കാലപ്പഴക്കത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ ചായയും കടികളും

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

ചായയും അതിനൊത്ത പലഹാരങ്ങളും ഉണ്ടാക്കുന്ന കൈ തഴക്കമുള്ള, 30 വർഷത്തെ പരിചയസമ്പത്തുള്ള വിജയൻ ചേട്ടനിലൂടെ ഒരു രുചി യാത്ര. കഴിഞ്ഞ തിങ്കളാഴ്ച, മെയ് 10 ന് വീണ്ടും തുറന്നു ലോക്ക്ഡൗണിലെ നീണ്ട അവധിക്ക് ശേഷം. ശ്രദ്ധിക്കണം സാമൂഹിക അകലം കർശനമായി പാലിച്ചിരിക്കണം. മുന്നറിയിപ്പുള്ള ബോർഡ് അവിടെ പ്രത്യേകം തൂക്കിയിട്ടുണ്ട്. ഈ പ്രത്യേക പരിതസ്ഥ്തിയിൽ കണ്ണാടി ഗ്ലാസ്സുകൾ മാറ്റി ഡിസ്പോസിബിൾ ഗ്ലാസ്സ് ആക്കിയിട്ടുണ്ട്. മുൻപ് രാവിലെ 6.00 മണി മുതൽ 7:30 വരെയാണ് പ്രവർത്തിച്ചിരുന്നത് ഇപ്പോൾ രാവിലെ 7 മുതൽ രാത്രി 7 വരെ ആക്കിയിട്ടുണ്ട്. രാവിലെ 7:30 മുതൽ ചായ മുതലായവ കിട്ടി തുടങ്ങും.

അവസാനം പോയത് മാർച്ച് 13 നായിരുന്നു. ഓഫീസിലെ കൂട്ടുകാരോടാപ്പം. എണ്ണം പറഞ്ഞ ചായ. ചുണ്ടോടുപ്പിച്ച് ആ ചായ ഒന്ന് നൊട്ടി നുണേയണ്ട താമസം ആ കൈപുണ്യത്തെ നമ്മളൊരിക്കലും പിന്നെ ജീവിതത്തിൽ മറക്കുകയില്ല. വിജയൻ ചേട്ടന്റെ കൈ കൊണ്ടാരു ചായ. അതൊരു ഒന്നന്നര ചായയാണ്. സ്വന്തം അനുഭവത്താലും മറ്റുള്ളവരുടെ അനുഭവത്തിലും മനസ്സിലാക്കിയൊരു കാര്യം – സ്ഥിരം വരുന്നവരുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി കടുപ്പത്തിന് കടുപ്പം, മധുരത്തിന് മധുരം അതൊന്നും ചേട്ടന് ആരും എപ്പോഴും പറഞ്ഞ് കൊടുക്കണ്ട, അത് മനസ്സിലാക്കി ഓരോർത്തക്കും വെവ്വേറെ ചെയ്തു തരും.

എല്ലാ പലഹാരങ്ങളും അടിപൊളി. പ്രത്യേകിച്ച് ആ മുട്ട ബജി. പ്രത്യേക രുചിയുള്ള ആ മാവും അതിലെ കുരുമുളക് പൊടിയും കൂടി ചേരുമ്പോൾ ഞെരിപ്പാണ്. ഉറപ്പായും കഴിച്ചിരിക്കേണ്ടത്. എനിക്കിഷ്ടപ്പെട്ട ലൈറ്റ് ചായയും ആ മുട്ട ബജിയും കൂട്ടിന് മുളക് ബജിയും. ഉള്ളി വടയും കൂടിയായപ്പോൾ ആ സായ്ഹാനം അന്ന് സ്വർഗ്ഗം. മുട്ട ബജി പാഴ്സലെടുക്കാനും മറന്നില്ല. നല്ല പെർഫക്ട് പായ്ക്കിംഗ്. കൂടെ വന്നവരുടെയും മുഖത്ത് സംതൃപ്തിയുടെ പുഞ്ചിരി വിരിഞ്ഞപ്പോൾ മനം നിറഞ്ഞു.

വിജയൻ ചേട്ടന്റെ അധ്വാനത്തിന്റെ നാൾവഴികൾ – 30 വർഷമായി വിജയൻ ചേട്ടന് ചായയും പലഹാരങ്ങളുമായി ബന്ധം തുടങ്ങിയിട്ട്. 1990 ൽ പബ്ലിക്ക് ഓഫീസിലെ സൊസേറ്റി നടത്തിയിരുന്ന ക്യാന്റീനിൽ ആയിരുന്നു തുടക്കം. 1995 മുതൽ PRS ഹോസ്പിറ്റലിനകത്തെ കോഫീ സ്റ്റാളിലായിരുന്നു. സ്വന്തമായി ഒരെണ്ണം തുടങ്ങണമെന്ന് ആഗ്രഹിച്ച് 2004 ൽ മാർച്ച് 25 ന് ഒരു തട്ട് വാങ്ങി തുടങ്ങിയതാണ് ഇവിടെ. സ്റ്റീലിൽ പണി ചെയ്ത വണ്ടിയായിട്ട് ആറ് വർഷമായി.

രാവിലെ പഴക്കേക്ക്, ഉഴുന്നു വട, പരിപ്പ് വട, ഉച്ചയ്ക്ക് ഇവ കൂടാതെ ഉള്ളി വട, മുട്ട ബജി, കാ ബജി, മുളക് ബജി എന്നിവയാണ് ഇവിടെ തയ്യാറാക്കുന്നത്. ആറ്റുകാൽ പൊങ്കാലയുടെ അടുത്ത ദിവസമാണ് കടയിൽ പോയത്. കട അടഞ്ഞ് കിടക്കുന്നതായി കണ്ടു. പിന്നെ അന്വേഷിച്ചപ്പോൾ മനസ്സിലായി. ചേട്ടൻ ഇപ്പോൾ ഇവിടെ ആറ്റുകാൽ പൊങ്കാല പൗരസമിതിയുടെ ജോയിന്റ് സെക്രട്ടറിയാണ്. സമിതിയുടെ ഭാഗമായി ചേട്ടനും സുഹൃത്തുക്കളായ സമിതിയിലെ അംഗങ്ങളും ചേർന്ന് എല്ലാ വർഷവും 6500 പേർക്ക് അന്നദാനം നടത്തുന്നുണ്ട്. ആദ്യം വെള്ളം കൊടുത്തായിരുന്നു തുടക്കം. പിന്നെ അന്നദാനത്തിലായി മാറി. 12 വർഷമായി ഇത് നടത്തി വരുന്നു. പൊങ്കാലയ്ക്ക് രണ്ടാഴ്ച മുമ്പ് ഇതിന്റെ പുറകിലായിരുന്നു. വിശ്രമത്തിന് വേണ്ടി അടുത്ത ദിവസം കട അടച്ചതാണ്.

ചേട്ടനും ഭാര്യാ പിതാവും ഉൾപ്പെടെ നാല് സ്റ്റാഫുകളാണ് ഇവിടെയുള്ളത്. കടയുടെ അടുത്തായി തന്നെ രണ്ട് മുറി വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഒന്ന് സ്റ്റാഫുകൾക്ക് കിടക്കാനും. ഒന്ന് പലഹാരം ഉണ്ടാക്കാനും. ലോക്ക്ഡൗണായിരുന്നാലും വാടക കൊടുത്തല്ലേ പറ്റു. ഭൂരിപക്ഷവും നേരിടുന്ന ഒരു പ്രതിസന്ധി.

പ്രതിസന്ധികൾ ഓരോന്നായി പതുക്കെ പതുക്കെ മാറി, സ്വപ്നങ്ങൾ വീണ്ടും പൂവിട്ട് തുടങ്ങുകയാണ്. കൊതിയുടെ രുചിയുടെ സ്പന്ദനങ്ങളിലേക്ക് താളമിട്ട് കൊണ്ട് വീണ്ടും വിജയേട്ടന്റെ കട. ലൊക്കേഷൻ: വാൻറോസ് ജംഗ്ഷൻ കഴിഞ്ഞുള്ള ജേക്ക്ബ്സ് ജംഗ്ഷൻ. ആ കേറ്റം കേറി ചെല്ലുമ്പോൾ വളവിന്റെയവിടെയായി ഇടത് വശത്ത് പീറ്റർ ഇംഗ്ളണ്ടിന്റെ ഷോറും എതിരെയായി വലത്തോട്ടുള്ള വഴിയുടെ തുടക്കത്തിൽ ഇടത് വശത്തായി ചക്രങ്ങൾ ഘടിപ്പിച്ചൊരു സ്റ്റീൽ തട്ടു കാണാം.

NB – ഇതോടൊപ്പമുള്ള ചിത്രങ്ങൾ കൊറോണയ്ക്ക് മുൻപ് പകർത്തിയതാണ്. അതുകൊണ്ടാണ് മാസ്ക് വെക്കാത്ത രീതിയിലുള്ളത്.