പ്രമുഖ വ്‌ളോഗർ രതീഷ് ആർ. മേനോനോടൊപ്പം ഒരു സായാഹ്‌നയാത്ര

നാട്ടിലും വിദേശത്തുമായി കുറെയധികം വീഡിയോകൾ ഇതിനകം ടെക് ട്രാവൽ ഈറ്റിൽ വന്നിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് വ്യത്യസ്തമായി കുറച്ചു വീഡിയോകൾ ചെയ്യണം എന്ന ഒരാഗ്രഹം മനസ്സിൽ ഉടലെടുക്കുന്നത്. എന്നെപ്പോലെ ധാരാളം വ്‌ളോഗർമാർ നമ്മുടെ സോഷ്യൽ മീഡിയയിൽ ഉണ്ടല്ലോ. അതിൽ നിന്നും തിരഞ്ഞെടുത്ത പ്രമുഖരായ ചിലരോടൊപ്പം ഓരോ എപ്പിസോഡ് വീതം ചെയ്യുവാൻ തീരുമാനിക്കുന്നത് അങ്ങനെയാണ്.

‘ട്രാവൽ വിത്ത് എ വ്ലോഗ്ഗർ’ എന്നയീ വ്ലോഗ് സീരീസിൽ ആദ്യമായി ഞാൻ പോകുവാൻ തിരഞ്ഞെടുത്തത് പ്രമുഖ വ്‌ളോഗറായ, ഞങ്ങൾ രതീഷേട്ടൻ എന്ന് വിളിക്കുന്ന, രതീഷ് ആർ മേനോനെ ആയിരുന്നു. അതിനായി ഞാൻ മാളയിലുള്ള ഹാരിസ് ഇക്കയുടെ വീട്ടിലെത്തുകയും ഹാരിസ് ഇക്കയോടൊപ്പം എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലുള്ള രതീഷേട്ടന്റെ വീട്ടിലേക്ക് പോകുകയും ചെയ്തു.

രതീഷ് ആർ. മേനോനെ നിങ്ങൾക്കെല്ലാവർക്കും പരിചയം കാണും. കാരണം നമ്മളൊക്കെ അദ്ദേഹത്തിൻ്റെ ചാനൽ കണ്ടിട്ടാണ് ഈ മേഖലയിലേക്ക് കടന്നു വന്നതു തന്നെ. വർഷങ്ങൾക്ക് മുൻപേ തന്നെ രതീഷേട്ടൻ ഓൺലൈൻ, സോഷ്യൽ മീഡിയ രംഗത്തു സജീവമാകുകയായിരുന്നു. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്നത്തെപ്പോലെ വ്ലോഗിങ് നമ്മുടെ നാട്ടിൽ സജീവമാകുന്നതിനു മുന്നേ തന്നെ രതീഷേട്ടൻ മികച്ച ഒരു വ്‌ളോഗറായി പേരെടുത്തു കഴിഞ്ഞിരുന്നു. ഇന്ന് അദ്ദേഹത്തിന് ഫേസ്‌ബുക്ക്, യൂട്യൂബ് എന്നീ മീഡിയകളിലായി 18 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.

2017 ഫെബ്രുവരി മാസത്തിലാണ് ഞാൻ ആദ്യമായി രതീഷേട്ടന്റെ വീട്ടിൽ പോകുന്നത്. അന്ന് ടെക് ട്രാവൽ ഈറ്റിനു 50,000 സബ്സ്ക്രൈബേഴ്‌സ് മാത്രമേയുണ്ടായിരുന്നുള്ളൂ. ഞാൻ രതീഷേട്ടന്റെ നമ്പർ സംഘടിപ്പിച്ച് അദ്ദേഹത്തെ വിളിക്കുകയും ഒന്നിച്ചൊരു വീഡിയോ ചെയ്യുന്നതിനെക്കുറിച്ച് പറയുകയുമുണ്ടായി.

അന്ന് രതീഷേട്ടന് അഞ്ചു ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടായിരുന്നു. എൻ്റെ റിക്വസ്റ്റ് അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുകയും എന്നെ വീട്ടിലേക്ക് ക്ഷണിക്കുകയുമുണ്ടായി. അങ്ങനെ ഞങ്ങൾ ഒന്നിച്ചൊരു വീഡിയോ ചെയ്യുകയും, പ്രസ്തുത വീഡിയോ ‘ടെക് ട്രാവൽ ഈറ്റ്’ ചാനലിന്റെ വളർച്ചയിൽ പ്രധാനപ്പെട്ട ഒരു ഘടകമായിത്തീരുകയും ചെയ്തത് ചരിത്രം.

അങ്ങനെ ഏകദേശം രണ്ടേ മുക്കാൽ വർഷങ്ങൾക്കു ശേഷം ഇപ്പോൾ വീണ്ടും രതീഷേട്ടന്റെ വീട്ടിലേക്ക് പോകുകയാണ്. ഞങ്ങൾ ചെന്നപാടെ രതീഷേട്ടൻ എന്ന കുടുംബനാഥനെയാണ് അവിടെ കാണുവാൻ സാധിച്ചത്. അദ്ദേഹവും വീട്ടുകാരും ഞങ്ങളെ നന്നായി സ്വീകരിച്ചു.

