തിരുവനന്തപുരം to കാസറഗോഡ് ആനവണ്ടിയും രണ്ടു പാപ്പാന്മാരും

എഴുത്ത് – Yu Sef‎.

അങ്ങനെ ജൂൺ 12 നു രാത്രി 8.30നു ഇമ്മിഗ്രേഷൻ കടമ്പകൾ കഴിഞ്ഞു തിരുവനന്തപുരം എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി. ഒരുപാട് KSRTC ബസ്സുകൾ വരി വരി ആയി നിൽക്കുന്നു. യാത്രക്കാർക്ക് ഫ്രീ ആയി നാട്ടിൽ പോവാൻ ഗവണ്മെന്റ് ഒരുക്കിയത്. പോലീസ് ഓഫീസർസ് നിർദേശങ്ങൾ നൽകി യാത്രക്കാരെ സഹായിക്കുന്നു.

അവിടെ ഉണ്ടായ KL-15 A957 മലപ്പുറം കണ്ണൂർ കാസറഗോഡ് KSRTC ബസ്സിൽ മുൻസീറ്റിൽ തന്നെ സ്ഥലം പിടിച്ചു. ഡ്രൈവർ സീറ്റ്‌ കഴിഞ്ഞു ആദ്യത്തെ രണ്ടു സീറ്റ് ഒഴിച്ച് ആണ് യാത്രക്കാർക്ക് ഒരുക്കിയിട്ടുള്ളത്. യാത്രക്കാർ ഓരോരുത്തർ ആയി കയറി. 17 പേരും ലഗ്ഗേജുകളും ആയപ്പോഴേക്കും വണ്ടി ഫുൾ ആയി. കണ്ണൂരിലേക്ക് 3 പേർ. കാസറഗോഡെക് ഒരാളും. ബാക്കിയുള്ളവർ മലപ്പുറം, കോഴിക്കോട്, തൃശൂർ. പതിനേഴിൽ രണ്ടു ലേഡീസും.

അങ്ങനെ 10.30 ന് വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ ഒരു PPE Coverall ഡ്രെസ് ധരിച്ചു വന്ന ഡ്രൈവറെ കണ്ടപ്പോൾ സന്തോഷമായി. നമ്മൾ പ്രവാസികൾക്ക് വേണ്ടി നാട്ടിൽ ഇങ്ങനെയും കുറെ ആൾക്കാർ പ്രവർത്തിക്കാൻ ഉണ്ടല്ലോ. കൂടെ വേറൊരു ഡ്രൈവറും.

അങ്ങനെ ബസ് സ്റ്റാർട്ട്‌ ചെയ്തു. അവിടെയുള്ള പോലീസ് ഓഫീസർസ് ഡ്രൈവേഴ്‌സിന്റെ പേരും നമ്പറും വാങ്ങിച്ചു. രണ്ടു ഡ്രൈവറുടെയും പേർ അജിത് തന്നെ. പോലീസ് ആദ്യം കൺഫ്യൂഷൻ ആയി. അപ്പോൾ coverall ഇട്ട് വണ്ടി ഓടിക്കുന്ന ചേട്ടൻ അജിതും (മുവാറ്റുപുഴ) മറ്റേ ചേട്ടൻ അജിത് കുമാർ (തിരുവനന്തപുരം) ആയതു കൊണ്ടു ആ പ്രശ്നം സോൾവ് ആയി. യാത്രക്കാരുടെ എണ്ണവും റൂട്ടും ഉറപ്പിച്ചു യാത്രക്ക് അനുമതി തന്നു.

യാത്ര തുടങ്ങി. ഡ്രൈവറുടെ ഡ്രൈവിംഗ് സ്കിൽ പെട്ടെന്ന് തന്നെ മനസ്സിലായി. ആൾ ഡ്രൈവിങ്ങിൽ പുലിയാണ്. ആനവണ്ടി പുള്ളിയുടെ കയ്യിൽ വെറുമൊരു പൂച്ചക്കുട്ടി. വളവും തിരിവുമൊന്നും പുള്ളിക്ക് പ്രശ്നമല്ല. മഴക്കാലം ആയത് കൊണ്ടും ആദ്യമായി ആനവണ്ടിയിൽ ഇത്രയും ദൂരം രാത്രി യാത്ര ചെയ്യുന്നത് കൊണ്ടും ഉണ്ടായിരുന്ന ശങ്ക പുള്ളിക്കാരന്റെ ഡ്രൈവിംഗ് സ്റ്റൈൽ കണ്ടപ്പോൾ മാറി കിട്ടി.

