ഭക്ഷണപ്രിയർ ത്യശ്ശൂരിൽ വന്നാൽ എങ്ങോട്ടു പോകണം? എന്തു കഴിക്കണം?

നമ്മൾ യാത്രകൾ പോകുമ്പോൾ ചിലയിടങ്ങളിൽ നിന്നും ഭക്ഷണം കഴിക്കാറില്ലേ? ഇങ്ങനെ കഴിക്കുമ്പോൾ നിങ്ങൾ ഏതു തരാം ഭക്ഷണമായിരിക്കും തിരഞ്ഞെടുക്കുക? എൻ്റെ കാര്യം പറയുകയാണെങ്കിൽ ഞാൻ ഓരോ സ്ഥലത്തു ചെല്ലുമ്പോഴും അവിടത്തെ സ്‌പെഷ്യൽ ഫുഡ് എന്താണോ അത് കഴിക്കുവാനായിരിക്കും ശ്രമിക്കുക. കേരളത്തിലെ ഓരോ ജില്ലയിലും വ്യത്യസ്തമായ നല്ല അടിപൊളി ഭക്ഷണം കിട്ടുന്ന സ്ഥലങ്ങൾ ഉണ്ടായിരിക്കും. ഭക്ഷണ കാര്യത്തിൽ അൽപ്പം താല്പര്യമുള്ളവർക്ക് ഈ സ്ഥലങ്ങളെക്കുറിച്ചുള്ള അറിവുകൾ വളരെ ഉപകാരപ്രദമായിരിക്കും.

ഇത്തരത്തിൽ തൃശ്ശൂർ ജില്ലയിൽ വന്നാൽ ഉഗ്രൻ ഭക്ഷണം ലഭിക്കുന്ന ചില സ്ഥലങ്ങളെക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്. മുൻകൂറായി ഒരു കാര്യം കൂടി പറയട്ടെ. എത്ര വലിയ ഹോട്ടലായാലും ചില സമയത്ത് രുചികളിൽ ചില പാകപ്പിഴകൾ സംഭവിക്കാറുണ്ട്. അതുകൊണ്ട് ഈ പോസ്റ്റ് കണ്ടിട്ട് നിങ്ങളാരെങ്കിലും ഈ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ പോയിട്ട് പ്രതീക്ഷിച്ച രുചി കിട്ടിയില്ലെങ്കിൽ അത് നിങ്ങളുടെയും ആ ഹോട്ടലിന്റെയും നിർഭാഗ്യം.

1) ഹോട്ടൽ സഫയർ – കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും തൊട്ടടുത്തായാണ് സഫയർ സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ നഗരത്തിലെ ഏറ്റവും രുചികരമായ ബിരിയാണി ഇവിടത്തെയാണ് എന്നാണു പറയപ്പെടുന്നത്. 2) ഇരിങ്ങാലക്കുട കൊളൊംബോ ഹോട്ടൽ – ബീഫ് ഫ്രൈ/ ചിക്കൻ ബിരിയാണി എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണിത്. 3) ചാവക്കാട് സെന്ററില് രഹ്മാനിയ ഹോട്ടല് – കൈപത്തരി (റൊട്ടി പത്തരി ) തക്കാളി കറി അല്ലെങ്കില് മട്ടന് ചോപ്സ് തുടങ്ങിയവയാണ് ഇവിടത്തെ സ്പെഷ്യൽ ഐറ്റംസ്. 4) പാലാഴി ഷാപ്പ്, തൃശ്ശൂര് – കണ്ടശ്ശന്കടവ് റോഡില് വിലക്കുംകാളില് നിന്നും വലത്തോട്ട് തിരിഞ്ഞാല് എത്തുന്ന പാലാഴിയിൽ കറിക്കും കള്ളിനും നല്ല പേരാണ്.

5) തൃശ്ശൂരിൽ കാഞ്ഞാണിയിൽ നിന്നും ഇടത്തേക്ക് ഏകദേശം അഞ്ച് കിലോമീറ്ററോളം മാറി പുത്തൻപീടികയ്ക്ക് അടുത്തായി മുടിച്ചൂര് റോഡിൽ വളമുക്ക് സെന്ററിൽ നിന്നും വലത്തോട്ടു തിരിഞ്ഞു ഏകദേശം 20 മീറ്റർ പോയി വലതു ഭാഗത്തുള്ള വീട്ടിലുണ്ടാക്കുന്ന അരി കൊണ്ടുള്ള ആലുവ പ്രസിദ്ധമാണ്. കൂടുതൽ വേണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. 6)  തൃശ്ശൂർ മുൻസിപ്പൽ സ്റ്റാൻഡിന് അടുത്തുള്ള രാധാകൃഷ്ണ ഹോട്ടലിലെ മസാലദോശ അടിപൊളിയാ. ഇവിടത്തെ ചമ്മന്തി വളരെ പേരുകേട്ടതാണ്.

7) തൃശൂർ ചെട്ടിയങ്ങാടിയിലെ ഡബിൾഎക്സ് ഹോട്ടൽ മീൻ വിഭവങ്ങൾക്ക് പ്രസിദ്ധമാണ്. പാതിരാത്രി വരെ തുറന്നിരിക്കുന്ന ഹോട്ടലാണിത്.

8) തൃശൂർ ജില്ലയിലെ മാള അഷ്ടമിച്ചിറക്ക് അടുത്ത് കുണ്ടായി എന്ന സ്ഥലത്ത് നല്ല തണുത്ത ഇഞ്ചിക്കളളും കറികളും കിട്ടുന്ന ഷാപ്പുണ്ട്. കപ്പ, മീന്കറി, ഞണ്ട് ഫ്രൈ (ഞായറാഴ്ച മാത്രം), ആടിന്റെ ലിവര്, ആടിന്റെ ബ്രെയിന്, കൊഴുവ ഫ്രൈ, താറാവ് ഫ്രൈ. ഇവിടെ മുളംകുറ്റിയിലാണ് കള്ള് വിതരണം ചെയ്യുന്നത്. 9) തൃശൂർ റൗണ്ടിൽ കറന്റ് ബുക്സിനടുത്ത്/ സി.എം.എസ്. സ്കൂളിന്റെ അടുത്തുള്ള ചന്ദ്ര ഹോട്ടൽ – നല്ല അടിപൊളി മീൻ കറി, ഊണ് ലഭിക്കും. 10) തൃശൂർ സ്വപ്നയുടെ അടുത്തുള്ള വെജിറ്റേറിയൻ ഹോട്ടലായ മണീസ് കഫേ – ഇഡലി, ഉപ്പുമാവു, ദോശ തുടങ്ങിയവ സൂപ്പറാണ്.

11) തൃശൂർ – ഷൊർണൂർ റോഡിലെ ഔഷധി പാൽക്കഞ്ഞി – നെല്ലിക്കാ ജ്യൂസ്, വേറെ പലതരം ഔഷധക്കഞ്ഞികൾ ഇവിടെ ലഭിക്കും. 12) തൃശൂർ കരുവന്നൂർ വലിയപാലത്തിന്റെ താഴത്തുള്ള “സായ്വിന്റെ കട”(“ഓലന്റെ കട”)- പൊറോട്ട, ബീഫ് കോമ്പിനേഷന് പേരുകേട്ട സ്ഥലമാണ്. 13) തൃശൂര്: കൂർക്കഞ്ചേരി എലൈറ്റ് ഹോസ്പിറ്റലിന്റെ മുൻപിലുള്ള തടിച്ച ചേട്ടന്റെ തട്ടുകടയിലെ ബജി, പരിപ്പുവട, ഉഴുന്നു വട തുടങ്ങിയ ചെറു കടികൾ വളരെ രുചികരമാണ്. 14. തൃശൂര് : തളിക്കുളം ഹൈസ്കൂളിന് പിന്നില് ”അലിയാർ” നടത്തുന്ന (അലിയ) കാറ്റെരിംഗ് സ്ഥാപനം – ഇവിടത്തെ സ്പെഷ്യൽ ചിക്കൻ ധം ബിരിയാണി, സദ്യ എന്നിവ പരീക്ഷിക്കാവുന്നതാണ്. 15) തൃശ്ശൂർ റൗണ്ട് സൗത്തിലെ പത്താൻസ് ഹോട്ടളിലെ വെജിറ്റേറിയൻ വിഭവങ്ങൾ പേരുകേട്ടതാണ്.

16) ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള മാപ്രാണം കള്ള് ഷാപ്പിലെ വിഭവങ്ങൾ പേരുകേട്ടതാണ്. ഫാമിലിയായി ഇവിടെ ആളുകൾ എത്താറുണ്ട്.  17) തൃശൂർ ഹൈ റോഡിലെ അക്ഷയാ ഹോട്ടൽ – പുട്ടും ബീഫും ആണ് ഇവിടത്തെ സ്പെഷ്യൽ. കൂടാതെ ഹോട്ടൽ രാത്രി 2 മണി വരെ തുറന്നിരിക്കും. 18) തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും ഇടയിലുള്ള തട്ടുകടകളിൽ നല്ല കൊള്ളിയും (കപ്പ) ബോട്ടിയും പിന്നെ കാട ഫ്രൈയും ലഭിക്കും. 19) തൃശ്ശൂർ റൗണ്ടിലെ രാഗം തിയേറ്ററിനു പിന്നിലുള്ള ഭാരത് ഹോട്ടൽ അട, മസാലദോശ തുടങ്ങിയ വിഭവങ്ങൾക്ക് പേരുകേട്ടതാണ്.

20) തൃശൂർ സാഹിത്യ അക്കദമിയ്ക്കു പിന്നിലെ പിഡബ്യൂഡി ഗസ്റ്റ് ഹൌസിലെ കാന്റീനിലെ നാടന് ഊണും, വൈകീട്ട് ഏഴിനും 8 നും ഇടയിൽ മാത്രം കിട്ടുന്ന കഞ്ഞിയും പുഴുക്കും ഒരിക്കലെങ്കിലും രുചിച്ചിരിക്കേണ്ട ഒന്നാണ്. 21) ത്യശ്ശൂർ പെരിങ്ങാവിലെ ലഡുസ്വാമിയുടെ വീട് – ലഡു, പേട, മൈസൂർ പാക്ക്  മുതലുള്ള മധുരപലഹാരങ്ങൾ ഇവിടെ ലഭിക്കും. 22. ത്യശ്ശൂർ പാവറട്ടിയിൽ നിന്നു രണ്ടര കിലോമീറ്റർ ഉള്ളിലേക്കു പോയി, വെണ്മോട് ചുക്കുബസാറിൽ ഉള്ള “മാമാടെ ” കടയിലെ പൊറേട്ടയും ബീഫ് കറിയും. കേരളത്തിൽ വേറെ എവിടെയും ഉണ്ടാകില്ല ഇത്ര ടേസ്റ്റ്.

23) ഗുരുവായൂർ – കേച്ചേരി റൂട്ടിലെ ചൊവ്വല്ലൂപ്പടിയിൽ രാത്രി എട്ടുമണിക്കു ശേഷം തുറക്കുന്ന കപ്പയും ബോട്ടിയും. 24) ത്യശ്ശൂർ പാവറട്ടിയിലെ പോസ്റ്റ് ഓഫീസിനു താഴെയുള്ള ചേട്ടന്റെ കടയിലെ ജ്യൂസുകൾ വളരെ രുചിയേറിയതാണ്. 25) തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നിന്നും പഴയ നടക്കാവിലേക്കുളള വഴിയിലെ സജീവേട്ടന്റെ *കാപ്പികട*യിലെ തൈര്സാദം, പഴം പൊരി, കൊഴിക്കൊട്ട തുടങ്ങിയ പലഹാരങ്ങളും രുചിച്ചിരിക്കേണ്ട ഒന്നാണ്. 26) തൃശ്ശൂർ – ഷൊർണൂർ റോഡിൽ തിരുവമ്പാടി അമ്പലത്തിന്റെ മുൻപിൽ നിന്ന് പൂങ്കുന്നം സ്റ്റേഷനിലേക്കുളള വഴിയിലെ *പത്തായം* പ്രകൃതി ഭക്ഷണശാല വേറിട്ട അനുഭവമാണ്. 27) തൃശ്ശൂർ റൗണ്ടിൽ ബിനി ടൂറിസ്റ്റ് ഹോമിനു സമീപത്തുള്ള മിഥില ഹോട്ടലിലെ മസാലദോശയും മറ്റു വെജിറ്റേറിയൻ വിഭവങ്ങളും പേരുകേട്ടതാണ്.

എന്താ ഇത്രയും സ്ഥലം പോരേ? ഇനി അടുത്ത തവണ തൃശ്ശൂരിലും പരിസരത്തും വരുമ്പോൾ ഈ പറഞ്ഞിരിക്കുന്നവയിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഏതെങ്കിലും സ്ഥലത്തെ ഭക്ഷണം ഒന്നു രുചിച്ചു നോക്കുവാൻ ശ്രമിക്കുക.