ദി ഗ്രേയ്റ്റ് ട്രെയിൻ റോബ്ബറി; സിനിമകളെ വെല്ലുന്ന തരത്തിലുള്ള ഒരു തീവണ്ടിക്കൊള്ള

1963 ഓഗസ്റ് 8 രാത്രി മൂന്ന് മണി സമയം. ഗ്ളാസ്‌കോയിൽ നിന്നും ലണ്ടനിലേക്ക് പോകുന്ന റോയൽ മെയിൽ ട്രെയിനിലെ എൻജിൻ ഡ്രൈവർ ആയ 58 കാരൻ ആയ ജാക് മിൽസ് പെട്ടന്ന് ഒരു കാഴ്ച കണ്ടു.ക്രോസിങ് ലൈനിൽ ചുവപ്പ് വെളിച്ചം കത്തിനിൽക്കുന്നു. സാധാരണഗതിയിൽ ഈ സമയത്ത് അതും ഈ പരിസരത്ത് വെച്ച് ഇങ്ങനെ സംഭവിക്കേണ്ടതല്ല. ട്രെയിൻ നിർത്തിയ ശേഷം സഹപ്രവർത്തകനും 26 വയസ്സുള്ള യുവാവുമായ ഡേവിഡ് വിറ്റ്ബേയെ എന്താണ് അപകടസിഗ്നൽ തെളിയുവാനുണ്ടായ കാരണമെന്നന്വേഷിക്കാൻ സിഗ്നൽ ഓപ്പറേറ്ററുടെ ക്യാബിനിലേക്കു അയാൾ അയച്ചു.

ഡേവിഡ് ട്രെയിനിൽ നിന്നും ചാടിയിറങ്ങി ഓപ്പറേറ്ററുടെ അടുക്കലേക്കു നടക്കുന്നതിനിടെ ഒരു കാഴ്ച കണ്ടു! സിഗ്നൽ ലൈറ്റിലേക്കുള്ള വയറുകളിൽ രണ്ടെണ്ണം വിഛേദിക്കപ്പെട്ടിരിക്കുന്നു!. സിഗ്നൽ ലൈറ്റിലേക്കു ഒരിക്കൽ കൂടി നോക്കിയപ്പോൾ അയാൾ ഞെട്ടിപ്പോയി .പച്ചവെളിച്ചത്തെ ആരോ കരിമ്പടം കൊണ്ട് പൊതിഞ്ഞ് കാഴ്ച മറച്ചിരിക്കുന്നു. മുറിച്ച വയറിൽ നിന്നും മറ്റൊരു ബാറ്ററി കണക്റ്റ് ചെയ്താണ് കൃത്രിമമായി റെഡ്‌സിഗ്നൽ തെളിയിച്ചിരിക്കുന്നത്. കൊള്ളക്കാർ അല്ലാതെ മറ്റാരും ഇങ്ങനെ ചെയ്യാറില്ല. എൻജിൻ ഡ്രൈവറെ വിവരമറിയിക്കുവാനായ് അയാൾ വേഗത്തിൽ തിരിഞ്ഞു .

പക്ഷെ താമസിച്ച് പോയിരുന്നു. ഇതൊനൊടകം പിന്നിലൂടെ വന്ന കൊള്ളക്കാരിൽ ഒരാളുടെ ശക്തമായ കരം അയാളെ എടുത്തു ദൂരേക്കെറിഞ്ഞു. വിവരങ്ങൾ അറിയാൻ പോയ ഡേവിഡിനെയും കാത്തിരുന്ന ജാക് മിൽസിനരികിലേക്കു മോഷ്ടാക്കൾ ഇരമ്പിക്കയറി. പ്രതിരോധിക്കുവാൻ ഒരു വിഫലശ്രമം നടത്തുവാൻ അയാൾ ഒരുമ്പെട്ടുവെങ്കിലും ഘനമുള്ള ഒരു ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടിയേറ്റ് ജാക് ബോധരഹിതനായി.മോഷ്ടാക്കൾ വളരെ വേഗത്തിൽ തന്നെ 250 പാക്കറ്റുകളിലായ് സൂക്ഷിച്ചിരുന്ന 5 മില്യൺ ഡോളറിൽ നിന്നും നൂറ്റിയിരുപതു പായ്ക്കറ്റുകൾ എടുത്ത്, അരികെ തയ്യാറാക്കി നിർത്തിയിരുന്ന ലോറിയിലേക്കു കടത്തി. ബന്ധനസ്ഥരായ എൻജിൻ ഡ്രൈവറോടും സഹായിയോടും അര മണിക്കൂർ കഴിയാതെ അനങ്ങരുത് എന്ന് ഭീഷണിപ്പെടുത്തി. ഈ സമയം കൊണ്ട് മോഷ്ടാക്കൾ 25 മൈൽ അകലെയുള്ള ഒരു ഫാമിൽ മുൻ നിശ്ചയപ്രകാരം എത്തിച്ചേർന്നിരുന്നു .

