നാട്ടിലേക്ക് ടിക്കറ്റ് കിട്ടാത്ത ബാംഗ്ലൂർ മലയാളികൾ അറിയുവാൻ ചില പൊടിക്കൈകൾ…

എഴുത്ത് – യദുകൃഷ്ണൻ വി എസ്.

ഒരേ കമ്പനി ഇറക്കുന്ന ബസ്സുകളും ഏകദേശം ഒരേ സൗകര്യങ്ങളും ഒക്കെ ഉള്ള ബസ്സുകൾ KSRTC ക്ക് ഉണ്ടായിട്ടും ഇന്നും പലർക്കും പ്രൈവറ്റ് ബസ്സുകളോടാണ് പ്രിയം. ഒരു പക്ഷെ ബസ്സുകളുടെ എണ്ണക്കുറവ് ടിക്കറ്റു ലഭ്യതക്കുറവ് എന്നിവയായിരിക്കാം കാരണം. ഏകദേശം 2 വർഷത്തോളമായി KSRTC മാത്രം ഉപയോഗിക്കുന്ന ആളെന്ന നിലയിൽ കുറച്ച് അറിവുകൾ പറഞ്ഞു തരാം. നാട്ടിലേക്ക് ഇടക്കിടക്കുള്ള യാത്ര ലക്ഷുറി ആവണമെന്ന് നിർബന്ധമുള്ളവരും പണം എത്ര വേണമെങ്കിൽ ചെലവാക്കാൻ താല്പര്യമുള്ളവരും ഈ പോസ്റ്റ് വായിക്കേണ്ടതില്ല, സാധാരണക്കാർക്കും ഇത്തിരി ക്ഷമ ഉള്ളവർക്കും വേണ്ടി ആണ് ഇത്.

പ്രൈവറ്റ് ബസ്സുകളെ അപേക്ഷിച്ച് KSRTC ക്ക് ചാർജ് കുറവാണ്, അതുപോലെ തന്നെ 24 മണിക്കൂർ മുന്നേ ക്യാൻസൽ ചെയ്‌താൽ 75% പണവും തിരിച്ചു കിട്ടും, ഇനി പെട്ടന്ന് ക്യാൻസൽ ചെയേണ്ടി വന്നാലും വണ്ടി സ്റ്റാർട്ടിങ് പ്ലേസിൽ നിന്ന് എടുക്കുന്നതിനു ഒരു മണിക്കൂർ മുന്നേ ക്യാൻസൽ ചെയ്താൽ 50% തിരിച്ചു കിട്ടും. 30 ദിവസം മുന്നേ തന്നെ KSRTC ബുക്കിങ് തുടങ്ങുന്നു, അവധി ദിവസങ്ങളെ മുൻകൂട്ടി കണ്ടു ബുക്ക് ചെയ്‌താൽ പ്രൈവറ്റുകാരുടെ കത്തിക്ക് തലവെക്കാതെ രക്ഷപെടാം .

ടിക്കറ്റ് കിട്ടാൻ പ്രയാസമുള്ള ദിവസങ്ങൾ (വെള്ളിയാഴ്ചയും ഞായറാഴ്ചയും), അന്നേ ദിവസത്തിന്റെ തലേന്ന് (വ്യാഴം ഉം ശനിയും ) രാവിലെ ഒരു 11 മണിക്ക് ശേഷം ടിക്കറ്റ് ഉണ്ടോ നോക്കുക. ട്രെയിനിൽ തത്കാൽ ടിക്കറ്റു കിട്ടുന്ന പലരും മുന്നേ ബുക്ക് ചെയ്ത ബസ്സ് കാൻസൽ ചെയ്യും. അപ്പോൾ ആ സീറ്റ് നമുക്ക് കിട്ടാൻ ചാൻസ് ഉണ്ട്.

തൃശൂർ എറണാംകുളം ഭാഗത്തേക്ക് ഉള്ളവർക്ക് തിരക്ക് ദിവസങ്ങളിൽ KSRTC ഫുൾ ആയാലും മറ്റൊരു വഴി ഉണ്ട്. കര്ണാടക RTC ക്ക് കോയമ്പത്തൂരിലേക്ക് ഒരുപാട് ബസ്സുകൾ ഉണ്ട്. അവയിൽ ഏതെങ്കിലും ബുക്ക് ചെയ്‌താൽ അതിരാവിലെ കോയമ്പത്തൂർ എത്താം. അവിടെ നിന്നും തൃശൂർ പാലക്കാട് ഭാഗത്തേക്ക് എപ്പോളും, തിരുവനന്തപുരത്തേക്ക് ഇടവിട്ടും ബസ്സുകളും ഇടക്കിടക്ക് ട്രെയിനുകളും ഉണ്ട്. സാധാ സമയത്തേക്കാൾ ഒരു ഒന്നോ ഒന്നരയോ മണിക്കൂർ വ്യത്യാസം വരുമെങ്കിലും കീശ കാലിയാവില്ല.

ഞായറാഴ്ച ബാംഗ്ളൂർ തിരിച്ചു പോകാൻ ബസ്സ് ഇല്ലെങ്കിൽ സെർച്ച് ചെയുമ്പോൾ തിങ്കളാഴ്ചയിലെ ഡേറ്റ് കൊടുത്ത് സേർച്ച് ചെയുക. കാരണം രാത്രി 12 മണിക്ക് ശേഷവും കുറച്ച് സർവീസുകൾ ഉണ്ട്. ഇത് ഞായറാഴ്ച ഡേറ്റിൽ കാണിക്കില്ല. തിങ്കളാഴ്ച രാവിലെ 10 – 11 മണിയോടെ ബാംഗ്ളൂർ എത്തുന്ന ഈ ബസ്സുകൾ ഉച്ചക്ക് ശേഷം ജോലിക്ക് പോകുന്നവർക്ക് ബുക്ക് ചെയ്യാവുന്നതാണ്. മറ്റൊരു ബസ്സും ഇല്ലെങ്കിൽ രാവിലെ ജോലിക്ക് പോകുന്നവർക്കും ഇത് പരീക്ഷിക്കാം. രാവിലെ ഫ്രഷ് ആവാൻ നിർത്തുന്ന നേരം പല്ലുതേപ്പും മറ്റും കഴിച്ചു നേരെ ഓഫീസിൽ കേറാം.

തിരക്കുള്ള ദിവസങ്ങളിൽ ബാംഗ്ളൂർ ഡയറക്ട് ബസ്സ് ഇല്ലെങ്കിൽ മൈസൂർ വരെ ടിക്കറ്റു കിട്ടുമോ നോക്കുക. അവിടെ നിന്നും ഈസിയായി ബാംഗ്ളൂർ എത്താം. ഇനി വളരെ തിരക്കുള്ള ഓണം വിഷു സമയങ്ങളിൽ എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതി, അല്ലെങ്കിൽ തിരിച്ചു എത്തിയാൽ മതി എങ്കിൽ പരീക്ഷിക്കാൻ ചില വഴികൾ കൂടി പറഞ്ഞു തരാം.

1. ബാംഗ്ളൂർ നിന്ന് (ശാന്തിനഗറിൽ നിന്നും മഡിവാള പോലീസ് സ്റ്റേഷന്റെ അവിടെ നിന്നും) സേലം വരെ തമിഴ്നാട് വണ്ടികൾ കിട്ടും. . സേലം എത്തിയാൽ ചിലപ്പോൾ ഡയറക്ട് നാട്ടിലേക്കു തമിഴ്നാട് വണ്ടികൾ കിട്ടും. അല്ലെങ്കിൽ കോയമ്പത്തൂർ പോയി മാറി കേറുക.

2. ഇരിട്ടി,, കണ്ണൂർ തലശ്ശേരി പോവേണ്ടവർക്കു ബാംഗ്ലൂർ – വിരാജ്പെട്ട് ബസ് ബുക്ക് ചെയ്യാം. കർണാടക SRTC ബസ് കുറെ ഉണ്ട്. അവിടെ നിന്നു ഇരിട്ടിക്ക്‌ ഒരു മണിക്കൂർ യാത്രയെ ഉള്ളു.

3. കണ്ണൂർ, കോഴിക്കോട് ഭാഗത്തേക്ക് ഉള്ളവർ മൈസൂർ പോയാൽ ഇടക്കിടക്ക് നാട്ടിലേക്ക് ഉള്ള ബസ്സുകൾ ഉണ്ട്, ബാംഗ്ളൂർ – മൈസൂർ ബസ്സുകൾ ഇഷ്ടം പോലെ സാറ്റലൈറ്റ് സ്റ്റാൻഡിൽ നിന്ന് കിട്ടും. തിരിച്ചു യാത്രക്ക് തൃശൂർ മുതൽ ഉള്ളവർക്ക് കോഴിക്കോട് അല്ലെങ്കിൽ മാനന്തവാടി ബസ്‌ സ്റ്റാൻഡിൽ എത്തിയാൽ ഇടക്കിടക്ക് മൈസൂർ ബസ്സ്‌ കിട്ടും. അവിടെ നിന്ന് ബാംഗ്ളൂർ എത്താം.

ഇനി യാത്ര സുഗമമാവാൻ ചിലത്.. കോയമ്പത്തൂർ, സേലം വഴിയുള്ള യാത്രകൾ ആണെങ്കിൽ സാധാ എയർ ബസ്സ് അത്യാവശ്യം കംഫര്ട്ട് ആണ്. പക്ഷെ എയർ ബസ്സ് നല്ല ഹൈവേ വഴിയല്ലെങ്കിൽ പിറകിലെ സീറ്റുകൾ പരമാവധി ബുക്ക് ചെയ്യാതിരിക്കുക. ബസ്സുകൾ ബുക്ക് ചെയുമ്പോൾ ബസ്സിന്റെ സ്റ്റാർട്ടിങ് പോയന്റ് എവിടെ ആണെന്ന് കൂടെ നോക്കുക, ഉദാഹരണത്തിന് തൃശൂർ നിന്നുള്ള യാത്രക്കാർക്ക് തൃശൂർ നിന്ന് എടുക്കുന്ന വണ്ടികൾ ഉണ്ട് അവ കൃത്യ സമയത്ത് എടുക്കും , പക്ഷെ ബസ്സിന്റെ സ്റ്റാർട്ടിങ് പോയന്റ് തിരുവനന്തപുരം അല്ലെങ്കിൽ കോട്ടയം ഒക്കെ ആണെങ്കിൽ ടിക്കറ്റിൽ കാണിച്ച സമയത്തു വണ്ടി തൃശൂർ എത്തില്ല. റോഡിൽ ഓടുന്ന വണ്ടി ആണ് ലേറ്റ് ആവും, അപ്പോൾ കണ്ടക്ടറെ വിളിച്ചു ചോദിച്ച ശേഷം ബസ് സ്റ്റാൻഡിൽ വന്ന് പോസ്റ്റ് ആവുക.

സ്‌കാനിയ, വോൾവോ ബസ്സുകളെ അപേക്ഷിച്ചു എയർ ബസ്സുകളിൽ ലഗേജ് സ്‌പേസ് കുറവാണ്. അത് മനസ്സിലാക്കി ബാഗുകൾ കൈപിടിക്കുക. പുഷ് ബാക്ക് സീറ്റുള്ള എയർ ബസ്സുകളും സ്‌കാനിയ വോൾവോ ബസ്സുകളും കെഎസ്ആർടിസിയിലെ യാത്ര ലാഭവും സൗകര്യപ്രദവുമാക്കുന്നു. അടുത്തു തന്നെ സ്ലീപ്പർ ബസ്സുകളും നമ്മുടെ കെഎസ്ആർടിസി ഇറക്കും എന്ന് പ്രതീക്ഷിക്കാം.