രൗദ്ര ഭാവത്തിൽ പ്രകൃതി ; വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക് ചില കാര്യങ്ങൾ..

കേരളത്തിൽ ഇപ്പോൾ നിർത്താതെയുള്ള മഴയും പേമാരിയും കാരണം ഡാമുകൾ മിക്കതും തന്നെ തുറന്നു വിട്ടിരിക്കുകയാണ്. ഇതെല്ലാം ടിവിയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നമ്മൾ അറിയുന്നുണ്ടാകും. മലയാളിയുടെ ഓണം ഇത്തവണ മഴയിൽ കുളിക്കുമോ എന്നാണു പേടി. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലയുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കവും ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്നത്. മഴക്കെടുതിയിൽ നഷ്‌ടമായത് 22 ജീവനുകളാണ്.

മൂന്നാർ : കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന മൂന്നാറിൽ ഇത്തവണ മഴ കനത്തതോടെ അത് കൂടുതലായി ബാധിച്ചത് ടൂറിസം മേഖലയെത്തന്നെയാണ്. വിനോദ സഞ്ചാരികളുടെ വരവ് ഏതാണ്ട് പൂർണമായും നിലച്ച സ്ഥിതിയാണ്. മൂന്നാറിലേക്കുള്ള ദേശീയപാതയിൽ പലയിടത്തും മണ്ണിടിഞ്ഞിരിക്കുകയാണ്. ഇതുമൂലം അവിടേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മൂന്നാറിൽ കുടുങ്ങിയ സഞ്ചാരികളെല്ലാം മറയൂർ, ചിന്നാർ, പൊള്ളാച്ചി, പാലക്കാട് വഴിയാണ് തിരികെ നാട്ടിലെത്തുന്നത്.

അതിരപ്പിള്ളി : മലവെള്ളം കൂടുതലായി ഒഴുകിയെത്തിയതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം ഉഗ്രരൂപിയായ അവസ്ഥയിലാണ്. മാധ്യമങ്ങളിലൂടെ ഇത് നമ്മൾ കണ്ടതാണ്. അതുപോലെതന്നെയാണ് അടുത്തുള്ള ചാർപ്പ വെള്ളച്ചാട്ടവും. ഏതു നിമിഷവും മരം വീഴാനും ഇടിഞ്ഞുപോകാനും ഇടയുള്ള ഈ വഴിയിലൂടെ ഇപ്പോൾ സഞ്ചരിക്കുന്നത് അത്യന്തം അപകടകരമാണ്. അടുത്ത ഒരാഴ്ചത്തേയ്ക്ക് അതിരപ്പിള്ളിയിലേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. അതിരപ്പിള്ളി,മലക്കപ്പാറ ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് അതിരപ്പിള്ളിയുടെ രൗദ്രഭാവം നേരിട്ടു കാണുവാൻ ആരും അവിടേക്ക് പോകാതിരിക്കുക. അതിരപ്പിള്ളി ഒഴുകിവരുന്ന ചാലക്കുടിപ്പുഴയുടെ പരിസരങ്ങളിലുള്ളവരും സൂക്ഷിക്കുക.

ഇടുക്കി : വർഷങ്ങൾക്ക് ശേഷം ഇടുക്കി ഡാം തുറന്നു വിട്ടു എന്നു പറയുമ്പോൾത്തന്നെ അവിടത്തെ അവസ്ഥ നമുക്ക് ഊഹിക്കാമല്ലോ. അതുകൊണ്ട് ഇടുക്കിയിലേക്ക് ഒരു കാരണവശാലും പ്രശ്നങ്ങൾ ഒതുങ്ങുന്നതുവരെ യാത്ര ചെയ്യുവാൻ പാടില്ല. കൂടുതലും ഉരുൾപൊട്ടൽ നടക്കുന്ന ഏരിയയാണ് ഇടുക്കി എന്ന കാര്യവും ഓർക്കുക. ഇടുക്കി ജില്ലയിൽ ചരക്ക് വാഹനങ്ങളും വിനോദ സഞ്ചാരവും നിരോധിച്ച് കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

