തിരുവനന്തപുരത്തെ അധികമാരും അറിയാത്ത മനോഹര സ്ഥലങ്ങള്‍…

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കുറിച്ച് അധികം വിശേഷണത്തിന്റെ ആവശ്യമില്ല. ‘ട്രിവാന്‍ട്രം’ എന്ന് വിദേശികള്‍ വിളിക്കുന്ന തിരുവനന്തപുരത്ത് വന്നാല്‍ കണ്ടിരിക്കേണ്ടതും അധികമാരും അറിയാത്തതുമായ ചില സ്ഥലങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

മങ്കയം വെള്ളച്ചാട്ടം – തിരുവനന്തപുരത്ത് പാലോടിനു സമീപമാണ് ഹൃദയഹാരിയായ മങ്കയം വെള്ളച്ചാട്ടം. സംസ്ഥാന വനം വകുപ്പ് ഇവിടം ഒരു ഇക്കോ ടൂറിസം കേന്ദ്രമായി അടുത്ത കാലത്ത് പ്രഖ്യാപിക്കുകയുണ്ടായി. മങ്കയം ഇക്കോ ടൂറിസം മേഖലയില്‍ സന്ദര്‍ശകര്‍ക്ക് ഗൈഡുകളുടെ സേവനം ലഭ്യമാണ്. സമൃദ്ധമായ വനഭൂമിയുടെ ഇടയിലാണ് വെള്ളച്ചാട്ടം. അതിനാല്‍ ഇതിനുചുറ്റും മനോഹരമായ ഹരിതഭംഗിയാണ്. കുറ്റിച്ചെടികള്‍ മുതല്‍ ഭീമാകാരമായ വൃക്ഷങ്ങള്‍ വരെ നിറഞ്ഞ ഈ പ്രദേശത്ത് പുല്‍മേടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബദ്ധപ്പെടേണ്ട വിലാസം : ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസ്, തിരുവനന്തപുരം, ഫോണ്‍ – + 91 471 2320637.

ബ്രൈമൂര്‍ – എവിടെയാണ് ഈ ബ്രൈമൂര്‍? തിരുവനന്തപുരത്ത് നിന്നും നെടുമങ്ങാട് – പാലോട് – ഇടിഞ്ഞാര്‍ വഴി ബ്രൈമൂര്‍ എത്താം. അഗസ്ത്യാര്‍കൂടം ബയോളജിക്കല്‍ റിസര്‍വ്വിന്റെ ഭാഗമാണ്. കൊടും കാടാണ്. മഴക്കാലത്ത് എപ്പോള്‍ വേണമെങ്കിലും ആന ഇറങ്ങാം. രാത്രി മിക്കപ്പോഴും ആനയുള്ളത് കൊണ്ട്, പകല്‍ യാത്രയില്‍ ചിലയിടത്ത് ആനപ്പിണ്ടവും ആനകള്‍ പോയ വഴിയും എല്ലാം കാണാം.ഈ ഹില്‍സ് സ്പോട്ടില്‍ നിന്ന് വെറും 3 കി.മീ മാത്രമേയുള്ളൂ പൊന്മുടി മലനിരകളിലേയ്ക്ക്… തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നിന്നും ഇവിടേക്ക് KSRTC ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്. സമയവിവരങ്ങള്‍ അറിയുവാന്‍ www.aanavandi.com സന്ദര്‍ശിക്കുക.

ബോണക്കാട് – തിരുവനന്തപുരം നഗരത്തിൽ നന്നും 61 കി.മി. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ്‌ ബോണക്കാട്.വിതുര, മരുതാമല വഴി ഇവിടെ എത്തിച്ചേരാം.പൊന്മുടിക്കടുത്തായി‌ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം കൂടിയാണിത്. അഗസ്ത്യകൂടത്തിലേക്കും ബോണക്കാട് വഴിയാണ്‌ പോകേണ്ടത്. ബ്രിട്ടീഷുകാർ സ്ഥാപിച്ച ഒരു തേയിലത്തോട്ടം ഇവിടെയുണ്ട്. പ്രശസ്തമായ 25 GB പ്രേത ബംഗ്ലാവും ഇവിടെയാണുള്ളത്. ബോണക്കാട് ഒരു ടൂറിസ്റ്റ് സ്പോട്ട് അല്ല. പുറത്തു നിന്നുള്ളവര്‍ക്ക് ചിലപ്പോള്‍ ഇവിടെ കയറുന്നതിനു ഫോറസ്റ്റ് അധികാരികളുടെ അനുമതി വേണ്ടിവരും. പക്ഷേ ഇവിടേക്കുള്ള കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാര്‍ക്ക് യാതൊരു പ്രശ്നവും കൂടാതെ ബോണക്കാട് വരാം. വിതുരയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും ഒക്കെ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ബസ് സമയങ്ങള്‍ www.aanavandi.com ല്‍ ലഭ്യമാണ്.

പാണ്ടിപ്പത്ത് – തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലെ ഏറെയൊന്നും ശ്രദ്ധ നേടിയിട്ടില്ലാത്ത വിനോദസഞ്ചാര കേന്ദ്രമാണ് പാണ്ടിപ്പത്ത്. പൊന്‍മുടിക്ക് സമീപം കേരള തമിഴ്നാട് അതിര്‍ത്തിയിലാണ് പാണ്ടിപത്ത് എന്ന കാനന പ്രദേശം. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ കാട്ട് പോത്തുകളെ വളരെയടുത്ത് നിന്ന് കാണാനാകും. പാണ്ടിപ്പത്തിലേക്കുള്ള ട്രെക്കിങ്ങ് ഉള്‍പ്പെടെയുള്ള വനം വകുപ്പിന്‍റെ ടൂറിസം പാക്കേജിന്‍റെ വിശദവിവരങ്ങള്‍ തിരുവനന്തപുരം പി ടി പി നഗറിലുള്ള വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഓഫീസില്‍ നിന്ന് ലഭിക്കും. 0471-2360762 എന്ന ഫോണ്‍ നമ്പറില്‍ ഈ ഓഫീസുമായി ബന്ധപ്പെടാം.

മഠവൂർ പാറ ഗുഹാക്ഷേത്രം – തിരുവനന്തപുരം നഗരത്തിൽ ശ്രീകാര്യത്തുനിന്ന് എട്ടു കിലോമീറ്ററോളം മാറി കാട്ടായിക്കോണത്തിനു സമീപമായാണ് മടവൂര്‍പ്പാറയും ഗുഹാക്ഷേത്രവും. സമുദ്രനിരപ്പില്‍നിന്ന് 300 അടി ഉയരത്തിലാണ് പാറ സ്ഥിതിചെയ്യുന്നത്. ചെങ്കോട്ടുകോണത്തിനടുത്താണ് പാറ തുരന്നുണ്ടാക്കിയ ഈ പ്രാചീന ഗുഹാക്ഷേത്രം. ഇതൊരു ശിവക്ഷേത്രമാണ്. വളരെ പുരാതനമായ ഒരു സംസ്കാരം വിളിച്ചോതുന്ന ഈ ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ പുറത്തുനിന്ന് ഒരു കല്ലുപോലും കൊണ്ടുവന്നിട്ടില്ല എന്നതാണ് അത്ഭുതകരമായ ഒരു സംഗതി. ക്ഷേത്രത്തിന്റെ തൂണുകളും, വശങ്ങളിലുള്ള സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും വിഗ്രഹങ്ങളും ശ്രികോവിലും ഉള്ളിലെ പിഠവും ശിവലിംഗവുമെല്ലാം പാറ തുരന്നുണ്ടാക്കിയതാണ്.

അരുവിക്കര അണക്കെട്ട് – തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനു സമീപമാണ് അരുവിക്കര അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കരമാനയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ ആർച്ച് ഡാം 1934 ൽ ആണ് പൂർത്തിയായത്. തിരുവനന്തപുരം നഗരത്തിലെ ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നത് അരുവിക്കര അണക്കെട്ടാണ്. അരുവിക്കര ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് സമയങ്ങള്‍ അറിയുവാന്‍ www.aanavandi.com സന്ദര്‍ശിക്കുക.

അപ്പോള്‍ ഇനി അടുത്ത തവണ തിരുവനന്തപുരത്ത് വരുമ്പോള്‍ ഈ സ്ഥലങ്ങള്‍ കൂടി ഒന്ന് സന്ദര്‍ശിക്കാന്‍ ശ്രമിക്കുക. ഇതുകൂടാതെ നിരവധി സ്ഥലങ്ങള്‍ നമ്മുടെ തലസ്ഥാന ജില്ലയില്‍ ആരാലും അറിയപ്പെടാതെ കിടപ്പുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അത് ഞങ്ങളുമായി പങ്കു വെയ്ക്കുക…

കവർ ചിത്രം – Shehin.