ലോറിയുടെ ചേസിസിൽ നിന്നും വീലുകൾ മോഷണം പോയി; കെണിയിലായി പാവം ഡ്രൈവർ…

അതീവ സങ്കടകരമായ ഒരു വാർത്ത കേട്ടുകൊണ്ടാണ് ഇന്ന് നേരം പുലർന്നത്. ഉത്തരഖണ്ഡിൽ നിന്നും ട്രക്ക് ചെയിസിസുമായി കേരളത്തിലെത്തിയ ജുമാഖാൻ എന്ന ഡ്രൈവർ കാസർഗോഡ് ചെറുവത്തൂർ എന്ന സ്ഥലത്ത് വാഹനം റോഡരികിൽ നിർത്തി ഉറങ്ങിയെണീറ്റപ്പോൾ 2 ലക്ഷത്തിലധികം രൂപ വിലവരുന്ന ടയറുകൾ കള്ളന്മാർ കൊണ്ടുപോയിരിക്കുന്നു.

നാല് ടയറുകൾ മോഷണം പോയി എന്നതിനപ്പുറം ഉള്ള് നീറുന്ന ഒരു മനുഷ്യന്റെ വേദന കൂടിയുണ്ട്. 7500 രൂപ വരുമാനത്തിനായി ഉത്തരാഖണ്ഡിൽ നിന്നും ഊണും ഉറക്കവുമില്ലാതെ, പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് മലയാള നാട്ടിലെത്തിയ ജുമാ ഖാൻ.ഒരു രാത്രി കൊണ്ട് 2 ലക്ഷം രൂപയുടെ കടക്കാരനായി ജീവിതം ചോദ്യ ചിഹ്നമായിരിക്കുയാണ് ഇദ്ദേഹത്തിന്.

ഉത്തരാഖണ്ഡിൽ നിന്നും ആ പുതിയ ലോറിയുടെ ചെയ്‌സുമായി എറണാകുളത്തേക്ക് യാത്ര തുടങ്ങുമ്പോൾ ജുമാ ഖാന്റെ മനസ്സിൽ ഈ യാത്രയുടെ അവസാനം പ്രതിഫലമായി തന്റെ കൈകളിലേക്ക് കിട്ടാൻപോവുന്ന 7500 രൂപ ആയിരുന്നു. ആ ഏഴായിരത്തിയഞ്ഞൂറു രൂപാ കൊണ്ടു ഒരുപാട് കാര്യങ്ങൾ മനസ്സിൽ കണ്ടുകൊണ്ടാകണം അദ്ദേഹം ഓരോ രാത്രിയും പകലാക്കി ബോഡി കെട്ടാത്ത ആ ചെയ്സും ഓടിച്ചു ഇതാ കേരളം വരെ എത്തിയത്.

ഇന്നിപ്പോൾ ഈ വഴിയരികിൽ അന്യദേശത്ത് എല്ലാം നഷ്ടപ്പെട്ടു ഇയാൾ ഇരിക്കുമ്പോൾ തല കുനിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്. കാരണം നമ്മുടെ നാട്ടിൽ വച്ചാണ് ഈ പാവം മനുഷ്യൻ രണ്ടുലക്ഷം രൂപയുടെ കടക്കാരനായത്. അതും ഒന്ന് മയങ്ങിയുണർന്ന സമയത്തിനുള്ളിൽ. “മറ്റൊരു സംസ്ഥാനം ആയിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഉറങ്ങില്ലായിരുന്നു. പക്ഷേ ഇത് കേരളമാണല്ലോ. ആ ഒരു സുരക്ഷിതത്വം ഉണ്ടാവുമല്ലോ എന്ന് കരുതി… “നിറകണ്ണുകളോടെ ജുമാഖാൻ പറയുന്നു..

പത്തുദിവസമെടുത്തു ഉത്തരാഖണ്ഡിൽ നിന്നും ഇവിടെവരെ എത്താൻ. അതും ബോഡിയില്ലാത്ത ലോറിയിൽ. കഷ്ടപ്പാട് ചില്ലറയല്ല. മഞ്ഞും മഴയും വെയിലുമെല്ലാം തടയാൻ ആകെയുള്ളത് പേരിനൊരു തടയാണ്. മഴ കാരണം യാതൊന്നും കാണാൻ സാധിക്കാതെ വന്നപ്പോളാണ് ജുമാഖാൻ വണ്ടിയൊതുക്കി അടുത്തുള്ള പെട്രോൾ പമ്പിലേക്ക് കേറിയത്. മഴ നീണ്ടതിനാൽ ഒന്ന് മയങ്ങിപ്പോവുകയും ചെയ്തു. ഉറക്കമെഴുന്നേറ്റ് വണ്ടിയുടെ അരികിൽ ചെന്നപ്പോളാണ് നാല് ടയറുകൾ ഡിസ്ക് അടക്കം നഷ്ടപ്പെട്ടതറിയുന്നത്.

എന്ത് ചെയ്യണമെന്നറിയാതെ ആദ്യം അദ്ദേഹം കമ്പനിയിലേക്ക് വിളിച്ചു സംഭവം അറിയിച്ചു. പക്ഷേ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം ഡ്രൈവർക്ക് മാത്രമാണെന്ന മറുപടിയാണ് കമ്പനിയിൽ നിന്നും ലഭിച്ചത്. പിന്നീട് പ്രദേശവാസികളുടെ സഹായത്തോടെ ചന്തേര പൊലിസില്‍ വിവരമറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കളവ് കേസ് രജിസ്റ്റർ ചെയ്‌തെന്നു പോലീസ് അറിയിച്ചു. കളവ് നടന്ന സ്ഥലത്തിന് സമീപത്തുള്ള പെട്രോൾ പമ്പിലെ സിസിടിവി തകരാറിലായിരുന്നതിനാൽ മോഷ്ട്ടാക്കളുടെ വിവരം ലഭിക്കാൻ വൈകുന്നത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അടിയന്തര നടപടികളും അന്വേഷണവും നടത്തുന്നതിനൊപ്പം പെരുവഴിയിലായ ഡ്രൈവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും, ആവശ്യമെങ്കിൽ സൗജന്യമായി എല്ലാ നിയമാസഹായങ്ങളും നൽകാമെന്നു സാമൂഹിക പ്രവർത്തകനും അഡ്വക്കേറ്റുമായ വയനാട് സ്വദേശി അഡ്വ.ശ്രീജിത്ത് പെരുമന പോലീസിനെ അറിയിച്ചിട്ടുണ്ട്.

പ്രതിഫലം കിട്ടുമ്പോൾ ചെയ്യാനിരുന്ന കാര്യങ്ങളേക്കാൾ രണ്ടുലക്ഷം രൂപയുടെ കടബാധ്യതയാണ് ഇപ്പോൾ ജുമാഖാന്റെ തലയ്ക്കുമുകളിൽ. ആരാണ് ഇത് ചെയ്തത് എന്നറിയില്ല. പക്ഷേ ഈ മനുഷ്യനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ക്രൂരതയാണിത്. ഉറങ്ങാതെ ഓരോ രാത്രിയും പകലാക്കുമ്പോൾ തിരികെ നാട്ടിലെത്തി ചെയ്തുതീർക്കേണ്ട കാര്യങ്ങൾ മാത്രമായിരുന്നിരിക്കണം ഈ മനുഷ്യന്റെ മനസ്സിൽ. അതെല്ലാം തകർന്നു എന്നതിലുപരി കേരളത്തോട്, മലയാളികളോട് ഈ മനുഷ്യനുണ്ടായിരുന്ന വിശ്വാസം ആണ് തകർന്നടിഞ്ഞത്..

ഒരു അപേക്ഷയേയുള്ളൂ. ആരാണ് ഇത് ചെയ്തതെങ്കിലും മനസാക്ഷി എന്നത് അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ഈ മനുഷ്യന്റെ കണ്ണുനീർ കാണാതെ പോവരുത്. നമ്മളിലുള്ള വിശ്വാസം നമ്മൾ തന്നെ കളയരുത്.

വിവരങ്ങൾക്ക് കടപ്പാട് – അഡ്വ. ശ്രീജിത്ത് പെരുമന, ജിതിൻ ജോഷി.