കേരളത്തിനു പുറത്തേക്ക് കാറുമായി യാത്ര പോകുമ്പോൾ പണി കിട്ടാതിരിക്കാൻ..

ഇന്ന് ധാരാളം ആളുകൾ കേരളത്തിനു പുറത്തേക്ക്, അതായത് തമിഴ്‌നാടും കർണാടകയും ഒക്കെ കഴിഞ്ഞു വടക്കേ ഇന്ത്യയിലേക്ക് സ്വന്തം കാറുമായി യാത്ര പോകുന്നുണ്ട്. ഇത്തരത്തിൽ യാത്രകൾ പോകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എല്ലാവർക്കും പല ശ്രോതസ്സുകളിൽ നിന്നുമായി ഇന്ന് മനസ്സിലാക്കുവാൻ കഴിയും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് ഇവിടെ നിങ്ങൾക്ക് മുന്നിൽ പറയുവാൻ പോകുന്നത്. ദൂരദേശങ്ങളിലേക്ക് സ്വന്തം വാഹനവുമായി പോകുമ്പോൾ ഏറ്റവും കൂടുതൽ ഭയക്കേണ്ട ഒന്നാണ് കള്ളന്മാരെയും കൊള്ളക്കാരെയും. ഇത്തരക്കാരുടെ മുന്നിൽപ്പെട്ടാൽ നിങ്ങളുടെ കയ്യിലുള്ള പണവും സാധനങ്ങളും വാഹനവും ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. ഇത്തരം ചതിക്കുഴിയിൽ പെടാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ദീർഘദൂരയാത്രകൾ മിക്കവാറും ഹൈവേകളിലൂടെ ആയിരിക്കും. നമ്മുടെ നാട്ടിലെപ്പോലെയായിരിക്കില്ല മറ്റു സംസ്ഥാനങ്ങളിലെ ഹൈവേകൾ. വളരെ തിരക്ക് കുറവായിരിക്കും. ചുറ്റിനും തരിശു നിലമോ കാടോ ഒക്കെയാകാം. ഒരു മനുഷ്യജീവിയെപ്പോലും കാണുവാൻ സാധിക്കില്ല. ഇങ്ങനെയുള്ള പാതയോരത്ത് വാഹനം പാർക്ക് ചെയ്യുവാനോ നിർത്തുവാനോ ശ്രമിക്കരുത്. പെട്ടെന്നായിരിക്കും നിങ്ങൾക്ക് ചിലപ്പോൾ ഒരു ആക്രമണം നേരിടേണ്ടി വരിക. ഒരീച്ചപോലും അറിയുകയുമില്ല. ഹൈവേയുടെ ഓരങ്ങളിൽ ചിലപ്പോൾ ധാബകൾ കാണുവാൻ സാധിക്കും. ഇവിടങ്ങളിൽ മാത്രം നിർത്തി വിശ്രമിക്കുക. അതുപോലെതന്നെ ധാബകളിലെ മറ്റാളുകളുടെ മേൽ ഒരു ശ്രദ്ധ ഇപ്പോഴും ഉണ്ടായിരിക്കണം.

കള്ളന്മാർ സ്ഥിരമായി പയറ്റുന്ന ഒരു വിദ്യയാണ് ലിഫ്റ്റ് ചോദിക്കൽ. ഒന്നുകിൽ പാതയോരത്തു നിന്നായിരിക്കും ഇത്തരക്കാർ കൈകാണിക്കുന്നത്. അല്ലെങ്കിൽ ധാബയിൽ നിന്നും. എന്തുവന്നാലും പരിചയമില്ലാത്ത ഒറ്റയാളുകൾക്കും ലിഫ്റ്റ് കൊടുക്കുവാൻ മുതിരരുത്. ചിലപ്പോൾ നല്ല സുന്ദരികളായ യുവതികളായിരിക്കും നിങ്ങളുടെ വാഹനത്തിൽ ലിഫ്റ്റ് ചോദിക്കുക. ദയവുചെയ്ത് ഇത്തരക്കാരിൽ മയങ്ങരുത്. ഒന്നു വീണുകൊടുത്താൽ പിന്നെ തീർന്നു. ഇങ്ങനെ ലിഫ്റ്റ് ചോദിക്കുന്ന കള്ളന്മാരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരിക്കും. അത് ചിലപ്പോൾ കത്തിയോ തോക്കോ ഒക്കെയാകാം. അതുപോലെതന്നെ ഇയാൾ ഒറ്റയ്ക്ക് ആയിരിക്കില്ല. കൂട്ടാളികൾ വേറെ വാഹനത്തിൽ നമ്മെ പിന്തുടർന്ന് വരാനും സാധ്യതയുണ്ട്. ചിലപ്പോൾ നിങ്ങളോട് ലിഫ്റ്റ് ചോദിക്കുന്നത് പാവങ്ങളാകാം. എന്നിരുന്നാലും ഒരു റിസ്ക് എടുക്കാൻ നിൽക്കണോ? സ്വയം ചിന്തിച്ചു തീരുമാനിക്കുക.

