ആലപ്പുഴയിലെ ടൈറ്റാനിക്കിൽ ഒരു അടിപൊളി ഫാമിലി ട്രിപ്പ് !!

കല്യാണം കഴിഞ്ഞപ്പോൾ മുതൽ ആലപ്പുഴയിൽ ഒരു ഹൗസ് ബോട്ട് യാത്ര നടത്തണം എന്നു വിചാരിക്കുന്നതാണ്. പക്ഷെ മൂന്നാറിലും ഗോവയിലുമൊക്കെയാണ് ഞങ്ങൾ കൂടുതലായി കറങ്ങിയത്. അങ്ങനെയിരിക്കെയാണ് സുഹൃത്ത് ഹാരിസ് ഇക്ക ആലപ്പുഴയിൽ ഫാമിലിയുമൊത്ത് ഒരു ഹൗസ് ബോട്ട് യാത്ര പോയാലോ എന്ന് ചോദിക്കുന്നത്. കേട്ടതും ഞാൻ ഓക്കേ പറഞ്ഞു. ഹാരിസ് ഇക്കയുടെ കൂടെ ഒരു വീഡിയോ ചെയ്തിട്ട് കുറച്ചു നാളായിരുന്നു. എന്നാൽപ്പിന്നെ ഇപ്പോൾ ഒന്നു ചെയ്തു കളയാം. അങ്ങനെ ഞങ്ങൾ എല്ലാവരും യാത്ര പ്ലാൻ ചെയ്ത ദിവസം ആലപ്പുഴയിലെത്തി.

ഞാനും ശ്വേതയും പിന്നെ ഹാരിസ് ഇക്കയും ഇക്കയുടെ ഉമ്മയും ഭാര്യയും മൂന്നു മക്കളും അടങ്ങിയതായിരുന്നു യാത്രാ ടീം. റോയൽ റിവർ ക്രൂയിസ് എന്ന ടൂർ കമ്പനിയുടെ ‘റോയൽ റിവർ കാസിൽ’ എന്ന ഒരു ലക്ഷ്വറി ബോട്ടായിരുന്നു ഞങ്ങൾ ബുക്ക് ചെയ്തിരുന്നത്. സാധാരണ നമ്മൾ കണ്ടിട്ടുള്ളതു പോലത്തെ ഹൗസ് ബോട്ട് ആയിരുന്നില്ല അത്. വിദേശ രാജ്യങ്ങളിൽ കാണുന്നതു പോലത്തെ രണ്ടു നിലകളുള്ള ഒരു ലക്ഷ്വറി ഹൌസ് ബോട്ട് ആയിരുന്നു അത്. പുറമേ നിന്നും കണ്ടപ്പോൾത്തന്നെ സംഭവം കിടുക്കനാണെന്നു ഞങ്ങൾക്ക് മനസ്സിലായി.

അങ്ങനെ ഞങ്ങൾ ബോട്ടിൽ കയറി. ബോട്ടിന്റെ മുൻവശം നമ്മുടെ ടൈറ്റാനിക് കപ്പലിന്റേതു പോലെയായിരുന്നു. അതുകൊണ്ട് ഈ ബോട്ടിനു ഞങ്ങൾ ‘ആലപ്പുഴയിലെ ടൈറ്റാനിക്’ എന്നു പേരുമിട്ടു. വിചാരിച്ചതു പോലെത്തന്നെ ബോട്ടിന്റെ ഉൾവശം അതിമനോഹരമായിരുന്നു. ഒരു കപ്പലിലെ പോലെ തന്നെയായിരുന്നു ബോട്ടിനുള്ളിലെ ഇടനാഴിയും. ശരിക്കും ഒരു ഫൈവ് സ്റ്റാർ സൗകര്യമുള്ള ഹോട്ടലിനു സമമായിരുന്നു ബോട്ടിലെ സൗകര്യങ്ങൾ. താഴത്തെ നിലയിൽ രണ്ടു ബെഡ് റൂമുകൾ ഉണ്ട്. ബെഡ് റൂമുകളുടെ സൗകര്യമാണെങ്കിൽ പറയുകയേ വേണ്ട. അറ്റാച്ച്ഡ് ബാത്ത്റൂം അടക്കം അടിപൊളി തന്നെ. റൂമുകൾ അടക്കം ബോട്ട് മൊത്തം എസിയായിരുന്നു. റൂമുകളിൽ നിന്നും പുറമെയുള്ള കാഴ്ചകൾ ആസ്വദിക്കുവാനും സൗകര്യമുണ്ട്.

താഴത്തെ നിലയിൽ ബെഡ് റൂമുകൾ കൂടാതെ ബോട്ടിന്റെ മുൻവശത്തായി ഒരു ഡൈനിങ് ഏരിയ കൂടിയുണ്ട്. ഇവിടെയിരുന്ന് കായൽക്കാറ്റേറ്റുകൊണ്ട്, കാഴ്ചകൾ കണ്ടുകൊണ്ട് തനി നാടൻ ആലപ്പി വിഭവങ്ങൾ രുചിക്കാം. ആലപ്പുഴ വിഭവങ്ങൾ മാത്രമല്ല എല്ലാത്തരം വിഭവങ്ങളും ലഭ്യമാണ് കേട്ടോ. ഇനി മുകളിലെ നിലയിലേക്ക് പോയാലോ? മുകളിലും താഴത്തേതു പോലെ രണ്ടു ബെഡ് റൂമുകളുണ്ട്. താഴത്തെ നിലയിലുള്ള റൂമുകളെ അപേക്ഷിച്ച് മുകളിലത്തേത് അൽപ്പം ചെറുതായിരുന്നു എന്നുമാത്രം. എന്നിരുന്നാലും മറ്റു സൗകര്യങ്ങൾക്ക് കുറവുകൾ ഒന്നുംതന്നെയില്ല.

ബോട്ടിൽ കയറിയപാടെ ഞങ്ങൾ ജീവനക്കാരെയും പരിചയപ്പെട്ടു. ഉണ്ണി എന്നൊരു ചെറുപ്പക്കാരനായിരുന്നു ഞങ്ങളുടെ ബോട്ടിന്റെ ഡ്രൈവർ അഥവാ സ്രാങ്ക്. കയറിയപാടെ ഞങ്ങൾക്ക് നല്ല നാടൻ കരിക്ക് തന്നാണ് ബോട്ടുകാർ സ്വീകരിച്ചത്.  എല്ലാവർക്കുമായി ഹാരിസ് ഇക്കയാണ് കരിക്ക് വിതരണം നടത്തിയത്. കരിക്കും കുടിച്ചുകൊണ്ട് ഇരിക്കുമ്പോഴേക്കും അങ്ങനെ ഞങ്ങളുടെ ബോട്ട് യാത്രയാരംഭിച്ചു കഴിഞ്ഞിരുന്നു. ഞാൻ ബോട്ടിന്റെ മുകളിലെ നിലയിലെ മുൻഭാഗത്ത് പോയി നിന്നു. ഈ ബോട്ടിൽ നിൽക്കുമ്പോൾ കായലിലുള്ള മറ്റു ഹൗസ് ബോട്ടുകൾ വളരെ ചെറുതായിട്ടായിരുന്നു തോന്നിയത്. ശരിക്കും ഒരു കപ്പലിൽ യാത്ര ചെയ്യുന്നതു പോലെ. കാഴ്ചക്കാരെല്ലാം ഞങ്ങളുടെ ബോട്ടിനെ വളരെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.

ഞങ്ങൾ യാത്ര ചെയ്യുന്നതിനിടെ ശ്രദ്ധിച്ച മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ കൂടുതൽ ഹൗസ് ബോട്ടുകളും യാത്ര ചെയ്യാതെ കരയിൽ കെട്ടിയിട്ടിരിക്കുന്ന കാഴ്ചയായിരുന്നു. പ്രളയത്തിനു ശേഷം ആലപ്പുഴയിലെ ടൂറിസം രംഗം വളരെയേറെ ഉണർന്നിട്ടും ടൂറിസ്റ്റുകൾ അധികമൊന്നും ഇവിടേക്ക് എത്തുന്നില്ല എന്നതാണ് സത്യം. ഇത് വായിക്കുന്ന എല്ലാവരും ഒരു കാര്യം മനസിലാക്കുക, കേരളത്തിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും പ്രളയത്തിന്റെ യാതൊരു അവശേഷിപ്പും ബാക്കിയില്ലാതെ ഇപ്പോൾ ഉണർന്നു പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾ വന്നാൽ മാത്രം മതി. ഈ കാര്യങ്ങളൊക്കെ ഞാനും ഹാരിസ് ഇക്കയുമായി യാത്രയ്ക്കിടെ ചർച്ച ചെയ്യുകയുണ്ടായി.

