അതിരുകളില്ലാത്ത യാത്രകൾ എനിക്കു നൽകിയ ചില സുഹൃത്ത് ബന്ധങ്ങൾ

ഞാൻ യാത്രകൾ ആരംഭിച്ചിട്ട് ഇപ്പോൾ പത്തോളം വര്ഷങ്ങളായി. ഇത്രയും വർഷങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി യാത്രകളാണ് ഞാൻ നടത്തിയിട്ടുള്ളത്. ഈ യാത്രകളെല്ലാം എനിക്ക് സമ്മാനിച്ചത് നല്ലതും ചീത്തയുമായ അനുഭവങ്ങൾ മാത്രമല്ല ഒപ്പം ഇന്നും ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന നല്ല സുഹൃത്തുക്കളെ കൂടെയാണ്. യാത്രകളിൽ എനിക്ക് ലഭിച്ച സുഹൃത്തുക്കളുടെ എണ്ണം ഒറ്റയടിയ്ക്ക് എടുക്കുവാൻ സാധ്യമല്ല. അത്രയധികം സുഹൃത് ബന്ധങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടതും അൽപ്പം സവിശേഷതയുള്ളതുമായ ചില സുഹൃത്തുക്കളെ ഞാൻ ഇവിടെ പരിചയപ്പെടുത്തുകയാണ്.

1. പ്രശാന്ത് : എൻ്റെ ആദ്യ സംരംഭമായ KSRTC BLOG മുതൽ എന്നോടൊപ്പം നിൽക്കുന്ന സുഹൃത്തുക്കളിൽ ഒരാളാണ് എറണാകുളം സ്വദേശിയായ പ്രശാന്ത്. KSRTC BLOG ൻറെ അഡ്മിൻ സ്ഥാനത്തു പ്രവർത്തനം തുടങ്ങിയ പ്രശാന്ത് ഞാൻ പിന്നീട് TechTravelEat ആരംഭിച്ചപ്പോഴും ഒപ്പമുണ്ടായി. എൻ്റെ താഴ്ചയും ഉയർച്ചയും ഒക്കെ നേരിട്ടു കണ്ടിട്ടുള്ള ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളാണ് ഇവൻ. അതുകൊണ്ടു തന്നെയാണ് എൻ്റെ യാത്രകളിൽ സഹചാരിയായും ക്യാമറ കൈകാര്യം ചെയ്യുവാനായി പ്രശാന്തിനെ കൊണ്ടുപോയിരുന്നത്. തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലും എന്നോടൊപ്പം പ്രശാന്ത് വന്നിട്ടുണ്ട്. നന്നായി ലേഖനങ്ങൾ എഴുതുന്ന പ്രശാന്ത് ആനവണ്ടി ബ്ലോഗ്, ടെക് ട്രാവൽ ഈറ്റ് തുടങ്ങിയ പേജുകൾ ഇന്ന് കൈകാര്യം ചെയ്യുന്നു.

2. ഹാരിസ് ഇക്ക : ടെക് ട്രാവൽ ഈറ്റ് ബ്ലോഗുമായി മുന്നോട്ടു പോകുന്നതിനിടെ ഒരു ഡിജിറ്റൽ മാർക്കറ്റിങ് ക്‌ളാസ്സിനിടയ്ക്കാണ് ഞാൻ ഹാരിസ് ഇക്കയെ പരിചയപ്പെടുന്നത്. പ്രമുഖ ട്രാവൽ ഏജന്റായ ഹാരിസ് ഇക്കയാണ് എന്നെ ആദ്യമായി ഒരു വിദേശ യാത്രയ്ക്ക് കൊണ്ടുപോകുന്നത്. ഒരു മുതലാളി എന്നതിലുപരി ഒരു സുഹൃത്തായാണ് ഹാരിസ് ഇക്ക എന്നോട് ഇടപെട്ടത്. അക്കാരണത്താൽ തന്നെയാണ് ഞങ്ങൾ തമ്മിൽ നല്ലൊരു സുഹൃത് ബന്ധം ഉടലെടുത്തതും.