ഇനിയൊരല്പം പഴയ ചരിത്രം നമുക്ക് നോക്കാം. പോയ നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊള്ള എന്നറിയപ്പെടുന്ന ഈ സംഭവം നടന്നത് സത്യത്തിൽ അതിനും മുന്നെയിറങ്ങിയ ഒരു ചലച്ചിത്രത്തെ ആസ്പദമാക്കിയായിരുന്നു! 1903 ൽ ആണ് ചലച്ചിത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ട് “ദി ഗ്രൈറ്റ് ട്രെയിൻ റോബറി” എന്ന നിശ്ശബ്ദ ചിത്രം പ്രദർശനത്തിനെത്തിയത്. ആസ്വാദക നിരൂപണങ്ങളും ആക്ഷൻ രംഗങ്ങളും കൊണ്ട് സമൃദ്ധമായ ചിത്രം കൃത്യം അറുപത് വർഷങ്ങൾക്ക് ശേഷം തിരശീലയിൽ നിന്നും ജീവൻ വെച്ച് നിത്യജീവിതത്തിലേക്ക് ഇറങ്ങിവന്നതാണ് നാമിപ്പോൾ വായിച്ചത് .

മുഖംമൂടി ധരിച്ച പതിനഞ്ച് പേരാണ് ഈ ചലച്ചിത്രം ആസ്പദമാക്കി തങ്ങളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. യഥാർത്ഥത്തിൽ കൊള്ളസംഘത്തിൽ 17 പേർ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ രണ്ടു വ്യക്തികൾ നേരിട്ട് കൊള്ളയിൽ പങ്കെടുത്തില്ല. മൂന്നാളുകളെ ഇന്നേവരെ തിരിച്ചറിയുവാൻ കഴിഞ്ഞിട്ടുമില്ല കൂടാതെ . ആകെ മൊത്തത്തിൽ അഞ്ച് സംഘാംഗങ്ങളെ ഇതുവരെയും പിടികൂടിയിട്ടുമില്ല ! പാട്രിക് മക്കെന്ന എന്ന ഒരു പോസ്റ്റൽ ഉദ്യോഗസ്ഥനാണ് 5 മില്യൺ ഡോളറുമായി റോയൽ മെയിൽ എന്ന ട്രയിൻ 1963 ആഗസ്ത് 8ആം തിയതി അർത്ഥരാത്രി ഗ്ളാസ്ഗോവിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെടുന്നുണ്ടെന്ന് സംഘത്തിലെ മാസ്റ്റർ മൈൻഡിൽ ഒരാൾ ആയ ബ്രൂസ് റൈനോൾഡ്‌സിനെ അറിയിച്ചത്. മുൻപ് ഒരു എയർപോർട്ട് വിദഗ്ധമായി കൊള്ളയടിച്ച അനുഭവസമ്പത്ത് ഈ സംഘത്തിന് കൈമുതലായി ഉണ്ടായിരുന്നു . അത് കൊണ്ട് തന്നെ ആസൂത്രണങ്ങളിൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്യുവാൻ അവർ ഒരുക്കമായിരുന്നില്ല. വിദഗ്ധമായ ഒരു ട്രെയിൻ കൊള്ളയ്ക്ക് വിഅതി സമർഥരായ പ്രവർത്തകരും ഉണ്ടായേ മതിയാകൂ.

