ബെംഗളൂരു നഗരത്തിനുള്ളിൽ നിങ്ങൾ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ..

ബെംഗളൂരു ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവിടെ കാഴ്ചകളും ധാരാളമുണ്ട്. ബെംഗളുരുവിലേക്ക് വരുന്നവർക്ക് സന്ദർശിക്കാവുന്ന 15 സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്.

1 ടിപ്പു സുൽത്താൻ സമ്മർ പാലസ് : ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപമാണ് ടിപ്പു സുൽത്താൻ സമ്മർ പാലസ് സ്ഥിതി ചെയ്യുന്നത്. പൂർണ്ണമായും തേക്ക് കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരത്തിലായിരുന്നത്രെ ടിപ്പു സുൽത്താൻ തന്റെ വേനൽക്കാലം ചെലവഴിച്ചിരുന്നത്. നിലവിൽ ഇത് പുരാവസ്തു വകുപ്പിന്റെ കീഴിലാണ്. ആളുകൾക്ക് സ്വസ്ഥമായി അല്പസമയം ചെലവഴിക്കുവാൻ പറ്റിയ ഒരു സ്ഥലമാണ് ഇത്. 25 രൂപയാണ് ഇവിടെ പ്രവേശിക്കുന്നതിനായുള്ള ഫീസ്. സന്ദർശകർക്ക് ഫോട്ടോസ് എടുക്കുവാനും മറ്റുമുള്ള മനോഹരമായ ഒരു അന്തരീക്ഷമാണ് ഈ കൊട്ടാരപരിസരത്ത്.

2. ഗവണ്മെന്റ് മ്യൂസിയം, ബെംഗളൂരു : ബെംഗളൂരു സിറ്റിയിൽത്തന്നെ കബ്ബൺ പാർക്കിനു സമീപത്തായാണ്
ഗവണ്മെന്റ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കർണാടകയെക്കുറിച്ചും ബെംഗളൂരുവിനെക്കുറിച്ചുമുള്ള എല്ലാ ചരിത്ര പ്രധാനമായ വിവരങ്ങളും നമുക്ക് ഈ മ്യൂസിയത്തിൽ കാണാം. പഠിക്കുന്ന കുട്ടികളുമായി വരുന്നവർക്ക് സന്ദർശിക്കുവാൻ പറ്റിയ ഒരു സ്ഥലം കൂടിയാണിത്. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് ഇവിടെ ടിക്കറ്റ് നിരക്ക്.

3. വിശ്വേശ്വരായ ഇൻഡസ്ട്രിയൽ & ടെക്‌നോളജി മ്യൂസിയം : ബെംഗളൂരുവിൽ ഏറ്റവും കൂടുതലാളുകൾ വരുന്ന സ്ഥലങ്ങളിൽ ഒന്നാണ് വിശ്വേശ്വരായ ഇൻഡസ്ട്രിയൽ & ടെക്‌നോളജി മ്യൂസിയം. മുൻപ് പറഞ്ഞ ഗവണ്മെന്റ് മ്യൂസിയത്തിനു തൊട്ടടുത്തായാണ് ഇതും സ്ഥിതി ചെയ്യുന്നത്. 50 രൂപയാണ് ഇവിടത്തെ പ്രവേശന ഫീസ്. ഇവിടെ സന്ദർശിക്കുന്നവർ 3 – 4 മണിക്കൂർ ചെലവഴിക്കുവാൻ തയ്യാറായി വരിക. ഇതിനുള്ളിൽ ധാരാളം വ്യത്യസ്തങ്ങളായ സംഭവങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. കുടുംബവും കുട്ടികളായുമൊക്കെ എത്തുന്നവർക്ക് സന്ദർശിക്കുവാൻ പറ്റിയ ഒരു ബെസ്റ്റ് ഓപ്‌ഷനാണിത്.

4. കബ്ബൺ പാർക്ക് : വിശ്വേശ്വരായ ഇൻഡസ്ട്രിയൽ & ടെക്‌നോളജി മ്യൂസിയത്തിന്റെ തൊട്ടു പിന്നിലായാണ് കബ്ബൺ പാർക്ക് സ്ഥിതി ചെയ്യുന്നത്. ലാൽ ബാഗ് പോലെ തന്നെ ധാരാളം മരങ്ങളും പക്ഷികളുമൊക്കെയുള്ള വളരെ മനോഹരമായ ഒരു സ്ഥലമാണിത്. ചാമരാജ് നഗർ പാർക്ക് എന്നാണു ഈ പാർക്കിന്റെ ശരിക്കുള്ള പേര്. വൈകുന്നേര സമയങ്ങൾ ചെലവഴിക്കുവാൻ പറ്റിയ ഒരു സ്ഥലമാണിത്. കബ്ബൺ പാർക്കിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

5. വിധാൻ സൗധ : നമ്മുടെ തിരുവനന്തപുരത്തെ നിയമസഭാ മന്ദിരം പോലെത്തന്നെ കർണാടകയുടെ നിയമസഭയാണ് വിധാൻ സൗധ. ബെംഗളൂരുവിൽ എത്തുന്നവർ ഇതിനു മുന്നിൽ നിന്നും ചിത്രങ്ങൾ എടുക്കുന്നത് പതിവ് കാഴ്ചയാണ്. നിയമസഭാ മന്ദിരം ആയതിനാൽ പുറമെ നിന്നുള്ളവർക്ക് അകത്തേക്ക് കയറുവാൻ സാധിക്കില്ല.

6. ലാൽ ബാഗ് : ബെംഗളൂരുവിലെ പ്രശസ്തമായ ഒരു ഗാർഡൻ ആണ് ലാൽബാഗ്. മൈസൂർ രാജാവായിരുന്ന 1760-ൽ ഹൈദർ അലി ആയിരുന്നു ഈ ഉദ്യാനത്തിന്റെ കെട്ടിടം പണി ആരംഭിച്ചത്, എങ്കിലും ഇത് പൂർത്തിയാക്കിയത് ടിപ്പു സുൽത്താൻ ആയിരുന്നു. 240 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഉദ്യാനത്തിൽ ധാരാളം മരങ്ങളും പക്ഷികളുമൊക്കെയുണ്ട്. നിരവധി പുഷ്പോത്സവങ്ങൾ ഇവിടെ നടക്കാറുണ്ട്. പ്രത്യേകിച്ചും റിപ്പബ്ലിക്ക് ദിവസം (ജനുവരി 26) നടക്കുന്ന ഫ്ലവർഷോ പ്രശസ്തമാണ്.

7. ഫ്രീഡം പാർക്ക് : ബെംഗളൂരുവിലെ പഴയ സെൻട്രൽ ജയിലായിരുന്നു ഇത്. പലതരം പരിപാടികൾ ഇന്ന് ഇവിടെ നടക്കാറുണ്ട്. അതുപോലെതന്നെ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നവർക്ക് ഇവിടെ വന്നു അത് ചെയ്യാം എന്നാണു സർക്കാർ പറഞ്ഞിരിക്കുന്നത്. അവധി ദിവസങ്ങളിൽ ഇവിടെ നല്ല തിരക്കായിരിക്കും.

8. ISKCON ടെമ്പിൾ : ബെംഗളൂരുവിലെ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് ISKCON ടെമ്പിൾ. വീക്കെൻഡുകൾ ഒഴിവാക്കി ഇവിടെ സന്ദർശിക്കുന്നതായിരിക്കും നല്ലത്. കാരണം അവധി ദിവസങ്ങളിൽ ഇവിടെ നല്ല തിരക്കായിരിക്കും. അമ്പലത്തിൽ തൊഴുത് ഇറങ്ങി വരുമ്പോൾ ഒരു ഷോപ്പിംഗ് മാളിൽ നിന്നും വരുന്ന പ്രതീതിയായിരിക്കും. കൂടുതലൊന്നും പറയുന്നില്ല, അത് നിങ്ങൾ നേരിട്ട് ചെന്നു മനസ്സിലാക്കുക.