തായ്‌ലൻഡ് യാത്രയ്ക്ക് ശേഷം പിന്നീട് ഞങ്ങൾ മലേഷ്യയിലും ഒന്നിച്ചു പോവുകയുണ്ടായി. ഒരു ട്രാവൽ ഏജന്റ് എന്നതിലുപരി ഹാരിസ് ഇക്ക ഒരു ഷൂട്ടിംഗ് ചാമ്പ്യൻ കൂടിയാണ്. അതുപോലെതന്നെ ചില സിനിമകളിലും സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. ഹാരിസ് ഇക്കയുടെ കുടുംബവുമായും ഞങ്ങൾക്ക് നല്ല അടുപ്പമാണുള്ളത്. ഈയിടെ ഞങ്ങളെല്ലാം ആലപ്പുഴയിൽ ഒത്തു കൂടുകയും ഹൗസ് ബോട്ടിൽ ഒരു ദിവസം ഒന്നിച്ചു കൂടുകയും ചെയ്തു.

3. ഹൈനാസ്‌ ഇക്ക : ഒരിക്കൽ വയനാട് പോകുന്നതിനു മുൻപായി ഫേസ്‌ബുക്കിൽ ഞാൻ “വയനാട്ടിൽ ആരെങ്കിലുമുണ്ടോ?” എന്നൊരു പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റ് കാരണം എനിക്ക് ലഭിച്ച ഒരു വയനാടൻ സുഹൃത്താണ് ഹൈനാസ്‌ ഇക്ക. ‘ഡിസ്ക്കവർ വയനാട്’ എന്ന പേരിൽ വയനാട്ടിൽ അഡ്വഞ്ചർ ടൂറിസവും അബാഫ്റ്റ്‌ എന്ന പേരിൽ വില്ലകളും നടത്തുന്ന ഹൈനാസ്‌ ഇക്കായുമായുള്ള സൗഹൃദം കാരണം എനിക്ക് വയനാട്ടിലെ അധികമാരും കാണാത്ത ചില സ്ഥലങ്ങൾ കാണുവാൻ സാധിച്ചു.

പിന്നീടുള്ള വയനാട് യാത്രകളിൽ എനിക്ക് എല്ലാ സഹായസഹകരണങ്ങളും നൽകിയതും എൻ്റെ കൂടെ എല്ലാ തിരക്കുകളും മാറ്റിവെച്ച് വരികയും ചെയ്തത് ഹൈനാസ്‌ ഇക്കയായിരുന്നു. അതുപോലെതന്നെ വലിയൊരു സുഹൃദ് വലയമാണ് വയനാട്ടിൽ ഹൈനാസ്‌ ഇക്കയ്ക്ക് ഉള്ളത്. ഞങ്ങളുടെ എല്ലാ യാത്രകളിലും ഇക്കയുടെ സുഹൃത്തുക്കൾ കൂടെ കാണും. ഞാൻ ചെയ്ത വയനാട് വീഡിയോകളിൽ നിങ്ങൾക്ക് ഹൈനാസ്‌ ഇക്കയെയും കൂട്ടുകാരെയും കാണാം.

 

4. സലീഷേട്ടൻ : ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിൽ പോയപ്പോൾ എനിക്ക് ലഭിച്ച ഒരു സുഹൃത്താണ് സലീഷേട്ടൻ. റിസോർട്ടിലെ മാനേജരും കോർഡിനേറ്ററും ഒക്കെയാണ് തൃശ്ശൂർ സ്വദേശിയായ സലീഷേട്ടൻ. പക്ഷികളെയും മൃഗങ്ങളെയുമെല്ലാം ജീവനെപ്പോലെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന സലീഷേട്ടൻ ഒരു പ്രകൃതി സംരക്ഷകൻ കൂടിയാണ്. അതുകൊണ്ടുതന്നെയാണ് വനത്തിനു സമീപമായിരുന്നിട്ടും SR ജംഗിൾ റിസോർട്ട് പ്രകൃതിയെ നോവിക്കാതെയുള്ള പ്രവർത്തനം ഇന്നും തുടരുന്നത്.

