കേരള – തമിഴ്‌നാട് അതിർത്തിയ്ക്കടുത്തുള്ള തിരുമലൈ കോവിലിലേക്ക്…

വിവരണം – പ്രശാന്ത് കൃഷ്ണ.

ഉളുപ്പുണി യാത്രയ്ക്ക് ശേഷം JUST TRAVELOUS ന്റെ അടുത്ത യാത്ര തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള തിരുമലൈ കോവിലിലേക്കാണ്. തമിഴ്നാട്ടിൽ തിരുനെൽ‌വേലി ജില്ലയിലെ തെങ്കാശി താലൂക്കിൽ പൺപൊളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു മുരുകൻ ക്ഷേത്രമാണ് തിരുമലൈ കോവിൽ.  കേരളവുമായി പങ്കുവെക്കുന്ന അതിർത്തിയ്ക്കടുത്തു് പശ്ചിമഘട്ടത്തിൽ ഒരു ചെറിയ കുന്നിൻമുകളിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഉളുപ്പുണി യാത്രയിൽ കൂടെയുണ്ടായിരുന്ന സജിത്ത്, രാഹുൽ, അപ്പൂസ് എന്നിവർക്ക് ചില അസൗകര്യങ്ങൾ കാരണം ഈ യാത്രയിൽ എത്താനാകില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. തിരുമലൈ യാത്രയിൽ എന്റെ സഹയാത്രികരായി ഉള്ളത് അനന്ദു, അരുൺ, ദിലീപ്, അഖിൽ,മനു എന്നിവരാണ്.23/09/2018 ന് രാവിലെ 5. 00 മണിക്ക് യാത്രയും തീരുമാനിച്ചു. ഓരോ യാത്ര പോകുന്നതിന്റെയും തലേ ദിവസം കിടക്കുമ്പോൾ മനസ്സിൽ മുഴുവൻ പോകുന്ന സ്ഥലത്തെ കുറിച്ചുള്ള ചിന്തകളാണ്. അതിനെക്കുറിച്ചു ആലോചിച്ചു കിടന്നു ഉറങ്ങുന്നത് വളരെ വൈകിയായിരിക്കും. ഇത്തവണയും മാറ്റമില്ല 12 മണിയോടടുത്താണ് ഉറങ്ങിയത് രാവിലെ 4 നെങ്കിലും എണീറ്റാലേ 5 മണിക്ക് യാത്ര തുടങ്ങാനാകു അങ്ങനെ 4 മണിക്ക് അലാറവും വച്ചു കിടന്നു.

4 മണിക്ക് അലാറം വച്ച എനിക്ക് അതിനു മുന്നേ എണീക്കേണ്ടി വന്നു. എന്തായാലും നന്നായി. സമയം നോക്കിയപ്പോൾ 3. 55. പെട്ടന്ന് എണീറ്റു പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു, പിന്നീട് എല്ലാരേയും വിളിച്ചു. അരുണും ദിലീപും പറഞ്ഞ സ്ഥലത്തു കൃത്യമായി എത്തി എന്നിട്ട് അറിയിച്ചു. ഞാനും പെട്ടന്ന് തന്നെ ഇറങ്ങി. രാവിലെ മുതൽ അഖിലിനെ വിളിച്ചിട്ട് കിട്ടുന്നില്ല. അനന്ദുവും മനുവും എന്റെ പിന്നാലെ എത്തി. എല്ലാരും അഖിലിനെ മാറി മാറി വിളിക്കുന്നു, കിട്ടുന്നില്ല. എന്താണ് അഖിലിന് പറ്റിയത് എന്ന് ഒരുപിടിയും കിട്ടുന്നില്ല. ഉറങ്ങിപ്പോയതാകാം, പോയി വിളിക്കാൻ ഒരു നിവൃത്തിയുമില്ല. അവസാനം മനസില്ലാ മനസോടെ ഞങ്ങൾ അഞ്ചു പേർ തിരുമലൈ കോവിൽ യാത്ര ആരംഭിച്ചു.

ഇടയ്ക്ക് കഴുത്തുരുട്ടി എത്തിയപ്പോൾ ചെറിയൊരു കടയിൽ കയറി രാവിലത്തെ കാപ്പി കുടി കഴിച്ചു. നല്ല ഭക്ഷണം എല്ലാവർക്കും ഇഷ്ടപ്പെട്ടു. കയറിയപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു … ഇനി ലക്ഷ്യം തിരുമലൈ കോവിലാണ്. യാത്ര ആര്യങ്കാവും കഴിഞ്ഞു തമിഴ്‌നാട്ടിലേക്ക് പ്രേവേശിച്ചു. പലവട്ടം കണ്ട കാഴ്ചകളാണെങ്കിലും ഒരിക്കലും മടുക്കാത്തവയാണ് പിന്നീട് നെൽവയലുകളും കൃഷിയിടങ്ങളും ..കണ്ണിനെന്നും കുളിർമയാണ്.

കാഴ്ചകൾ ആസ്വദിച്ചു ഞങ്ങൾ തിരുമലൈ കോവിലിനു അടുത്തെത്തി. അങ്ങ് മലമുകളിൽ കോവിൽ കാണാം. ഞങ്ങൾ ഗേറ്റിനടുത്തെത്തി ഇവിടുന്നു രണ്ടു മാർഗങ്ങളുണ്ട് കോവിലിലെത്താൻ. ഒന്നു പടികൾ കയറി മുകളിലെത്താം മറ്റൊന്നു ബൈക്കിൽ റോഡുവഴി പോകാം. ഞങ്ങൾ ബൈക്കിനു പാസുമെടുത്തു റോഡുവഴി പോകാനാണ് തീരുമാനിച്ചത് അതിനു ഒരു ബൈക്കിനു 20 രൂപ നൽകണം. പാസ്സ് എടുത്തു ഞങ്ങൾ മുകളിലേയ്ക്കു പോയി. വളരെ മനോഹരമാണ് പിന്നീട് കാഴ്ചകൾ . ഹെയർപിൻ വളവുകൾ കയറി ഞങ്ങൾ കോവിലിലെത്തി.

ഈ കോവിലിലെ പ്രതിഷ്ഠയായ മുരുകൻ‍, തിരുമലൈ മുരുകൻ എന്നും തിരുമലൈ കുമാരസ്വാമി എന്നും അറിയപ്പെടുന്നു. കോവിലിന്റെ ഒരു ഭാഗത്തു തന്നെയായി ‘തിരുമലൈ ഭഗവതി അമ്മന്റെ’ നടയും സ്ഥിതി ചെയ്യുന്നു. കോവിലിന്റെ നാലു വശത്തുമായി ധാരാളം തെങ്ങിൻതോപ്പുകളും ചെറിയ ഗ്രാമങ്ങളുമുണ്ട് . അതു കൊണ്ട് മലയുടെ മുകളിൽ നിന്നും കാണുന്ന കാഴ്ച വളരെ മനോഹരമാണ്. അങ്ങനെ വളരെ കുറഞ്ഞ ചിലവിൽ ഒരു ദിവസത്തിന്റെ വളരെ കുറച്ചു സമയം ചിലവഴിച്ചു. മനോഹരമായ ഒരുയാത്ര ആസ്വദിച്ച സന്തോഷത്തിൽ ഞങ്ങൾ അവിടെ നിന്നും യാത്ര തിരിച്ചു.