സംഘത്തലവനും നെപ്പോളിയൻ എന്ന അപരനാമവുമുള്ള ബ്രൂസ് റൈനോൾഡ്‌സിനെ കൂടാതെ ഗോർഡൻ ഗൂഡി ,ചാൾസ് വിത്സൺ ,റൊണാൾഡ് എഡ്വേർഡ് ,ബ്രിയാൻ ആർതർ ഫീൽഡ് ,പാട്രിക് മക്കെന്ന,റോയ് ജെയിംസ് ,ജോൺ തോമസ് ഡാലി ,ഹാരി സ്മിത്ത് ,ജെയിംസ് വൈറ്റ് ,റോജർ ജോൺ കോർഡ്രെ,റോബർട്ട് വെൽച് ,തോമസ് വിസ്‌ബേ ,ജെയിംസ് ഹുസ്സി, റൊണാൾഡ് ബിഗ്‌സ് തുടങ്ങിയവരും യഥാർത്ഥ പേരുകൾ എക്കാലവും അജ്ഞാതമായ 1 ,2 ,3 എന്ന നമ്പറുകളിൽ മാത്രം അറിയപ്പെടുന്ന മൂന്ന് പേരുമുൾക്കൊള്ളുന്നതാണ് ആകെ സംഘാംഗങ്ങൾ . വിജയകരമായ നടത്തിയ കൊള്ളയ്ക്ക് ശേഷം ആരും തങ്ങളെ പിടിക്കില്ലെന്ന ആത്മവിശ്വാസത്തിൽ ഫാം ഹൌസിലെത്തിയ അവർ ലോറി സമർഥമായി ഒളിപ്പിച്ചു. കൊള്ളമുതൽ വീതം വെച്ചപ്പോൾ എല്ലാ ചിലവുകളും കഴിഞ്ഞ ശേഷം ഒരാൾക്ക് ഒന്നരലക്ഷം ഡോളർ വീതം കിട്ടി.

ഇതിനോടകം തന്നെ ട്രെയിൻ കൊള്ളയെപ്പറ്റിനിമിഷങ്ങൾക്കകം അറിവ് ലഭിച്ച പോലീസ് റേഡിയോ വഴി പൊതുജനങ്ങളിലും വിവരമെത്തിച്ചു. മുപ്പതു മിനിറ്റ് നേരത്തേക്ക് ആരും അനങ്ങരുത് എന്ന് കൊള്ളക്കാർ പറഞ്ഞ പ്രസ്താവന ആയിരുന്നു അവർക്കു വിനയായത് .ഏകദേശം ആ സമയത്തിനുള്ളിൽ എത്താവുന്ന ഒരു സുരക്ഷിത താവളം പരിസരത്തിൽ എവിടെയോ ഉണ്ടാകുമെന്ന നിഗമനത്തിൽ പോലീസ് എത്തിചേർന്നു . സമയം കളയാതെ പൊതുജനങ്ങളോട് സംശയകരമായ രീതിയിൽ പരിസരപ്രദേശത്ത് ആരെയെങ്കിലും കണ്ടാൽ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണമെന്ന് അധികാരികൾ അഭ്യർത്ഥിച്ചു . എന്നാൽ കൊള്ളക്കാരും റേഡിയോ വഴി ഇത് കേൾക്കുന്നുണ്ടായിരുന്നു. പോലീസ് തങ്ങളുടെ ഒളിയിടം കണ്ടെത്തുവാൻ അധികം സമയമെടുക്കില്ല എന്ന് ബോധ്യമായ സംഘം മുൻപ് നിശ്ചയിച്ചിരുന്നതിലും നേരത്തെ തന്നെ താവളമുപേക്ഷിക്കാൻ നിർബന്ധിതരായി.

എന്നാൽ അടുത്ത ദിവസം വയലിൽ എത്തിയ സമീപവാസിയായ ഒരു കർഷകൻ സംശയകരമായ രീതിയിൽ ഒളിപ്പിച്ച് വെച്ച ഒരു ലോറി കണ്ടെത്തി . ഓസ്റ്റിൻ ലോഡ്സ്റ്റാർ ഇനത്തിൽ പെട്ട ഒരു മിലിട്ടറി ട്രക്ക് ആയിരുന്നത്. കൊള്ളക്കാർ ഉപേക്ഷിച്ചു പോയ താവളവും അയാൾ കണ്ടു. ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചുവെങ്കിലും അവർ സ്ഥലത്തു വന്നില്ല. പിറ്റേദിവസം വീണ്ടും ആ കർഷകൻ പോലീസുമായ് ബന്ധപ്പെട്ടപ്പോൾ മാത്രമാണവർ സ്ഥലത്തെത്തിയത്. മോഷ്ടാക്കളുടെ താൽക്കാലിക സങ്കേതം ഇതു തന്നെയാണെന്ന് മനസിലാക്കിയ പോലീസ് വീണ്ടും വലിയൊരു അബദ്ധം കാണിച്ചു. അവർ റേഡിയോയിലൂടെ തങ്ങൾ കൊള്ളക്കാരുടെ താവളം കണ്ടെത്തിയെന്ന് വിളിച്ചുപറഞ്ഞു.

അതേ സമയം തിരക്കിനിടെയിൽ തങ്ങൾ വിട്ടിട്ടു പോന്ന തെളിവുകൾ നശിപ്പിക്കുവാനായ് ഫാം ഹൌസിലേക്കു വന്നുകൊണ്ടിരുന്ന കൊള്ളക്കാരും റേഡിയോ വഴി പോലീസിന്റെ അവകാശവാദം ശ്രവിക്കുകയുണ്ടായി. ഉടൻ തന്നെ അവർ പദ്ധതി മാറ്റി തിരികെപ്പോയി. അല്ലായിരുന്നെങ്കിൽ വളരെ നേരത്തെ തന്നെ അവർ പിടിയിലാകുമായിരുന്നു. എങ്കിലും പൊലീസിന് അവിടെനിന്നും ധാരാളം വിരലടയാളങ്ങൾ ശേഖരിക്കുവാൻ സാധിച്ചു. അതിൽ നിന്നും ഏതാനും പേരെ തിരിച്ചറിയുവാനുമായി .

ഈ കേസിൽ ആദ്യമായ് അറസ്റ്റിലായത് റെയിൽവേ വിദഗ്ധനായ റോഗർ കോർഡ്രേ ആയിരുന്നു. അതിനെത്തുടർന്ന് മറ്റുള്ളവരും അറസ്റ്റിലായി. ഒളിപ്പിച്ച് വെച്ച തുകകളിൽ കുറച്ച് പല സ്ഥലങ്ങളിൽ നിന്നായി വീണ്ടെടുക്കുകയും ചെയ്തു. പിടികൂടിയവരെ കുറ്റത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് മൂന്ന് വര്ഷം മുതൽ മുപ്പത് വര്ഷം വരെ തടവിന് വിധിച്ചുവെങ്കിലും 1975 ഓട് കൂടി മോചിപ്പിക്കുകയുണ്ടായി. അക്രമികളെ തടയുന്നതിനിടെ മാരകമായ് പരിക്കേറ്റ എൻജിൻ ഡ്രൈവർ ജാക് മിൽസ് വളരെ നാളത്തെചികിത്സയ്ക്കു ശേഷം ആണ് സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നത് . പിന്നീടൊരിക്കലും അയാൾ സർവീസിൽ തിരികെ കയറിയില്ല .

രസകരമായ മറ്റൊരു കാര്യം എന്താണെന്നാൽ ഈ കൊള്ളയിൽ പങ്കെടുത്ത പലരും പൊതുജനദൃഷ്ടിയിൽ പിന്നീട് വീരനായകരായ് എന്നതാണ് . നിരവധി കഥകളും നോവലുകളും ഡോക്കുമെന്റ്ററികളും സിനിമകളും ഈ സംഭവത്തെ ആസ്പദമാക്കി ഇറങ്ങി.കൊള്ളസംഘത്തിലെ ഒരംഗം ആയ എഡ്വേർഡിന്റെ ജീവിതം ആസ്പദമാക്കി 1980ൽ ഒരു ചലച്ചിത്രവും ഇറങ്ങി. പിടിക്കപ്പെടാത്തവരും അഞ്ജാതരുമായ വ്യക്തികളെപ്പറ്റി പിൽക്കാലത്ത് നിരവധി കോൺസ്പിരൻസി തിയറികൾ വന്നുവെങ്കിലും അതൊന്നും യഥാർത്ഥ കവർച്ചക്കാരിലേക്കുള്ള ചൂണ്ടുപലകകൾ ആയിരുന്നില്ല. അന്വേഷകർക്കു മുമ്പിൽ ഒരു സമസ്യ ആയി അവർ ഇന്നും അവശേഷിക്കുന്നു.

എഴുത്ത് – നോയൽ ഇടുക്കി, കടപ്പാട് – ജൂലിയസ് മാനുവൽ, NIA TV).