ആഫ്രിക്കയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ടാഞ്ചിയറിലേക്ക്

മൊറോക്കോയിലെ റബാത്തിൽ നിന്നും ടാഞ്ചിയർ എന്ന സ്ഥലത്തേക്കുള്ള യാത്രയിലേക്ക് ആയിരുന്നു ഞങ്ങൾ. പോകുന്ന വഴിയ്ക്ക് ഹൈവേയ്ക്ക് സമീപത്തുള്ള പെട്രോൾ പമ്പിലെ പാർക്കിംഗ് ഏരിയയിൽ ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി നിർത്തിയപ്പോൾ അവിടെ പാർക്ക് ചെയ്തിരുന്ന ഒരു കണ്ടെയ്‌നർ ട്രെയിലർ ഡ്രൈവർ ഞങ്ങൾക്ക് ജ്യൂസും ഭക്ഷണവുമൊക്കെ വാഗ്ദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തോട് നന്ദിയും പറഞ്ഞു ഞങ്ങൾ യാത്ര വീണ്ടും ആരംഭിച്ചു.

നീണ്ടുകിടക്കുന്ന, വീതിയേറിയ ഹൈവേയിലൂടെ ഗൈഡ് നിസ്‌റിൻ കാർ പായിച്ചുകൊണ്ടേയിരുന്നു. ഇരു വശങ്ങളിലും പലതരത്തിലുള്ള ഭൂപ്രകൃതികൾ ദൃശ്യമായിക്കൊണ്ടിരുന്നു. ഹൈവേയിൽ കാറുകളെക്കൂടാതെ വലിയ ട്രക്കുകൾ ആയിരുന്നു കൂടുതലായും കാണപ്പെട്ടത്. ലോക്ക്ഡൗൺ ആണെങ്കിലും അവിടെയൊക്കെ ചരക്കുനീക്കങ്ങൾ സാധാരണ ഗതിയിൽത്തന്നെ നടക്കുന്നുണ്ടായിരുന്നു.

ആ ദിവസം അച്ഛന്റെ പിറന്നാൾ ആയിരുന്നു. വീട്ടിൽ കേക്ക് മുറിക്കളൊക്കെ തകൃതിയായി നടക്കുന്ന സമയം നിർഭാഗ്യവശാൽ എനിക്ക് അതിൽ പങ്കുചേരാൻ കഴിഞ്ഞില്ല. അതിനാൽ വീട്ടിൽ നിന്നും വീഡിയോ കോൾ ചെയ്ത്, ലൈവ് ആയി കേക്ക് മുറിക്കുന്നത് ഞാൻ മൊറോക്കോയിൽ ഇരുന്നു കണ്ടു. കുടുംബത്തെയും നാടിനെയുമൊക്കെ മിസ്സ് ചെയ്തതു കാരണം ഒരു നിമിഷം ഞാൻ വികാരാധീനനായി. എങ്കിലും യാത്രയ്ക്കിടയിൽ നിസ്‌റിൻ തമാശകളൊക്കെ പറഞ്ഞുകൊണ്ട് ഞങ്ങളെ രസിപ്പിച്ചിരുന്നു.

അങ്ങനെ ഞങ്ങൾ ടാഞ്ചിയർ നഗരത്തിലേക്ക് കയറി. നഗരത്തിനുള്ളിൽ വാഹനങ്ങൾക്ക് വേഗതാപരിധിയുള്ളതിനാൽ ഞങ്ങൾ പതുക്കെയായിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. ടാഞ്ചിയർ എന്ന സ്ഥലത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. ലോക സഞ്ചാരിയായ ഇബ്‌നു ബത്തൂത്തയുടെ ജന്മസ്ഥലമാണ് ടാഞ്ചിയർ. അതുകൂടാതെ ജിബ്രാൾട്ടർ കടലിടുക്ക് വഴി ആഫ്രിക്കയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്നത് ടാഞ്ചിയറാണ്.

ടാഞ്ചിയർ നഗരത്തിൽ എത്തിയപ്പോൾ കറൻസി എക്സ്ചേഞ്ച് ചെയ്യുവാനായി ഒരു ചെറിയ തെരുവിൽ നിർത്തി. മനോഹരമായ ആ തെരുവിലെ റോഡിനു ഇരുവശത്തുമായി ഓറഞ്ച് മരങ്ങൾ നിൽപ്പുണ്ടായിരുന്നു. അവയിൽ ഓറഞ്ചുകളും ഉണ്ടായിക്കിടക്കുന്നു. അടിപൊളി. ഞങ്ങൾ ഡോളർ കൊടുത്ത് യൂറോ വാങ്ങിയതിന് ശേഷം അവിടെയുള്ള ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ റൂമെടുത്തു. ഓൺലൈനായിട്ടായിരുന്നു ഞങ്ങൾ ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നത്. ഗൈഡ് നിസ്‌റിന്റെ ഒരു കസിന്റെ വീട് അവിടെയടുത്തുണ്ടായിരുന്നതിനാൽ അവൾ അവിടേക്ക് പോയി.

ബാഗുകളും എടുത്തുകൊണ്ട് ഞങ്ങൾ ഹോട്ടലിലേക്ക് ചെല്ലുകയും, ചെക്ക്-ഇൻ പരിപാടികൾക്ക് ശേഷം നേരെ അഞ്ചാം നിലയിലുള്ള ഞങ്ങളുടെ റൂമിലേക്ക് പോകുകയും ചെയ്തു. നല്ല കിടിലൻ റൂമായിരുന്നു ഞങ്ങൾക്ക് കിട്ടിയിരുന്നത്. മൊറോക്കോയിൽ ചെന്നിട്ട് ആദ്യമായിട്ടാണ് ഇത്രയും മനോഹരമായ ഒരു ഹോട്ടൽറൂം കാണുന്നത്. റൂമും ടോയ്‌ലറ്റുമൊക്കെ ചെന്നപാടെ ഞങ്ങൾ പരിശോധിക്കുകയും തൃപ്തി വരുത്തുകയും ചെയ്തു. അങ്ങനെ ഒന്ന് ഫ്രഷായ ശേഷം അവിടമൊക്കെ ഒന്ന് നടന്നു ചുറ്റിക്കാണുവാനായി ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ഹോട്ടൽ പരിസരത്തൊക്കെ ഒന്ന് ചുറ്റിയടിച്ചശേഷം കുടിക്കാനുള്ള വെള്ളവും വാങ്ങി ഞങ്ങൾ തിരികെ റൂമിലേക്ക് തന്നെ മടങ്ങി.