‘അതിഥി ദേവോ’ – പേര് അന്വർത്ഥമാക്കുന്ന ഒരു ഭക്ഷണയിടം

വിവരണം – ‎Praveen Shanmukom‎ to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

‘അതിഥി ദേവോ’ – ലാലേട്ടൻ ഈ ഭക്ഷണയിടത്തിന് നല്കിയ ഈ പേര് തെറ്റിയില്ല. പേര് അന്വർത്ഥമാക്കുന്ന ഒരു ഭക്ഷണയിടം. കോവിഡിന് മുമ്പുള്ള ഒരു രാത്രി ദിനം ബേക്കറി ജംഗ്ഷനിൽ നിന്ന് വഴുതക്കാടോട്ടുള്ള വൺവേ റോഡ് വഴി പോകുകയാണ്. രാത്രി 11 മണി. നല്ല വിശപ്പ്. വഴുതക്കാട് ജംഗ്ഷനിൽ എത്തിയില്ല. അതിന് മുമ്പായി വലത് വശത്ത് അതിഥി ദേവോ. ശകടം ഒതുക്കി. നേരെ കയറി.

ബീഫ് പെരട്ടും, പെറോട്ടയും പോരട്ടെ. രാത്രി സമയം ഈ പെറോട്ട ഇങ്ങനെ അടർത്തി മൊരിഞ്ഞ ബീഫിൽ പൊതിഞ്ഞ് ഇങ്ങനെ ഞം ഞം എന്ന് കഴിക്കുമ്പോഴുള്ള ഒരു സുഖം. ദേ വന്നു ദാ പോയി എന്ന് പറഞ്ഞത് പോലെ കഴിച്ച് തീർന്നത് അറിഞ്ഞില്ല. അടിപൊളി രുചി. ബീഫ് പെരട്ട് ഒന്നാന്തരം. പെറോട്ടയും, ഗ്രേവിയും വളരെ നല്ലത്.രാത്രി വൈകിയിട്ടും സർവീസിൽ അതിന്റെ ഒരു മുഷിവും കാണിച്ചില്ല.

അകമൊക്കെ നല്ല വർണാഭമാണ്. എവിടെ നോക്കിയാലും കുപ്പികൾ. അവ നല്ല രീതിയിൽ അലങ്കരിച്ചിട്ടുണ്ട്. വെളിച്ചവും അതനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്. പുറത്ത് ഇറങ്ങിയപ്പോൾ അതിഥി ദേവോയുടെ ഭാഗമായ ചായപ്പീടികയുടെ മുൻവശത്ത് കട്ടനടിക്കുന്ന ചിലരെ കണ്ടു. ഓഹോ രാത്രിയായാലും കിട്ടും അല്ലേ. ഇതറിഞ്ഞിരുന്നുവെങ്കിൽ നേർത്തെ പറയാമായിരുന്നു. ചായപ്പീടികയിൽ പോയി രണ്ട് ലൈം ടീയും തട്ടി. മനവും തനവും നിറഞ്ഞ് അങ്ങിറങ്ങി.

അതിഥി ദേവോ യും അവിടത്തെ ലോക്ക്ഡൗൺ വിശേഷങ്ങളും – 2019 നവംബർ 17 നാണ് ഈ ഭക്ഷണയിടം ഇവിടെ ആരംഭിച്ചത്. ശ്രീ കെ.ബി ഗണേഷ് കുമാർ, ശ്രീ മധുപാൽ, ശ്രീമതി സോനാ നായർ അടക്കം പ്രശസ്തരായ 21 ജനപ്രിയ ആർട്ടിസ്റ്റുകൾ ചേർന്നാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കവടിയാർ ധർമൻ Kowdiar Dharmen എന്ന് അറിയപ്പെടുന്ന ശ്രീ ധർമേന്ദ്രനാണ് ഈ ഭക്ഷണയിടത്തിന്റെ ഉടയോൻ. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കേരള കോൺഗ്രസ്സ് ട്രേഡ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ഷീജ.

15 വർഷമായി തിരുവനന്തപുരത്ത് ഹോസ്റ്റലുകളിൽ ഭക്ഷണസൗകര്യവും താമസവും ഒരുക്കുന്നതിൽ പരിചയസമ്പന്നയായ ശ്രീമതി ഷീജയുടെ സ്വപ്നമായിരുന്നു നല്ല ഭക്ഷണമൊരുക്കുന്ന ഒരു ഭക്ഷണശാല. ഇപ്പോഴും ഈ ഭക്ഷണയിടത്തിലെ ഏതെങ്കിലും ഒരു വിഭവം ശ്രീമതി ഷീജയുടെ കൈകൾ കൊണ്ട് ഒരുക്കിയതായിരിക്കും .

ലോക്ക്ഡൗണിന് ശേഷം ഈ മാസം 18 മുതൽ ഇരുന്ന് കഴിക്കാവുന്ന രീതിയിലും സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരേ കുടംബത്തിലെ അംഗങ്ങളാണെങ്കിൽ ഒന്നിച്ചിരുന്ന് കഴിക്കാം. അല്ലെങ്കിൽ ഒരു മേശയിൽ പരമാവധി രണ്ട് പേർക്ക്. പനിയുണ്ടോന്ന് നോക്കി അതനുസരിച്ചാണ് കസ്റ്റമറെ ഹോട്ടലിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഹോട്ടൽ ജീവനക്കാരെല്ലാം മാസ്ക്കുകൾ ധരിച്ചിട്ടുണ്ട്. സർക്കാർ പറയുന്ന കോവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പരമാവധി പാലിച്ചാണ് ഹോട്ടൽ നടത്തുന്നത്. ഊണ്, ചൈനീസ് വിഭവങ്ങൾ, നാടൻ ഭക്ഷണങ്ങൾ മുതലായവയെല്ലാം ഇവിടെ ലഭ്യമാണ്.

അപ്പോൾ അതിഥി ദേവോ മറക്കണ്ട. ശ്രീ പത്മശ്രീ മോഹൻലാൽ നാമകരണം നല്കിയ വാക്കുകളെ അന്വർത്ഥമാക്കുന്ന ഒരു ഭക്ഷണയിടം. ഞായറാഴ്ച ലോക്ക്ഡൗൺ ആയതിനാൽ അവധിയാണ്. ലോക്ക്ഡൗൺ മാറി കഴിഞ്ഞാൽ മുൻപത്തെ പോലെ ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും.