സ്വർഗ്ഗക്കാഴ്ചകളുമായി കണ്ണൂർ ജില്ലയിലെ തിരുനെറ്റിക്കല്ല്

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

കണ്ണൂർ ജില്ലയിലെ ജോസ്ഗിരിയിൽ ഒരു മലയുണ്ട് തിരുനെറ്റിക്കല്ല് മല. ഈ യാത്രയുടെ ഉയരങ്ങളിലേക്കാണ് ഇന്ന് എന്റെ പ്രിയപ്പെട്ട സ്നേഹിതരെ ഞാൻ കൂട്ടി കൊണ്ട് പോകുന്നതും പരിജയപ്പെടുത്തുന്നതും അതെ ഒരു സാഹസിക ട്രക്കിങ് യാത്രയുടെ കഥ.

സ്വപ്നങ്ങളെ സഞ്ചിയിലാക്കി നഗരം വിട്ട് ഗ്രാമങ്ങളിലെക്കൊരു യാത്ര എന്ന് പറയുന്നതായിരിക്കും ശരിയായ കാര്യം. എന്റെ ജീവൻ ഈ യാത്രകളാണ് യാത്രകളാണ് എന്നെ ജീവിപ്പിക്കുന്നതും. ഒരു പാട് തവണ എഴുത്തുകളിലൂടെ കണ്ണൂരിലെ പ്രകൃതി മനോഹരമായ കണ്ട് കാഴ്ചകൾ എഴുതാൻ ശ്രമിക്കുമ്പോഴും, സ്നേഹ സമ്പന്നരുടെ നാട് തന്നെയാണ് കണ്ണൂർ എന്ന് ഈ നിമിഷം ഞാൻ എടുത്തു പറയുന്നു. കാരണം തെയ്യത്തിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന നാട് എന്റെ നാട് കണ്ണൂർ.

കണ്ണുർ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിൽ ഒന്നാണ് ജോസ്ഗിരിയും സമീപ ഗ്രാമപ്രദേശങ്ങളും. വളരെ മനോഹരമായ കാലാവസ്ഥയാണിവിടം. കർണാടകയുടെ അതിർത്തി ഗ്രാമം കൂടിയാണിവിടം.തികച്ചും ഗ്രാമന്തരീക്ഷം നിറഞ്ഞ സ്ഥലം. കണ്ണൂർ എത്തിയാൽ ഈ നാട് കാണാതെ മടങ്ങണത് അത്ര ശരിയല്ല. അങ്ങനെയാണ് പ്രിയപ്പെട്ട സുഹൃത്ത് പയ്യന്നൂർ സ്വദേശിയും വെഡിങ് ഫോട്ടോഗ്രാഫറുമായ Akhil Sreedhar ഉം ഞാനും തിരുനെറ്റിക്കല്ലിനെ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്.

ജോസ്ഗിരി മെയിൻ റോഡിൽ നിന്ന് കുറച്ച് ദൂരം ഓഫ് റോഡു വഴിയാണ് തിരുനെറ്റിയിലേക്ക് പോകുന്നത്. റോഡ് മോശമാണ്. ടുവീലർ പതുക്കെ ഓടിച്ച് കുത്തനെയുള്ള കയറ്റം കയറാവുന്നതാണ്. ഒരു ഓഫ് റോഡ് റൈഡിങ്ങിനു പറ്റിയിടമാണിവിടം.

ഞങ്ങളുടെ ടുവീലർ ഏദൻ ഹിൽ റിസോർട്ട് ഓർഗാനിക് ഫാമിന് താഴെ പാർക്ക് ചെയ്ത് വെച്ചിട്ട് വീണ്ടും കുത്തനെയുള്ള കയറ്റം കയറണം. പൊട്ടി പൊളിഞ്ഞ റോഡിലെ ഉരുളൻ കല്ലുകളെയും സഹയാത്രികരായി കൂട്ടു പിടിച്ച് ഞങ്ങൾ കയറ്റം കയറി. ഓരോ ശ്വാസോ ശ്വാസവും പ്രക്യതിയോട് അലിഞ്ഞ് ചേർന്ന നിമിഷം ജോസ്ഗിരിയിൽ ഇപ്പോഴും പാറി പറക്കുന്നുണ്ടാവും.

തിരുനെറ്റി കല്ലിനെ ലക്ഷ്യമാക്കി നടന്നു. കണ്ണത്താ ദൂരത്ത് ദാ രണ്ട് പടുകൂറ്റൻ കല്ലുകൾ കാണാം. അങ്ങനെ യാത്രയുടെ ലക്ഷ്യസ്ഥാനത്ത് എത്തി. മലയുടെ ഏറ്റവും മുകളിൽ നിന്ന് കാണുകയാണ് ഒരു കൊച്ചു ഗ്രാമം. കോടമഞ്ഞിൽ പച്ച പുതപ്പ് പുതഞ്ഞു കിടക്കുന്ന ഒരു ഗ്രാമം കൺമുൻമ്പിൽ.. ഹാ എന്ത് ഭംഗി..

കോടമഞ്ഞ് ഇടയ്ക്കിടെ മാറി മറയുമ്പോൾ പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാം. കോടമഞ്ഞും , കാറ്റും മലയുടെ സൗന്ദര്യത്തിന് ഇടയ്ക്കിടെ മാറ്റ് കൂട്ടുന്നു. നീലാകാശം തൊട്ടുനിൽക്കുന്ന മലയുടെ മുകളിൽ നിന്നാൽ ചുറ്റുപാടുമുള്ള മലനിരകൾ വെറൊരു വിസ്മയക്കാഴ്ചയാണ് നമ്മുക്ക് പ്രധാനം ചെയ്യുന്നത് .

കഥകളിലൂടെ വായിച്ചും കേട്ടറഞ്ഞതുമായ തിരുനെറ്റികല്ലിനെ നേർകാഴ്ചയിൽ കണ്ട് തൊട്ടറിഞ്ഞപ്പോൾ എന്റെ ഹൃദയം സന്തോഷം കൊണ്ട് വിയർപ്പു മുട്ടി. രണ്ട് പടുകൂറ്റൻ കല്ലുകൾ ചാരി വെച്ചിരിക്കുന്നതുപോലെ തോന്നും തിരുനെറ്റി കല്ല് കണ്ടാൽ. അടുത്ത് ചെറിയ ചിന്നി തെറിച്ച കല്ലുകളും കുറച്ച് മാറി വലിയൊരു കൂറ്റൻ കല്ലും കാണാം. ഇതാണ് തിരുനെറ്റി കല്ല്.

പടുകൂറ്റൻ കല്ലിനെ ലക്ഷ്യമാക്കി നടന്നു. ഈ കല്ലിന് മുകളിൽ കയറാൻ ഒരു ഏണി സ്ഥാപിച്ചിട്ടുണ്ട്. ഏണിയിലൂടെ മുകളിൽ എത്തുമ്പോൾ അതി ശക്തമായ കാറ്റാണ് ആഞ്ഞ് വീശുന്നത്. അതിനാൽ ഈ കല്ലിന് മുകളിൽ കയറുന്നവർ സ്വയം സുരക്ഷ ആദ്യമേ ഉറപ്പ് വരുത്തണം.

ഈ കല്ലിന് എന്തോ ഒരു പ്രത്യേകതയുണ്ട്. കാരണം കല്ലിന് മുകളിൽ ഒരു കുരിശ് സ്ഥാപിച്ചിട്ടുണ്ട് . ഇത് ഒരു അത്ഭുതമായി തോന്നി. എന്തായാലും മാനവരാശിയുടെ രക്ഷക്കായി “യേശു ദേവാ അങ്ങ് നന്മയുടെ ലോകത്തിലേക്ക് ഞങ്ങൾക്ക് ഓരോത്തർക്കും താങ്ങും തണലുമാകുവാൻ കരുണ ഉണ്ടാകണമേ” എന്ന് ഞാനും പ്രാർത്ഥിച്ചു.

ചുറ്റും ഉള്ള കാഴ്ചകൾ കണ്ട് നയന നേത്രങ്ങൾ ഇമ്മ വെട്ടാതെ ഗ്രാമഭംഗി നുകരുകയാണ്. സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ അത് അനുഭവിച്ച് അറിയുക തന്നെ വേണം. വർണ്ണരാജികൾ വിടരും വാനിൽ വെള്ളി മേഘങ്ങൾ ഒഴുകും രാവിൽ കോടമഞ്ഞിൻ പുതപ്പുനുള്ളിൽ, പറവായി പറന്ന് ഉയരുകയാണ് വാനിൽ… ഓരോ യാത്രകളും ഒരു പാട് കഥകൾ പറയുന്നുണ്ട്. പ്രകൃതിയുടെ വർണ്ണനാതീതമായ കാഴ്ചകൾ സമ്മാനിക്കാറുണ്ട്.

സ്നേഹ താരകൾ വാണിടം മണ്ണിലൂടെ ഞാൻ വീണ്ടും സ്നേഹ വീഥിയിലൂടെ യാത്ര പോയതാണ് ഈ എഴുത്തിടം. അസ്തമയം കൺ പാർത്ത് കൂട്ടിൽ ചേക്കറുന്നുണ്ട്. ദൂരങ്ങൾ കൊതിയ്ക്കുന്ന ദേശാടനക്കിളികൾ… അതെ, ഓരോ അസ്തമയ സൂര്യനും ഒരായിരം കഥകൾ പറയുവാനുണ്ട്. സ്നേഹത്തിന്റെ , സാഹോദര്യത്തിന്റെ, അതിജീവനത്തിന്റെ, വിരഹത്തിന്റെ , പച്ചയായ മനുഷ്യന്റെ, ഒരു പാട് യാത്രകളുടെ അതിലുപരി നാളത്തെ ഉദയത്തിന്റെ ഒരായിരം കഥകൾ.

പ്രകൃതിയോട് ഇണങ്ങിയും, പിണങ്ങിയും യാത്രകൾ ചെയ്യുമ്പോഴുള്ള സുഖം അത് ഒന്ന് വെറെ തന്നെയാണ്. അത് എഴുതി തീർക്കാൻ പോലും എനിക്ക് കഴിയുന്നില്ല. സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാരകേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോൾ തിരുനെറ്റി. ഇവിടെ വരുന്നവർക്ക് നാവിൽ രുചിയേറും നാടൻ വിഭങ്ങളും ഒരുക്കി വെച്ച് ഏദൻ റിസോർട്ടിന്റെ തിരുനെറ്റി തട്ടുകടയും. സാഹസിക യാത്രികരെ മാടി വിളിക്കുകയാണ് തിരുനെറ്റി കല്ല്.

തിരുനെറ്റികല്ല് എത്തിചേരാനുള്ള മാർഗ്ഗം : (കണ്ണൂർ – പയ്യന്നൂർ – ചെറുപുഴ വഴി ജോസ്ഗിരി) ജോസ്ഗിരി മെയിൻ റോഡിൽ നിന്ന് ഓഫ് റോഡു വഴിയാണ് തിരുനെറ്റിയിലേക്ക് പോകുന്നത്. റോഡ് വളരെ മോശമാണ്. ടുവീലർ പതുക്കെ ഓടിച്ച് കുത്തനെയുള്ള കയറ്റം കയറാവുന്നതാണ്. ഒരു ഓഫ് റോഡ് റൈഡിങ്ങിനു പറ്റിയിടമാണിവിടം. പക്ഷേ ഓരോ ചുവടുവെയ്പ്പും മുൻ കരുതലോടെ മാത്രമായിരിക്കണം. യാത്ര വരുന്നവർ കഴിവതും സൂര്യാസ്തമയത്തിന് മുൻമ്പ് ഇവിടെ നിന്ന് യാത്ര തിരിക്കുക.

രാത്രി സമയങ്ങളിൽ ഇതു വഴിയുള്ള യാത്ര ഒഴുവാക്കുക. ആന ശല്യവും, കാട്ടു പന്നിയുടെ ശല്യവുമുണ്ട്. നമ്മൾ ഓരോത്തരും ചിന്തിക്കുക, ഓരോ യാത്രകളും കരുതലോടെയും സുരക്ഷിതമായും നമ്മുക്ക് ഓരോത്തർക്കും പോയി വരാം.