കെഎസ്ആർടിസി ബസ്സുകൾക്ക് പേരുകൾ നൽകുന്നതിനു പിന്നിൽ…

കേരള സർക്കാർ നടത്തുന്ന ബസ് കമ്പനി ആണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ആനവണ്ടി എന്ന ഇരട്ടപേരിൽ അറിയപെടുന്ന സംസ്ഥാന ഉടമസ്ഥതയിലുള്ള ഏറ്റവും പഴയ ബസ് കമ്പനികളിൽ ഒന്നാണ് പൊതു മേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി. ഒരിക്കലെങ്കിലും കെഎസ്ആര്‍ടിസി ബസില്‍ കയറാത്ത മലയാളികള്‍ കുറവായിരിക്കും. ഒറ്റപ്പെട്ടു കിടക്കുന്ന മലനാടുകളെയും കുഗ്രാമങ്ങളെയും പട്ടണങ്ങളുമായും റെയില്‍വേ സൗകര്യമില്ലാത്ത കിഴക്കന്‍ മലയോരമേഖലകളെ നഗരങ്ങളുമായും ബന്ധപ്പിക്കുന്ന കണ്ണി. ഒട്ടേറെപ്പേര്‍ക്ക് ജീവിതയാത്ര ഒരുക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍.

ചില കെഎസ്ആർടിസി ബസ്സുകൾക്ക് പേരുകൾ നൽകുന്നത് കാണാം. എന്താണ് ഈ പേരുകൾ കൊണ്ട് അർത്ഥമാക്കുന്നത് എന്നറിയാമോ?

മലബാർ – മധ്യ കാലഘട്ടത്തിൽ കേരളം മലബാർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പാലക്കാട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളാണ് മലബാർ എന്നറിയപ്പെടുന്നത്. ഇതുകൊണ്ട് വടക്കൻ – മദ്ധ്യ മേഖലകളിൽ സർവ്വീസ് നടത്തുന്ന ചില കെഎസ്ആർടിസി ബസ്സുകൾക്ക് മലബാർ എന്നു പേര് നൽകി വരുന്നു. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ടിടി തുടങ്ങിയ സർവ്വീസുകൾക്കാണ് ഇത്തരത്തിൽ പേരിടുന്നത്. വെള്ളയും നീലയുമാണ് ഇത്തരം ബസുകളുടെ നിറം.

വേണാട് – ഒമ്പതാം ശതകത്തിൽ കൊല്ലം ആസ്ഥാനമാക്കി ഇന്നത്തെ കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടക്ക്‌ സ്ഥിതിചെയ്തിരുന്ന ഒരു രാജ്യമായിരുന്നു വേണാട്. വേണാട്ടിലെ ആദ്യകാല രാജാക്കന്മാർ അയ് വേലുകൾ ആയിരുന്നു. അയ് വേലുകൾ ഭരിക്കുന്ന രാജ്യം എന്ന പേരിൽ നിന്നാണ് വേണാട് എന്ന പദം വന്നത് എന്ന വാദത്തിനാണ് കൂടുതൽ തെളിവുകൾ ഉള്ളത്. മധ്യ – തെക്കൻ കേരളത്തിൽ സർവ്വീസ് നടത്തുന്ന ചില കെഎസ്ആർടിസി ബസ്സുകൾക്ക് വേണാട് എന്ന പേര് നൽകി വരുന്നു. വെള്ളയും നീലയുമാണ് ഇത്തരം ബസുകളുടെ നിറം.

തിരുകൊച്ചി – കേരളം പിറവിയെടുക്കുന്നതിനു മുന്നോടിയായി, തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സം‌യോജിപ്പിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനമായി നിലവിൽ വന്ന ഭൂവിഭാഗമാണു് തിരു-കൊച്ചി. എറണാകുളം നഗരത്തിൽ പ്രൈവറ്റ് ബസ്സുകളോടൊപ്പം മത്സരിക്കുവാൻ നിരത്തിലിറക്കിയ സിറ്റി സർവ്വീസ് ബസ്സുകൾക്ക് കെഎസ്ആർടിസി തിരുകൊച്ചി എന്ന പേരായിരുന്നു നൽകിയത്. ഓർഡിനറി സർവ്വീസുകളാണിവ.കാലക്രമേണ സിറ്റി സർവ്വീസുകളായി ഓടിയിരുന്ന ഈ ബസ്സുകൾ പലയിടങ്ങളിലേക്ക് ട്രാൻസ്‌ഫർ ചെയ്തിരുന്നതായി കാണാം. നിലവിൽ പുതിയ തിരുകൊച്ചി ബസ്സുകൾ നിരത്തിലിറങ്ങിയിട്ടില്ല. വെള്ളയും നീലയുമാണ് ഇത്തരം ബസുകളുടെ നിറം.

അനന്തപുരി – കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ മറ്റൊരു പേരാണ് അനന്തപുരി. എറണാകുളത്ത് തിരുകൊച്ചി സർവ്വീസുകൾ പോലെ തിരുവനന്തപുരം നഗരത്തിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സുകളാണ് അനന്തപുരി. തിരുകൊച്ചി സർവ്വീസുകൾ ഓർഡിനറിയാണെങ്കിൽ അനന്തപുരി ഫാസ്റ്റ് കാറ്റഗറിയിൽപ്പെട്ടതാണ്. ഇവയുടെ നിറവും വെള്ളയും നീലയും ആണ്.

രാജധാനി – തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഒരിടയ്ക്ക് കെഎസ്ആർടിസി ഇറക്കിയ പോയിന്റ് റ്റു പോയിന്റ് സർവീസുകളാണ് രാജധാനികൾ. കടുംമഞ്ഞയും വിവിധ നിറങ്ങളും അടങ്ങിയതാണ് രാജധാനി ബസുകൾ. കോഴിക്കോട് നിന്നും മാനന്തവാടി, ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്തിയിരുന്ന പോയിന്റ് ടു പോയിന്റ് ബസ്സുകൾ രാജധാനികൾ ആയിരുന്നു. ഇന്ന് കാലപ്പഴക്കം മൂലം ഈ സർവ്വീസുകൾ നിറംമാറ്റി ഓർഡിനറി ആക്കുകയാണ്.

ശബരി – കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് കാറ്റഗറിയിൽപ്പെട്ട ചില ബസ്സുകൾക്ക് നൽകിയിരിക്കുന്ന പേരാണ് ശബരി. 2016 ലെ മണ്ഡലകാലത്ത് ശബരിമല സ്പെഷ്യൽ സർവ്വീസുകളായാണ് ഇവ രംഗപ്രവേശനം ചെയ്തത്. അതുകൊണ്ടാണ് ഇവയ്ക്ക് ശബരി എന്ന പേര് നൽകിയതും. അയ്യപ്പൻറെ വാഹനമായ കടുവയുടെ ചിത്രം അടങ്ങിയതാണ് ഈ ബസ്സുകളുടെ ലിവെറി ഡിസൈൻ.

ഗരുഡ – കെഎസ്ആർടിസിയുടെ പ്രീമിയം മൾട്ടി ആക്സിൽ സർവീസുകൾക്ക് നൽകിയിരിക്കുന്ന പേരാണ് ഗരുഡ. വോൾവോ ബസ്സുകൾക്ക് ഗരുഡ കിംഗ് ക്ലാസ്സ് എന്നും സ്‌കാനിയ ബസുകൾക്ക് ഗരുഡ മഹാരാജ എന്നുമാണ് പേരിട്ടിരിക്കുന്നത്. ടിവി, മ്യൂസിക് സിസ്റ്റം, എസി, പുതപ്പ്, വെള്ളം തുടങ്ങി യാത്രക്കാർക്ക് ഉയർന്ന തലത്തിലുള്ള സൗകര്യങ്ങൾ ഈ സർവീസുകളിൽ ലഭിക്കും. തെലങ്കാന ആർടിസിയുടെ പ്രീമിയം സർവ്വീസുകളുടെ പേരും ഗരുഡ എന്നുതന്നെയാണ്. പുരാണത്തിൽ പറയുന്ന ഗരുഡൻ എന്ന പക്ഷിയെ അടിസ്ഥാനമാക്കിയാണ് ഈ പേര് നൽകിയിരിക്കുന്നത്.

ഐരാവത് – കേരള ആർടിസിയുടേതു പോലെ കർണാടക ആർടിസി ബസുകൾക്കും ഇതുപോലെ പേരുകൾ നൽകാറുണ്ട്. കർണാടകയുടെ വോൾവോ സ്‌കാനിയ ബസ്സുകൾക്ക് ഐരാവത് എന്നാണു പേര് നൽകിയിരിക്കുന്നത്. ഹൈന്ദവ പുരാണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന അഷ്ടദിക് ഗജങ്ങളിൽ ഒരാനയാണ് ഐരാവതം. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണ് എട്ടു ദിക്കിനെ പ്രതിനിധീകരിക്കുന്ന ദിക് ഗജങ്ങൾ. ദേവന്മാരുടെ രാജാവായ ദേവേന്ദ്രന്റെ വാഹനമാണു് ഐരാവതം എന്ന് മഹാഭാരതത്തിലും, ഭാഗവതത്തിലും ഇതരപുരാണങ്ങളിലും പ്രതിപാദിച്ചിരിക്കുന്നു.

അംബാരി – കർണാടക ആർടിസിയുടെ സ്ലീപ്പർ ബസ്സുകൾക്ക് അംബാരി എന്ന പേരാണ് നൽകിയിരിക്കുന്നത്. ആനപ്പുറത്ത് സവാരി ചെയ്യുന്നവർക്കുള്ള ഇരിപ്പിടം ആണ് അമ്പാരി.

ഇനി കെഎസ്ആർടിസി ബസ്സുകൾ കാണുമ്പോൾ ഈ കാര്യങ്ങൾ ഒന്നോർമ്മിക്കുക. ഇവ അറിയാത്ത സുഹൃത്തുക്കൾക്ക് ഇത് പറഞ്ഞു കൊടുക്കുക.