ട്രിവാൻഡ്രം കഫേ : പൂജപ്പുരയിലെ ഒരു മികച്ച റെസ്റ്റോറൻറ്

വിവരണം – പ്രവീൺ ഷൺമുഖം (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ).

കുടുംബവുമായി പൂജപ്പുര സരസ്വതി മണ്ഡപത്തിൽ പോയതാണ്. പിള്ളേർക്ക് ഒന്ന് ആർമാദിക്കാൻ. കൂടെ നമുക്കും. തിരിച്ച് ഇറങ്ങാറായപ്പോൾ ഇളയ മോൾക്ക് ഒരു മൂത്രശങ്ക. നമ്മുടെ തിരുവനന്തപുരത്ത് പബ്ലിക് ടോയ്‌ലറ്റുകളുടെ കുറവ് വലിയ ഒരു പ്രശ്നമായി തോന്നിയിട്ടുള്ള സന്ദർഭങ്ങളിൽ ഒന്ന്. അടുത്ത പോംവഴി ടോയ്ലറ്റ് ഉള്ള ഒരു റെസ്റ്റോറൻറ് കണ്ടു പിടിക്കണം. അതും പെട്ടെന്ന് വേണം. തിരുവനന്തപുരത്ത് നല്ല ടോയ്‌ലറ്റ് ഉള്ള എത്ര റെസ്റ്റോറൻറ് ഉണ്ട്. അതും ഒരു ചോദ്യമാണ്. നമുക്ക് ഒരു പോസ്റ്റ് ഇട്ടാലോ, ആലോചിക്കേണ്ട ഒരു വിഷയം തന്നെയാണെങ്കിലും തൽക്കാലം അതവിടെ നിൽക്കട്ടെ. നമുക്ക് ഇങ്ങോട്ട് വരാം.

സരസ്വതി മണ്ഡപത്തിൽ നിന്നും ഇറങ്ങി ഇടത്തോട്ടുള്ള റോഡ് വഴി താഴോട്ട് നടന്നപ്പോൾ കണ്ണിൽ പെട്ടത് വലതുവശത്തെ ട്രിവാൻഡ്രം കഫേയാണ്. ഞാൻ പുറത്തു നിന്നു. ഭാര്യ പിള്ളാരെയും കൊണ്ടുപോയി. ടോയ്ലറ്റ് ഉള്ള വഴി കുറച്ച് ഇരുട്ടായിരുന്നു. അകത്ത് ആവശ്യത്തിന് വൃത്തി ഉണ്ടായിരുന്നു എന്നു പറഞ്ഞു. വേറെ മേന്മ യൊന്നും പറയാനില്ല. സ്പേസ് വളരെ കുറവാണ്. എന്തായാലും സംഗതി ശുഭമായി കഴിഞ്ഞു. അവിടെ നിന്ന് ആഹാരം ഒന്നും കഴിച്ചില്ലെങ്കിലും ഹോട്ടലുകാർ മുഷിവ് ഒന്നും കാണിക്കാതെ ടോയ്ലറ്റ് കാണിച്ചു കൊടുത്തത് നല്ലൊരു കാര്യമായി തോന്നി.

ഈ ഹോട്ടലിൽ തന്നെ ആഹാരം കഴിക്കാനും കയറിയാലോ, കൊള്ളാമെങ്കിൽ റിവ്യൂവും ഇടാം. ആരും പറഞ്ഞ് കേട്ടിട്ടില്ല. അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് അകത്തുകയറി കയറി. അകം കൊള്ളാം. വൃത്തി ഉണ്ട്. 32 പേർക്ക് വിശാലമായി ഇരിക്കാൻ സ്ഥലം ഉണ്ട്. ഓപ്പൺ കിച്ചൺ. ആകപ്പാടെ കൊള്ളാം. അജിനോമോട്ടോ ഇത്യാദികൾ ഇല്ല, പാമോയിൽ, സൺഫ്ലവർ, വെളിച്ചെണ്ണയിൽ ആണ് പാചകം എന്നൊക്കെ ബോർഡ് കണ്ടു. ഇനി ആഹാരം. ചെട്ടിനാടൻ ചിക്കനും പൊറോട്ടയും ആണ് പറഞ്ഞത്. ആഹാ നല്ല ടേസ്റ്റ്, ഇതൊക്കെ ഇവിടെ ഉണ്ടായിരുന്നോ, കൊള്ളാം.

നല്ല ക്വാണ്ടിറ്റിയും രുചിയും. സംതൃപ്തിയോടെ കഴിച്ചിറങ്ങി കാശെലല്ലാം കൊടുത്തു കഴിഞ്ഞ് കാര്യങ്ങൾ ചോദിച്ചപ്പോൾ ഇവിടെ തുടങ്ങിയിട്ട് ഏഴ് വർഷമായി എന്ന് അറിഞ്ഞു. ഇത് വഴി തേരാ പാരാ പോകുമ്പോഴും ഒന്നു നോക്കുമെന്നല്ലാതെ ഇത് വരെ കേറിയിട്ടില്ല. വൈകുന്നേരം ചിക്കൻ, ബീഫ് വിഭവങ്ങൾ ഉണ്ടെന്ന് അറിഞ്ഞു. ചൈനീസ്, നാടൻ വിഭവങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഗ്രേവിയാണ് തയ്യാറാക്കുന്നത്. ഫ്രൈയിന് വെളിച്ചെണ്ണ മാത്രമാണ് ഉപയോഗിക്കുന്നത്. ഉച്ചയ്ക്ക് ഇലയിൽ ഊണ് ഉണ്ട്. 70 രൂപയാണ്. വിഭവങ്ങളൊക്കെ പറഞ്ഞു കേട്ടപ്പോൾ കൊള്ളാലോ ഇനി അടുത്തത് അത് എന്നും വിചാരിച്ചു ഇറങ്ങി.

അങ്ങനെ ഒരു ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ചോറ് ആയിട്ടില്ല. ഉച്ചയ്ക്ക് നേരെ അടുത്തുള്ള ട്രിവാൻഡ്രം കഫെയിലേക്ക് വിട്ടു. റോഡിൽ തിരക്കുള്ള സമയം കാർ പാർക്ക് ചെയ്യാൻ സ്ഥലം കുറവാണ്. കുറച്ചു മുന്നിലായി വലതുവശത്ത് വണ്ടി ഒതുക്കി ഹോട്ടലിലേക്ക് കയറി. അത്യാവശ്യം തിരക്കുണ്ട്. ഫാമിലി ആയിട്ടും അല്ലാതെയും ആൾക്കാരുണ്ട്. ഒരു ഇരിപ്പിടം നോക്കി ഇരുന്നു. വാഴയില എത്തി. വിളമ്പാൻ അധികം താമസിച്ചില്ല. മാങ്ങാ അച്ചാർ, തേങ്ങ ചമ്മന്തി, ബീൻസ് തോരൻ, ബീറ്റ്റൂട്ട് കറി, അവിയൽ, തക്കാളിക്കറി, പപ്പടം, പരിപ്പ്, ചോറ്. പരിപ്പ് ചോറിൽ ഒഴിച്ച് പപ്പടം പൊടിച്ചു ചേർത്തു കഴിക്കാൻ തുടങ്ങിയപ്പോഴേ മുഖം തെളിഞ്ഞു. ഇതു മിന്നും. നല്ല രുചി.

കൂട്ടു കറികളൊക്കെ ആദ്യം ഒന്ന് പിടിച്ചാണ് വിളമ്പിയതെങ്കിലും തീർന്നപ്പോൾ വീണ്ടും നല്ല അളവിൽ വിളമ്പാൻ അമാന്തം ഉണ്ടായില്ല. എല്ലാ കറികളും നന്നായിരുന്നു. ഒന്നിനും ഒരു കുറ്റവും പറയാനില്ല. അടുത്തത് സാമ്പാർ. നന്നായിരുന്നു. വെള്ള പായസം ഒരു കിണ്ണത്തിൽ കിട്ടിയത് ഇലയിൽ ഒഴിച്ചു കഴിച്ചു.കൊള്ളാം. പുളിശ്ശേരി, രസം എല്ലാം ബലേഭേഷ്. തൈര് അത്ര കട്ടിയല്ല എങ്കിലും തെറ്റു പറയാനില്ല. നന്നായിരുന്നു. എല്ലാം കൂടി 70 രൂപ. ടേസ്റ്റ് അറിയാൻ വാങ്ങിച്ച കണവ കറിയും കൊള്ളാം. നൂറു രൂപയ്ക്ക് worth ആണ്. ഇല എടുക്കേണ്ട. അവർ എടുത്തോളും. ടോട്ടലി സംതൃപ്തിയോടെ കഴിച്ചു എഴുന്നേറ്റു. സർവീസ് തൃപ്തികരമായിരുന്നു. തിരക്കിനിടയിലും എല്ലായിടത്തും ശ്രദ്ധ എത്തുന്നുണ്ട് . വൃത്തിയും ഉണ്ട്. പൂജപ്പുര വഴി പോകുമ്പോൾ വിശ്വസിച്ച് ആഹാരം കഴിക്കാൻ പറ്റിയ ഒരു റെസ്റ്റോറൻറ്. (എന്റെ അനുഭവം).

ലൊക്കേഷൻ: ജഗതിയിൽ നിന്ന് പൂജപ്പുര പോകുമ്പോൾ റൗണ്ട് എബൗട്ട് എത്തുന്നതിനു മുമ്പായുള്ള ഇടതുവശത്തെ റോഡിൽ കയറി കുറച്ചു മുന്നോട്ടു പോകുമ്പോൾ റെസ്റ്റോറന്റ് ഇടതുവശത്തായി വരും. 7 വർഷമായി പ്രധാനപ്പെട്ട സ്റ്റാഫുകൾ മാറിയിട്ടില്ല. Management ഇടയ്ക്ക് ഇടയ്ക്ക് മാറാറുണ്ട്. ഇപ്പോൾ നടത്തുന്ന ആൾ മെയ് മുതലാണ് നടത്തുന്നത്. പുള്ളി മുൻപും ഇതേ ഹോട്ടൽ നടത്തിയിട്ടുണ്ട്. Partners 3-4 പേരുണ്ട്. അവർ ഇടയ്ക്കിടയ്ക്ക് മാറി മാറി മാനേജ്മെന്റ് ചെയ്യും എന്നാണ് അവിടെ നിന്നിരുന്ന പഴയ സ്റ്റാഫ് പറഞ്ഞത്. ഓണറിനെ കോൺടാക്ട് ചെയ്യാൻ, പുള്ളി സ്ഥലത്തില്ല പുറത്താണെന്നും പറഞ്ഞിട്ടുണ്ട്. Seating Capacity: 32, Timings: 8 AM to 10:30 PM.