സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ സിനിമാസ്ക്രീന്‍ ഇന്ത്യയിലോ?

ഇന്ത്യയിലെയെന്നല്ല, സൗത്ത് ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ സിനിമാ സ്ക്രീന്‍, ലോകത്തിലെ മൂന്നാമത്തെ വലിയ സിനിമാ സ്ക്രീന്‍… ഇങ്ങനെയൊരു തിയേറ്ററില്‍ സിനിമ കാണണമെന്നുണ്ടോ? എങ്കില്‍ നേരെ ആന്ധ്രാപ്രദേശിലേക്കു പോകേണ്ടി വരും. ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ സുള്ളൂര്‍പേട്ടയിലുള്ള V Epiq എന്ന തിയേറ്ററിനാണ് മേല്‍പ്പറഞ്ഞ സവിശേഷതകളുള്ളത്.

ആന്ധ്ര പ്രദേശിലും തെലങ്കാനയിലും 50 ഓളം സ്ക്രീനുകളുള്ള V Celluloid എന്ന സിനിമാ തിയറ്റര്‍ ശൃംഖലയുടെ ഉടമ കൂടിയായ പ്രശസ്ത നിർമ്മാതാവ് വംശി കൃഷ്ണയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ മൂന്ന് സ്ക്രീൻ തിയേറ്റർ.

V Epiq ലെ ബിഗ്സ്ക്രീനിന് 100 അടി വീതിയും 54 അടി ഉയരവുമുണ്ട്. കൂടാതെ 656 സീറ്റിംഗ് കപ്പാസിറ്റിയുമുണ്ട്. സ്റ്റേഡിയം ടൈപ്പ് സീറ്റിംഗ് ആണ് ഈ തിയേറ്ററിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഇത് കൂടാതെ ഈ തിയേറ്റര്‍ സമുച്ചയത്തിൽ 170 സീറ്റുകൾ വീതമുള്ള രണ്ട് സ്ക്രീനുകൾ കൂടിയുണ്ട്.

4k Barco Flagship Lazer projector, Dolby Atmos sound – 360-degree immersive audio system തുടങ്ങിയവയും Vepiq ൻ്റെ സവിശേഷതകളാണ്. മൂന്നേക്കർ സ്ഥലത്ത് ഏകദേശം 10 കോടി രൂപ മുടക്കിയാണ് V Epiq Cinema പൂര്‍ത്തീകരിച്ചിരിക്കുന്നത്.

2019 ല്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം രാംചരണായിരുന്നു ഈ തിയേറ്റര്‍ ഉദ്ഘാടനം ചെയ്തത്. ഇവിടത്തെ ബിഗ്സ്ക്രീനില്‍ ആദ്യം പ്രദര്‍ശിപ്പിച്ച സിനിമ പ്രഭാസ് നായകനായ ‘സാഹോ’ആണ്. ഈ തിയേറ്ററിലെ ആദ്യ ദിവസത്തെ ഗ്രോസ് കളക്ഷൻ 19.5 ലക്ഷം രൂപയായിരുന്നു.

നിലവിൽ ആന്ധ്രാപ്രദേശിൽ തിയേറ്ററുകളിൽ നിരക്കുകൾ ക്‌ളാസ്സുകൾ തിരിച്ച് ഏകീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ Go-35 എന്ന നിയമം വന്നതോടെ ഇന്ത്യയിലെ ഈ വലിയ സ്‌ക്രീൻ പ്രദർശനം നിർത്തി വെച്ചിരിക്കുകയാണ്. 100 Rs, 200 Rs എന്നിങ്ങനെ ടിക്കറ്റ് നിരക്കുകളുണ്ടായിരുന്ന VEpiq ൽ പുതിയ നിയമം വന്നതോടെ ചാർജ്ജ് 30 രൂപ എന്ന രീതിയിൽ ആക്കേണ്ടി വരുമെന്നതിനാലാണ് ഇത്. ഇത്രയും സൗകര്യങ്ങളും സവിശേഷതകളും നൽകുന്ന ഈ തിയേറ്ററിൽ 30 രൂപ ചാർജ്ജ് എന്നത് വലിയ നഷ്ടം തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. എന്തായാലും ഇതിനെല്ലാം ഒരു പരിഹാരം കണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഈ ബിഗ്‌സ്‌ക്രീൻ തിയേറ്റർ വീണ്ടും പ്രദർശനമാരംഭിക്കും എന്ന് പ്രതീക്ഷിക്കാം.