“കിഴി കിഴിയേയ്, ബിരിയാണി കിഴിയേയ്…” ഒരു ബിരിയാണിപ്പൂതി…

വിവരണം – വിഷ്‌ണു എ.എസ്.നായർ.

വീണ്ടുമൊരു ബിരിയാണിപൂതി ഉള്ളിലുണർന്നപ്പോഴാണ് എന്തെങ്കിലും വ്യത്യസ്തമായ ബിരിയാണി കഴിക്കണമെന്ന തീരുമാനത്തിലെത്തിച്ചേർന്നത്. തിരോന്തരനും തലശ്ശേരിയെയും എല്ലാം സ്വയാത്തമാക്കിയത് കൊണ്ട് ഇത്തവണ കിഴി ബിരിയാണിയിലേക്ക് കളം മാറിച്ചവിട്ടാമെന്ന് നിശ്ചയിച്ചു. അങ്ങനെയാണ് കുമാരപുരത്തുള്ള ലാമിയ റെസ്റ്റോറന്റിലേക്ക് കുടുംബസമേതം വച്ചു പിടിച്ചത്.

പട്ടം-കുമാരപുരത്തുള്ള ഗണപതി കോവിൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ്, ദേവി സ്‌കാൻസ് കഴിഞ്ഞ് ഇടതു വശത്തെ മൂന്നാമത്തെ കെട്ടിടമാണ് ലാമിയ റസ്റ്റോറന്റ്. അറബിക്ക് സ്റ്റൈലിലാണ് ഹോട്ടലിന്റെ പേര് മേലെ എഴുതി ചേർത്തിരിക്കുന്നത്.

പ്രത്യേകിച്ച് പാർക്കിങ് സ്ഥലമില്ലാത്തതിനാൽ റോഡരുകിൽ തന്നെ വണ്ടി പാർക്ക് ചെയ്തിട്ട് ഹോട്ടലിലേക്ക് കയറി. നല്ല വൃത്തിയും വെടിപ്പുമുള്ള ഹോട്ടൽ. ചുമരിൽ വരച്ചുചേർത്തതാണെന്നു തോന്നുന്ന കലാ-സൃഷ്ടികൾ. ശരാശരിയിൽ ഉയർന്നു നിൽക്കുന്ന ആമ്പിയൻസ്. തരക്കേടില്ലാത്ത സർവീസും.

സ്ഥാനം പിടിച്ചതിന് പുറകേ രണ്ട്‌ കിഴി ബിരിയാണി പറഞ്ഞു. അത്യാവശ്യം ഹോട്ടലിലൊക്കെ പോയി കഴിച്ച് (അക്ഷരം തെറ്റാതെ പറഞ്ഞാൽ മൂക്ക് മുട്ടെ തിന്ന്) പരിചയമുള്ളതിനാൽ വല്യ പ്രതീക്ഷയെന്നും ഈ ബിരിയാണി മേലെ ഇല്ലായിരുന്നു. ഓർഡർ കൊടുത്തൊരു അഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ സംഭവം മുന്നിലെത്തി. പണ്ട് ചരിത്ര സിനിമകളിലൊക്കെ രാജാക്കന്മാർ വില്ലനെ കൊന്നിട്ട് വരുമ്പോൾ പാരിതോഷികമായി കൊടുക്കുന്ന പണക്കിഴിയുണ്ടല്ലോ അതിന്റെ ബിരിയാണി വേർഷൻ.

വാഴയിലയിൽ വാഴനാരിനാൽ ബന്ധിക്കപ്പെട്ട ബിരിയാണി. കാഴ്ചയിൽ ഒരാകർഷണീയത തോന്നിയാൽ തെറ്റില്ല. വാഴനാരഴിച്ച് ആ ഇല തുറക്കുമ്പോൾ നല്ല നെയ്യിന്റെ ‘കുമാ കുമാന്നുള്ള’ മണം. കാണാൻ ചെറുതുപോലെ തോന്നിയെങ്കിലും ശരാശരിയിൽ കൂടുതൽ ക്വാണ്ടിറ്റിയുണ്ട്. ഇനി രുചിയുടെ കാര്യം പറയുകയാണേൽ നല്ല കിടു ‘സോഫ്റ്റ് ബിരിയാണി’. സോഫ്റ്റ് ബിരിയാണിയെന്നു പറയാൻ കാരണം അമിതമായ നെയ്യോ മസാലയോ ഒന്നുമില്ലാതെ അളന്നു കുറിച്ചപോലെ ചേരുവകളെല്ലാം ചേർന്ന സ്വയമ്പൻ ബിരിയാണി.

ചെറിയ അരിയും കിടുക്കാച്ചി മസാലയും തിരുവനന്തപുരത്തുകാർക്ക് ബിരിയാണിയുടെ കൂടെ ഒഴിവാക്കാൻ പറ്റാത്ത മുട്ടയും പപ്പടവും അച്ചാറും സലാഡും കൂടെയായപ്പോൾ അഡാർ കോമ്പിനേഷൻ. കഴിച്ചു തുടങ്ങിയാൽ ചുമ്മാ അലിഞ്ഞിറങ്ങുന്ന തരത്തിലുള്ള പാകം വന്ന ചോറും രണ്ട് മീഡിയം പീസ് ചിക്കനും. സംഭവം കൊള്ളാം. കഴിച്ചു കഴിഞ്ഞപ്പോൾ നോർമൽ ബിരിയാണി കഴിക്കുമ്പോൾ ഉള്ളത് പോലുള്ള ഒരു ‘ഭീകരത്വം’ വയറിന് അനുഭവപ്പെട്ടില്ലെന്നത് ആശ്ചര്യകരമായി തോന്നി.

ഇടയ്ക്കിടയ്ക്ക് അരി ഉണ്ട കെട്ടിയത് പോലുള്ള ചില അവസ്ഥാന്തരങ്ങൾ കണ്ടെങ്കിലും അതിനി കിഴി കെട്ടിയപ്പോൾ കൂടി ചേർന്നതാണോയെന്നറിയില്ല എന്നതൊഴിച്ചാൽ ഒരുപാട് പറയാൻ ഒന്നുമില്ലേലും കാഴ്ചയിലും രുചിയിലും വ്യത്യസ്തമായ ഒരു ബിരിയാണി. അത്ര തന്നെ.

വൃത്തിയുടെ കാര്യം എടുത്തു പറയേണ്ടത് തന്നെ. ഒരാളുടെ ആഹാരം കഴിഞ്ഞെന്ന് തോന്നുന്നതും ആ മേശ വൃത്തിയാക്കാൻ പിള്ളേരെത്തും. അതും ആർക്കോ വേണ്ടി ഓടിച്ച് വൃത്തിയാക്കുകയല്ല ഏതാണ്ട് പത്ത്-പതിനഞ്ച് സെക്കന്റെടുകൾ ആ മേശമേൽ പണിയെടുക്കും.

വിലവിവരം : കിഴി ബിരിയാണി – ₹ 150, ലൈം ജ്യൂസ് – ₹ 20, മിന്റ് ലൈം – ₹ 25. കൗണ്ടറിൽ ക്യാഷ് കൊടുക്കാൻ നേരത്ത് അരി ഉണ്ട കെട്ടിയത് പോലെ തോന്നിയെന്ന് പറഞ്ഞതിനോടൊപ്പം “സത്യം പറയണ്ണാ ഇത് സാധാ ബിരിയാണി വാഴയിലയിൽ കെട്ടിയതല്ലേ?” എന്ന് ചോദിച്ചെങ്കിലും സാധാ ബിരിയാണിയും കിഴി ബിരിയാണിയും രണ്ടും രണ്ടായാണ് പാചകം ചെയ്യുന്നതെന്നും അതിലെ കൂട്ടുകൾക്ക് വ്യത്യാസമുണ്ടെന്നുമായിരുന്നു മറുപടി.