രതീഷേട്ടന്റെ വീട്ടിലെ ഒരു മുറി നിറയെ മൊബൈൽഫോൺ മുതലുള്ള പലതരത്തിലുള്ള ഡിവൈസുകൾ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. ഒപ്പം തന്നെ രതീഷേട്ടന്റെ സ്റ്റുഡിയോയും ഞങ്ങൾ സന്ദർശിച്ചു. ഫുൾ സെറ്റപ്പിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ സ്റ്റുഡിയോ. കൂടാതെ മനോഹരമായ ഒരു എഡിറ്റിങ് ടേബിളും. രണ്ടേ മുക്കാൽ വർഷങ്ങൾ കൊണ്ട് അദ്ദേഹത്തിൻ്റെ സ്റ്റുഡിയോയ്ക്ക് വന്ന മാറ്റങ്ങൾ കാലാനുസൃതമാണ്.

രതീഷേട്ടന്റെ വീട്ടിലെ വിശേഷങ്ങളെല്ലാം അനുഭവിച്ചറിഞ്ഞതിനു ശേഷം ഞങ്ങൾ അവിടെ നിന്നും കുറച്ചു ദൂരത്തായി സ്ഥിതി ചെയ്യുന്ന ചെറായി ബീച്ചിലേക്ക് യാത്രയായി. ഞങ്ങളെന്നു പറഞ്ഞാൽ ഞാനും രതീഷേട്ടനും പിന്നെ ഹാരിസ് ഇക്കയും. ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഞാൻ ആദ്യമായിട്ടായിരുന്നു ചെറായി ബീച്ച് സന്ദർശിക്കുന്നത്.

സായാഹ്നക്കാറ്റേറ്റ് ഞങ്ങൾ കടൽത്തീരത്തു കൂടി നടന്നു. അങ്ങനെയാണ് അവിടത്തെ വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ ശ്രദ്ധയിൽപ്പെടുന്നത്. അങ്ങനെ ഞങ്ങൾ ഒരു ബോട്ട് റൈഡിനു പോകുവാൻ തീരുമാനിച്ചു. കടലിലെ തിരമാലകൾക്കനുസരിച്ചു പൊങ്ങിച്ചാടി ഒരു യാത്ര.

കാര്യം ‘ട്രാവൽ വിത്ത് രതീഷ് ആർ മേനോൻ’ എന്നാണെങ്കിലും രതീഷേട്ടൻ മടി കാരണം ബോട്ട് യാത്രയിൽ നിന്നും പതിയെ പിന്മാറി. ഞങ്ങളെ ഏറെ നിർബന്ധിച്ചിട്ടും രതീഷേട്ടൻ വന്നില്ല. ഒടുവിൽ ഞങ്ങളുടെ കൈവശമുണ്ടായിരുന്ന സാധനങ്ങളെല്ലാം രതീഷേട്ടനെ ഏല്പിച്ചുകൊണ്ട് ഞാനും ഹാരിസ് ഇക്കയും ലൈഫ് ജാക്കറ്റുകളൊക്കെ ധരിച്ചുകൊണ്ട് ബോട്ടിൽ കയറി കടലിലൂടെ യാത്രയായി. വളരെ രസകരമായിരുന്നു ആ യാത്ര. ചെറായി ബീച്ചിൽ വരുന്നവർ തീർച്ചയായും ട്രൈ ചെയ്തിരിക്കേണ്ട ഒരു ഐറ്റം.

ഒടുവിൽ ബോട്ട് യാത്രയ്ക്കു ശേഷം നനഞ്ഞുകുളിച്ചു ഞങ്ങൾ തിരികെ ബീച്ചിൽ എത്തി. കാറിൽ വേറെ ഡ്രസ്സ് കരുതിയിരുന്നതിനാൽ ഞങ്ങൾ പെട്ടെന്ന് നനഞ്ഞ വസ്ത്രങ്ങൾ മാറ്റി. അപ്പോഴാണ് അവിടെ ഒരു ബജ്ജി, പലഹാരക്കട കണ്ടത്. ഞങ്ങൾ നേരെ അവിടേക്ക് ചെന്ന് പഴംപൊരിയും, ബജ്ജിയുമൊക്കെ വാങ്ങി അകത്താക്കി. സത്യം പറയാമല്ലോ വലിയ രുചിയൊന്നും എനിക്ക് തോന്നിയില്ല. ചിലപ്പോൾ ഞങ്ങൾ പോയ ദിവസത്തെ മാത്രമായിരിക്കും.

അങ്ങനെ ഞങ്ങൾ രതീഷേട്ടന്റെ കൂടെയുള്ള അടിപൊളി എപ്പിസോഡ് പൂർത്തിയാക്കി. ഒടുവിൽ അവിടെ വെച്ച് ഞങ്ങൾ രതീഷേട്ടനുമായി യാത്ര പറഞ്ഞു പിരിഞ്ഞു. ഇനി അടുത്ത എപ്പിസോഡ് ഹാരിസ് ഇക്കയുമായാണ്. ആ വിശേഷങ്ങളും വീഡിയോയും അടുത്ത ദിവസം കാണാം.