വെറും 200 രൂപ ചെലവിൽ ഒരു ദിവസം ലങ്കാവി കറങ്ങിയ കഥ..

ലങ്കാവിയിലൂടെയുള്ള ഞങ്ങളുടെ ബൈക്ക് കറക്കം തകൃതിയായി നടന്നുകൊണ്ടിരുന്നു. കറക്കത്തിനിടെയാണ് വഴിയരികിൽ മുനീശ്വർ ക്ഷേത്രം എന്നൊരു ബോർഡ് ഞങ്ങളുടെ കണ്ണിൽപ്പെട്ടത്. അങ്ങനെ ഞങ്ങൾ അവിടേക്ക് കയറുവാൻ തീരുമാനിച്ചു. സംഭവം ചെറിയൊരു ക്ഷേത്രമാണ്. അവിടെ എന്തൊക്കെയോ പണികൾ നടക്കുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങളെ ശരിക്കും ഞെട്ടിച്ചത് ഈ ക്ഷേത്രത്തിനു സമീപമുള്ള മറ്റൊരു ബുദ്ധക്ഷേത്രമായിരുന്നു. ഒരു മലയുടെ കീഴെയായിരുന്നു ആ ക്ഷേത്രം.

മൊത്തത്തിൽ ഒരു വല്ലാത്ത ആകർഷണീയതയായിരുന്നു ആ ക്ഷേത്രത്തിന്. അവിടെയാണെങ്കിൽ സന്ദർശകരായി ആരും തന്നെ ഉണ്ടായിരുന്നുമില്ല. ഈ സ്ഥലങ്ങളൊക്കെ ലങ്കാവിയിൽ അധികമാരും അറിയാത്ത ഒരിടമായിട്ടായിരുന്നു ഞങ്ങൾക്ക് അനുഭവപ്പെട്ടത്. ക്ഷേത്രത്തിനകത്തുള്ള കാഴ്ചകളും ഞങ്ങളെ വളരെ ആകർഷിച്ചു. മൊത്തത്തിൽ അവിടെയാകെ ഒരു പോസിറ്റിവ് എനർജി. കുറച്ചു സമയം ഞങ്ങൾ അവിടെ ചെലവഴിക്കുകയുണ്ടായി. പിന്നീട് ഞങ്ങളുടെ കറക്കം തുടർന്നു.

പിന്നീട് ഞങ്ങൾ പോയത് ശ്രീ മഹാമാരിയമ്മൻ ക്ഷേത്രത്തിലേക്ക് ആയിരുന്നു. ഇതