കുറഞ്ഞചിലവിൽ ഒരു ട്രാൻസ് സൈബീരിയൻ സ്വപ്ന സാക്ഷാത്‍കാരം

വിവരണം – Mithun P Devasia.

ചെറുപ്പം മുതൽക്കെ ഉള്ള ആഗ്രഹം ആയിരുന്നു ഒരു ട്രാൻസ് സൈബീരിയൻ ട്രെയിൻ യാത്ര. വ്ലാഡിവോസ്റ്റോക് ഇൽ നിന്ന് മോസ്കോ വരെ 7 ദിവസം എടുക്കുന്ന റഷ്യയുടെ ഹൃദയത്തിലൂടെ ഒരു സ്വപ്ന യാത്ര. സ്വപ്‌നങ്ങൾ നമ്മൾ വിചാരിക്കുന്നതിലും നേരത്തെ യാഥാർഥ്യമാകുമ്പോൾ ഒരു മധുരമുണ്ട്. ട്രെയിനിൽ ഏഷ്യൻ റഷ്യയിൽ (സൈബീരിയയിലെ ഓംസ്ക്) തുടങ്ങി യൂറോപ്പിലേക്ക് സുഹൃത്തുകൾക്കൊപ്പം നടത്തിയ 2 ദിവസത്തെ ട്രാൻസ് സ്സൈബീരിയൻ യാത്ര വിവരണമാണിത്. ഓംസ്കിൽ വിമാനമിറങ്ങിയാണ് റഷ്യൻ യാത്ര ആരംഭിക്കുന്നത്. ഡൽഹിയിൽ നിന്ന് കസാഖ് തലസ്ഥാനമായ അസ്താന വഴിയാണ് ഓംസ്ക് എത്തിയത്. ഓംസ്ക് നഗരത്തേ പറ്റി അറിയുന്നത് പ്രശസ്ത യൂട്യൂബർ വരുൺ വഘിഷിന്റെ (Mountain Trekker channel) റഷ്യൻ യാത്ര സീരീസുകളിലൂടെയാണ് .ഓംസ്കിൽ തുടങ്ങാൻ ഒരു കാരണമുണ്ട്. അത് ഈ കുറിപ്പിന്റെ അവസാനം പറയാം.

നഗരം കണ്ടു കറങ്ങിയ ശേഷം ട്രാൻസ് സൈബീരിയൻ ട്രയിൻ കയറുവാൻ സ്റ്റേഷനിൽ എത്തി. ഡിസ്പ്ലേ ബോർഡുകൾ മുഴുവൻ റഷ്യനിൽ ആണ്. ഇംഗ്ലീഷ് അറിയുന്ന ആരും തന്നെ അവിടെ ഇല്ല. ഓണ്ലൈനിൽ ബുക്ക് ചെയ്ത ടിക്കറ്റ് എടുത്ത് മുറി റഷ്യനിലും ഗൂഗിൾ ട്രാന്സ്ലേറ്റ് അപ്പ് വഴിയും ചില ആൾക്കാരോട് പ്ലാറ്റ്ഫോമും മറ്റും ചോദിച്ചു. അവർ ബോര്ഡില് കാണിച്ചു തരികയും നന്നായി സഹായിക്കുകയും ചെയ്തു.സ്റ്റേ ഷൻ മാനേജരെയും ഇതേ ആവശ്യമായി കണ്ടിരുന്നു. അവരും പോലീസുകാരും എല്ലാരും വേണ്ട രീതിയിൽ സഹായിച്ചു. ടൂറിസ്റ്റുകൾ, പ്രത്യേകിച്ച് ഇന്ത്യൻ ടൂറിസ്റ്റുകൾ അധികം വരാത്ത പട്ടണത്തിൽ ഞങ്ങളെ കണ്ടപ്പോൾ പലർക്കും ഒരു കൗതുകമായിരുന്നു. അങ്ങനെ ട്രെയിൻ കയറി.

പാസ്സപ്പോർട്ടും വിസയും ടിക്കറ്റും ക്യാബിൻ മാനേജർ പരിശോധിച്ചു. നമ്മുടെ ട്രെയിനുകളിലെ 3 AC കംപാർട്മെന്റ് ഇൻ സമാനമായിരുന്നു 3rd ക്ലാസ്. ഒരു വ്യത്യാസം മാത്രം, AC ക്ക് പകരം വാർമർ ആയിരുന്നു. ഉള്ളിൽ താപനില 20 ഡിഗ്രി ആണ്. പുറത്തു -5 ഒക്കെയാണ്). ക്യാബിൻ മാനേജർ ഉസ്ലാവുമായി പെട്ടന്ന് തന്നെ സൗഹൃദത്തിലായി. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യും അദ്ദേഹം. ആശ്വാസം. ഞങ്ങടെ ബെർത്തിനടുത്തുള്ള ഒരു അമ്മൂമ്മ നന്നായി സംസാരിക്കുന്ന ടൈപ്പായിരുന്നു. അറിയാവുന്ന റഷ്യനിൽ അവരോട് കുശലം ചോദിച്ചു. കസാൻ നഗരത്തിൽ താമസിക്കുന്ന അവർ അവരുടെ നഗരത്തിന്റെ കുറെ ഫോട്ടോസ് കാണിച്ചു തന്നു.

