തൃശൂർ റയിൽവെ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാരുടെ ശ്രദ്ധക്ക്

കേരളത്തിൽ ഏറ്റവുമധികം പഴികേൾക്കുന്ന ഒരു വിഭാഗമാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ. ഒത്തിരി നല്ല മനുഷ്യർ ഓട്ടോ ഓടിച്ചു കുടുംബം പുലർത്തുകയും മറ്റുള്ളവർക്ക് നന്മ ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും ഒരു വിഭാഗം ഓട്ടോക്കാരുടെ മോശമായ പെരുമാറ്റമാണ് ഓട്ടോറിക്ഷക്കാരെ ഒന്നടങ്കം വേട്ടയാടുന്നത്. സാധാരണ തിരുവനന്തപുരത്തും കൊച്ചിയിലുമായിരുന്നു ഓട്ടോക്കാരെക്കുറിച്ച് പരാതികൾ ഉയർന്നു വന്നിരുന്നത്. എന്നാൽ യൂബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്‌സികൾ ഇവിടങ്ങളിൽ സജീവമായതോടെ ഓട്ടോക്കാരുടെ കൊമ്പ് അൽപ്പം ഒടിഞ്ഞു എന്നുവേണമെങ്കിൽ പറയാം.

Representative Image

തൃശ്ശൂർ ജില്ലയുടെ കാര്യം എടുത്താൽ അവിടെ ഭൂരിഭാഗം ആളുകളും ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കുന്നത് എന്നു മനസ്സിലാക്കാം. മറ്റു ജോലികൾ ചെയ്യുന്നവരും ഇടക്കാല ആശ്വാസം എന്ന നിലയ്ക്ക് ഓട്ടോറിക്ഷ വാങ്ങി ഓടിക്കാറുണ്ട് തൃശ്ശൂരിൽ. ഇവർ വേറെ പണിക്ക് പോകുമ്പോൾ ഓട്ടോ വീട്ടിൽ കിടക്കും. സാധാരണയായി അധികം പരാതികളൊന്നും കേൾപ്പിക്കാത്തവരായിരുന്നു തൃശ്ശൂരിലെ ഓട്ടോക്കാർ. എന്നാൽ ഇപ്പോൾ ഇതാ തൃശ്ശൂരിലെ ഓട്ടോറിക്ഷക്കാരെക്കുറിച്ചും പരാതി ഉയർന്നു വന്നിരിക്കുകയാണ്. ഇരിങ്ങാലക്കുട സ്വദേശി വൈശാഖിനാണ് തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓട്ടോറിക്ഷക്കാരിൽ നിന്നും മോശം അനുഭവമുണ്ടായത്. സംഭവം വൈശാഖ് തൻ്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുമുണ്ട്. വൈശാഖിൻ്റെ ഫേസ്‌ബുക്ക് കുറിപ്പിൽ നിന്നും എന്താണ് സംഭവിച്ചതെന്ന് നമുക്ക് ഒന്ന് വായിക്കാം.

 

“തൃശൂർ റയിൽവെ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാരുടെ ശ്രദ്ധക്ക് – തൃശൂർ റയിൽവെ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ഉണ്ട്. സാധാരണ രീതിയിൽ ഇത്തരണം കൗണ്ടറുകളിൽ കിടക്കുന്ന ഓട്ടോകൾ ശരിയായ ചാർജ് ഈടാക്കും എന്നാണ് പൊതു ധാരണ.. എന്നാൽ അങ്ങനെ അല്ല എന്നാണ് എൻ്റെ അനുഭവം.. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ റയിൽവെ സ്റ്റേഷൻ പ്രീപെയ്ഡ് കൗണ്ടറിൽ നിന്നും ഓട്ടോ വിളിച്ചു.. കൗണ്ടറിൽ ആരും ഉണ്ടായിരുന്നില്ല.. എൻ്റെ വീട്ടിലേക്ക് 19.2 കിലോമീറ്റർ.. 500 രൂപയാണ് ഈടാക്കിയത്..

ഞാൻ സാധാരണ കെ എസ് ആർ ടി സി ബസുകളിൽ ആണ് വരാറുള്ളത്. അവിടെ നിന്നും ഇതേ ദൂരത്തിന് ഓട്ടോ വിളിച്ചാൽ 400 രൂപയാണ് മേടിക്കാറുള്ളത്. ഇത് ഓട്ടോക്കാരനോട് പറഞ്ഞപ്പോൾ പ്രീപെയ്ഡ് കൗണ്ടറിൽ നിന്നും 505 രൂപയാണ് അടിച്ചു തരാറുള്ളത് എന്ന് പറഞ്ഞു. ഞാൻ പരാതി പെടും എന്ന് പറഞ്ഞപ്പോൾ എന്തെങ്കിലും ചെയ്യാൻ പറഞ്ഞു… കേരള പോലീസ് ഫേസ്‌ബുക്ക് പേജിൽ നിന്നും തൃശ്ശൂരിലെ ഇമെയിൽ അഡ്ഡ്രസ്സ്‌ കിട്ടി.. അതിലേക്ക് വിവരങ്ങൾ ഉൾപ്പെടുത്തി അന്ന് തന്നെ പരാതി ആയിച്ചു.. ഇതു വരെയും മറുപടി ലഭിച്ചിട്ടില്ല.. ചൊവ്വാഴ്ച പുലർച്ചെ കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും വിളിച്ച ഓട്ടോ 400 രൂപയാണ് ഈടാക്കിയത്.. രണ്ടും സമയം പുലർച്ചെ മൂന്ന് മണി..

തൃശൂർ റയിൽവെ സ്റ്റേഷൻറെ തൊട്ടടുത്ത് കിടക്കുന്ന കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും 400 രൂപ മേടിക്കുന്ന സ്ഥാനത്തു റയിൽവെ സ്റ്റേഷൻ പ്രീപെയ്ഡ് കൗണ്ടറിൽ നിന്നും വാങ്ങുന്നത് 505 രൂപ. ഇത് തന്നെയായിരിക്കും മറ്റുള്ള സ്ഥലങ്ങളിലേയ്ക്കും ഉള്ള ചാർജുകൾ.. അത് കൊണ്ട് ഒരു 200 മീറ്റർ നടന്നു കെ എസ് ആർ ടി സി സ്റ്റാൻഡിലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിന്നും വണ്ടി വിളിച്ചാൽ കുറച്ചു പൈസ ലാഭിക്കാം.”

കണ്ടില്ലേ? വെറും 200 മീറ്റർ ദൂരവ്യത്യാസത്തിൽ 105 രൂപയാണ് അധികമായി ഈടാക്കിയിരുന്നത്. ഇത് ഈ ഓട്ടോക്കാരൻ മാത്രമായി ചെയ്തതാണോ അതോ സ്റ്റാൻഡിലെ മറ്റ് ഓട്ടോക്കാരും കൂടി ഒത്തുള്ള തീരുമാനമാണോ എന്നു തീർച്ചയില്ല. എന്നിരുന്നാലും ഇത്തരം കൊള്ളകൾ നടത്തുന്നത് സാധാരണക്കാരെ ഓട്ടോറിക്ഷകളിൽ നിന്നും അകറ്റുവാൻ ഇടയാക്കും. ഫലമോ പാവപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർമാർ ബുദ്ധിമുട്ടിലാകുകയും ചെയ്യും. അതുകൊണ്ട് ദയവുചെയ്ത് നിങ്ങൾ യാത്രക്കാരെ കൊള്ളയടിക്കരുത് എന്നൊരു അപേക്ഷയേയുള്ളൂ.. സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷ, ചാർജ്ജിലും അതുപോലെയാകട്ടെ.