പൊതി ബീഫ് പൊറോട്ടയും ബുള്ളറ്റും പിന്നെ ആനവണ്ടിയും..

ദേവാലയിലെ താമസത്തിനു ശേഷം ഞങ്ങൾ വയനാട്ടിലേക്ക് ആയിരുന്നു പോയത്. വയനാട്ടിലെ റിപ്പൺ ബംഗ്ളാവിലെ വർഗ്ഗീസേട്ടനെ കണ്ടതിനു ശേഷം ഞങ്ങൾ ബത്തേരിയിലേക്ക് വന്നു. ബത്തേരിയിലുള്ള പ്രശസ്തമായ ജൂബിലി റെസ്റ്റോറന്റിലെ വ്യത്യസ്തങ്ങളായിട്ടുള്ള ഫുഡ് ഐറ്റങ്ങൾ പരീക്ഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ.

അങ്ങനെ ഞങ്ങൾ ജൂബിലി ഹോട്ടലിൽ എത്തിച്ചേർന്നു. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞതേയുള്ളൂ, ഹോട്ടലിലെ തിരക്ക് കണ്ടിട്ട് ഞങ്ങളുടെ കണ്ണ് തള്ളിപ്പോയി. അൽപ്പം തിരക്ക് ഒഴിഞ്ഞിട്ടാണ് ഞങ്ങൾ ഹോട്ടലിലേക്ക് കയറിയത്. തിരക്ക് കൂടുതൽ എസി റെസ്റ്റോറന്റിൽ ആയതിനാൽ ഞങ്ങൾ ഹോട്ടലിലെ നോൺ എസി റെസ്റ്റോറന്റിലേക്ക് ഞങ്ങൾ കയറി.

ഈ ഹോട്ടൽ ആരംഭിച്ചിട്ട് 23 വർഷത്തോളമായി എന്നു കാണിക്കുന്ന പോസ്റ്ററുകൾ ഹോട്ടലിനുള്ളിൽ ഞങ്ങൾ കണ്ടു. മെനു കണ്ടപ്പോൾ എന്ത് ഓർഡർ ചെയ്യണം എന്ന കൺഫ്യൂഷനിലായി ഞങ്ങൾ. അപ്പോഴാണ് അവിടെ ‘പൊതിപൊറോട്ട’ എന്ന ഒരു ഐറ്റത്തിനെക്കുറിച്ചുള്ള ഒരു പോസ്റ്റർ ഞങ്ങളുടെ കണ്ണിൽപ്പെട്ടത്. അതിനെക്കുറിച്ച് ഞങ്ങൾ ഹോട്ടലുകാരോട് അന്വേഷിച്ചു.

ബീഫ്, പൊറോട്ടയിൽ സ്റ്റഫ് ചെയ്തു തരുന്ന ഒരു കിടിലൻ ഐറ്റമാണ് പൊതി പൊറോട്ട. ബീഫിന് പകരം ചിക്കനും ഇത്തരത്തിൽ സ്റ്റഫ് ആയി കിട്ടും. എന്നാൽപ്പിന്നെ ബീഫ് പൊതിപൊറോട്ട ആയിക്കോട്ടെ എന്ന് ഞാനും. ശ്വേത ബീഫ് കഴിക്കാത്തതിനാൽ വെജിറ്റേറിയൻ പൊതിപൊറോട്ട തയ്യാറാക്കി തരാമെന്നു ഹോട്ടലുകാർ പറഞ്ഞു.

അങ്ങനെ അൽപ്പസമയത്തിനകം രണ്ടും ഞങ്ങളുടെ ടേബിളിൽ എത്തി. സാധാരണ ഇലയിൽ പൊതിച്ചോറ് പൊതിയുന്ന പോലെ നല്ല വൃത്തിയായിട്ടായിരുന്നു പൊതിപൊറോട്ട ഞങ്ങൾക്ക് മുന്നിലെത്തിയത്. രണ്ടു വലിയ പൊറോട്ടകളായിരുന്നു ഇത്തരത്തിൽ പൊതിയിൽ സ്റ്റഫ് ചെയ്ത് വച്ചിട്ടുള്ളത്. 90 രൂപയാണ് ഈ വ്യത്യസ്ത ഐറ്റത്തിന്റെ വില. എന്തായാലും സംഭവം കിടുക്കി.

ഞങ്ങൾ ഇന്ന് ബത്തേരിയിൽ നിന്നും ഒരു പരിപാടിയിൽ പങ്കെടുക്കുവാനായി കെഎസ്ആർടിസി സ്‌കാനിയ ബസ്സിൽ (ബെംഗളൂരു – തിരുവനന്തപുരം) യാത്ര പോകുകയാണ്. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നതിനാൽ വേറെ ടെൻഷനുകൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. അതിലെ കണ്ടക്ടർ ഞങ്ങളെ വിളിച്ച് രാത്രി ഏഴു മണിയോടെ ബസ് ബത്തേരിയിൽ എത്തുമെന്നും ഞങ്ങളോട് ഡിന്നർ കഴിച്ചിട്ട് നിൽക്കുവാനും പറഞ്ഞു. ചെയ്യുന്ന ജോലിയോട് ആത്മാർഥത പുലർത്തുന്ന ഇതുപോലുള്ള ജീവനക്കാരെയാണ് കെഎസ്ആർടിസിയ്ക്ക് ആവശ്യം.

ഒരു കാര്യം പറയാൻ മറന്നു. ഞങ്ങൾ കയറിയ ജൂബിലി ഹോട്ടലിന്റെ 23 മത് വാർഷികത്തോടനുബന്ധിച്ച് കസ്റ്റമേഴ്‌സിനായി ധാരാളം സമ്മാനങ്ങൾ ഒരുക്കിയിരുന്നു. വേറൊന്നുമല്ല, ഹോട്ടലിൽ നിന്നും 300 രൂപയ്ക്കോ അതിനു മുകളിലോ തുകയ്ക്ക് ഭക്ഷണം കഴിച്ചാൽ ഒരു കൂപ്പൺ ലഭിക്കും. പിന്നീട് നടക്കുന്ന നറുക്കെടുപ്പിൽ ഭാഗ്യമുണ്ടെങ്കിൽ നമുക്ക് ലഭിക്കുവാൻ പോകുന്നത് ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റാണ്. അങ്ങനെ ഞങ്ങളും ബുള്ളറ്റിനായി ബിൽ തുക 305 ആക്കി.

അധികം വൈകാതെ ഞങ്ങൾ ഹോട്ടൽ പരിസരത്തു നിന്നും ഒരു ഓട്ടോ പിടിച്ച് ബത്തേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോയി. ബസ് അൽപ്പം വൈകി 7.30 നേ വരുകയുള്ളൂ എന്ന് കണ്ടക്ടർ ഞങ്ങളെ വിളിച്ചറിയിച്ചിരുന്നു. അങ്ങനെ ഞങ്ങൾ ബത്തേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഞങ്ങളുടെ സ്‌കാനിയ ബസ്സിനായി കാത്തിരിപ്പ് തുടങ്ങി.

അങ്ങനെ ഏഴരയോടെ ഞങ്ങൾക്ക് പോകേണ്ട ബസ് ബത്തേരി സ്റ്റാൻഡിൽ എത്തിച്ചേർന്നു. സീറ്റ് നമ്പർ 11, 12 ആയിരുന്നു ഞങ്ങൾ ബുക്ക് ചെയ്തിരുന്നത്. കയറിയപാടെ കണ്ടക്ടർ ചേട്ടൻ ഞങ്ങളെ പുഞ്ചിരിയോടെ എതിരേറ്റു. ചെറിയ രീതിയിൽ ഞങ്ങളോട് വിശേഷങ്ങൾ തിരക്കുകയും ചെയ്തു. അങ്ങനെ ആളുകളെല്ലാം കയറിക്കഴിഞ്ഞപ്പോൾ ബസ് ബത്തേരിയിൽ നിന്നും യാത്രയാരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ക്ഷീണം കാരണം ഞങ്ങൾ പതിയെ ഉറക്കത്തിലേക്ക് നീങ്ങി.

ഒരു മണിക്കൂർ വൈകി ബത്തേരിയിൽ വന്ന കെഎസ്ആർടിസി സ്‌കാനിയ ബസ് 15 മിനിറ്റ് നേരത്തെ തിരുവനന്തപുരത്ത് എത്തിച്ചേർന്നു. ഇറങ്ങുന്നതിനു മുൻപ് ഡ്രൈവറെയും കണ്ടക്ടറെയും ഞങ്ങൾ അഭിനന്ദിക്കാനും മറന്നില്ല. യാത്രക്കാരുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള കുശലാന്വേഷണങ്ങളും നന്ദി വാക്കുകളും ബസ് ജീവനക്കാർക്ക് വളരെ വിലപ്പെട്ടതാണ്.

വെളുപ്പിന് സമയം ആയതിനാൽ പ്രത്യേകിച്ച് ഒന്നും ചെയ്യുവാനില്ലായിരുന്നു ഞങ്ങൾക്ക്. അതുകൊണ്ട് കുറച്ചു വിശ്രമിക്കുകയും ഫ്രഷ് ആകുകയുമൊക്കെ ചെയ്യാമെന്നു വിചാരിച്ച് ബസ് ടെർമിനലിന് അടുത്തായുള്ള ഒരു ഹോട്ടലിൽ കയറി റൂം എടുത്തു. ബാക്കി തിരുവനന്തപുരം വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഫിൽ കാണാം.