തൃശ്ശൂർ പുള്ളിലെ താമരപ്പാടം തേടി ഒരു കൊച്ചു ലോക്കൽ യാത്ര

വിവരണം – ദീപ ഗംഗേഷ്.

വിയർക്കുമ്പോൾ ദ്രൗപദിയ്ക്ക് താമരയുടെ സുഗന്ധമാണെത്രെ.. രണ്ടാമൂഴത്തിൽ പറയുന്നതാണ്. താമരയ്ക്കും സുഗന്ധമോ? മനസ്സിലന്ന് സംശയമായിരുന്നു. എന്നാൽ വിരിയുന്ന താമരയുടെ ഗന്ധം എന്താണെന്നറിയണോ സിരകളിൽ ലഹരി ഉണർത്തുന്ന ഗന്ധം. മത്തുപിടിപ്പിക്കുന്ന നേർത്ത ഗന്ധം. എങ്കിൽ വേഗം പുള്ളിലേക്ക് വരൂ.

സുഹൃത്ത് സന്ധ്യയുടെ മെസേജ് വന്നു. പുള്ളിൽ പാടത്ത് താമരകൾ വിരിഞ്ഞിട്ടുണ്ട്. വരുന്നുണ്ടോ കാണാൻ. വഞ്ചിയിൽ താമരപാടത്തു കൂടി ഒരു കൊച്ചു യാത്രയും. കേട്ടതേയുള്ളൂ മക്കളേയും കൂട്ടി ചാടി ഇറങ്ങി. തൃശൂർ ജില്ലയിലെ കോൾ പാടശേഖരമായ പുളളിലെ അസ്തമയങ്ങൾ പണ്ടേ പ്രസിദ്ധമാണ്. ഒരു പാട് വിനോദ സഞ്ചാരികളും ഫാമലികളും ഇവിടെ സായാഹ്നം ചിലവഴിക്കാൻ എത്താറുണ്ട്. എങ്കിലും ഞാനവിടെ ആദ്യമായിരുന്നു.

കാറ് പുള്ളിലേക്ക് തിരിഞ്ഞ് കുറച്ചു നീങ്ങിയതേയുള്ളു വഴിയോരത്തായി താമരകൾ വിരിഞ്ഞു നിൽക്കുന്ന പാടം കണ്ടു. കുറച്ചപ്പറുത്തായി ഒരു ക്ഷേത്രം അതിനോട് ചേർന്ന് നടി മഞ്ജു വാര്യരുടെ വീട്. പുള്ളിൻ്റെ ഭംഗിയെ പറ്റി മഞ്ജുവാര്യർ പറഞ്ഞിട്ടുള്ളത് വെറുതെയല്ല എന്നു മനസ്സിലായി. കാർ ഒരിടത്ത് ഒതുക്കി നിർത്തിയപ്പോഴേക്കും സന്ധ്യയും മോളും എത്തിക്കഴിഞ്ഞു.

നേരത്തെ വന്നിട്ടുള്ളതിനാൽ തോണിക്കാരൻ പ്രദീപ് ചേട്ടനും സന്ധ്യയും സുഹൃത്തുക്കളാണ്. ആളുകൾ എത്തുന്നതിനു മുൻപ് ആദ്യയാത്ര തന്നെ നടത്തി. വലിയ വഞ്ചി ആയിട്ടും ഉള്ളിൽ ഭയം ഉണ്ടായിരുന്നു. താമരകൾക്കിടയിലൂടെ വഞ്ചിനീങ്ങി. നേർത്ത ചാറ്റൽ മഴ: ഏതോ സ്വർഗ്ഗ ലോകത്ത് എത്തിയ പ്രതീതി. വിരിഞ്ഞ താമരകൾ പറിച്ചു കൊള്ളാൻ പ്രദീപേട്ടൻ്റെ അനുമതി. “മൊട്ട് പറിക്കരുത്. വിരിഞ്ഞ പൂക്കൾ പറിച്ചെടുത്താലും കുഴപ്പമില്ല. വഞ്ചി ഉലയാതെ ശരീരം ചരിച്ച് ബാലൻസ് ചെയ്ത് കൈ താമരതണ്ടിനോട് ചേർത്ത് പരമാവധി വെള്ളത്തിൽ താഴ്ത്തി ഒടിച്ചെടുക്കണം.” പ്രദീപേട്ടൻ്റെ ലക്ചർ ക്ലാസ്.

പക്ഷെ എന്നെ സംബന്ധിച്ച് പ്രാക്ടിക്കൽ എളുപ്പമായിരുന്നില്ല. സന്ധ്യ വളരെ എളുപ്പത്തിൽ രണ്ട് മൂന്ന് പൂവ് പൊട്ടിച്ചു. കൃഷ്ണ ഭഗവാന് സമർപ്പിക്കാനാണ്. കഷ്ടപ്പെട്ട് ഞാനും ഒരു പൂവ് ഒടിച്ചെടുത്തു. പറിച്ചെടുത്ത പൂവ് മണത്ത് നോക്കുകയാണ് ആദ്യം ചെയ്തത്. ഹൊ.. മത്തുപിടിപ്പിക്കുന്ന ഒരുതരം നേർത്ത സുഗന്ധം സിരകളിൽ പടരുന്നു. അപ്പോൾ ഇതാണ് ദ്രൗപതിയുടെ ഗന്ധം.

വഞ്ചിയിൽ നിന്നറങ്ങിയപ്പോഴും ചാറ്റൽ മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. വഴിയരികിലെ സഞ്ചാരികൾക്കായി ഒരുക്കിയ ഒരു തട്ടുകടയിൽ നിന്ന് കൊള്ളി, മുട്ട ഓംലെറ്റ്, കട്ടൻ ചായ. വഴിയരികിലെ കലുങ്കിൽ കയറിയിരുന്നു. പശ്ചാത്തലത്തിൽ താമരയും ആരെയോ കാത്തു കിടക്കുന്ന ഏകാകിയായ ഒരു കൊച്ചുതോണിയും കൂടെ ചാറ്റൽ മഴയും. എന്താ കോമ്പിനേഷൻ.. നല്ലൊരു റൊമാൻറിക് പശ്ചാത്തലം തന്നെ.

തോണിയിലേറാൻ യാത്രക്കാർ മഴയെ അവഗണിച്ചും എത്തുന്നുണ്ട്. സുന്ദരമായ താമരപാടത്തിനു നടുവിൽ വഞ്ചിയിൽ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടും നടക്കുന്നതു കണ്ടു. ആളൊഴിഞ്ഞപ്പോൾ ഒരിക്കൽ കൂടി വഞ്ചിയിൽ താമര പൂക്കൾക്കിടയിലേക്ക്. പൂക്കളുടെ നേർത്ത സുഗന്ധം അന്തരീക്ഷത്തിനുണ്ടെന്നു തോന്നി. തണുത്ത ചാറ്റൽ മഴയിലും ദ്രൗപതി വിയർക്കുകയാണോ?

നാളത്തെ ഓർമ്മകൾ ക്യാമറയിൽ ഒപ്പിയെടുത്തു. മഴക്കാർ നിറഞ്ഞു നിന്നതിനാൽ അസ്തമയത്തിന് നിറക്കൂട്ടുകൾ ഇല്ലാതെ കൃഷ്ണകാന്തി. മഴ മാറിയിട്ട് ഒരു വർണ്ണപകിട്ടാർന്ന അസ്തമയം കാണാൻ വീണ്ടും ഇവിടെ ഒരുമിക്കാം. സഫലമീ സായാഹ്ന യാത്ര.

കുറിപ്പ് – തൃശൂർ കാഞ്ഞാണി വഴി തൃപ്രയാർ റൂട്ടിലാണ് പുള്ള് കോൾപാടശേഖരം.