തിരുവനന്തപുരം മുതൽ മലപ്പുറം വരെ ഫ്രീയായി ഒരു പ്രവാസിയാത്ര…

“തിരുവനന്തപുരം മുതൽ മലപ്പുറം വരെ.. ആനവണ്ടിയും കൂടെ 2 പാപ്പാന്മാരും കൂടെ നമ്മുടെ കേരളാ പോലീസും.” കൊറോണക്കാലത്ത് അബുദാബിയിൽ നിന്നും തിരുവനന്തപുരത്തെത്തി, കെഎസ്ആർടിസി സ്പെഷ്യൽ ബസ്സിൽ മലപ്പുറത്തേക്ക് യാത്ര ചെയ്ത പ്രവാസിയായ റാഷിദ് വി. എഴുതിയ അനുഭവക്കുറിപ്പ്.

അങ്ങനെ ജൂൺ 17ന് രാത്രി 10 മണിക്ക് വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള ഫ്ലൈറ്റിൽ ഞാൻ അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന IX-1538 എയർ ഇന്ത്യയുടെ ഫ്ലൈറ്റിൽ സുരക്ഷിതമായി നാട്ടിലെത്തി. ഇമിഗ്രേഷൻ കടമ്പകളും, വിദേശത്ത് നിന്ന് വരുന്നവർക്കുള്ള റെജിസ്ട്രേഷനും എല്ലാം കഴിഞ്ഞു 11.30 ആയപ്പോഴേക്കും എയർപോർട്ടിന് പുറത്തിറങ്ങി.

ഫ്ലൈറ്റ് കയറിയത് മുതൽ നാട്ടിലെ എയർപോർട്ടിനു പുറത്തേക്കിറങ്ങുന്നത് വരെ മനസിലുണ്ടായിരുന്ന സംശയമായിരുന്നു തിരുവനന്തപുരത്ത് നിന്ന് എങ്ങനെ മലപ്പുറത്ത് എത്തുമെന്ന്. അതും രാത്രി 12 മണി നേരത്ത്. പക്ഷെ മുഴുവൻ സംശയങ്ങൾക്കുമുള്ള ഉത്തരം എനിക്ക് എയർപോർട്ടിന് പുറത്ത് കാണാൻ സാധിച്ചു. തൃശൂർ പൂരത്തിന് തിടമ്പേറ്റിയ ആനകളെ പോലെ നിരനിരയായി തലയെടുപ്പോടെ നമ്മുടെ സ്വന്തം ആനവണ്ടികൾ. ഫ്ലൈറ്റിൽ വരുന്ന ദൂരയാത്രക്കാർക്ക് സൗജന്യമായി സ്വന്തം നാടണയാൻ കേരളാ സർക്കാർ ഒരുക്കിയതാണ്.

നേരം 12 മണിയാന്നെന്നോർക്കണം. ടാക്സിക്ക് നല്ല ചിക്കിളി കൊടുക്കണം. നിലനിൽപ്പിലാതെ, കയ്യിൽ പൈസയില്ലാതെ, ജോലി നഷ്ടപ്പെട്ടും, വിസിറ്റിൽ പോയി ജോലിയാവാതെയും കിട്ടിയ ഫ്ലൈറ്റിൽ നാട്ടിലെത്തിയ എന്നെ പോലെയുള്ള ദൂരെ ജില്ലകളിലുള്ള യാത്രക്കാർക്ക് സ്വന്തം നാട്ടിലെ ക്വാറന്റെയിൻ സെന്ററിലെത്താനുള്ള മാർഗം ആലോചിച്ചിരിക്കുന്ന ഓരോ പ്രവാസിക്കും സർക്കാരിന്റെ ഈ ഫ്രീ സർവ്വീസ് ഒരു വലിയ അനുഗ്രഹമാണ്.

അതാത് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് നിർദ്ദേശങ്ങൾ നൽകാൻ പോലീസ് ഓഫീസർമാരും, റവന്യൂവകുപ്പും, ആരോഗ്യവകുപ്പും KSRTC ജീവനക്കാരും, മറ്റു സർക്കാർ ഉദ്യോഗസ്ഥരും ഏത് നേരത്തും സജീവമായി അവിടെയുണ്ട്. എല്ലാവരും നല്ല സമീപനം.
നല്ല പെരുമാറ്റം. ഓരോ യാത്രകാരോടും പോവേണ്ട സ്ഥലം അങ്ങോട്ട് ചോദിച്ചു മനസ്സിലാക്കി അങ്ങോട്ടേക്കുള്ള ബസ്സ് കാണിച്ചു കൊടുക്കുന്നു.

അങ്ങനെ ഞാനും എന്റെ ലഗേജുമായി എയർപോർട്ടിന് മുന്നിൽ കിടക്കുന്ന മലപ്പുറം- കാസർകോട് പോകുന്ന KSRTC ബസിൽ കയറി.
ഡ്രൈവർ സീറ്റ് കഴിഞ്ഞ് ബാക്കിലുള്ള രണ്ട് സീറ്റ് കഴിഞ്ഞേ യാത്രക്കാർക്ക് ഇരിക്കാൻ പറ്റൂ, ബസിൽ 2 ഡ്രൈവർമാർ ഉണ്ട്.

നല്ല വിശപ്പുണ്ട്. അബുദാബിയിൽ നിന്ന് രാവിലെ 8 മണിക്ക് റൂമിൽ നിന്ന് അരകഷ്ണം കുബൂസ് ചായയിൽ മുക്കി തിന്ന് റൂമിൽ നിന്ന് ഇറങ്ങിയതാണ്. ബാച്ച്ലേഴ്സ് റൂമിൽ നാട്ടിലെ പോലെ പത്തിരിയൊന്നും ഉണ്ടാകില്ലല്ലോ. റൂമിലെ കൂട്ടുകാരുടെ നിർദ്ദേശ പ്രകാരം പുറത്ത് നിന്ന് 4 പൊറാട്ടയും ഒരു ബീഫ് ഫ്രൈയും 2 ബോട്ടിൽ വെള്ളവും വാങ്ങി. നാട്ടിലേക്ക് പോരുന്ന തിരക്കിൽ കൊടുത്ത ദിർഹംസിന്റെ കണക്ക് ഒന്നും ഞാൻ ഓർക്കുന്നില്ല.

ഭക്ഷണം എയർപോർട്ടിൽ നിന്ന് കഴിക്കാമെന്ന് കരുതിയാണ് വാങ്ങിച്ചത്. പക്ഷെ എയർപോർട്ടിൽ അതിനൊന്നും നേരമില്ല. കഴിക്കാൻ കഴിഞ്ഞില്ല. ഫ്ലൈറ്റിൽ നിന്ന് കിട്ടിയത് 2 കേക്കും, ഒരു ചെറിയ മിനി ബോട്ടിൽ വെള്ളവും. വിശപ്പും ദാഹവും കാരണം കിട്ടിയത് കുടിച്ചു ഫ്ലൈറ്റിൽ ഇരുന്നു. നാലര മണിക്കൂറിന് ശേഷം നാട്ടിലെത്തി.

അങ്ങനെ വിശന്ന് ബസിൽ കയറി ഇരുന്നപ്പോഴാണ് ‘അബൂദാബി’ പൊറാട്ടയുടെയും ബീഫിന്റെയും ഓർമ്മ വന്നത്. ഒട്ടും ചിന്തിക്കാതെ കവർ പുറത്തെടുത്തു. ഡ്രൈവർമാരോട് സമ്മതം ചോദിച്ച് കവർ തുറന്നു. പൊറാട്ടയൊക്കെ കല്ല് പോലെ ആയിട്ടുണ്ട്. ബീഫ് ഒന്ന് മണത്തുനോക്കി. ഇല്ല കുഴപ്പമില്ല. ഇനി കുഴപ്പം ഉണ്ടായാലും കഴിച്ചേ പറ്റൂ. കാരണം ആ നേരത്ത് അവിടെ ഒന്നും വേറെ കടയില്ല. പോകുന്ന വഴിക്ക് എവിടെയും നിർത്താനും പറ്റില്ല. അതാണ് covid19 protocol.

എന്തായാലും മറ്റൊന്ന് ആലോചിക്കാൻ നിൽക്കാതെ നാല് പൊറാട്ടയിൽ മൂന്നര പൊറാട്ട അകത്താക്കി. നേരത്തെ വാങ്ങിവെച്ച വെള്ളകുപ്പിയിൽ നിന്ന് വെള്ളവും കുടിച്ചു. മുഖവും കയ്യും കഴുകാൻ തിരിച്ച് പാസ്സ്പോർട് കാണിച്ച് വീണ്ടും എയർപോർട്ടിന് ഉള്ളിൽ കയറി. പേടിക്കണ്ട കയ്യിൽ ഗ്ലൗസ് ഉണ്ടായിരുന്നു. മുഖത്ത് മാസ്കും. എല്ലാം കഴിഞ്ഞ് ആ മാസ്‌ക്കും ഗ്ലൗസും അതാത് സ്ഥലങ്ങളിൽ ഒഴിവാക്കി, കൈ നന്നായി കഴുകി, പോക്കറ്റിൽ കിടന്ന സാനിറ്റൈസർ ഉപയോഗിച്ച് കൈ നന്നായി വൃത്തിയാക്കി, പുതിയ മാസ്സ്‌കും ഗ്ലൗസും എടുത്തിട്ടു ബസിലേക്ക് പോയി.

ബസിൽ തിരിച്ചെത്തിയപ്പോ ബസ്സിൽ വേറെ 2 പേരുണ്ട്. ഒരാൾ മലപ്പുറം തിരുനാവാഴ സ്വദേശിയും മറ്റൊരാൾ കാസർഗോഡ് സ്വദേശിയും. സാമൂഹിക അകലം പാലിച്ച് പരസ്പരം പരിചയപ്പെട്ടു. ഞാൻ എന്റെ സീറ്റിൽ പോയിരുന്നു. അരമണിക്കൂർ കഴിഞ്ഞിട്ടും ഞങ്ങൾ മൂവരും മാത്രം ബസിൽ ഒള്ളു.

കുറച്ച് കഴിഞ്ഞ് ഒരു ഉദ്യോഗസ്ഥൻ വന്ന് പറഞ്ഞു “നിങ്ങൾ 3 പേര് മാത്രം മലപ്പുറം ഭാഗത്തേക്കുള്ളൂ. നിങ്ങൾ 3 പേർക്ക് വേണ്ടി മാത്രം ഈ ബസ്സ് കാസർകോട് വരെ പോകണം. അത്കൊണ്ട് എറണാകുളം വരെ പോകുന്ന മറ്റൊരു ബസ് പിറകിൽ ഉണ്ട്. നിങ്ങൾ അതിൽ പോയി കയറണം. അവർ എറണാകുളത്ത് നിന്ന് നിങ്ങളെ മലപ്പുറം എത്തിക്കും.” ആദ്യം ദേഷ്യം തോന്നി. പിന്നെ ആലോചിച്ചപ്പോ മനസിലായി അവർ പറയുന്നതിലും കാര്യമുണ്ട്. വെറും മൂന്ന് പേർക്ക് വേണ്ടി ഈ വണ്ടി ഇത്രയും ദൂരം ഓടുന്നത് കഷ്ടമാണ്. അത്കൊണ്ട് ഞങ്ങൾ ബസിൽ നിന്നിറങ്ങി പിറകിലുള്ള ബസ്സ് ലക്ഷ്യമാക്കി നടന്നു.

ബസിൽ മറ്റു സ്ഥലങ്ങളിലേക്കുള്ള ഞാൻ അടക്കം 23 പേര്. അതിൽ 17 പേര് കൊല്ലത്ത് ഇറങ്ങും ബാക്കിയുള്ളവർ മറ്റു സ്ഥലങ്ങളിലും. കേരളാ പോലീസിന്റെ അകമ്പടിയോടെ ഞങ്ങൾ യാത്ര തുടങ്ങി. മുന്നിൽ പോലീസ് അകമ്പടിയുള്ളത് കൊണ്ടും, രാത്രിയായത് കൊണ്ടും KSRTC ഒരു രക്ഷയുമില്ലാത്ത പോക്കാണ്. ഇതിന് മുമ്പ് ആനവണ്ടി ഇത്ര സ്പീഡിൽ ഞാൻ കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ പെട്ടന്ന് കൊല്ലത്ത് എത്തി. അവിടെ ആ 17 ആളുകൾ ഇറങ്ങി. വീണ്ടും യാത്ര തുടർന്നു.

കുറച്ച് കഴിഞ്ഞപ്പോ നല്ല മഴ. ബസിന്റെ കർട്ടണെല്ലാം അടച്ച് യാത്രാ ക്ഷീണം കാരണം ഞാൻ നന്നായി ഉറങ്ങി. പിന്നെ കണ്ണ് തുറന്നപ്പോൾ ബസ് തൃശൂർ കഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. ഓരോ ജില്ല കഴിയും തോറും അതാത് ജില്ലയിലെ പോലീസ് വാഹനമാണ് മുന്നിൽ. അത് മാറുന്നുണ്ടന്നുള്ള കാര്യം.. അതൊരു ആകാംഷയായിരുന്നു. പോലീസ് വാഹനം മുന്നിലും ആനവണ്ടി പിറകിലും. യാത്ര വഴിയിലൊക്കെ ആളുകൾ അത്ഭുതത്തോടെ ഇത് നോക്കി ഇരിക്കുന്നു. അങ്ങനെ മലപ്പുറം ഹജ്ജ് ഹൗസിൽ യാത്ര അവസാനിച്ചു. അവിടുന്ന് അവർ ഒരുക്കി തന്ന ടാക്സിയിൽ ഞാൻ വീട്ടിലെത്തി.

അങ്ങനെ നീണ്ട 28 ദിവസത്തെ കരാഗ്രഹവാസം ഇന്ന് തീരുവാണ്. ഒരാഴ്ച്ച മുമ്പ് ചെയ്ത കൊറോണയുടെ ടെസ്റ്റിന്റെ റിസൾട്ടും ഇന്ന് വന്നു. നെഗറ്റീവ് ആണ്. ദൈവത്തിന് സ്തുതി. എല്ലാവരും നല്ല സഹകരണമാണ്. സർക്കാറും, പോലീസും എല്ലാവരും. ജനങ്ങൾ കൂടി സഹകരിച്ചാൽ നമുക്ക് ഈ മഹാമാരിയെ പിടിച്ചുകെട്ടാം. ഇനിയാണ് കൂടുതൽ കരുതലും ജാഗ്രതയും വേണ്ടത്.

NB : നാട്ടിലേക്ക് വരാൻ ഫ്ലൈറ്റ് ഒരുക്കി തന്ന വന്ദേഭാരത് മിഷനും. ടിക്കറ്റ് തന്ന് സഹായിച്ച അബുദാബിയിലെ ശക്തി തിയേറ്റേയ്‌സ് സംഘടനക്കും. കേരളാ സർക്കാറിനും, കേരളാ പോലീസിനും, ആരോഗ്യ വകുപ്പിനും, KSRTC ജീവനക്കാർക്കും എനിക്ക് വേണ്ടി പ്രാർത്ഥിച്ച, സഹായിച്ച എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു.