കഴിഞ്ഞ വർഷത്തെ വയനാടൻ യാത്രയുടെ ഓർമ്മകളിൽ ഇന്ന് ഒരു വിങ്ങലായി ‘പുത്തുമല’

ഇപ്പോൾ കേരളത്തിന്റെ മൊത്തം വിങ്ങലായി മാറിയിരിക്കുകയാണ് ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയും വയനാട്ടിലെ പുത്തുമലയും. ഇതിൽ വയനാട്ടിലെ പുത്തുമലയിൽ ഞാൻ കഴിഞ്ഞ വർഷം സന്ദർശിച്ചിട്ടുള്ളതാണ്. പുത്തുമലയിൽ ദുരന്തമുണ്ടായി എന്ന വാർത്ത ശരിക്കും എനിക്ക് ഷോക്ക് തന്നെയായിരുന്നു. കാരണം ഞാൻ അവിടത്തെ പ്രകൃതിഭംഗി നേരിട്ടാസ്വദിച്ചിട്ടുള്ള വ്യക്തിയാണ്.

2018 വർഷാരംഭത്തിലായിരുന്നു വയനാട്ടിലേക്ക് സുഹൃത്തായ ഹൈനാസ്‌ ഇക്കയുടെ ക്ഷണം ലഭിക്കുന്നത്. അങ്ങനെയാണ് മൂന്നാലു ദിവസത്തെ വയനാടൻ കറക്കത്തിനായി ഞാനും സുഹൃത്തായ പ്രശാന്തും അവിടേക്ക് യാത്രയാകുന്നത്. അവിടെ ചെന്നു ആദ്യ ദിവസങ്ങളിൽ കൽപ്പറ്റയും പരിസര പ്രദേശങ്ങളുമൊക്കെയായിരുന്നു കറങ്ങിയത്. അടുത്ത ദിവസങ്ങളിലാണ് ഹൈനാസ്‌ ഇക്ക ഞങ്ങളെ തൊള്ളായിരം കണ്ടി, അട്ടമല, മുണ്ടക്കൈ എന്നിവിടങ്ങളിലൊക്കെ കൊണ്ടുപോയത്. ആ യാത്രയ്ക്കിടയിലാണ് ആദ്യമായി പുത്തുമല സന്ദർശിക്കുവാൻ അവസരമുണ്ടായത്.

ഒറ്റനോട്ടത്തിൽ ഊട്ടിയോ മൂന്നാറോ പോലെ തോന്നിപ്പിക്കുന്ന തേയിലത്തോട്ടങ്ങൾ നിറഞ്ഞ, പച്ചപ്പാർന്ന മനോഹരഗ്രാമമായിരുന്നു പുത്തുമല. തേയിലത്തോട്ടങ്ങൾക്കിടയിൽ തൊഴിലാളികൾ താമസിക്കുന്ന ചെറിയ ചെറിയ പാടികൾ, മുകളിൽ അമ്പലവും പള്ളിയും, ചെറിയ ഒരു സ്‌കൂൾ, പിന്നെ ബ്രിട്ടീഷ് മേൽക്കോയ്മയുടെ പ്രതീകങ്ങളായ മനോഹരമായ എസ്റ്റേറ്റും ബംഗ്ളാവും ഇതായിരുന്നു പുത്തുമലയിൽ എത്തുന്നവരെയെല്ലാം ആകർഷിച്ചിരുന്ന കാഴ്ചകൾ.

പൂത്തുനിൽക്കുന്ന മലനിരകൾ എന്ന അർത്ഥത്തിൽ ‘പൂത്തമല’യാണ് പിന്നീട് പുത്തുമലയായത്. ഹൈനാസ്‌ ഇക്കയുടെ ഒരു സഹോദരി പുത്തുമലയിൽ താമസിക്കുന്നുണ്ടായിരുന്നു. അന്നത്തെ യാത്രയ്ക്കിടയിൽ ഞങ്ങൾ പുത്തുമലയിൽ വണ്ടിയൊതുക്കിയിട്ട് തേയിലത്തോട്ടങ്ങൾക്കിടയിലൂടെയും മറ്റും കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ധാരാളം നടക്കുകയുണ്ടായി. ഒപ്പം അവിടെവെച്ചു കണ്ടുമുട്ടിയ നാട്ടുകാരിൽ ചിലരോട് കുശലാന്വേഷണവും നടത്തിയിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരായ പാവങ്ങളായിരുന്നു ആ ഗ്രാമത്തിൽ ജീവിച്ചിരുന്നത്. പുറമെ നിന്നും വന്ന ഞങ്ങളോട് അവരുടെ പെരുമാറ്റവും വളരെ സൗഹാർദ്ദപരമായിരുന്നു.

അന്നത്തെ യാത്രയ്ക്കു ശേഷം പിന്നീട് എൻ്റെ വിവാഹശേഷവും ഞാനും ഭാര്യ ശ്വേതയുമൊന്നിച്ച് പുത്തുമല ഭാഗത്തൊക്കെ പോയിരുന്നു. തേയിലത്തോട്ടങ്ങൾ പണ്ടേ എനിക്കൊരു വീക്ക്നെസ് ആയതിനാൽ വയനാട്ടിൽ ഏറ്റവും കൂടുതൽ എന്നെ ആകർഷിച്ച ഒരു സ്ഥലമായി പുത്തുമല മാറിയിരുന്നു. പുത്തുമലയെക്കുറിച്ചുള്ള ചരിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഹൈനാസ്‌ ഇക്ക വഴി എനിക്ക് മനസ്സിലാക്കുവാനും സാധിച്ചിരുന്നു.

ഇനി അടുത്ത തവണ വയനാട്ടിൽ പോകുമ്പോൾ പുത്തുമല, അട്ടമല, മുണ്ടക്കൈ ഭാഗത്തൊക്കെ പോകണം എന്നൊക്കെ വിചാരിച്ചിരിക്കുന്നതിനിടെയാണ് ആഗസ്റ്റ് എട്ടാം തീയതി എല്ലാവരെയും നടുക്കിക്കൊണ്ട് ആ വാർത്ത പുറത്തു വന്നത്. പുത്തുമലയിൽ ഉരുൾപൊട്ടി, ധാരാളം വീടുകളും വാഹനങ്ങളും മനുഷ്യജീവനുകളുമെല്ലാം മണ്ണിനടിയിൽ… വൈകുന്നേരം ഏതാണ്ട് മൂന്നരയോടെയായിരുന്നു സംഭവം നടന്നത് എന്നാണ് അറിയുവാൻ കഴിഞ്ഞത്.

ഈ വാർത്ത കേട്ടപ്പോൾ എൻ്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത് ഞാൻ കണ്ട പുത്തുമലയെന്ന മനോഹര ഗ്രാമവും, അവിടത്തെ തേയിലത്തോട്ടങ്ങളുടെ പച്ചപ്പും, അമ്പലവും, പള്ളിയും, സ്‌കൂളും, ആളുകൾ താമസിക്കുന്ന പാടികളും ഒക്കെയായിരുന്നു. അവയിൽ പലതും ഇന്ന് നശിച്ചിരിക്കുന്നു. അന്ന് ഞങ്ങൾ കണ്ട മനുഷ്യർ ഇന്ന് ജീവനോടെയുണ്ടോയെന്നു പോലും പറയുവാൻ കഴിയാത്ത അവസ്ഥ. അന്ന് പോയപ്പോൾ അവിടെ കളിക്കുകയായിരുന്ന കൊച്ചുകുട്ടികളുടെ മുഖം ഓർത്തെടുക്കുവാനാകുന്നില്ലെങ്കിലും മനസ്സിൽ ഒരു വിങ്ങലായി ആ ദൃശ്യങ്ങൾ അവശേഷിക്കുന്നു.

പുറംലോകം അധികമൊന്നും അറിയപ്പെടാതിരുന്ന ഒരു സ്ഥലമായിരുന്നു പുത്തുമല. എന്നാൽ ഇന്ന് പുത്തുമല എന്നു പറഞ്ഞാൽ കേരളം മുഴുവനും അറിയും. പക്ഷേ അതൊരു ദുരന്തവാർത്ത മൂലമുണ്ടായ പ്രശസ്തിയാണ് എന്നതാണ് വിഷമകരമായ ഒരു കാര്യം. പുത്തുമലയിൽ ജീവൻ നഷ്ടപ്പെട്ടവരെ വേദനയോടെ ഒരു നിമിഷം മനസ്സിലോർക്കാം, അവർക്കു വേണ്ടി പ്രാർത്ഥിക്കാം, വീടും സ്വത്തും നഷ്ടപ്പെട്ട് ജീവൻ മാത്രം ബാക്കിയായവരെ നമുക്ക് പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താം. അതിജീവിക്കും… പുത്തുമലയും കവളപ്പാറയും എല്ലാം…

ദുരന്തത്തിനു മുൻപുള്ള പുത്തുമലയുടെ ദൃശ്യമാണ് ഈ ലേഖനത്തോടൊപ്പമുള്ള ചിത്രത്തിൽ കാണുന്നത്. അതിൽ ഒരു ചിത്രം പകർത്തിയത് നമ്മുടെ ഒരു സുഹൃത്തും വില്ലേജ് ഓഫീസറുമായ സലാം അറയ്ക്കൽ ആണ്.