ഹൈവേയിൽ എത്തിയത് മുതൽ പോലീസ് എസ്കോർട് കൂടെയുണ്ട്.അങ്ങനെ പെട്ടെന്ന് തന്നെ കൊല്ലം എത്തി. പോലീസ് വണ്ടി ഇടയ്ക്കിടെ മാറുന്നു. ഓരോ സ്റ്റേഷൻ പരിധി കഴിയുമ്പോൾ അടുത്ത സ്റ്റേഷൻ ഉള്ള പോലീസ് വന്നു ഏറ്റെടുക്കും.

അങ്ങനെ വണ്ടി തൃശൂർ എത്തുന്നത് വരെ അജിത് ചേട്ടൻ ഓടിച്ചു. അവിടെയുള്ള പോലീസ് പൈലറ്റ് ആയി അവിടെയുള്ള ക്വാറന്റൈൻ സെന്ററിൽ എത്തിച്ചു. അവിടെ 2 യാത്രക്കാർ ക്വാറന്റൈൻ സെന്ററിൽ ഇറങ്ങി. ഡ്രൈവർ സീറ്റ്‌ കുമാർ ചേട്ടനു കൈമാറി. പൈലറ്റ് ആയി പോലീസ് വണ്ടി മുമ്പിൽ പോയി. യാത്രയുടെ ക്ഷീണം കാരണം ബസ്സിൽ ഉറങ്ങി പോയി.

ശബ്ദം കേട്ട് ഞെട്ടി ഉണർന്നു നോക്കുമ്പോൾ മലപ്പുറം ഇറങ്ങേണ്ടവർ ഡ്രൈവറോട് പറയുന്നു കോഴിക്കോട് എത്താൻ ആയി, പൈലറ്റ് വാഹനത്തിനു അബദ്ധം പറ്റിയെന്നു. ഡ്രൈവർ വണ്ടി നിർത്തി പോലീസിന്റെ ശ്രദ്ധയിൽ പെടുത്തി. ഡ്രൈവർനു ആദ്യം തന്നെ പോലീസ് വണ്ടി ഫോളോ ചെയ്യാനാ നിർദേശം. അങ്ങനെ വണ്ടി അവിടുന്ന് 10 കിലോമീറ്റർ തിരിച്ചു ഹജ്ജ് ഹൌസിൽ എത്തി മലപ്പുറം ടീമിനെ അവിടെ ഇറക്കി.

വണ്ടി നേരെ കോഴിക്കോട് വിട്ടു. വഴിയിൽ ഉള്ള നാട്ടുകാർ മൊത്തം ഡ്രൈവ് ചെയ്യുന്ന അജിത് ഭായിയുടെ ഡ്രസ്സ്‌ കണ്ടു ശ്രദ്ധിക്കുന്നു. അന്യ ഗ്രഹത്തിൽ നിന്നും വന്നതായിരുന്നു നമ്മൾ എന്ന് അവരുടെ നോട്ടം കണ്ടപ്പോൾ മനസ്സിലായി. അങ്ങനെ കോഴിക്കോട് ബസ്സ് സ്റ്റാൻഡിൽ വണ്ടി ഒരു സൈഡിൽ നിർത്തി അവിടെയുള്ള ക്വാറന്റൈൻ കോർഡിനേറ്റർ വരാൻ കാത്തിരുന്നു.

അപ്പോൾ അവിടെയുണ്ടായ ചില തെണ്ടികൾ പറയുന്നു ബസ് അവിടുന്ന് മാറ്റി പാർക്ക്‌ ചെയ്യാൻ. അവന്മാരുടെ ഭാവം കണ്ടാൽ തോന്നും നമ്മൾ പ്രവാസികൾ അവർക്ക് കൊറോണ കൊടുക്കാൻ വേണ്ടി വന്ന മട്ടിലാ അവരുടെ നോട്ടം. അങ്ങനെ ബസ് വേറൊരു സൈഡിൽ ഒതുക്കി കോർഡിനേറ്റർ വന്ന ശേഷം ലോഡ്ജിൽ പോയി ആളെ ഇറക്കി. ശേഷം കുമാർ ചേട്ടൻ നമ്മൾക്ക് അടിപൊളി ചായയും വടയുംവാങ്ങിച്ചു തന്നു.

നാട്ടുകാരുടെ പെരുമാറ്റം കണ്ടു അവർ പറഞ്ഞു. 3 മാസമായി നമ്മൾ ഓട്ടം ഓടുന്നു. ഇവരൊക്കെ എന്തിനാ ഇങ്ങനെ പേടിക്കുന്നത്. പ്രവാസികൾ ഇപ്പോൾ ചില നാട്ടുകാർക്ക് ഭീകരവാദികൾ ആയി. കേരളത്തിൽ മുൻപ് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ പ്രവാസികൾ ഒത്തൊരുമിച്ചു നാടിന് വേണ്ടി ചെയ്തതൊക്കെ ഇങ്ങനെയുള്ളവർ ചെറുതായി ഒന്നോർമിച്ചാൽ എത്ര നന്നായേനെ. രാഷ്ട്രീയ സംഘടനകളും കലാ സംഘടനകളും പ്രവാസികൾക്കിടയിൽ ഉണ്ടെങ്കിലും നാടിന് ഒരു വിഷമം വന്നാൽ പ്രവാസികൾ ഒറ്റക്കെട്ടായി നിൽക്കും. അതാണ് പ്രവാസികൾ.

അങ്ങനെ ബസ് ബാക്കിയുള്ള 4 പേരെയും കൊണ്ടു കണ്ണൂരേക്ക് വിട്ടു. തലശ്ശേരി എത്തിയപ്പോൾ അവിടെയുള്ള ഹെൽത്ത്‌ ഡിപ്പാർട്മെന്റ് ഇൽ പോയി നമ്മൾ കണ്ണൂരുകാർ ഡീറ്റെയിൽസ് കൊടുത്തു. പിന്നീട് ഫോണിൽ വിളിയോട് വിളി. കളക്ടറേറ്റിൽ നിന്നും ഹെൽത്ത്‌ ഡിപ്പാർട്മെന്റ് ഇൽ നിന്നും നിർദേശങ്ങൾ തരാൻ. അപ്പോൾ കാസറഗോഡ്കാരന് സംശയം. പുള്ളിയെ കാസറഗോഡ് കൊണ്ടാക്കുമോ അതോ കണ്ണൂരിൽ ഇറക്കുമോ. അജിത് ഭായ് പറഞ്ഞു. ഡോണ്ട് വറി. നമ്മളുണ്ട് കൂടെ. ഒരാൾക്ക് വേണ്ടിയാണെങ്കിലും വണ്ടി കാസറഗോഡ് വരെ പോവും.

കുമാർ ചേട്ടൻ വണ്ടി ഏറ്റെടുത്തു. അജിത് ഭായ് ഓരോ വിശേഷം പറഞ്ഞു. കണ്ണൂർ – കാസറഗോഡ് റൂട്ട് പുള്ളിക്ക് കാണാപാഠം.
ഒത്തിരി നാൾ ബോംബെയിലേക്ക് ഹെവി ലോറി ഓടിച്ചു നടന്നതാ. ഗൾഫിൽ പ്രവാസി ആയും വർക്ക്‌ ചെയ്തു. ചുമ്മാതല്ല ആനവണ്ടി പുള്ളിക്ക് പൂച്ചക്കുട്ടി ആയത്. കാസറഗോഡ് എത്തി അവിടുന്ന് ഭക്ഷണം കഴിച്ചു കുറച്ചു സമയം റസ്റ്റ്‌ എടുത്തു ഇന്ന് തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചു പോവുമെന്ന് പറഞ്ഞു.

അങ്ങനെ കണ്ണൂർ എത്തി. അവിടെ 2 പേർ ഇറങ്ങി. പയ്യന്നുരിൽ പോവേണ്ടത് കൊണ്ടു എന്നെ അടുത്ത ക്വാറന്റൈൻ സ്റ്റോപ്പ്‌ ആയ തളിപ്പറമ്പിൽ ഇറക്കി. ഞാൻ വാട്സാപ്പ് നമ്പറും വാങ്ങി ബൈ പറഞ്ഞു. ആ ഒരു യാത്രക്കാരന് വേണ്ടി കാസറഗോഡ് ലക്ഷ്യം വെച്ച് പോയി.

ഇങ്ങനെ രാവും പകലും നമ്മൾക്ക് വേണ്ടി കഷ്ട്ടപ്പെടുന്ന പോലീസും ഹെൽത്ത്‌ ഡിപ്പാർട്മെന്റും KSRTC ജീവനക്കാരും മറ്റുള്ള ഗവണ്മെന്റ് ഉദ്യോഗസ്‌ഥരും ടാക്സി ഡ്രൈവർമാരും സന്നദ്ധ സേവകരും ഉള്ളത് കൊണ്ടു ഈ കോവിഡു കാലവും നമ്മൾ പ്രവാസികൾ മറികടക്കും. സേഫ്റ്റി PPE, മാസ്ക്, ഗ്ലൗസ് എന്നിവക്ക് ഇവർ സ്വന്തം പോക്കറ്റിൽ നിന്നും കാശ് മുടക്കുന്നു.