കുറേനേരം വാഹനമോടിച്ച് തളരുമ്പോൾ ഒന്ന് നിർത്തി വിശ്രമിക്കണം എന്നു തോന്നിയാൽ ധാരാളം ആൾസഞ്ചാരമുള്ള സ്ഥലം നോക്കി വണ്ടി നിർത്തി അൽപ്പനേരം വിശ്രമിക്കണം. ധാബയോ, ഹോട്ടലുകളുടെ സമീപമോ പെട്രോൾ പാമ്പുകളോ ഒക്കെ ഇതിനായി തിരഞ്ഞെടുക്കാം. ഇങ്ങനെ വണ്ടി നിർത്തിയിടുമ്പോൾ വാഹനത്തിന്റെ വിൻഡോ ഗ്ളാസ്സുകൾ ഉയർത്തിയിടാൻ ശ്രദ്ധിക്കണം. അതുപോലെതന്നെ വാഹനത്തിന്റെ താക്കോൽ ignition ൽ നിന്നും മാറ്റിവെക്കുകയും വേണം. താക്കോൽ ചുമ്മാ കിടക്കുന്നതുകണ്ടാൽ ചില കള്ളന്മാർക്ക് മോഷ്ടിക്കാനുള്ള ത്വര കൂടും എന്നതിനാലാണ് ഈ വിദ്യ.

യാത്രയിൽ ഒരുപരിധിവരെ നിങ്ങൾക്ക് ഗൂഗിൾ മാപ്പിനെ ആശ്രയിക്കാവുന്നതാണ്. എന്നാൽ നെറ്റ് കണക്ഷൻ ഇല്ലാത്ത സ്ഥലത്തെണെങ്കിലോ? ആരോടെങ്കിലും വഴി ചോദിക്കുക തന്നെ ശരണം. എന്നാൽ ഇങ്ങനെ വഴി ചോദിക്കുവാൻ ഏറ്റവും ഉചിതം പെട്രോൾ പമ്പുകളും ഹോട്ടലുകളുമാണ്. വഴിയിൽ കാണുന്നവരോട് വഴി ചോദിക്കുന്ന പരിപാടി പരമാവധി ഒഴിവാക്കുക. ഒരു രക്ഷയുമില്ലെങ്കിൽ മാത്രം ഇങ്ങനെ ചോദിക്കുക.

നിങ്ങളുടെ വാഹനത്തെ ആരെങ്കിലും അകാരണമായി പിന്തുടരുന്നതായി അനുഭവപ്പെട്ടാൽ ഉടനെ പോലീസിനെ വിവരമറിയിക്കുക. വാഹനം പെട്രോൾ പാമ്പിന്റെ അല്ലെങ്കിൽ മറ്റേതെങ്കിലും ആൾസഞ്ചാരമുള്ള സ്ഥലത്തോ ഒതുക്കുക. നിങ്ങളെ പിന്തുടരുന്ന വാഹനത്തിന്റെ നമ്പർ കുറിച്ചു വെക്കുക. കേരളം വിട്ടുകഴിഞ്ഞാൽ പിന്നെ പകൽ സമയത്ത് മാത്രം വാഹനമോടിക്കുക. രാത്രിയിൽ എവിടെയെങ്കിലും സുരക്ഷിതമായ സ്ഥലത്ത് തങ്ങിയശേഷം നേരം പുലർന്നിട്ടു വീണ്ടും യാത്ര തുടരുക. എത്ര വലിയ ധൈര്യശാലി ആണെങ്കിലും ഈ കാര്യം ഉറപ്പായും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ ഒറ്റയ്ക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക. പറ്റിയ കൂട്ടുകാരെ കൂടെക്കൂട്ടുവാൻ ശ്രമിക്കുക. പോകുന്ന വഴികൾ പരിചയമുള്ളവർ കൂടെയുണ്ടെങ്കിൽ വളരെ നല്ലത്.

അതുപോലെതന്നെ യാത്രയ്ക്കിടയിൽ പല സംഭവങ്ങൾക്കും നിങ്ങൾ സാക്ഷിയാകേണ്ടി വന്നേക്കാം. റോഡിലെ തർക്കങ്ങളോ അടിപിടിയോ ഒക്കെയാകാം. വേണ്ടാത്ത കാര്യത്തിൽ ഇടപെടാതിരിക്കുക. നമ്മുടെ നാടല്ലെന്നുള്ള ചിന്ത ഇപ്പോഴും ഉണ്ടായിരിക്കണം. ആരെങ്കിലും ഇങ്ങോട്ടു വന്നു അലമ്പുണ്ടാക്കുവാൻ നോക്കിയാലും പരമാവധി ഒഴിഞ്ഞുമാറുക. ഇത്തരം ക്ഷമ കൂടെയില്ലെങ്കിൽ നിങ്ങൾക്ക് നല്ല പണി കിട്ടാൻ സാധ്യതയുണ്ട്. ഇന്ത്യ എൻ്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരീ സഹോദരന്മാരാണ് എന്ന ചിന്തയൊക്കെ ഇന്ന് സ്‌കൂളുകളിലെ പ്രതിജ്ഞയിൽ മാത്രമേയുള്ളൂ, വടക്കേ ഇന്ത്യക്കാരിൽ ചിലർക്ക് നമ്മളെയൊക്കെ (കേരള, തമിഴ്നാട് ഉള്ളവരെ) ഒട്ടും കണ്ടുകൂടായെന്ന സത്യം മനസ്സിലാക്കുക.

ഇനി ദീർഘദൂര യാത്രകൾ പോകുമ്പോൾ ഈ കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കണം. എല്ലാവർക്കും ശുഭയാത്ര നേരുന്നു…