റിസോർട്ടിലെ ജീവനക്കാർക്കും റിസോർട്ടിൽ വരുന്ന ഗസ്റ്റുകൾക്കും സലീഷേട്ടൻ ഒരുപോലെ പ്രിയപ്പെട്ടതാണ്. ഒരിക്കൽ റിസോർട്ടിൽ വരുന്ന ഗസ്റ്റുകളിൽ പലരും പിന്നീട് സലീഷേട്ടനുമായി ചെലവഴിക്കുവാൻ വീണ്ടും അവിടേക്ക് വരാറുണ്ട് എന്ന കാര്യം ഇതിനു ഒരു ഉദാഹരണമാണ്. അതുപോലെതന്നെ റിസോർട്ടിനു പരിസരപ്രദേശങ്ങളിലുള്ള ആദിവാസികളുമായും സലീഷേട്ടന് നല്ല ബന്ധമാണുള്ളത്. ആദിവാസികൾക്ക് ജോലി, വരുമാനം തുടങ്ങി പലവിധത്തിലും സഹായങ്ങൾ എത്തിക്കുവാനായി സലീഷേട്ടൻ മുൻപന്തിയിലാണ്. വളരെ സൗഹാർദ്ദപരവും തമാശകളും നിറഞ്ഞ പ്രകൃതവും സംസാരവുമാണ് സലീഷേട്ടനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

5. കുര്യൻ സാർ (മാങ്കോ മെഡോസ്) : ടെക് ട്രാവൽ ഈറ്റ് എന്ന സംരംഭത്തിന്റെ തുടക്കകാലത്ത് ചെയ്ത വീഡിയോകളിൽ ഒന്നാണ് കോട്ടയത്തിനടുത്തുള്ള മാങ്കോ മെഡോസ് എന്ന അഗ്രിക്കൾച്ചറൽ പാർക്കിലേത്. ആ വീഡിയോ വൻ ഹിറ്റായി മാറുകയും TechTravelEat അതോടെ മുകളിലേക്ക് കുതിക്കുകയുമാണുണ്ടായത്. സത്യം പറഞ്ഞാൽ എൻ്റെ വ്ലോഗിങ് കരിയറിൽ വഴിത്തിരിവായത് മാങ്കോ മെഡോസ് വീഡിയോ ആണെന്നു പറയാം. അന്ന് ആ വീഡിയോ ചെയ്യുവാൻ എല്ലാ സഹായ സഹകരണങ്ങളുമായി മുന്നിൽ നിന്നിരുന്നത് പാർക്കിന്റെ ഉടമയായ കുര്യൻ സാർ ആയിരുന്നു.

അതിനു ശേഷം പലതവണ ഞാൻ മാങ്കോ മെഡോസ് പാർക്കിൽ പോകുകയും കുര്യൻ സാറുമായി ചെലവഴിക്കുകയും ചെയ്തിരുന്നു. പാർക്കിൽ പുതിയ ഓരോ ഐറ്റങ്ങൾ വരുമ്പോഴും സാർ എന്നെ വിളിക്കുകയും ചെയ്യും. വിവാഹശേഷം ഞാനും ശ്വേതയും കൂടി മാങ്കോ മെഡോസിൽ പോകുകയും ഒരു പുതിയ വീഡിയോ ചെയ്യുകയും ചെയ്തു. ആ വീഡിയോയിലും കുര്യൻ സാർ തന്നെയായിരുന്നു താരം. ഒരു പാർക്ക് എന്നതിലുപരി പ്രകൃതിയെ കാത്തു സൂക്ഷിക്കുന്ന ഒരിടം കൂടിയാണ് മാങ്കോ മെഡോസ്. അതിൻ്റെ പൂർണ്ണമായ ക്രെഡിറ്റും കുര്യൻ സാർ എന്ന പ്രകൃതി സ്നേഹിയ്ക്ക് അവകാശപ്പെട്ടതാണ്.

6. ഫാ. രാജു ചീരൻ : എൻ്റെ വീഡിയോകൾ കാണുകയും സ്ഥിരമായി മെസ്സേജ് ചെയ്യുകയും ചെയ്യുന്ന ഒരു സുഹൃത്തായിരുന്നു സുൽത്താൻ ബത്തേരി സ്വദേശിയായ ഫാദർ രാജു ചീരൻ. കണ്ണൂരിലെ ചരിത്രപ്രാധാന്യമുള്ള CSI ഇംഗ്ലീഷ് ചർച്ചിനെക്കുറിച്ച് ഞാൻ അറിയുന്നതും ഫാദറിൽ നിന്നുമായിരുന്നു. അങ്ങനെ രാജു അച്ചൻറെ ക്ഷണപ്രകാരം ഞങ്ങൾ കണ്ണൂരിൽ ചെല്ലുകയും രണ്ടു ദിവസം അച്ചനോടൊപ്പം ചെലവഴിക്കുകയും ചെയ്യുകയുണ്ടായി.

