ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ‘ടാറ്റാ സഫാരി’യുടെ റീ എൻട്രി

പ്രമുഖ ഇന്ത്യൻ കാർ നിർമ്മാതാക്കളായ ടാറ്റയുടെ പേരെടുത്ത ഒരു മോഡലാണ് സഫാരി. 1998 ലായിരുന്നു ടാറ്റ സഫാരിയെ നിരത്തിലെത്തിച്ചത്. ടാറ്റയുടെ ആദ്യ എസ്‍യുവികളിലൊന്നായ സഫാരി പിന്നീട് ഇന്ത്യൻ വാഹനലോകത്തെ കരുത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. ഇന്ത്യൻ സൈന്യത്തിൽ വരെ സാന്നിധ്യമറിയിച്ചുകൊണ്ട് സഫാരി പേരെടുത്തു. ഒടുവിൽ 2019 ൽ വിപണിയിൽ നിന്നും പിൻവലിക്കുമ്പോഴും സഫാരിയുടെ ജനപ്രീതി അതേപടി നിലനിന്നിരുന്നു.

ഇന്ന് ഹാരിയർ അടക്കമുള്ള മികച്ച മോഡലുകളുമായി ജൈത്രയാത്ര തുടരുമ്പോൾ, 2021 ൽ സഫാരിയെ പുത്തൻ വേഷത്തിൽ അവതരിപ്പിക്കുകയാണ് ടാറ്റ മോട്ടോർസ്. ടാറ്റയുടെ ഇമ്പാക്ട് 2.0 ഡിസൈൻ ശൈലിയിലാണ് പുതിയ സഫാരി എസ്യുവി ഒരുങ്ങുന്നത്. ഇക്കാരണത്താൽ ടാറ്റ ഹാരിയറുമായി സാമ്യമുള്ളതാണ് സഫാരിയും. ബൈ ആരോ ഡിസൈനിലുള്ള ഗ്രില്ലാണ് ഹാരിയറിൽ നിന്നും പുതിയ സഫാരിയെ വ്യത്യസ്തമാക്കുന്നത്.

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഗ്രാവിറ്റാസിനെയാണ് സഫാരി എന്ന പേരിൽ ടാറ്റ വിപണിയിലെത്തിക്കുന്നത്. ഹാരിയർ എസ്‌യുവിയുടെ 7 സീറ്റർ മോഡലാണ് ഇത്. സഫാരി എന്ന ബ്രാന്റിന്മേലുള്ള വിശ്വാസ്യതയും ജനപ്രീതിയുമാണ് ഇതിനു സഫാരി എന്നുതന്നെ പേര് നൽകുവാൻ കാരണം. പൂനെയിലെ പ്ലാന്റിൽ നിന്നും പുറത്തിറങ്ങിയ ആദ്യത്തെ 2021 സഫാരി കഴിഞ്ഞ ദിവസം നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു.

ഹെഡ്‍ലാംപിന് താഴെയായി കൂടുതൽ ക്രോം ഗാർണിഷ്, റണ്ണിങ് ബോർഡ് എന്നിവയും പാനരോമിക് സൺറൂഫുമാണ് 2021 സഫാരിയുടെ പ്രത്യേകതകൾ. കൂടാതെ പുതിയ ബൂട്ട് ലിഡ്, റീഡിസൈൻ ചെയ്ത ടെയിൽ ലാംപ്, പുതിയ സ്പോയ്ലർ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. 4,661 എംഎം നീളം, 1,894 എംഎം വീതി, 1,786 എംഎം ഉയരം എന്നിങ്ങനെയാവും പുത്തൻ സഫാരിയുടെ അളവുകൾ. ഹാരിയറിനേക്കാൾ 63 എംഎം നീളവും 80 എംഎം ഉയരവും കൂടുതലാണ് വീണ്ടുമെത്തുന്ന സഫാരിയ്ക്ക്.

ഹാരിയറിന് സമാനമാവും പുത്തൻ എസ്‌യുവിയുടെ ഇന്റീരിയർ. ഓയിസ്റ്റർ വൈറ്റ് ഇന്റീരിയർ തീം, ഫ്ലോട്ടിങ് ഡിസ്പ്ലെയുള്ള ഡാഷ്‌ബോർഡ്, ക്രോം ബെസെൽ, മൂന്ന് സ്പോക് സ്റ്റിയറിംഗ് വീൽ എന്നിവയും പുതിയ സഫാരിയുടെ ആകർഷണങ്ങളാണ്. 170 എച്ച്പി പവറുള്ള 2.0-ലിറ്റർ ക്രയോടെക്‌ ഡീസൽ എൻജിൻ ആണ് പുത്തൻ സഫാരിയെ ചലിപ്പിക്കുന്നത്. 6-സ്പീഡ് മാന്വൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ.

ലാന്‍ഡ് റോവറില്‍ നിന്നുള്ള പ്രശസ്തമായ ഡി 8 പ്ലാറ്റ്‌ഫോമില്‍ നിന്ന് ഉരുത്തിരിഞ്ഞ രൂപകല്‍പ്പനയായിരിക്കും സഫാരിയുടേത്. ലോകമെമ്പാടുമുള്ള എസ്യുവികളുടെ ഗോൾഡ് സ്റ്റാൻഡേർഡ് ആയിരിക്കും ഇത്.

ഓഗ്‌മെന്റഡ് റിയാലിറ്റി (എആര്‍) ഉപയോഗിച്ച് സംവേദനാത്മക സവിശേഷതകളാല്‍ പവര്‍ പാക്ക് ചെയ്ത ടാറ്റാ സഫാരി ഇമാജിനേറ്റര്‍ സ്യൂട്ടുപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വീകരണമുറി ഉള്‍പ്പെടെയുള്ള ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് വിര്‍ച്വലായി കാണാം. Click here : https://cars.tatamotors.com/suv/safari/ar . ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26 നായിരിക്കും സഫാരി വിൽപ്പനയ്ക്ക് എത്തുക എന്നാണു അറിയുവാൻ കഴിഞ്ഞത്. പുതിയ സഫാരിയുടെ ബുക്കിംഗ് ഉടന്‍ ആരംഭിക്കും എന്നും കമ്പനി അറിയിച്ചു. 13 ലക്ഷം രൂപ മുതലാവും ഷോറൂം വിലയെന്നാണു പ്രതീക്ഷ.