തിരുവനന്തപുരത്തെ മെഴുകുപ്രതിമാ മ്യൂസിയത്തിൽ പോയിട്ടുണ്ടോ?

എഴുത്ത് – അരുൺ വിനയ്.

നമ്മള്‍ മലയാളികള്‍ക്ക് അത്ര ശീലമില്ലാത്ത ഒരു സംഗതി ഉണ്ട്, മെഴുകു പ്രതിമകള്‍. കാര്‍ണിവെല്ലുകളിലും നാട്ടിന്‍പുറത്തെ മൈതനങ്ങളിലുമൊക്കെയായി മാത്രം കണ്ടു ശീലിച്ച മെഴുകു പ്രതിമകളുടെ പ്രദര്‍ശനം ഇപ്പൊ ശ്രീപദ്മനാഭന്‍റെ മണ്ണില്‍ പുള്ളിക്കാരന്‍റെ തൊട്ടയല്‍പ്പക്കതായി തുടങ്ങിയിട്ടുണ്ട്. ചങ്കുകളൊക്കെ പോയി വന്നു കഥകള്‍ പറഞ്ഞപ്പോ എന്നും പോയി വരുന്ന വഴിവക്കിലുള്ള പുതിയ അഥിതികളെ പോയിക്കാണണം എന്ന് തോന്നി. അമിതപ്രതീക്ഷകളൊന്നും ഇല്ലാതെ പോയത് കൊണ്ട് തന്നെ അത്യാവശ്യം നല്ലൊരു എക്സിബിഷന്‍ കാണാന്‍ സാധിച്ചു.

ആലപ്പുഴ സ്വദേശിയായ Sunil Kandalloor ന്‍റെ കരവിരുതില്‍ ജീവന്‍ തുളുമ്പുന്ന കുറെ മെഴുകു പ്രതിമകള്‍. സുനിലിന്‍റെ രണ്ടാമത്തെ വാക്സ് മ്യുസിയമാണ് പടിഞ്ഞാറെ കോട്ടയ്ക്കുള്ളില്‍ തുടങ്ങിയത്. ആദ്യമായി പുള്ളിക്കാരന്‍റെ പേര് കേള്‍ക്കുന്നത് കഴിഞ്ഞ പ്രളയ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക് ധനശേഖരണത്തിനായി ഒരു എക്സിബിഷന്‍ വച്ചപ്പോള്‍ ആയിരുന്നു. മഹാരാഷ്ട്രയിലെ ലോനവാലയിലെ Celebrity Wax Museum ആണ് കക്ഷിയുടെ ആദ്യത്തെ വാക്സ് മ്യുസിയം. ലണ്ടനിലെ Madam Tussaud Museum വരെ പോയി മെഴുകു പ്രതിമ കാണാന്‍ സാധിച്ചില്ലെങ്കിലും ചെറുതൊരെണ്ണം നമ്മുടെ നാട്ടിലും എടുക്കനുണ്ടെന്നു ഇനിപ്പോ പറയാല്ലോ,ല്ലേ…

മഹാത്മാ ഗാന്ധിയില്‍ തുടങ്ങി നമ്മുടെ സ്വന്തം വിംഗ് കമാണ്ടര്‍ അഭിനന്ദ് വര്‍ത്ത‍മാനില്‍ എത്തി നില്‍ക്കുന്നു ഇവിടുത്തെ കാഴ്ചകള്‍. അംബേദ്കറും, ശ്രീനാരായണ ഗുരുദേവനുമൊക്കെ ജീവസുറ്റ കണ്ണുകളോടെ നമ്മളെ നോക്കി നില്‍ക്കുന്നത് പോലെ തോന്നിപോകും. പക്ഷെ കണ്ടു വന്നപ്പോ നമ്മുടെ ഷെയ്ക്ക് മുഹമ്മദ് ബിൻ റഷീദ് അൽ മഖ്‌ദൂമിന്‍റെ, പുള്ളിക്കാരന്‍ വരെ കിളി പോയിരുന്നു നോക്കി പോകുന്ന ജീവസുറ്റ ഒരു രൂപം കണ്ടു. ഒറ്റനോട്ടത്തില്‍ കണ്ടു വന്നു വിലയിരുതുന്നത് പോലെയല്ല സംഗതി ഉണ്ടാക്കുന്നതെന്നു അന്വേഷിച്ചപ്പോള്‍ മനസ്സിലായി.

ഏകദേശം 8 ഘട്ടമായാണ് ഓരോ പ്രതിമയും ഉണ്ടാക്കിയെടുക്കുന്നത്. ഇതെല്ലം ശരിയാവണമെങ്കില്‍ ആദ്യം രൂപമുണ്ടാക്കുന്ന ആളുടെ അപ്പോയിന്‍മെന്‍റ് എടുക്കുക എന്നാ ഒരു കടമ്പ ഉണ്ടല്ലോ. നിലവില്‍ ഇപ്പോഴും ഒരുപാട് സെലിബ്രിറ്റികളുടെ സമ്മതത്തിനു വേണ്ടി ശില്പി കട്ട വെയിറ്റിംഗ് ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപവും കണ്ടു വന്നപ്പോള്‍ അവിടെയിരിക്കുന്ന ചേച്ചിയോട് കൂടുതല്‍ കാര്യങ്ങളൊക്കെ ചോദിച്ചറിയാന്‍ സാധിച്ചത്.

സ്ത്രീകളുടെ പ്രതിമയുടെ എണ്ണം കുറവാണെന്നുള്ളത് അന്വേഷിച്ചപ്പോ അറിഞ്ഞതാണ് അതിലും കോമഡി. ആണുങ്ങള്‍ക്ക് അളവെടുക്കാന്‍ ഒരു മണിക്കൂറൊക്കെ ധാരാളം ആണ് എന്നാല്‍ സ്ത്രീകളുടെ അളവെടുക്കാന്‍ 3-4 മണിക്കൂര്‍ അതൊരു മെഴുകു പ്രതിമയക്കി മാറ്റാന്‍ ശില്പിക്ക് ഏകദേശം 4 മാസത്തെ പണിയാണ് ശെരിക്കും. രാജാ രവിവര്‍മ്മയുടെ അമ്പതോളം ചിത്രങ്ങളെ മെഴുകു പ്രതിമയാക്കി പ്രദര്‍ശനത്തിനു എത്തിക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് പുള്ളിയുടെ അടുത്ത യാത്ര.

അനന്തപുരി ചുറ്റിയടിക്കാന്‍ ഇറങ്ങുമ്പോള്‍ വലിയ കൈ നഷ്ടമില്ലാതെ വന്നു കണ്ടു പോകാവുന്ന ഒരു ഇടം. അമിതപ്രതീക്ഷകളൊന്നുമില്ലാതെ വന്നു 100 രൂപ ടിക്കട്റ്റ് എടുത്തു കണ്ടു മടങ്ങാം. ആകെകൂടി കണ്ടിറങ്ങുമ്പോള്‍ ബുദ്ധിമുട്ട് തോന്നിചത് മെഴുകു പ്രതിമകളുടെ പിന്നിലായി സ്ഥാപിച്ചിരിക്കുന്ന ചിത്രങ്ങള്‍ മാത്രമായിരുന്നു. സാഹചര്യത്തിന് ചേര്‍ന്ന രീതിയില്‍ നല്ല ബാക്ക് ഗ്രൌണ്ട് കൂടി നല്കിയിരുന്നെങ്കില്‍ എന്ന് തോന്നി..