നമ്മുടെ ഒരു കട്ട ഫോളോവറായ ബിജുവിൻ്റെ വീട്ടിലേക്ക് ഒരു സർപ്രൈസ് വിസിറ്റ്

ടെക് ട്രാവൽ ഈറ്റ് വീഡിയോകൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതോടെ ധാരാളമാളുകൾ എന്നെ സ്ഥിരമായി വിളിച്ചു വിശേഷങ്ങൾ തിരക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്. അല്ലാത്തവർ വാട്സ് ആപ്പിലും മറ്റും മെസ്സേജുകൾ അയയ്ക്കാറുമുണ്ട്. വൈകിയാണെങ്കിലും പരമാവധി എല്ലാവർക്കും ഞാൻ മറുപടി നൽകുവാൻ ശ്രദ്ധിക്കാറുണ്ട്. ഇത്തരത്തിൽ എന്നെ സ്ഥിരമായി വിളിക്കുന്ന ഒരാളായിരുന്നു പാലക്കാട് സ്വദേശി ബിജുവും.

ആദ്യമൊക്കെ സാധാരണ ഫോളോവേഴ്‌സിനെപ്പോലെ തന്നെ വിളിച്ചു സംസാരിച്ചിരുന്നെങ്കിലും പിന്നീടാണ് ഞാൻ അറിയുന്നത് ബിജു പോളിയോ ബാധിച്ച് തളർന്ന അവസ്ഥയിൽ ആണെന്ന്. കുറെ നാളുകളായി ബിജുവിനെ ഒന്ന് നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു. പാലക്കാട് പോകുമ്പോൾ ബിജുവിനെയും കാണണം എന്ന് മനസ്സിൽ പ്ലാനിട്ടു നടക്കുന്നതിനിടെയാണ് കഴിഞ്ഞയിടയ്ക്ക് ഒരു പാലക്കാട് ട്രിപ്പ് തരപ്പെട്ടത്.

രാമശ്ശേരി ഇഡ്ഡലിയൊക്കെ രുചിച്ചു തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനു മുൻപായി ഞാൻ ബിജുവിനെ വിളിക്കുകയും ലൊക്കേഷൻ അയച്ചു തരാൻ ആവശ്യപ്പെടുകയുമുണ്ടായി. കാര്യം അറിഞ്ഞപ്പോൾ ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന ഫിറോസ് ചുട്ടിപ്പാറയ്ക്കും (ഫിറോസ് ഇക്ക) ബിജുവിനെ കാണണം എന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ രണ്ടു കാറുകളിലായി ബിജുവിന്റെ വീട്ടിലേക്ക് യാത്രയായി.

ലൊക്കേഷൻ അയച്ചു തന്നതു പ്രകാരം പാലക്കാട് – തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള വണ്ടിത്താവളം എന്ന സ്ഥലത്തിനടുത്തായിരുന്നു ബിജുവിന്റെ വീട്. അങ്ങനെ കുറച്ചു സമയത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ ബിജുവിന്റെ വീടിനടുത്തെത്തി. വണ്ടികൾ ഒരിടത്ത് പാർക്ക് ചെയ്തിട്ട് ഞങ്ങളെല്ലാം നടന്നു. വീടിനു മുന്നിലെത്തിയപ്പോൾ വരാന്തയിൽ ഞങ്ങളെ കാത്ത് പുഞ്ചിരിയോടെ ബിജു ഉണ്ടായിരുന്നു. ഞങ്ങൾ വീട്ടിലേക്ക് കയറി ബിജുവിനൊപ്പം വരാന്തയിൽ ഇരുന്നു. ഞങ്ങളെയെല്ലാം ഒന്നിച്ചു കണ്ടപ്പോൾ സത്യത്തിൽ ബിജു അത്ഭുതപ്പെട്ടു പോയിരുന്നു.