ട്രെയിനിൽ രണ്ടു രാത്രിയും ഒന്നര പകലും മറക്കാനാവാത്ത അനുഭവങ്ങൾ ആണു സമ്മാനിച്ചത്. ഏതോ സ്പോർട്സ് ടൂർണമെന്റ് കഴിഞ്ഞു പോകുന്ന സ്കൂൾ കുട്ടികൾ, കച്ചവടത്തിനും മറ്റും പോകുന്നവർ ,ഫോട്ടോ എടുത്ത് സൗഹൃദം സ്ഥാപിച്ച ഫോൺ നമ്പറുകളും ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഒക്കെ തമ്മിൽ ഷെയർ ചെയ്ത റഷ്യൻ കൂട്ടുകാർ, റൂബിൾ സമ്മാനിച്ചിട്ട് ഇന്ത്യൻ കോയിൻ വേണം എന്ന് പറഞ്ഞ കോയിൻ കളക്ഷൻ ഉള്ള പോലീസുകാർ, ഞങ്ങളുടെ ഒപ്പം ഫോട്ടോ എടുക്കാൻ വന്ന പാൻട്രികാർ സ്റ്റാഫുകൾ, യെകാറ്ററിൻബർഗിൽ പഠിക്കുന്ന ജൈൻ എന്ന തായ്‌ലാന്റുകാരി എല്ലാവരും ചേർന്ന് യാത്ര നല്ല ഓർമ്മകളുടേതാക്കി.

പുറത്തെ കാഴ്ചകളാണെങ്കിൽ അതിമനോഹരം. യെകാറ്ററിൻബെർഗ്, പേമം,കിറോവ് എന്ന വൻ നഗരങ്ങൾ, ഇഷിം, കാമ, വോൾഗ(യുറോപ്പിലെ ഏറ്റവും വലിയ നദി) തുടങ്ങിയ അനവധി നദികൾ ,മഞ്ഞു മൂടിയ യുറാൽ മലനിരകൾ, തനതു ശൈലിയിൽ റഷ്യൻ ഗ്രാമങ്ങൾ, പൈൻ ഫോറെസ്റ്റുകൾ. 4 -5 മണിക്കൂർ കഴിയുമ്പോൾ 30 മിനിറ്റാക്കെ നിർത്തുന്ന വലിയ സ്റ്റേഷനുകളിൽ ട്രെയിൻ എത്തും. എല്ലാവരും പുറത്തിറങ്ങി ഭക്ഷണവും പഴങ്ങളും ഒക്കെ വാങ്ങുന്നുണ്ട്. ആ പ്രദേശത്തെ അമ്മൂമാരും മറ്റും വീടുകളിൽ ഉണ്ടാകുന്ന പലഹാരങ്ങൾ വിൽക്കുന്നു. ഉസ്ലാവ് ഇപ്പോഴും തിരക്കിലാണ്. നിലം തുടക്കൽ, ബാത്ത് റൂം വാഷിംഗ്, സാധനങ്ങൾ വിൽക്കൽ എല്ലാം ചേർന്ന് അയാളുടെ വൺ മാൻ ഷോ എന്ന് പറയാം. ഇടെക്കിടെ കോച്ചിലെ ഡിജിറ്റൽ ക്ലോക്കിൽ ടൈം മാറ്റാനും വരുന്നുണ്ട്. (നിരവധി ടൈം സോണുകൾ യാത്രയിൽ കടന്നു പോകുന്നുണ്ട്. Omsk ഉം Moscowയും തമ്മിൽ 3 മണിക്കൂർ വ്യത്യാസമുണ്ട്.

മോസ്കോ അടുത്തു വരും തോറും കൂടുതൽ ചെറിയ സ്റ്റേഷനുകൾ, അർദ്ധ നഗര പ്രദേശങ്ങൾ എന്നിവ കാണാം. തായ്ലൻഡുകാരി ജൈൻ ഇംഗ്ലീഷും റഷ്യനും ഒരേപോലെ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്. മോസ്കോയിലെ ഞങ്ങടെ പ്ലാൻ ചോദിച്ചറിയുകയും, വേണ്ട നിർദ്ദേശങ്ങൾ പറഞ്ഞു തരികയും ചെയ്‌തു.ട്രെയിൻ ഇറങ്ങീയിട്ട് ഹോട്ടലിലേക്ക് പോകാൻ ടാക്സികാരെ കണ്ടുപിടിച്ചു തന്ന് യാത്രയാക്കിയാണ് അവർ പോയത്. ഉസ്ലെവിനോട് നന്ദി പറഞ്ഞും ഫോട്ടോ എടുത്തും ഞങ്ങൾ മോസ്കോ നഗരത്തിലെ കാഴ്ചകളിലേക് മുഖം തിരിച്ചു. റഷ്യയുടെ സംസ്കാരവും, സ്നേഹവും നിറഞ്ഞ ആ സ്വപ്നയാത്രയ്ക്ക് അങ്ങനെ അവസാനമായി.

യാത്ര ചിലവുകൾ : Delhi-Omsk roundtrip flight(Air astana)-17,500 ( ഓംസ്ക് തിരഞ്ഞടുക്കാൻ 2 കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന് ഇന്ത്യയിൽ നിന്ന് റഷ്യയിലേക്ക് ഏറ്റവും ചിലവ് കുറഞ്ഞ ടിക്കറ്റ് റേറ്റ്. രണ്ട് സാധാരണ റഷ്യൻ നഗര ജീവിത രീതികളും മറ്റും കാണുവാൻ പറ്റും. Trans Siberian train ticket-Approx 2500 Rs.( 3 rd class), Food and other expenses-Approx 500 Rs.