വയനാട് : താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതോടെ വയനാട് ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ. കുറ്റിയാടി ചുരവും ഒട്ടും സുരക്ഷിതമല്ല. വയനാട്ടിൽ പെട്ടുപോയവർക്ക് തിരികെവരുവാനായി ഇപ്പോഴത്തെ അവസ്ഥയിൽ ഒരൽപം ബുദ്ധിമുട്ടാണ്. വഴിക്കടവ് – നിലമ്പൂർ റോഡിലൊക്കെ വെള്ളം കയറി മുങ്ങിയിരിക്കുന്നതിനാൽ ആ റൂട്ടും പറ്റില്ല. പിന്നെ വളരെ ദൂരം സഞ്ചരിച്ച് കോയമ്പത്തൂർ വന്നശേഷം അവിടുന്ന് പാലക്കാട് വഴി കേരളത്തിലേക്ക് കടക്കേണ്ടി വരും. കനത്ത മഴയുള്ളപ്പോൾ വയനാട്ടിലേക്കുള്ള യാത്രകൾ എല്ലാവരും ഒഴിവാക്കുന്നതായിരിക്കും ഉത്തമം.

ഇതേ അവസ്ഥകൾ തന്നെയാണ് കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളുടെ കിഴക്കൻ മേഖലയിലും അനുഭവപ്പെടുന്നത്. മലപ്പുറത്ത് മഴ കനത്തതോടെ റോഡ് തന്നെ ഒലിച്ചു പോകുന്ന ദൃശ്യങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ മഴ വിതയ്ക്കുന്ന ആശങ്കയും ഏറുകയാണ്. നദികളുടെ പരിസരത്ത് ഈ സമയങ്ങളിൽ കുളിക്കുവാനോ മീൻപിടിക്കുവാനോ ആരും തന്നെ പോകാതിരിക്കുക. ഡാം തുറന്നു വിട്ടതിനാൽ മീൻ കിട്ടും എന്ന ചിന്ത പാടെ അവഗണിക്കുക. എല്ലാം കെട്ടടങ്ങിയ ശേഷം നമുക്ക് എത്രവേണമെങ്കിലും മീൻ പിടിച്ച് കഴിക്കാമല്ലോ.

എന്നാൽ ഇതിനിടയിൽ ‘Disaster Tourism’ എന്നു വിളിക്കുന്ന പുതിയ ഒരു ടൂറിസം ഇപ്പോൾ ഉയർന്നു വന്നിരിക്കുകയാണ്. സംഭവം വേറൊന്നുമല്ല, ഡാം തുറന്നു വിടുന്നതും, വെള്ളപ്പൊക്കവും, ആളുകളുടെ കഷ്ടപ്പാടും ഒക്കെ നേരിട്ടു കാണുവാൻ ചിലർ വളരെ ഉത്സാഹത്തോടെയാണ് പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് പോകുന്നത്. അവിടെപ്പോയി ഫോട്ടോസും ലൈവ് വീഡിയോയും ഒക്കെ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുക എന്നതാണ് ഇത്തരക്കാരുടെ പ്രധാന പ്ലാൻ. എന്നാൽ നിങ്ങൾ ഒന്നറിയുക, തങ്ങളുടെ വീടും കിടപ്പാടവും മുങ്ങിയതോടെ ഇനി മുന്നോട്ടുള്ള വഴി എന്തെന്നു പോലും ചിന്തിക്കാൻ വയ്യാതെ അനേകം മനുഷ്യജീവനുകൾ അവിടെയുണ്ട്. അവരുടെ വിഷമങ്ങൾ ഒന്നു മനസ്സിലാക്കുവാൻ നമ്മൾ ശ്രമിക്കണം.

പ്രകൃതി താണ്ഡവമാടിയിരിക്കുന്ന ഈ സമയത്ത് യാത്രകളെല്ലാം എല്ലാവരും ഒഴിവാക്കണം. അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലങ്ങളിലേക്ക് ആളുകള്‍ പോകരുത്. ഈ മേഖലകളിലെത്തിയിരിക്കുന്ന വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കുകയും ഉടൻതന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുകയുമാണ് വേണ്ടത്. ദുരന്തസ്ഥലങ്ങൾ സന്ദർശിക്കുന്നതിൽ നിന്നും പൊതുജനങ്ങൾ പിൻമാറണം. കനത്ത മഴ തുടരുന്നതിനിടെ ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫയര്‍ ഫോഴ്‌സിനും പൊലീസും സജീവമായി രംഗത്തുണ്ട്.