ബോട്ടിനുള്ളിൽ മ്യൂസിക് സിസ്റ്റം ഒക്കെയുണ്ടായിരുന്നു. അടിച്ചുപൊളിക്കുവാനായി വരുന്നവർക്ക് ഡാൻസ് ചെയ്യുവാനും ഒക്കെ ഇതിൽ സൗകര്യമുണ്ട് എന്നു സാരം. ഞങ്ങൾ കിച്ചണിലേക്ക് ചെന്നു നോക്കി. അവിടെ അപ്പോൾ നല്ല മുഴുത്ത കരിമീനുകൾ പൊരിച്ചുകൊണ്ടിരിക്കുന്ന തിരക്കിലായിരുന്നു ജീവനക്കാർ. ശ്വേത മീൻ കഴിക്കാത്തതിനാൽ അവളുടെ പങ്ക് എനിക്ക് നൽകാമെന്ന് ശ്വേത എനിക്ക് ഉറപ്പു നൽകി. ഇതിനിടെ ഞങ്ങളുടെ ടൈറ്റാനിക് വേമ്പനാട്ടു കായലിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു. ബോട്ട് പോകുന്ന റൂട്ടുകളൊക്കെ സ്രാങ്ക് ഉണ്ണി ഞങ്ങൾക്ക് പറഞ്ഞു തന്നു.

അങ്ങനെ പൊയ്‌ക്കൊണ്ടിരുന്നപ്പോഴാണ് വ്യത്യസ്തമായ ഒരു കാഴ്ച ഞങ്ങൾ കാണുവാനിടയായത്. ഒരു ചെറിയ മച്ചുവയിൽ (കുഞ്ഞു സ്പീഡ് ബോട്ട്) ഒരു ചേട്ടൻ കായലിലൂടെ ഐസ്ക്രീം വിൽക്കുവാൻ നടക്കുന്നു. ഞങ്ങളെപ്പോലുള്ള കായൽ സഞ്ചാരികളും പിന്നെ കായലോരത്തെ ആളുകളുമൊക്കെയാണ് ഈ ചേട്ടന്റെ കസ്റ്റമേഴ്‌സ്‌. ഞങ്ങൾ ആ ചേട്ടനെ ഞങ്ങളുടെ ബോട്ടിനടുത്തേക്ക് കൈകാട്ടി വിളിച്ചു. ഞങ്ങൾ എല്ലാവര്ക്കും കൂടി ഒരു വലിയ പാക്കറ്റ് കുൽഫി വാങ്ങി. സത്യത്തിൽ ഇങ്ങനെ കായലിൽക്കൂടിയുള്ള കച്ചവടം കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് പട്ടായയിലെ ഫ്ലോട്ടിംഗ് മാർക്കറ്റ് ആയിരുന്നു. നമ്മുടെ നാട്ടിൽ അതുപോലത്തെ ഫ്ലോട്ടിംഗ് മാർക്കറ്റുകൾ തുടങ്ങുവാൻ ഏറ്റവും അനുയോജ്യം കൊച്ചിയും ആലപ്പുഴയുമൊക്കെ തന്നെയാണ്.

ഉച്ചയായപ്പോൾ ഞങ്ങൾക്ക് ഉച്ചഭക്ഷണം കഴിക്കുവാനായി ഒരു സ്ഥലത്ത് ബോട്ട് അടുപ്പിക്കുകയുണ്ടായി. എല്ലാവരും ഡൈനിങ് ഏരിയയിൽ ഒത്തുകൂടി. കരിമീൻ, കൊഞ്ച്, സാമ്പാർ, പുളിശ്ശേരി, അവിയൽ, ബീറ്റ് റൂട്ട് തോരൻ, മോരുകറി, ചോറ് തുടങ്ങിയവയായിരുന്നു ഞങ്ങൾക്ക് ഉച്ചഭക്ഷണത്തിനായി ബോട്ടുകാർ ഒരുക്കിയിരുന്നത്. “ആലപ്പുഴയിൽ വന്നാൽ കരിമീൻ കഴിച്ചിരിക്കണം” എന്ന ചൊല്ല് ഇതാ വീണ്ടും യാഥാർഥ്യമായിരിക്കുകയാണ്. എല്ലാവരുടെയും നിർബന്ധപ്രകാരം ശ്വേത ഒരൽപം കരിമീൻ ഫ്രൈ രുചിച്ചു നോക്കി. അങ്ങനെ ഞങ്ങൾ രുചികരമായ ആ ഊണ് സന്തോഷത്തോടെ ആസ്വദിച്ചു കഴിച്ചു. കൂട്ടത്തിൽ സാമ്പാർ ആയിരുന്നു കിടിലൻ ആയി തോന്നിയത് എന്ന് ശ്വേത അഭിപ്രായപ്പെട്ടു. ഊണിനു ശേഷം ഒരൽപം മധുരത്തിനായി പായസവും ഉണ്ടായിരുന്നു.

ഊണിനു ശേഷം ഞങ്ങൾ ബോട്ടിന്റെ മുൻഭാഗത്ത് കസേരയുമിട്ട് ഇരുന്നു കാഴ്ചകൾ കണ്ടു. ആ സമയത്ത് ശ്വേതയും ഹാരിസ് ഇക്കയുടെ കുട്ടികളും കൂടെ എന്തൊക്കെയോ കളികൾ കളിക്കുകയായിരുന്നു. അല്ലെങ്കിലും ചെറിയ പിള്ളേരെ കണ്ടാൽ ശ്വേത അവരോടൊപ്പം കൂടും. യാത്രയ്ക്കിടെ കായലിൽ ധാരാളം സർക്കാർ ട്രാൻസ്‌പോർട്ട് ബോട്ടുകൾ സർവ്വീസ് നടത്തുന്നത് കാണാമായിരുന്നു. ആലപ്പുഴക്കാരുടെ പ്രത്യേകിച്ച് കുട്ടനാട്ടുകാരുടെ ദേശീയ വാഹനങ്ങളാണ് ഈ സർക്കാർ ബോട്ടുകൾ. കുട്ടനാട്ടിൽ ഇപ്പോഴും വാഹനങ്ങൾ ചെല്ലാത്ത തുരുത്തുകൾ ഉണ്ടെന്ന കാര്യം മറക്കരുത്. അങ്ങനെ ഞങ്ങൾ ഞങ്ങളുടെ യാത്ര തുടർന്നു കൊണ്ടിരുന്നു.

ബോട്ടിനെക്കുറിച്ച് : ആലപ്പുഴയിലെ ഏറ്റവും ആഡംബരപൂർണ്ണമായ ഒരു ഹൗസ് ബോട്ട് ആണ് റോയൽ റിവർ ക്രൂയിസ് ടൂർ കമ്പനിയുടെ ‘റോയൽ റിവർ കാസിൽ.’ നാലു ബെഡ് റൂമുകളുള്ള ഈ ലക്ഷ്വറി ഹൗസ് ബോട്ട് ഫുള്ളായി ഒരു ദിവസത്തേക്ക് എടുക്കണമെങ്കിൽ ഓഫ് സീസൺ സമയങ്ങളിൽ 40,000 രൂപയും സീസൺ സമയങ്ങളിൽ 60,000 രൂപയുമാണ് ചാർജ്ജ്. ഇനി ഒരു ബെഡ് റൂം മാത്രമായിട്ടും നിങ്ങൾക്ക് പാക്കേജ് എടുക്കുവാൻ സാധിക്കും. അങ്ങനെയാണെങ്കിൽ ഓഫ് സീസൺ സമയത്ത് 10,000 രൂപയും സീസൺ സമയങ്ങളിൽ 15,000 + രൂപയും ചാർജ്ജ് ആകും. രണ്ടു പേർക്ക് ഭക്ഷണം അടക്കം എല്ലാ പ്രീമിയം സൗകര്യങ്ങളോടും കൂടിയ റേറ്റുകൾ ആണിത്. ഇനി നിങ്ങൾക്ക് സാധാരണ ഹൗസ് ബോട്ടുകളാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ ഓഫ് സീസൺ സമയത്ത് 6000 രൂപ മുതലുള്ള ബോട്ടുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9995070809 വിളിക്കാം.