പള്ളിയെക്കുറിച്ചും ചരിത്രപരമായ മറ്റു കാര്യങ്ങളെക്കുറിച്ചും അച്ചന് നല്ല അറിവാണുള്ളത്. അവയെല്ലാം ഞങ്ങൾക്ക് പകർന്നു തരാനും രാജു അച്ചൻ മടിച്ചില്ല. അതുപോലെതന്നെ പയ്യാമ്പലം ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ ഞങ്ങളോടൊപ്പം ഒരു സുഹൃത്തായിത്തന്നെ അച്ചൻ വരികയും ചെയ്തു. ഒരു പുരോഹിതനു ചേർന്ന എളിമയും അറിവുകളും അതോടൊപ്പം ചിത്രരചന തുടങ്ങിയ കഴിവുകളും അച്ചനെ വ്യത്യസ്തനാക്കുന്നു.

7. അൻവർ ഇക്ക : ഹൈനാസ്‌ ഇക്കയെപ്പോലെ തന്നെ വയനാടൻ യാത്രയിൽ എനിക്ക് ലഭിച്ച ഒരു സുഹൃത്താണ് അൻവർ ഇക്ക. വയനാട്ടിലെ ലക്കിടിയ്ക്ക് സമീപമുള്ള ഗിരാസോൾ റിസോർട്ടിന്റെ ഉടമ കൂടിയാണ് ഗുരുവായൂർ സ്വദേശിയും ഇപ്പോൾ കോഴിക്കോട് താമസക്കാരനുമായ അൻവർ ഇക്ക. വളരെക്കാലം ആഫ്രിക്കയിൽ ജോലി ചെയ്തിരുന്ന അൻവർ ഇക്ക തൻ്റെ മികച്ച എക്സ്പീരിയൻസുമായാണ് വയനാട്ടിൽ ഗിരാസോൾ റിസോർട്ട് ആരംഭിക്കുന്നത്. യാത്രകളെയും ബൈക്കുകളെയും സ്നേഹിക്കുന്ന അൻവർ ഇക്ക കഴിഞ്ഞയിടെ ഹിമാലയൻ യാത്രയും നടത്തിയിരുന്നു. ഇന്നും വയനാട്ടിൽ പോകുമ്പോൾ അൻവർ ഇക്കയെക്കൂടി സന്ദർശിക്കുവാൻ ഞാൻ മറക്കാറില്ല.

8. എമിൽ : ഒരു ഫോളോവറിൽ നിന്നും ആത്മമിത്രമായി മാറിയ ഒരാളാണ് എമിൽ. രണ്ടുപേരും ഒരേ വേവ് ലെങ്ത്ത് ആണെന്നു മനസ്സിലാക്കിയ ഞങ്ങൾ ഒന്നിച്ചാണ് ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ യാത്ര പ്ലാൻ ചെയ്തത്. ഞാൻ ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ളത് എമിലിന്റെ കൂടെയാണ്. അതും നമ്മുടെ INB ട്രിപ്പിൽ. മനസ്സിൽ അഭിനയമോഹവുമായി നടക്കുന്ന എമിൽ ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. എമിലിന്റെ ഭാര്യ അഞ്ജുവും ഞങ്ങളോടൊത്ത് യാത്രകൾ ചെയ്യാറുണ്ട്.

9. ബൈജു എൻ നായർ : പ്രമുഖ ഓട്ടോമോട്ടീവ് വ്‌ളോഗറായ ബൈജു എൻ നായരെ ഒരു പരിപാടിയ്ക്കിടയിൽ വെച്ചാണ് പരിചയപ്പെടുന്നത്. പിന്നീട് ഞങ്ങൾ പലയിടത്തു വെച്ചും മീറ്റ് ചെയ്യുകയും ഒന്നിച്ചൊരു യാത്ര പോകുവാൻ പ്ലാൻ ഇടുകയും ചെയ്തു. അങ്ങനെയാണ് സിംഗപ്പൂർ റോഡ് ട്രിപ്പ് ഞങ്ങൾ പ്ലാൻ ചെയ്തത്. അതിനു മുന്നോടിയായി ഞങ്ങളൊന്നിച്ച് ചൈനയിലേക്ക് ഒരു ട്രിപ്പ് പോകുകയും ചെയ്തു.

10. സഹീർ ഭായ് : ബൈജു ചേട്ടനുമൊത്ത് നടത്തിയ ചൈന യാത്രയിലാണ് മലപ്പുറം സ്വദേശിയായ സഹീർ ഭായിയെ ഞാൻ പരിചയപ്പെടുന്നത്. ഞങ്ങളുടെ ചൈന യാത്രയിൽ മുഴുവനും സഹീർഭായി ഞങ്ങളോടൊപ്പം തന്നെ ചെലവഴിക്കുകയും, അവിടത്തെ എല്ലാ കാര്യങ്ങളും സ്പോൺസർ ചെയ്യുകയും ചെയ്തു. വളരെയധികം കഷ്ടപ്പാടുകൾക്കൊടുവിൽ ചൈനയിലെത്തി ബിസിനസ്സ് വിജയം കൈവരിച്ച സഹീർ ഭായി എല്ലാ സംരംഭകർക്കും ഒരു മാതൃകയും, ആത്മവിശ്വാസവുമാണ്.

11. ജാഫർ മാനു : പാലക്കാട് ധോണിയിലെ ലീഡ് കോളേജിൽ വെച്ച് നടന്ന ഒരു പരിപാടിയ്ക്കിടെയാണ് മലപ്പുറം മഞ്ചേരി സ്വദേശിയായ ജാഫർ മാനു എന്ന മാനുക്കയെ പരിചയപ്പെടുന്നത്. BONVO എന്ന സംരംഭത്തിൻ്റെ സാരഥിയായ മാനുക്കയുമായി ഞാൻ ചൈന, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ കൊച്ചിയിൽ നിന്നും സിംഗപ്പൂരിലേക്കുള്ള ഒരു ക്രൂയിസ് യാത്രയിലും മാനുക്ക എന്നെ ക്ഷണിച്ചിട്ടുണ്ട്.

12. ആനവണ്ടി സുഹൃത്തുക്കൾ : എനിക്ക് വളരെക്കാലം മുൻപേ തന്നെ സുഹൃത് ബന്ധങ്ങളെ സമ്മാനിച്ച സംരംഭമാണ് ആനവണ്ടി ബ്ലോഗ് അഥവാ KSRTC BLOG. എന്നെ ഇന്ന് ഈ നിലയിൽ എത്തിച്ചത് ആനവണ്ടിയും ബ്ലോഗും അവ സമ്മാനിച്ച സുഹൃത്തുക്കളും ഒക്കെക്കൂടിയാണ്. തുടക്കം മുതൽ ഇന്നും കൂടെ നിൽക്കുന്ന ഒത്തിരി സുഹൃത്തുക്കൾ എനിക്കുണ്ട്. അവരിൽ ഏറ്റവും അടുപ്പമുള്ള ചിലരുമായി ഞാൻ യാത്രകൾ പോകാറുമുണ്ട്. വൈശാഖ്, ആന്റണി, ശബരി, ജോസ് സ്കറിയ, ജയകൃഷ്ണൻ, നിധിൻ, ഷെഫീഖ് ഇക്ക, സന്തോഷ് കുട്ടൻ തുടങ്ങിയവരാണ് അവരിൽ ചിലർ.

യാത്രകൾക്ക് ഒരിക്കലും അവസാനമില്ല. ഞാൻ ഇപ്പോഴും യാത്രകൾ തുടർന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ സഹയാത്രികയായി ഭാര്യ ശ്വേതയും വന്നു. യാത്രകൾ ഇനിയും എനിക്ക് കൂടുതൽ സുഹൃത്തുക്കളെ തന്നുകൊണ്ടിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും പേരെടുത്തു പറയുവാൻ ഈ ഒരൊറ്റ പോസ്റ്റ് മതിയാകില്ല, അതുകൊണ്ടാണ് പ്രത്യേകം പ്രത്യേകം പേരെടുത്തു പറയാതിരുന്നത്. അതിൽ വിഷമമൊന്നും വിചാരിക്കരുത്. നിങ്ങൾ എല്ലാവരുടെയും സഹായത്താലും പ്രോത്സാഹനത്താലുമാണ് ഞാൻ ഈ നിലയിൽ എത്തിയിരിക്കുന്നത്. അതിനു ഞാൻ എല്ലായ്‌പ്പോഴും നിങ്ങളോട് കടപ്പെട്ടിരിക്കും. നല്ലവരായ എൻ്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി.