മൊറോക്കൻ തലസ്ഥാനമായ റബാത്തിലേക്ക് ഒരു ട്രെയിൻ യാത്ര

2020 മാർച്ച് 14, മൊറോക്കോയിലാണ് ഇപ്പോൾ ഞങ്ങൾ. മൊറോക്കോയിലെ മാറാക്കിഷിൽ നിന്നും എന്ത് ചെയ്യണമെന്ന് അറിയാതെ ഞങ്ങൾ തലസ്ഥാന നഗരമായ റബാത്തിലേക്ക് ട്രെയിനിൽ പോകാൻ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും ചെക്ക്ഔട്ട് ചെയ്തതിനു ശേഷം ലഗേജുകൾ ഹോട്ടലിലെ ലോക്കറിൽ സൂക്ഷിച്ചു. ഞങ്ങൾ കറങ്ങിയെത്തിയതിനു ശേഷം അവ കളക്ട് ചെയ്യാമെന്നുറപ്പിച്ച് യാത്രയാരംഭിച്ചു.

ഹോട്ടലിൽ നിന്നും ഇറങ്ങിയപ്പോൾ ബൈജു ചേട്ടൻ ഞങ്ങൾക്ക് യാറ്റ്ഹാ ചെയ്യുന്നതിനായി ഒരു ടാക്സി ഒപ്പിച്ചു കൊണ്ടുവന്നു. 9 പേർക്ക് സഞ്ചരിക്കാവുന്നതും, ലഗേജുകൾ വെക്കാവുന്നതുമായ ആ വണ്ടി എനിക്ക് ഒരത്ഭുതമായിരുന്നു. റെനോയുടെ (Renault) ട്രാഫിക് എന്ന മോഡൽ വേണ്ടിയായിരുന്നു അത്. അവിടെയുള്ള മാർക്കറ്റിന്റെ അടുത്തു ഞങ്ങൾ വണ്ടിയിറങ്ങി. അൽബാദിയ പാലസ് കാണുവാൻ ആയിരുന്നു ഞങ്ങളുടെ അന്നത്തെ ആദ്യപ്ലാൻ.

പഴക്കമേറിയ നിർമ്മിതികൾക്കിടയിലൂടെ ഞങ്ങൾ നടന്നു പാലസിനു മുന്നിലെത്തി. അവിടെയെത്തിയപ്പോളാണ് ഞെട്ടിക്കുന്ന ആ സത്യം ഞങ്ങൾ മനസിലാക്കിയത്. പാലസ് അടച്ചിട്ടിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി, ടൂറിസ്റ്റുകൾ അടക്കമുള്ളവർ ഒത്തുകൂടുന്ന സ്ഥലങ്ങളെല്ലാം അടയ്ക്കുകയാണ്. അതുകൊണ്ടാണ് കൊട്ടാരവും അവർ അടച്ചത്.

അങ്ങനെ നിരാശയോടെ ഞങ്ങൾ പാലസിനു സമീപത്തു നിന്നും സമീപത്തുള്ള മാർക്കറ്റിലേക്ക് ഞങ്ങൾ നടന്നു. ആ സമയത്ത് ചില കടകളൊക്കെ തുറന്നിരുന്നു. ഞങ്ങൾ മാർക്കറ്റിലൂടെ പല കാഴ്ചകളും കൊണ്ടുകൊണ്ട് നടന്നു. അവസാനം ഞങ്ങൾ തിരികെ സൈറ്റിൽ എത്തി ഞങ്ങൾ ഒരു ചായകുടിക്കുവാനായി അടുത്ത് കണ്ട റെസ്റ്റോറന്റിൽ കയറി. വെറൈറ്റി വിഭവങ്ങൾ ഓർഡർ ചെയ്തു കഴിച്ചതിനു ശേഷം ഞങ്ങൾ തിരികെ ഹോട്ടലിലേക്ക് യാത്രയായി.

ആ ടാക്‌സിക്കാരൻ ഞങ്ങളെ ഹോട്ടലിനടുത്തായി നാട് റോഡിൽ തന്നെ ഇറക്കി. ഹോട്ടലിൽക്കയറി ഞങ്ങൾ ലഗേജുകൾ എടുത്ത് ഹോട്ടലിനു തൊട്ടടുത്തായുള്ള റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. റെയിൽവേ സ്റ്റേഷനിലെ മണി എക്സ്ചേഞ്ചിൽ നിന്നും ഞങ്ങൾ കറൻസി മാറുകയും കെ.എഫ്.സി.യിൽ നിന്നും പാർസൽ ഫുഡ് വാങ്ങി വെക്കുകയും ചെയ്തു.

ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായും നമുക്ക് ബുക്ക് ചെയ്യാവുന്നതാണ്. വളരെ മികച്ച ഒരു റിസർവേഷൻ സിസ്റ്റം തന്നെയായിരുന്നു അവരുടേത്. ആറോളം പ്ലാറ്റ്ഫോമുകളുള്ള ആ റെയിൽവേ സ്റ്റേഷനിലെ ഒരു പ്ലാറ്റ്ഫോമിൽ ഞങ്ങൾക്ക് പോകേണ്ട ട്രെയിൻ കിടക്കുന്നുണ്ടായിരുന്നു. വൈകുന്നേരം മൂന്നു മണിയോടെ ട്രെയിൻ അവിടെ നിന്നും ഞങ്ങളെയും കൊണ്ട് യാത്രയായി. മൊറോക്കൻ തലസ്ഥാന നഗരമായ റബാത്തിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. മൂന്നു മണിക്കൂറോളം ഉണ്ടായിരുന്നു ആ യാത്ര.

യാത്രയ്ക്കിടയിൽ ഞാൻ ചില വീഡിയോകൾ എഡിറ്റ് ചെയ്യുവാൻ സമയം കണ്ടെത്തി. സംഭവം നല്ല ട്രെയിനൊക്കെ ആയിരുന്നുവെങ്കിലും അതിൽ ചാർജ്ജിംഗ് പോയിന്റുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഒരുനിമിഷം ഞങ്ങൾ ഇന്ത്യൻ റെയിൽവേയെ നന്ദിയോടെ ഓർത്തുപോയി. മണിക്കൂറിൽ 150 കിലോമീറ്ററോളം വേഗത്തിലായിരുന്നു ട്രെയിൻ ഓടിക്കൊണ്ടിരുന്നത്. വിശാലമായ ഗ്രാമങ്ങൾ, കൃഷിത്തോട്ടങ്ങൾ തുടങ്ങിയ വ്യത്യസ്തങ്ങളായ പ്രദേശങ്ങളിലൂടെ ട്രെയിൻ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു. വിശന്നപ്പോൾ ഞങ്ങൾ മുൻപ് വാങ്ങിവെച്ചിരുന്ന ഭക്ഷണം എടുത്തു കഴിച്ചു.

അങ്ങനെ മൂന്നു മണിക്കൂറിനു ശേഷം കൃത്യ സമയത്തു തന്നെ ഞങ്ങൾ റബാത്ത്‌ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. സമയം വൈകുന്നേരം ആറരയോടടുത്തിരുന്നു. നമ്മുടെ നാട്ടിലാണെങ്കിൽ ആ സമയം ഇരുട്ട് പരന്നു തുടങ്ങിയേനെ. അവിടെ സൂര്യൻ അസ്തമിക്കുന്നത് രാത്രി 8.30 ഓടെയാണ് എന്നതിനാൽ ഞങ്ങൾ ചെന്ന സമയത്ത് നല്ല പകൽവെളിച്ചമായിരുന്നു. ഒരു എയർപോർട്ടിനെ അനുസ്മരിപ്പിക്കുന്ന റെയിൽവേ സ്റ്റേഷനിൽ നിന്നും ഞങ്ങൾ പുറത്തേക്ക് ഇറങ്ങി.

റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം രണ്ടര കിലോമീറ്റർ ദൂരത്തായുള്ള ഒരു അപ്പാർട്മെന്റിൽ ആയിരുന്നു ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്നത്. അവിടേക്ക് ഞങ്ങൾ ഒരു ടാക്സിയിൽ കയറി യാത്രയായി. അപ്പാർട്ട്മെന്റ്റ് എന്നൊക്കെ കേട്ടപ്പോൾ നോർമൽ സൗകര്യങ്ങൾ മാത്രമേ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നുള്ളൂ. പക്ഷേ അവിടെയെത്തിയപ്പോൾ ശരിക്കും ഞങ്ങൾ ഞെട്ടിപ്പോയി. അടിപൊളി ഒരു സ്റ്റാർ ഹോട്ടലിൽ കയറിയ പ്രതീതിയായിരുന്നു. അവിടെ ഒരു കെയർടേക്കർ ലേഡി മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവർക്കാണെങ്കിൽ അറബിയോ മറ്റെന്തോ ഭാഷ മാത്രമേ അറിയുവാൻ പാടുണ്ടായിരുന്നുള്ളൂ.

നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ ഞങ്ങൾ അപ്പാർട്ട്മെന്റിലെ കിച്ചണിൽ കയറി കൈയിൽ വാങ്ങി സൂക്ഷിച്ചിരുന്ന ന്യൂഡിൽസ് പാക്കറ്റ് പൊട്ടിച്ച് നല്ല ഒന്നാന്തരം ന്യൂഡിൽസ് (സ്വയം ഉണ്ടാക്കിയതിനാൽ ഒന്നാന്തരം എന്നുതന്നെ ഞങ്ങൾ പറയും) പാചകം ചെയ്തു കഴിച്ചു. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ ഭക്ഷണത്തിനു ശേഷം ഒന്ന് വിശ്രമിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ബാക്കി മൊറോക്കൻ വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ…