യു.എസ്. ഇമിഗ്രേഷനിൽ എൻ്റെ ‘പേര്’ വിനയായപ്പോൾ; ഒരു അനുഭവക്കുറിപ്പ്

വിവരണം – Hamidsha Shahudeen.

കഴിയുമെങ്കിൽ അമേരിക്കക്കാരുടെ പ്രത്യേക ദിവസ്സങ്ങളിൽ അങ്ങോട്ട് ചെന്ന് ഇറങ്ങാതിരിക്കുന്നതാ നല്ലതു. ഔദ്യോഗിക ആവശ്യത്തിനായി 2015 ജൂലൈ 4 (അവരുടെ സ്വാതന്ത്ര്യദിനമാണു പോലും), അങ്ങോട്ടേക്ക് പോയപ്പോ ഉണ്ടായ രസകരമായ (അന്ന് എനിക്ക് ഭയാനകരമായി തോന്നിയ) അനുഭവം.

ഞാനും കൂടെ ജോലി ചെയ്യുന്ന സുനിത്തും പിന്നെ ഡോക്ടർ അജിതും അദ്ദേഹത്തിന്റെ കുടുംബവും ഉണ്ട് പോകാൻ. അബുദാബി എയർപോർട്ടിൽ നിന്നും ജൂലൈ 4 വെളുപ്പിന് 3 മണിക്കാണ് ഫ്ലൈറ്റ്. നേരിട്ട് ചിക്കാഗോ.

അബുദാബി വിമാനത്താവളത്തിൽ ഒരു പ്രത്യേകതയുണ്ട്, US ഇമ്മിഗ്രേഷൻ ക്ലീറൻസ് ഫോര്മാലിറ്റീസ് മുഴുവൻ അബുദാബിയിൽ വച്ച് തന്നെ നടക്കും. US ൽ എത്തിയാൽ ഇമ്മിഗ്രേഷൻ ക്യൂവിൽ നിൽക്കേണ്ട കാര്യമില്ല. ലഗേജ്‌ ഉം എടുത്തു ഇറങ്ങി പോയാമതി.

ഞങ്ങൾ 3 മണിക്കൂർ മുന്നേ വിമാനത്താവളത്തിലെത്തി ചെക്ക് ഇൻ ഒക്കെ കഴിഞ്ഞു, UAE ഇമ്മിഗ്രേഷൻ ഫോര്മാലിറ്റീസും കഴിഞ്ഞു US ഇമ്മിഗ്രേഷനിൽ എത്തി. സാധാരണ ഗേറ്റ് No : 96 ഉം 97 ഉം US ഇമ്മിഗ്രേഷൻ വിഭാഗത്തിലൂടെയാണ് അബുദാബി വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.

പത്തു പതിനഞ്ചു കൌണ്ടർ ഉണ്ട്. കൂടെ ഉണ്ടായിരുന്നവർ എന്റെ തൊട്ടുമുന്നിൽ ഇമ്മിഗ്രേഷൻ കഴിഞ്ഞു അകത്തേക്ക് കയറാനൊരുങ്ങി. എന്റെ അവസരമെത്തി. ബിയോമെട്രിക് സ്കാനറിൽ കൈ വക്കാൻ പറഞ്ഞു. ഞാൻ വച്ചു. കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കിയ ആ അമേരിക്കൻ അമ്മച്ചി ഒരു അന്ധാളിപ്പോടെ എന്നെ ഒന്ന് നോക്കി. എന്നിട്ട് ഉടനെ വരാമെന്നു പറഞ്ഞു അവിടന്ന് ഇറങ്ങിപ്പോയി.

കൂടെ ഉണ്ടായിരുന്ന ഡോക്ടറുടെ ഫാമിലിയും ഒക്കെ അവിടെ വെയിറ്റ് ചെയ്യുന്നത് കണ്ടു. അപ്പൊ ഞാൻ അവരോട് ഗേറ്റിലേക്ക് പൊക്കോളാൻ പറഞ്ഞു. സുനിത്ത് മാത്രം അവിടെ വെയിറ്റ് ചെയ്തു. തിരിച്ചു വന്ന ആ ഇമ്മിഗ്രേഷൻ ഓഫീസർ, എന്നോട് അവിടെ ഒരു മുറിയിൽ പോയി വെയിറ്റ് ചെയ്യാൻ പറഞ്ഞു. സുനിത്ത് ഉം കൂടെ വന്നിരുന്നു. ചിലരെയൊക്കെ അങ്ങോട്ട് കയറ്റി വിടുന്നുണ്ട്.

No fly ലിസ്റ്റിൽ പെട്ട പേരുകളുടെ കൂട്ടത്തിൽ ആണ് എന്റെ പേര്. അന്വേഷിച്ചപ്പോ അറിയാൻ കഴിഞ്ഞത് അങ്ങനെയാണ്. അതും ഒരു വല്യ ലിസ്റ്റ്, ഏകദേശം 35,000 ആളുകളടങ്ങുന്ന യമണ്ടൻ പട്ടിക. അതീന്നു ഞാൻ നല്ലവനാണോ ചീത്തയാണോ എന്ന് അവർക്കു ബോധ്യമാകണം. എന്നാലേ US ലേക്ക് കടത്തി വിടുള്ളൂ. July 4th ആയതു കൊണ്ടു സെക്യൂരിറ്റി സിസ്റ്റം സ്ട്രിക്ട് ആക്കിയത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ.

അവർ പഠിച്ച പണി പലതും നോക്കിയൊട്ടും ഒരു രക്ഷയുമില്ല. ഫ്ലൈറ്റ് പോകാൻ സമയമായി. സുനിത്ത് പറഞ്ഞു അവനും പോകുന്നില്ല, എല്ലാം ശെരിയായിട്ടു ഒരുമിച്ചു പോകാമെന്നു. ഇത്തിഹാദ് airline ന്റെ ആളുകൾ ഞങ്ങളെ കൊണ്ട് പോയി വിശ്രമ സ്ഥലത്തു ഇരുത്തിയിട്ടു അടുത്ത വിമാനത്തിൽ കയറ്റി വിടാം എന്ന് പറഞ്ഞു. US എത്തിയിട്ട് ഇമ്മിഗ്രേഷൻ ക്ലീറെൻസ് ചെയ്താൽ മതി അപ്പൊ കുറച്ചൂടെ എളുപ്പമാകുമെന്നു.

ഔദ്യോഗിക യാത്ര ആയതിനാൽ ബിസിനസ് ക്ലാസ് ടിക്കറ്റ് ആയിരുന്നു. വിശ്രമ ലോഞ്ചിൽ ചാരുകസേരയിൽ കിടന്നു ഉറങ്ങിപ്പോയി. “സാർ, നിങ്ങക്ക് പോകാനുള്ള വിമാനം തയാറാണ്.” നോക്കിയപ്പോ നേരം വെളുത്തിട്ടുണ്ട്. ഗേറ്റ് നമ്പർ മുപ്പത്തഞ്ചിലേക്കു പോവുക എന്ന് പറഞ്ഞു ഞങ്ങൾക്ക് പുതിയ Boarding Pass തന്നു. അത് വായിച്ച ഞങ്ങൾ രണ്ടാളും ഞെട്ടി. പോകുന്നത് ലണ്ടനിലേക്ക്. എന്നാൽ ഞങ്ങൾക്ക് ശെരിക്കും പോകേണ്ടത് ചിക്കാഗോക്കു, പിന്നെ അവിടന്ന് Detriot.

ഞങ്ങളോടൊപ്പം കൂടെ നടന്ന ആ ഇത്തിഹാദ് ഉദ്യോഗസ്ഥ പറഞ്ഞു ലണ്ടനിന്നു നേരിട്ട് Detroit വിമാനം അറേഞ്ച് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ലഗേജുകൾ ഫൈനൽ ഡെസ്റ്റിനേഷനിൽ കിട്ടുമെന്ന്. അങ്ങനെയെങ്കിൽ അങ്ങനെ. ആ യാത്ര കൊണ്ട് ഒരു ഉപകാരമുണ്ടായി A 380 ന്റെ ഫസ്റ്റ് ക്ലാസ്സിൽ യാത്ര ചെയ്യാനായി.

ലണ്ടനിൽ എത്തി. അവിടെ ഞങ്ങളുടെ ബോര്ഡിങ് പാസ് കാണിച്ചപ്പോ അറിയാൻ കഴിഞ്ഞത്, ഇനി അവർ ഞങ്ങളെ കൊണ്ട് പോകുന്നത് New York ലേക്കാണത്രെ. വളരെ സന്തോഷം. അങ്ങനെ അവിടന്ന് Virjin Atlanta വിമാനത്തിൽ New York ലേക്ക്. അവിടെ എത്തിയപ്പോ പിന്നെയും ഇമ്മിഗ്രേഷനിൽ എന്നെ പൊക്കി. ലിസ്റ്റ് കണ്ടിട്ട് പിടികിട്ടാപ്പുള്ളിയാണ്.

ആ ഓഫീസറോട് ഞാൻ പറഞ്ഞു, “ഇതിനു മുന്നേയും രണ്ടു മൂന്നു പ്രാവശ്യം വന്നിട്ടുണ്ട്. 10 വർഷത്തേക്കുള്ള വിസയുമുണ്ട്. അപ്പോഴൊന്നും കുഴപ്പമുണ്ടായിട്ടില്ല.” അയാള് പറഞ്ഞു “അതൊക്കെ ശെരി തന്നെ. പക്ഷെ നിന്നെ കയറ്റി വിടാൻ പറ്റില്ല. തിരിച്ചു പോകാൻ തയാറായിക്കോ. അവിടെ ഇത്തരക്കാരെ വെയിറ്റ് ചെയ്യിക്കുന്ന ഒരു സ്ഥലമുണ്ട് അവിടെ പോയി ഇരിക്കാൻ” പറഞ്ഞു .

സുനിത്ത് ഇപ്രാവശ്യം ശെരിക്കും കുടുങ്ങി. നിയമ പ്രകാരം അവൻ US നു ഉള്ളിലും, ഞാൻ US നു പുറത്തും. ഒരു യഥാർഥ സുഹൃത്ത് എന്താണെന്നു മനസ്സിലായ ഒരു അവസ്സരം കൂടി ആയിരുന്നു അത്. Detroit ലേക്കുള്ള അടുത്ത ഫ്ലൈറ്റ് ന്റെ ടൈം ആയി. പക്ഷെ അവൻ കയറാൻ പോയില്ല. അവിടെ തന്നെ നിന്നു എന്നെയും കാത്ത്.

ആ വിമാന കമ്പനിയിലെ ആള് എന്നോട് വന്നു പറഞ്ഞു “സുഹൃത്തേ, ലക്ഷണം കണ്ടിട്ട് നിങ്ങള്ക്ക് അകത്തു കയറാൻ പറ്റുമെന്ന് തോന്നുന്നില്ല. ദയവു ചെയ്തു നിങ്ങളുടെ സുഹൃത്തിനോട് പോയി ഫ്ലൈറ്റിൽ കേറാൻ പറ.” ദൂരെ നിക്കുന്ന അവനോടു ഞാൻ ആംഗ്യ ഭാഷയിൽ പൊക്കോളാൻ പറഞ്ഞു. അവൻ കൂട്ടാക്കിയില്ല. എന്തിനേറെ പറയേണ്ടൂ അവനെയോ എന്നെയോ കൂട്ടാതെ Detroit ലേക്കുള്ള അവസാന വിമാനവും അവിടന്ന് പറന്നുയർന്നു.

എന്റെ കാര്യം ഏകദേശം പോക്കാണെന്നു കരുതി നിക്കുമ്പോഴാണ് ഒരു ഉയന്ന പോലീസ് ഉദ്യോഗസ്ഥ അവിടെ വന്നത്. അവർ എന്നോട് കൌണ്ടറിന്റെ അടുത്ത് ചെല്ലാൻ പറഞ്ഞു. എന്നോട് ചില ചോദ്യങ്ങളൊക്കെ ചോദിച്ചു. യാത്ര ഉദ്ദേശ്യം, ആരൊക്കെ ഉണ്ട് കൂട്ടത്തിൽ, എത്ര കാലം നിക്കും എന്നൊക്കെ. ഞാൻ എല്ലാറ്റിനും മറുപടി പറഞ്ഞു.

അവർ ഫോണിൽ ആരോടോ സംസാരിക്കുന്നതു ശ്രദ്ധിച്ചു. ബോർഡർ സെക്യൂരിറ്റി ഹെഡ് ക്വാർട്ടേഴ്‌സ്ലേക്കാണെന്നു പിന്നെ മനസ്സിലായി. എന്നെ നോക്കി ആണ് അവർ ഫോണിൽ സംസാരിക്കുന്നത്. എന്റെ രൂപം ഏകദേശം അവർ വിശദീകരിച്ചു കൊടുക്കുന്നുണ്ട് മറ്റേ അറ്റത്തുള്ള ആൾക്ക്.

എന്റെ ഫുൾ നെയിം : Hamidsha Abdul Shahudeen എന്നാണ് പാസ്സ്പോർട്ടിൽ. അവർ ചോദിച്ചു “എന്താ നിന്റെ പേര്?” ഞാൻ പറഞ്ഞു Hamidsha. അച്ഛന്റെ പേര്? ഞാൻ പറഞ്ഞു Shahudeen. അവർ സിസ്റ്റത്തിൽ നിന്നും Abdul റിമൂവ് ചെയ്തു. എല്ലാം ശരിയായിരിക്കുന്നു. എന്നിട്ട് എന്നോട് പറഞ്ഞു “Gentleman, You are welcome to the United States of America. Sorry for all the inconveniences.”

ഹോ സമാധാനമായി. അകത്തു കയറിയപ്പോ എന്നെ വെയിറ്റ് ചെയ്തിരിക്കുന്ന സുനിത്തിനെയും കൂട്ടി American Airlines ന്റെ കൌണ്ടറിൽ ചെന്നു. അവർ പറഞ്ഞു Detroit ലേക്ക് പിറ്റേ ദിവസ്സമേ ഇനി ഫ്ലൈറ്റ് ഉള്ളൂ. അത് കൊണ്ട് New York ഇൽ ആ രാത്രി താങ്ങാനുള്ള ഹോട്ടൽ അറേഞ്ച് ചെയ്തു തരാമെന്നു. പിറ്റേന്ന് Detroit ൽ എത്തിയപ്പോ, യാത്ര തുടങ്ങി രണ്ടര ദിവസ്സം കഴിഞ്ഞിരുന്നു. മാത്രവുമല്ല ഞങ്ങളുടെ Luggages അവിടെ എത്തിയിട്ടുമില്ല.