ചൈനയിലെ ഷാഞ്ചിയാജി നാഷണൽ പാർക്കിലെ ‘അവതാർ’ മലനിരകളിലേക്ക്

ചൈനയിലെ ഷാഞ്ചിയാജി പട്ടണത്തിലെ ഞങ്ങളുടെ ആദ്യത്തെ പകൽ പുലർന്നു. ഞങ്ങൾ വേഗം റെഡിയായി ഹോട്ടലിനു വെളിയിലെത്തി. അവതാർ എന്ന ഹോളിവുഡ് സിനിമയിലൂടെ പ്രശസ്തമായ, അവതാർ മൗണ്ടൻസ് എന്നറിയപ്പെടുന്ന കൂർത്ത മുനകൾ പോലുള്ള മലനിരകൾ കാണുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. ഹോട്ടലിനു വെളിയിലിറങ്ങിയപ്പോൾ ദൂരെയായി അവതാർ മലനിരകൾ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു.

വൈകാതെ ഒരു ടാക്സി വിളിച്ച് ഞങ്ങൾ അവതാർ മോണ്ടൻസിലേക്ക് യാത്രയായി. അവിടെയടുത്തുള്ള ഒരു റെസ്റ്റോറന്റിൽ നിന്നും ബ്രേക്ക്ഫാസ്റ്റും കഴിച്ചു ഞങ്ങൾ ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നു. പരമ്പരാഗത ചൈനീസ് മാതൃകയിലുള്ള കെട്ടിടങ്ങളായിരുന്നു അവിടെയെല്ലാം. നല്ല ഫോട്ടോജെനിക് ഏരിയ തന്നെയായിരുന്നു അത്. ഞങ്ങൾ കൗണ്ടറിൽ ചെന്നിട്ട് മൂന്നു ടിക്കറ്റുകൾ എടുത്തു. 225 യുവാൻ ആയിരുന്നു അവിടേക്കുള്ള ടിക്കറ്റ് ചാർജ്ജ്. ഏകദേശം 2300 ഇന്ത്യൻ രൂപയോളം വരുമത്.

ടിക്കറ്റ് എടുത്തശേഷം ഞങ്ങൾ അകത്തേക്ക് കയറി. ധാരാളം ബസ്സുകൾ കിടന്നിരുന്ന അവിടം ഒരു ബസ് സ്റ്റാൻഡ് പോലെയായിരുന്നു തോന്നിച്ചത്. അവിടെ നിന്നും ഇനി ബസ്സിൽ കയറി വേണം അവതാർ മലനിരകളിലേക്ക് എത്തിച്ചേരുവാൻ. അങ്ങനെ മറ്റു സഞ്ചാരികളോടൊപ്പം ഞങ്ങളും ബസ്സിൽക്കയറി യാത്രയായി.

ഭാഗ്യമെന്നു പറയട്ടെ, ഞങ്ങൾക്ക് ബസ്സിന്റെ മുൻഭാഗത്ത് തന്നെ സീറ്റ് ലഭിച്ചു. ഷാഞ്ചിയാജി നാഷണൽ പാർക്കിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. ലോകത്തിലെ ഏറ്റവും വലിയ ഔട്ട്ഡോർ ലിഫ്റ്റ് ആയ ചൈനയിലെ ബൈലോങ് എലിവേറ്റർ അവിടെയാണ് സ്ഥിതി ചെയ്യുന്നത്. ബസ്സിൽക്കയറി പോകുന്ന വഴിക്കു ധാരാളം മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. പോകപ്പോകെ അവതാർ മലനിരകൾ അടുത്തടുത്തായി കാണുവാൻ തുടങ്ങി.

അങ്ങനെ ഒടുവിൽ ഞങ്ങൾ സ്ഥലത്ത് എത്തിച്ചേർന്നു. ഇനി അവിടുന്ന് നേരത്തെ പറഞ്ഞ ബൈലോങ് എലിവേറ്റർ വഴി മലമുകളിൽ എത്താം. ചൈനക്കാർ ഉൾപ്പെടെ ധാരാളം സഞ്ചാരികൾ അവിടെ ഉണ്ടായിരുന്നു. ടൂറിസ്റ്റുകളുടെ വക നല്ല ഒച്ചപ്പാട് ആയിരുന്നു അവിടെ മുഴുവനും. മിക്കവരും ഫോട്ടോകളും സെൽഫികളും എടുക്കുന്ന തിരക്കിലാണ്.

അങ്ങനെ ഞങ്ങൾ ചുറ്റിനും ചില്ലിട്ട ലിഫ്റ്റിൽ കയറി മുകളിലേക്ക് യാത്രയായി. വളരെ മനോഹരമായ ദൃശ്യങ്ങളായിരുന്നു ലിഫ്റ്റിൽ നിന്നുകൊണ്ട് ഞങ്ങൾക്ക് കാണുവാൻ സാധിച്ചത്. കാണുക മാത്രമല്ല, നല്ലൊരു അനുഭവം കൂടിയായിരുന്നു അത്. ലിഫ്റ്റ് മുകളിലേക്ക് പോകുമ്പോൾ നമ്മൾ പറന്നുയരുന്നതു പോലുള്ള ഒരു ഫീൽ ആയിരുന്നു. അങ്ങനെ ഞങ്ങൾ കയറിയ എലവേറ്റർ മുകൾ ഭാഗത്തെത്തിച്ചേർന്നു.

മുകളിൽ നിന്നും അവതാർ മലനിരകളുടെ മനോഹരമായ ദൃശ്യം മികച്ച രീതിയിൽത്തന്നെ കാണുവാൻ സാധിച്ചു. ചൈനയിൽ വരുന്നവർ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ഒരു കാഴ്ചയാണ് അവതാർ മലനിരകൾ എന്ന് കണ്ണടച്ചു പറയാം. കുറേസമയം ഞങ്ങൾ അവിടത്തെ കാഴ്ചകൾ ആസ്വദിച്ചു നിന്നു. പിന്നീട് വന്നപോലെ തന്നെ ലിഫ്റ്റിൽ കയറി താഴേക്ക്. അടുത്ത സ്ഥലത്തേക്ക് പോകുവാനായി അവിടെയുണ്ടായിരുന്ന ബസ്സിൽക്കയറി ഞങ്ങൾ യാത്രയായി. To contact Saheer Bhai in China : https://www.instagram.com/saheerchn/, Whatsapp: 008615669591916.