താജ്‌മഹൽ കൂടാതെ ആഗ്രയിൽ വേറെ എന്തൊക്കെ കാണാം? എവിടെയൊക്കെ പോകാം?

ആഗ്രയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. പണ്ട് ഹിസ്റ്ററി ക്‌ളാസുകളിൽ പഠിച്ച ആഗ്ര പിന്നീട് നമുക്കിടയിലേക്ക് കടന്നു വന്നത് സഞ്ചാരപ്രേമം കൊണ്ടായിരിക്കണം. കാരണം ലോകപ്രശസ്തമായ താജ് മഹൽ സ്ഥിതി ചെയ്യുന്നത് ആഗ്രയിലാണല്ലോ. ഡൽഹിയിൽ നിന്നും ഏകദേശം 200 കിലോമീറ്റർ ദൂരത്തിൽ ഉത്തർപ്രദേശ് സംസ്ഥാനത്താണ് ആഗ്ര സ്ഥിതി ചെയ്യുന്നത്.

ആഗ്രയിൽ ആളുകൾ എത്തുന്നത് താജ് മഹൽ കാണുവാനാണ്. അതിനുശേഷം മിക്കയാളുകളും ഡൽഹിയിലേക്ക് തിരികെ പോരാറാണ്‌ പതിവ്. എന്നാൽ താജ്മഹലിനെക്കൂടാതെ ആഗ്രയിൽ കാണുവാൻ ഒത്തിരി സ്ഥലങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടവ നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്തി തരാം. താജ്‌മഹൽ സന്ദർശനം കഴിഞ്ഞാൽ ആഗ്രയിൽ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാം എവിടെയൊക്കെ പോകാം?

1 ആഗ്ര ഫോർട്ട് : താജ്‌മഹൽ പോലെത്തന്നെ വളരെ ചരിത്ര പ്രധാനമുള്ള ഒരു കോട്ടയാണ് ആഗ്ര ഫോർട്ട്. മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ ആണ് ഇതു നിർമ്മിച്ചത്. താജ്മഹലിൽ നിന്നും ഏകദേശം 2 – 3 കിലോമീറ്റർ ദൂരമേയുള്ളൂ ആഗ്ര ഫോർട്ടിലേക്ക്. 94 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ കോട്ടയിലേക്ക് കടക്കുവാനായി നാലു കവാടങ്ങളുണ്ട്. ഈ കവാടങ്ങളിൽ ഡൽഹി ഗേറ്റും ലാഹോർ ഗേറ്റും പ്രസിദ്ധമാണ്.

2. ഭരത്പൂർ പക്ഷിസങ്കേതം : ഇന്ത്യയിലെ ഏറ്റവും മികച്ച പക്ഷി സങ്കേതങ്ങളിലൊന്നാണ് രാജസ്ഥാനിലെ ഭരത്പൂർ പക്ഷിസങ്കേതം അഥവാ കേവലദേവ്‌ നാഷണല്‍ പാര്‍ക്ക്‌. ആഗ്രയിൽ നിന്നും 50 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. ഇതിനായി സഞ്ചാരികൾക്ക് പ്രൈവറ്റ് ടാക്‌സികളോ അതോ ബസ് സർവ്വീസുകളോ ഉപയോഗിക്കാം. പക്ഷി നിരീക്ഷണത്തിലും മറ്റും താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന നല്ലൊരു ചോയ്‌സ് കൂടിയാണ് ഇവിടേക്കുള്ള സന്ദർശനം.

3. ഫത്തേപ്പൂർ സിക്രി : ആഗ്ര ജില്ലയിലുൾപ്പെട്ട ഒരു നഗരമാണ് ഫത്തേപ്പൂർ സിക്രി. അക്ബർ ചക്രവർത്തിയാണ് ഈ നഗരം നിർമ്മിച്ചത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ പെടുത്തിയ ഒരു സ്ഥലമാണിത്. ആഗ്ര നഗരത്തിൽ നിന്നും 39 കിലോമീറ്റർ ദൂരത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആഗ്രയിൽ നിന്നും ഇവിടേക്ക് UPSRTC ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്.

4. കിനാരി ബസാറിലെ ഷോപ്പിംഗ് : ആഗ്രയിൽ ചെന്നിട്ട് അൽപ്പം ഷോപ്പിംഗ് ഒക്കെ നടത്തണമെന്ന് ആഗ്രഹമുള്ളവർക്ക് നേരെ കിനാരി ബസാറിലേക്ക് പോകാം. വിവാഹാവശ്യങ്ങൾക്കായുള്ള വസ്ത്രങ്ങളാണ് ഇവിടെ പ്രധാനമായും ലഭിക്കുന്നത്. ഉച്ച മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്താണ് ഇവിടെ സന്ദർശിക്കുവാൻ നല്ലത്. ഞായറാഴ്ചകളിൽ മാർക്കറ്റിനു അവധിയായിരിക്കും. മറ്റു കടകളിൽ ലഭിക്കുന്ന ഐറ്റങ്ങൾ ഇവിടെ വിലപേശിയാൽ നല്ല ലാഭത്തിനു ലഭിക്കും.

5. മെഹ്താബ് ബാഗ് : താജ് മഹലിന്റെയും ആഗ്ര കോട്ടയുടെയും എതിർവശങ്ങളിൽ യമുനാനദിക്കടുത്ത പതിനൊന്ന് മുഗൾ നിർമ്മിത പൂന്തോട്ടങ്ങളിൽ അവസാനത്തേതാണ് മെഹ്താബ് ബാഗ് ഉദ്യാനം. താജ് മഹലിന്റെ ഒരു അവിഭാജ്യഘടകമായിട്ടാണ് ഈ ഉദ്യാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവിടെ നിന്നുള്ള സൂര്യാസ്തമയക്കാഴ്ച വളരെ മനോഹരമാണ്. അതുകൊണ്ട് വൈകുന്നേരം സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് ഇവിടെ പ്രവേശിക്കേണ്ടതാണ്. സൂര്യാസ്തമയത്തിനു അരമണിക്കൂർ മുൻപ് ഇവിടേക്കുള്ള ടിക്കറ്റ് കൗണ്ടർ അടയ്ക്കും.

6. ഷീറോസ് ഹാങ്ങ് ഔട്ട് : ഇതുവരെ നമ്മൾ പരിചയപ്പെട്ടത് ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ ആണ്. എന്നാൽ ഇനി പറയുന്ന
ഷീറോസ് ഹാങ്ങ് ഔട്ട് ചരിത്രം തിരുത്തിയ ഒരു സംരംഭമാണ്. ആസിഡ് ആക്രമങ്ങൾക്ക് ഇരയായ വനിതകളുടെ നേതൃത്വത്തിൽ ആരംഭിച്ച ഒരു റെസ്റ്റോറന്റ് (കഫെ) ആണിത്. ആസിഡ് ആക്രമണത്തിലെ ഇരകള്‍ നടത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ കഫേയാണ് ‘ഷീറോസ്’.

ഈ റെസ്റ്റോറന്റിനെ ആകർഷകമാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അവിടെ പോയി ഭക്ഷണം കഴിച്ചാൽ നമുക്ക് ഇഷ്ടമുള്ള പണം കൊടുത്താൽ മതി. ഇങ്ങനെ കിട്ടുന്ന പണം ആസിഡ് ആക്രമണങ്ങൾക്കെതിരെയുള്ള ക്യാമ്പയിനുകൾക്കും, ഇരകളുടെ ചികിൽസക്കും മറ്റുമുള്ള സഹായമായും നൽകുകയാണ് ചെയ്യുന്നത്. ഇനി ആഗ്രയിൽ പോകുന്നവർ ഷീറോസ് കഫെയിൽക്കൂടി സന്ദർശനം നടത്തണം. നമ്മളൊക്കെയാണ് ഇവരുടെ പ്രതീക്ഷകൾക്ക് ജീവൻ നൽകേണ്ടത്. 

ഈ ലിസ്റ്റിൽപ്പെട്ടവ മാത്രമല്ല ആഗ്രയിൽ ധാരാളം വ്യത്യസ്തമായതും മനോഹരമായതുമായ സ്ഥലങ്ങൾ വേറെയുമുണ്ട്. അവയെല്ലാം നിങ്ങൾക്ക് അവിടെ ചെന്നിട്ട് അന്വേഷണത്തിലൂടെ മനസ്സിലാക്കാവുന്നതാണ്. അതോടൊപ്പം തന്നെ അവിടത്തെ പ്രശസ്തമായ മുഗളായ് രുചികൾ ഒന്ന് ടേസ്റ്റ് ചെയ്തു നോക്കുകയും ചെയ്യാം.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ, ചിത്രങ്ങൾ ഗൂഗിൾ.