് ബട്ടൺ സ്റ്റാർട്ട്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍സ്, 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പലതരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, പിൻ പാർക്കിംഗ് സെൻസർ.

പുതിയ മോഡൽ ഇപ്പോൾ ലോഞ്ച് ചെയ്‌തേയുള്ളൂവെങ്കിലും ഒന്നുകൂടി പരിഷ്‌ക്കരിച്ച പതിപ്പ് വിപണിയിലിറക്കുവാൻ ടാറ്റയ്ക്ക് പദ്ധതിയുണ്ട് എന്നു വ്യക്തമാണ്. നിലവിൽ 5 സീറ്റർ ആയിട്ടാണ് ഹാരിയർ ഇറങ്ങുന്നതെങ്കിലും പരിഷ്‌ക്കരിച്ച പതിപ്പ് 7 സീറ്റർ ആയിട്ടായിരിക്കും ഇറങ്ങുക. കൂടാതെ ഇത് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൂടി ഉൾപ്പെടുത്തിയുള്ളതുമായിരിക്കും.

സാങ്കേതിക വിദ്യയുടെയും കാര്യക്ഷമതയുടെയും മനോഹരമായ രൂപഭാവത്തിന്റെയും അടിസ്ഥാനത്തില്‍ ടാറ്റ ഹാരിയറിനെ ന്യൂജനറേഷൻ എസ്‌യുവികളിലെ കരുത്തന്‍ എന്ന് എന്തുകൊണ്ടും വിശേഷിപ്പിക്കാം. കേരളത്തിൽ ഒഫീഷ്യൽ ലോഞ്ചിനു മുൻപേ തന്നെ ഹാരിയറിൻ്റെ ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. 30,000 രൂപയോളം മുൻകൂറായി അടച്ചാണ് ഉപഭോക്താക്കൾ വാഹനം ബുക്ക് ചെയ്തിരിക്കുന്നത്. എന്തായാലും ഈ മോഡൽ നിരത്തിലിറങ്ങിക്കഴിയുമ്പോൾ കസ്റ്റമർ സൈഡിൽ നിന്നുള്ള വിശദമായ റിവ്യൂകൾ നമുക്ക് അറിയുവാൻ സാധിക്കും.