അതിനിടെ ബിജുവിന്റെ അമ്മ ഞങ്ങളെ സ്വീകരിക്കുകയും, കുടിക്കുവാൻ വെള്ളവും കഴിക്കുവാൻ പലഹാരങ്ങളുമൊക്കെ നൽകുകയുണ്ടായി. അതിനിടെയാണ് ബിജുവിന്റെ കാര്യങ്ങൾ ആ അമ്മ ഞങ്ങളോട് പറയുന്നത്. ചെറുപ്പത്തിൽ പോളിയോ ബാധിച്ചതു മൂലമായിരുന്നു ബിജുവിന് ഇന്ന് ഈ അവസ്ഥ വന്നതെന്ന് ആ അമ്മ കണ്ണീരോടെ പറഞ്ഞപ്പോൾ കേട്ടുനിന്ന ഞങ്ങളുടെ കണ്ണുകളും ഈറനണിഞ്ഞു. പണ്ടുകാലത്ത് പോളിയോ വാക്സിനുകൾ എടുക്കുന്നത് ആളുകൾ അത്ര പ്രാധാന്യം കൊടുക്കാതിരുന്നതിൻ്റെ ഉദാഹരണങ്ങളിൽ ഒന്നാണ് ബിജുവും.

ഇന്ന് ബിജുവിന് 35 വയസ്സുണ്ട്. പരസഹായമില്ലാതെ ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ചലിക്കുവാൻ ബിജുവിന് സാധ്യമല്ല. ആകെ ചലനശേഷിയുള്ളത് ഒരു കൈക്കാണ്. ആ കൈ ഉപയോഗിച്ചാണ് ബിജു ഫോൺ വിളിക്കുന്നതും, യൂട്യൂബിൽ വീഡിയോകൾ കാണുന്നതുമെല്ലാം. ബിജുവിന് എല്ലാ കാര്യങ്ങളിലും സഹായത്തിനായി കൂടെയുള്ളത് അമ്മയാണ്. കൂടാതെ കൂട്ടുകാർ ബിജുവിനെ പുറത്തേക്ക് യാത്രകൾ കൊണ്ടുപോകാറുമുണ്ട്. നെന്മാറ വേലയ്ക്ക് കൂട്ടുകാരോടൊപ്പം പോയ കാര്യം ബിജു തന്നെയാണ് ഞങ്ങളോട് പറഞ്ഞതും. ആ അമ്മയ്ക്കും, കൂട്ടുകാർക്കുമെല്ലാം ഈശ്വരൻ ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കാം.

കുറേസമയം ഞങ്ങൾ അവിടെ ചെലവഴിക്കുകയും ബിജുവിനോട് വിശേഷങ്ങൾ പങ്കുവെക്കുകയുമൊക്കെയുണ്ടായി. ഒരു ദിവസം ആനക്കട്ടിയിലുള്ള SR ജംഗിൾ റിസോർട്ടിൽ ബിജുവിനെ കൊണ്ടുപോകാം എന്ന് സലീഷേട്ടൻ വാക്കു കൊടുക്കുകയും ചെയ്തു. അങ്ങനെ ഇനിയൊരിക്കൽ വരാമെന്നു ഉറപ്പുനൽകിക്കൊണ്ട് ഞങ്ങൾ ബിജുവിനോടും വീട്ടുകാരോടും യാത്ര പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി.

ബിജുവിന്റെ ഈയൊരു അവസ്ഥയിൽ നമുക്കെല്ലാം വിഷമമുണ്ടെങ്കിലും, നമുക്കൊക്കെ ഒരു പോസിറ്റീവ് എനർജ്ജി തന്നെയാണ് ബിജു. കാരണം ഞങ്ങൾ അവിടെയുണ്ടായിരുന്ന സമയത്ത് ഒരിക്കൽപ്പോലും ബിജുവിന്റെ മുഖത്തെ ആ ചിരി മാഞ്ഞിരുന്നില്ല. തനിക്ക് സംഭവിച്ച ഈ അവസ്ഥയെ ഓർത്ത് സങ്കടപ്പെടാൻ ബിജുവിന് മനസ്സില്ല. സന്തോഷത്തോടെ, എല്ലാവരോടും ഒപ്പം ജീവിക്കണം എന്നാണു ബിജുവിന്റെ ആഗ്രഹവും.