9. മൈസൂർ സാൻഡൽ സ്റ്റോർ : ISKCON ടെമ്പിളിന്റെ അടുത്തായി മൈസൂർ സാന്ഡല് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു ഫാക്ടറിയുണ്ട്. അതിനടുത്തായി ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു ഷോപ്പും. വേണമെങ്കിൽ ഇവിടം കൂടി നിങ്ങൾക്ക് ഒന്ന് സന്ദർശിക്കുകയോ ആവശ്യമായവ വാങ്ങുകയോ ചെയ്യാം.

10. ജവഹർലാൽ നെഹ്‌റു പ്ളാനറ്റോറിയം : ബെംഗളൂരുവിൽ നമ്മൾ കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലമാണ് ജവഹർലാൽ നെഹ്‌റു പ്ളാനറ്റോറിയം. വിധാൻ സൗധയുടെ അടുത്തയാണ് പ്ലാനറ്റോറിയം സ്ഥിതി ചെയ്യുന്നത്. കുട്ടികളുമായി വരുന്നവർക്ക് സന്ദർശിക്കുവാൻ പറ്റിയ ഒരു സ്ഥലം കൂടിയാണിത്. അവർക്കായി ഒരു സയൻസ് പാർക്കും ഇവിടെയുണ്ട്.

11. കൊമേഴ്ഷ്യൽ സ്ട്രീറ്റ് : ബെംഗളൂരുവിൽ ശിവാജി നഗറിന്റെയും എംജി റോഡിന്റെയും ഒക്കെ അടുത്തയാണ് കൊമേഴ്ഷ്യൽ സ്ട്രീറ്റ് സ്ഥിതി ചെയ്യുന്നത്. വളരെ കുറഞ്ഞ വിലയ്ക്ക് (വില പേശണം) സാധനങ്ങൾ ലഭിക്കുന്ന ബെംഗളൂരുവിലെ ഒരു ഇക്കോണമി ഹബ്ബ് ആണ് ഇത്.
കൊമേഴ്ഷ്യൽ സ്ട്രീറ്റിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കച്ചവടക്കാരെ കാണാവുന്നതാണ്. അവിടെ ലഭിക്കുന്ന എല്ലാ സാധനങ്ങളും ആദ്യം അവർ വില കൂടിയായിരിക്കും പറയുക. അവസാനം വില പേശി പേശി പകുതി തുകയ്ക്ക് വരെ ലഭിക്കും. കൊമേഴ്ഷ്യൽ സ്ട്രീറ്റിൽ വരുന്നവർക്ക് സാധനങ്ങൾ വാങ്ങുന്നതിനോടൊപ്പം കിടിലൻ ഫുഡ് കൂടി പരീക്ഷിക്കുവാനുള്ള സൗകര്യങ്ങളുണ്ട്. 

12. HAL ഹെറിറ്റേജ് സെന്റർ & എയ്‌റോസ്പേസ് മ്യൂസിയം : ബെംഗളൂരുവിലെ പഴയ എയർപോർട്ടിന് സമീപത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പണ്ട് ഉപയോഗിച്ചിരുന്ന വിമാനങ്ങൾ, അവയുടെ ഭാഗങ്ങൾ എന്നിവയും നമ്മുടെ എയർഫോഴ്‌സിനെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങളും നമുക്ക് ഇവിടെ കാണുവാൻ സാധിക്കും. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ഇവിടെ പ്രവേശിക്കുന്നതിനുള്ള ചാർജ്ജ്. ക്യാമറ ഉപയോഗിക്കുവാനായി പ്രത്യേകം ചാർജ്ജ് കൊടുക്കണം.

13. അയ്യർ ഇഡ്ഡലി : ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഒരു ഇഡ്‌ലിക്കടയാണ് ബസവ നഗറിലുള്ള അയ്യർ ഇഡ്‌ലിക്കട. രാവിലെ 6.30 മുതൽ 11 മണി (രാവിലെ) വരെയാണ് ഈ കട പ്രവർത്തിക്കുന്നത്. സാധാരണ ഇഡ്ഡലിയുടെ കൂടെ കിട്ടുന്ന സാമ്പാർ ഇവിടെയില്ല, ചട്ട്നി മാത്രമേയുള്ളൂ. പത്തു രൂപയാണ് ഇവിടെ ഒരു ഇഡ്ഡലിയ്ക്ക് ചാർജ്ജ് ഈടാക്കുന്നത്. ബെംഗളൂരുവിൽ വരുന്നവർ തീർച്ചയായും രുചിച്ചിരിക്കേണ്ട ഒന്നാണ് അയ്യർ ഇഡ്ഡലി.

14. മാവല്ലി ടിഫിൻ റൂംസ് : ബെംഗളൂരുവിലെ ലാൽ ബാഗിനു സമീപത്തുള്ള പ്രശസ്തമായ ഒരു വെജിറ്റേറിയൻ ഹോട്ടലാണിത്. കാണുമ്പോൾ വലിയ ലുക്ക് ഒന്നുമില്ലെങ്കിലും ഇവിടത്തെ ഭക്ഷണം അടിപൊളിയാണ്. അതുകൊണ്ടു തന്നെയാണ് ഇവിടെ എല്ലായ്‌പ്പോഴും ആളുകളുടെ തിരക്കേറുന്നതും.

15. ഗരം മത്ക : ബെംഗളൂരുവിൽ തന്തൂരിച്ചായ ലഭിക്കുന്ന പ്രശസ്തമായ ഒരിടമാണ് ‘ഗരം മത്ക’ എന്ന ന്യൂജെൻ ചായക്കട. ഇവിടെ ചായ മാത്രമല്ല കാപ്പിയും തന്തൂരി മോഡലിൽ ലഭിക്കും. ചെറിയ മൺപാത്രത്തിലാണ് ചായയും കാപ്പിയും ഒക്കെ കസ്റ്റമേഴ്‌സിന് സെർവ് ചെയ്യുന്നത്. തന്തൂരി ചായ, കാപ്പി എന്നൊക്കെ കേട്ടിട്ടു വലിയ ചാർജ്ജ് ഒക്കെയാണെന്നു വിചാരിക്കല്ലേ. ഒരു തന്തൂരി ചായയ്ക്ക് 30 രൂപയും തന്തൂരി കാപ്പിയ്ക്ക് 40 രൂപയുമാണ് റേറ്റ്. ബെംഗളൂരു സന്ദർശിക്കുന്നവർ ഉറപ്പായും ‘ഗരം മത്ക’ യിലെ തന്തൂരി ചായ കൂടി രുചിച്ചറിയുക. ഗരം മത്കയുടെ ലൊക്കേഷൻ – https://goo.gl/WREXke.

ഇതിൽ കൊടുത്തിരിക്കുന്നത് കൂടാതെ ബന്നാർഘട്ട നാഷണൽ പാർക്ക് ഉൾപ്പെടെ ധാരാളം സ്ഥലങ്ങൾ ഇനിയും ബാംഗ്ലൂരിൽ ഉണ്ട്. എന്നിരുന്നാലും ഒന്നോ രണ്ടോ ദിവസം കൊണ്ട് എളുപ്പത്തിൽ കണ്ടുതീർക്കാവുന്നതാണ് ഇതിൽ കാണുന്ന എല്ലാ സ്ഥലങ്ങളും. ഇതിൽ ഏതാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം?