വയ്യാത്ത പുരുഷനും മനുഷ്യത്വം തൊട്ടുതീണ്ടാത്ത യാത്രക്കാരും – ഒരു കെഎസ്ആർടിസി അനുഭവം..

ബസ്സുകളിൽ സ്ത്രീകൾക്ക് സീറ്റ് സംവരണമുള്ള കാര്യമെല്ലാം ഒന്നാണല്ലോ. ഏതെങ്കിലും ഒരു സ്ത്രീ കുട്ടിയുമായോ വയ്യാതെയോ ബസ്സിൽ കയറിയാൽ മിക്കവാറും സീറ്റുകൾ ഒഴിഞ്ഞു കൊടുക്കാറുള്ളത് പുരുഷന്മാർ ആയിരിക്കും എന്നതാണ് മറ്റൊരു സത്യം. സ്ത്രീകൾ ആരും എഴുന്നേറ്റു കൊടുക്കാറില്ല എന്നല്ല, പക്ഷേ ഈ ഒരു ത്യാഗം കൂടുതലും ചെയ്യുന്നത് ജനറൽ സീറ്റിലിരുന്ന പുരുഷന്മാർ തന്നെയാണ്. എന്നാൽ ഇത്തരത്തിൽ ഒരു പുരുഷനാണ് വയ്യാതെയോ കുട്ടിയെ എടുത്തുകൊണ്ടോ ബസ്സിൽ കയറുന്നതെങ്കിലോ? അത്തരമൊരു അനുഭവം പങ്കുവെയ്ക്കുകയാണ് ജിതിൻ ടി.ജി. എന്ന യാത്രക്കാരൻ. അദ്ദേഹം ഫേസ്‌ബുക്കിലെ ‘KSRTC ആനവണ്ടി ബ്ലോഗ്’ ഗ്രൂപ്പിൽ ഷെയർ ചെയ്ത കുറിപ്പ് ഇങ്ങനെ..

“പറയാൻ അവകാശങ്ങൾ ഒന്നുമില്ലാത്ത ഒരു ആണിന്റെ അനുഭവ കുറിപ്പ് – കുറച്ചു ദിവസങ്ങൾക്ക് ഒരു ഞായറാഴ്ച കോഴിക്കോട് കെ എസ് ആർ ടി സി ഡിപ്പോ. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതു കൊണ്ട് സർജറി കഴിഞ്ഞുള്ള ആദ്യ യാത്രയാണ്. വേദനയുടെയും മരുന്നിന്റെയും ക്ഷീണം നന്നായുണ്ട് എങ്കിലും പോകാതിരിക്കാൻ കഴിയില്ല. അങ്ങനെ എത്തിയതാണ് കോഴിക്കോട് സ്റ്റാൻഡിൽ. പതിവിലധികം യാത്രക്കാർ എറണാകുളം ബസ്സിന് വേണ്ടി കാത്തിരിക്കുകയാണ്. ഒരു മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിന് ശേഷം കെ എസ് ആർ ടി സി ദൈവങ്ങൾ കനിഞ്ഞ് ഒരു ബസ്സ് വന്നു. എല്ലാവരും കൂട്ടത്തോടെ ബസ്സിനടുത്തേക്ക് നീങ്ങി പരസ്പരം ആക്രമിച്ചു കൊണ്ട് ബസ്സിൽ കയറി പറ്റി. ഏറ്റവും ഒടുവിലായി നിന്ന ഞാനും ബസിലേക്ക് കയറി.

സീറ്റ് എല്ലാം നിറഞ്ഞിരിക്കുന്നു. അങ്ങിങ്ങായി കുറച്ചു പുരുഷൻമാർ നിൽപ്പുണ്ട്. സ്ത്രീകളുടെ സീറ്റിൽ മൂന്ന് പേർ മാത്രം. ആദ്യത്തെ മൂന്ന് വരികളിലും സൈഡ് സീറ്റിൽ സ്ത്രീകൾ സ്ഥാനം പിടിച്ചിരിക്കുന്നു. പിന്നിലേക്ക് സീറ്റ് നോക്കി നടന്ന ഞാൻ കണ്ടത് ജനറൽ സീറ്റുകളിൽ സ്ഥാനം പിടിച്ചിരിക്കുന്ന കുറച്ച് പെൺകുട്ടികളെയാണ്. സ്ത്രീകളുടെ സീറ്റിലേക്ക് മാറി ഇരിക്കാമോ എന്നന്വേഷിച്ച എന്നോടവർ തറപ്പിച്ച് പറഞ്ഞു ഞങ്ങൾക്ക് ഞങ്ങളുടെ ആൺ സുഹ്യത്തുക്കളോട് കൂടെയേ ഇരിക്കാൻ പറ്റുള്ളു എന്ന്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് അത്രയും ദൂരം നിൽക്കാൻ കഴിയാത്തതിനാൽ ആണ് എന്നറിയിച്ചെങ്കിലും പരിഹാസമായിരുന്നു മറുപടി. ഒപ്പം ഒന്നു കൂടെ പറഞ്ഞു ഇത് ജനാധിപത്യ രാജ്യമാണത്രേ. കുട്ടത്തിൽ കുറച്ച് അവകാശങ്ങളെ കുറിച്ചും അവർ പറയുന്നുണ്ടായിരുന്നു…

മറിച്ച് എന്തെങ്കിലും പറഞ്ഞാൽ സ്ത്രീ പീഡനത്തിന് അകത്താകുമെന്ന് ഭയപ്പെട്ട് ഒന്നും മിണ്ടാതെ ഞാൻ മുന്നോട്ട് നടന്നു. സ്ത്രീകളുടെ സീറ്റിന് അടുത്തെത്തി ഞാൻ വിനയപൂർവം എറണാകുളത്തേക്കാണ് മറ്റു സ്ത്രീകൾ ആരെങ്കിലും കയറുന്നത് വരെ ഇവിടെ ഇരുന്നോട്ടെ എന്നന്വേഷിച്ചു. പക്ഷേ സീറ്റിലിരുന്ന എന്റെ അമ്മയുടെ പ്രായത്തിലധികം വരുന്ന ആ ചേച്ചിയുടെ മറുപടി എന്നെ അത്ഭുതപെടുത്തി. “സന്ധ്യ ആകുമ്പോ ചില അവന്മാർക്ക് സുക്കേട് തുടങ്ങും അതിന്റെ ഭാഗമായിട്ടാണത്രേ” ഞാൻ ഇരുന്നോട്ടെ എന്ന് ചോദിച്ചത്. ഇതിനു മറുപടി ഞാൻ എന്ത് പറയാനാണ്??

തൃശൂർ വരെ മൂന്ന് സ്ത്രീകളുടെ സീറ്റ് ഒരോ സീറ്റിലും ഒരാൾ വീതം തനിച്ച്. പക്ഷേ അവരുടെ മുഖത്ത് അംഗരാജ്യം പിടിച്ചെടുത്ത യുവരാജാവിന്റെ ഗമ ഉണ്ടായിരുന്നു. ആ രാജാവിന്റെ പ്രജകളായി കമ്പിയും പിടിച്ച് നിന്നു തൃശൂർ വരെ … അവകാശങ്ങൾ അത് സ്ത്രീകൾക്ക് മാത്രം. ഞങ്ങൾ തുറന്ന് സമ്മതിക്കുന്നു – സന്ധ്യ ആയാൽ കാമം കത്തിക്കാൻ ഇറങ്ങുന്ന പുരുഷൻമാർ ഉണ്ട് ഇവിടെ. പക്ഷേ അമ്മയിൽ ജനിച്ച പുരുഷൻമാരും ഇപ്പോഴും ഇവിടെ ജീവിക്കുന്നു. അത് മറക്കരുത്, പിന്നെ അവകാശങ്ങൾക്ക് അപ്പുറം മനുഷ്യത്വം എന്നൊരു വാക്കുണ്ട് നമ്മൾക്ക് മുന്നിൽ, ആ വാക്കുകളുടെ അർത്ഥം തിരിച്ചറിയുമെന്ന പ്രതീക്ഷയോടെ…