ഡൽഹിയിലെ കൊണാട്ട് പ്ളേസിലെ ഷോപ്പിംഗും പറാന്തേ വാലി ഗലിയിലെ സ്ട്രീറ്റ് ഫുഡും..

വൈകിയോടിയ രാജധാനി എക്സ്പ്രസിലെ 52 മണിക്കൂർ യാത്രയ്ക്കു ശേഷം ഞങ്ങൾ ഡൽഹിയിൽ എത്തിച്ചേർന്നു. നിസാമുദ്ധീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ഞങ്ങളെ ടാക്സിക്കാർ പൊതിഞ്ഞു. അവർക്ക് പിടികൊടുക്കാതെ ഞങ്ങൾ ഒരു യൂബർ ടാക്സി വിളിച്ചു. ഞങ്ങൾക്ക് പോകേണ്ടത് YWCA ഹോസ്റ്റലിലാണ്. കൊണാട്ട് പ്ളേസിന് സമീപം കുറഞ്ഞ ചെലവിൽ സേഫ് ആയി താമസിക്കാൻ പറ്റിയ ഒരിടം എന്ന നിലയ്ക്കാണ് ഞങ്ങൾ അവിടം തിരഞ്ഞെടുത്തത്. 1800 രൂപയ്ക്കാണ് ഞങ്ങൾക്ക് അവിടെ റൂം കിട്ടിയത്.

അങ്ങനെ ഞങ്ങൾ YWCA ഹോസ്റ്റലിൽ എത്തിച്ചേർന്നു. 1800 രൂപയ്ക്ക് ഞങ്ങൾക്ക് ലഭിച്ച റൂം അടിപൊളിയായിരുന്നു. ഫാമിലിയായി വരുന്നവർക്ക് താമസിക്കുവാൻ പറ്റിയ ഒരിടമാണിത്. എന്തായാലും കൊള്ളാം. കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം ഞങ്ങൾ ഫ്രഷായി ഡൽഹിയുടെ കാഴ്ചകൾ കാണുവാനായി പുറത്തേക്ക് ഇറങ്ങി.

ഉച്ചസമയം ആയിരുന്നിട്ടും നല്ല തണുത്ത കാലാവസ്ഥയായിരുന്നു അവിടെ. കൊണാട്ട് പ്ളേസിലേക്ക് ആയിരുന്നു ഞങ്ങളുടെ നടത്തം. ഡെൽഹിയിലെ ഒരു പ്രധാന വ്യവസായിക സ്ഥലമാണ് കോണാട്ട് പ്ലേസ്. ഔദ്യോഗികമായി ഈ സ്ഥലം രാജീവ് ചൌക്ക് എഎന്നാണു അറിയപ്പെടുന്നത്. CP (സി.പി) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോണാട്ട് പ്ലേസിൽ പല പ്രധാന സ്ഥാപനങ്ങളുടേയും മുഖ്യ ഓഫീസ് സ്ഥിതി ചെയ്യുന്നു.

ഞങ്ങളുടെ നടത്തത്തിനിടയിൽ മനോനില തെറ്റിയ ഒരു മനുഷ്യൻ റോഡിലിറങ്ങി നിന്നുകൊണ്ട് നൃത്തച്ചുവടുകൾ വെയ്ക്കുന്നത് കണ്ടു. ഞങ്ങൾ നോക്കിനിൽക്കെ അയാൾ ഒരു വിദേശ വനിതയുടെ നേർക്ക് നീങ്ങി. ഒരു സർദാർജി ഇടപെട്ട് അയാളെ ഓടിക്കുകയും വിദേശവനിതയെ രക്ഷപ്പെടുത്തുകയുമാണുണ്ടായത്. ഇത്രയും വലിയ ഒരു സിറ്റിയിൽ ഇതുപോലുള്ള കാഴ്ചകളൊക്കെ വേണ്ടപ്പെട്ടവർ കാണുന്നില്ലെന്ന് നടിക്കുകയാണോ എന്നു തോന്നിപ്പോയി. ഞങ്ങൾ അധികം അവിടെ നിൽക്കാതെ നടത്തം തുടർന്നു.

ജന്തർ മന്തറിലേക്ക് ആയിരുന്നു ഞങ്ങൾ ആദ്യം കയറിയത്. ദില്ലിയിൽ കൊണാട് പ്ലേസിൽ നിന്നു പാർലമെന്റ് സ്ട്രീറ്റിൽ കടന്നു ഏതാണ്ട് 200 മീ. പോയാൽ റോഡിനു ഇടതുവശത്തായി സ്ഥിതി ചെയ്യുന്ന ഒരു നിർമ്മിതിയാണ് ജന്തർ മന്തർ. ഇത് 13 നിർമ്മിതികളുടെ ഒരു സമുച്ചയമാണ്. ഇവയെ യന്ത്രങ്ങൾ എന്നു വിളിക്കുന്നു. സമ്രാട് യന്ത്രം, രാമയന്ത്രം, ജയപ്രകാശ യന്ത്രം, മിശ്ര യന്ത്രങ്ങൾ തുടങ്ങിയവയാണ് ജന്ത‍ർ മന്തറിലുള്ള യന്ത്രങ്ങൾ. മുഗൾ ചക്രവർത്തി ആയിരുന്ന മുഹമ്മദ് ഷാ കലണ്ടറുകളും ഖഗോളക്കണക്കുകളും ഉണ്ടാക്കാൻ നിർദ്ദേശിച്ചതനുസരിച്ച്, ജയ്പൂരിലെ മഹാരാജാവ് സാവോയ് ജയ് സിങ്ങ് (മഹാരാജാ ജയ്സിങ്ങ് രണ്ടാമൻ) 1724ൽ നിർമ്മിച്ചതാണിത്. ഇതിലെ മിക്ക യന്ത്രങ്ങളും മഹാരാജാ ജയ് സിങ്ങ് തന്നെ കണ്ട് പിടിച്ചതാണ്. ഖഗോള ശാസ്ത്രത്തിന്റെ അന്നത്തെ നിലവാരമനുസരിച്ച്, ഇവ മഹത്തായ കണ്ടുപിടിത്തങ്ങളായി കണക്കാക്കേണ്ടവയാണ്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാഷ്‌ലെസ് പേയ്മെന്റ് ആണെങ്കിൽ 20 രൂപയാണ് ജന്തർ മന്തിറിലേക്കുള്ള പ്രവേശന ഫീസ്. ക്യാഷ് കൊടുത്താണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ 25 രൂപയാണ് ഫീസ്.

ജന്തർ മന്തിറിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങൾ വഴിയരികിൽ കണ്ട ഒരു ചെറിയ തട്ടുകടയിലേക്ക് ചെന്നു. ബജ്ജിയും മറ്റുമൊക്കെയായിരുന്നു അവിടെ വിറ്റിരുന്നത്. കടലമാവ് കൊണ്ടുണ്ടാക്കിയ ‘റാം ലഡു’ എന്നൊരു ഐറ്റമായിരുന്നു ഞങ്ങൾ അവിടെ നിന്നും പരീക്ഷിച്ചത്. കൊള്ളാം, വ്യത്യസ്തമായ ഒരു ഐറ്റമായിരുന്നു. അതിനു ശേഷം ഞങ്ങൾ ഭേൽപ്പൂരിയും രുചിച്ചറിഞ്ഞു.

പിന്നീട് ഞങ്ങൾ പോയത് പ്രശസ്തമായ ജൻപഥ് മാർക്കറ്റിലേക്ക് ആയിരുന്നു. അവിടെ മൊത്തം കച്ചവടക്കാരായിരുന്നു. വസ്ത്രങ്ങളും മറ്റുമൊക്കെയാണ് കൂടുതലായും അവിടെ വിറ്റിരുന്നത്. നല്ല വിലക്കുറവിലാണ് അവിടെ വസ്ത്രങ്ങൾ വിൽക്കുന്നത്. വില പേശിയാൽ ഒന്നുകൂടി ചിലപ്പോൾ വില കുറയും. ശ്വേതയ്ക്ക് നന്നായി ഹിന്ദി അറിയാവുന്നതിനാൽ വിലപേശി സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടി. എറണാകുളത്തു നിന്നും 500 രൂപയൊക്കെ വാങ്ങിയ നൈറ്റ് ഡ്രസ്സ് ഒക്കെ ഇവിടെ 200 രൂപയ്ക്കാണ് ഞങ്ങൾക്ക് കിട്ടിയത്. ഡൽഹിയിൽ ഷോപ്പിംഗിനു പറ്റിയ സ്ഥലമാണ് ഇത്.

ജൻപഥ് മാർക്കറ്റിൽ നിന്നും പിന്നീട് ഞങ്ങൾ പോയത് കൊണാട്ട് പ്ളേസിലെ സ്ട്രീറ്റ് ഫുഡ് എക്‌സ്‌പ്ലോർ ചെയ്യുവാനായിരുന്നു. കൊണാട്ട് പ്ളേസിലെ മൈതാനത്തിനു അടിയിൽ (Under Ground) സ്ഥിതി ചെയ്യുന്ന സബ്‌വേ ബസാറിലേക്ക് ഞങ്ങൾ കയറി. ഭൂമിക്കടിയിൽ ഒരു ഷോപ്പിംഗ് വിസ്മയം, അതായിരുന്നു സബ്‌വേ ബസാർ. ചുമ്മാ അവിടെ കറങ്ങിയടിച്ചു നടന്നതിനു ശേഷം ഞങ്ങൾ തിരികെ മൈതാനത്തേക്ക് എത്തിച്ചേർന്നു. ഇവിടെ കിടന്നു കറങ്ങിയിട്ടു കാര്യമില്ല, ലോക്കൽ ഫുഡ് നന്നായി എക്‌സ്‌പ്ലോർ ചെയ്യണമെങ്കിൽ ‘പറാന്തേ വാലി ഗലി’യിലേക്ക് പോകണമെന്നായി ശ്വേത. എന്നാൽപ്പിന്നെ അങ്ങനെയായിക്കോട്ടെ എന്നു ഞാനും.

ഓൾഡ് ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിലുള്ള ലോക പ്രശസ്തമായ സ്ട്രീറ്റ് ഫുഡ് ലഭിക്കുന്ന തെരുവാണു ‘പറാന്തേ വാലി ഗലി.’ കൊണാട്ട്പ്ളേസിൽ നിന്നും ഞങ്ങൾ ഒരു യൂബർ ടാക്സി വിളിച്ചു
പറാന്തേ വാലി ഗലിയിലേക്ക് യാത്രയായി. ഓൾഡ് ഡൽഹിയിൽ ഞങ്ങൾ കണ്ട ഒരു പ്രധാന കാഴ്ച എന്തെന്നാൽ സൈക്കിൾ റിക്ഷകൾ ആയിരുന്നു. ശരിക്കും ആ പഴയ കാലത്തേക്ക് എത്തിയപോലെ. ഓൾഡ് ഡൽഹിയിൽ നിന്നും ഒരു ഷെയർ ഓട്ടോ വിളിച്ചു ഞങ്ങൾ ‘പറാന്തേ വാലി ഗലി’യിലേക്ക് പോയി.

റോഡിലാണെങ്കിൽ തിരക്കോടുതിരക്ക്. അതിനിടയിലൂടെ ഷെയർ ഓട്ടോക്കാരൻ (പാലൊക്കെ കൊണ്ടുപോകുന്ന പോലത്തെ വണ്ടി) പറപ്പിക്കുകയായിരുന്നു. ഒരാൾക്ക് 20 രൂപ വെച്ചായിരുന്നു ഷെയർ ഓട്ടോക്കാരൻ ഞങ്ങളിൽ നിന്നും ഈടാക്കിയത്. അതിനുള്ള യാത്ര ഉണ്ട് താനും. അങ്ങനെ പോയിപ്പോയി ഞങ്ങൾ സ്ഥലത്തെത്തി. നല്ല തിരക്കായിരുന്നു ഞങ്ങൾ അവിടെ ചെന്നപ്പോൾ. മര്യാദയ്ക്ക് നിൽക്കാൻ പോലും സാധിക്കുമായിരുന്നില്ല. എല്ലാവരും ഞങ്ങളെപ്പോലെ ഫുഡ് എക്‌സ്‌പ്ലോർ ചെയ്യുവാനായി വന്നതാണ്.

ശ്വേത തിരക്കിനിടയിലൂടെ ചെന്ന് ‘ചാവൽ ചോല’ എന്നൊരു ഐറ്റം വാങ്ങിക്കൊണ്ടു വന്നു. നല്ല എരിവും പുളിയും ഉപ്പുമൊക്കെയുള്ള ഒരു രുചികരമായ വിഭവമായിരുന്നു അത്. വളരെ വ്യത്യസ്തമായ ഒട്ടനവധി ഫുഡ് ഐറ്റങ്ങൾ അവിടെ ലഭിക്കും എന്നതിനാലാണ് ഇത്രയും തിരക്ക്. ഭക്ഷണപ്രിയർക്ക് ജീവിതത്തിൽ മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കും ഈ തെരുവിലെ കൈപ്പുണ്യം നിറഞ്ഞ വ്യക്തികളും കടകളും. അപ്പോൾ ഇനി ഡൽഹിയിൽ വരുന്നവർ ഫുഡ് എക്‌സ്‌പ്ലോർ ചെയ്യാനായി നേരെ ഇവിടേക്ക് വിട്ടോളൂ.

അങ്ങനെ വയറു നിറയുന്നതു വരെ ഭക്ഷണം കഴിച്ചു സന്തോഷത്തോടെ ഞങ്ങൾ അവിടെ നിന്നും തിരികെ യാത്രയായി. നാളെ ഞങ്ങൾ ഡൽഹിയിൽ നിന്നും പോകും.അതിനു മുൻപ് കുറച്ചു കൂടി കാഴ്ചകൾ കാണുവാനുണ്ട്. ആ വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ കാണാം.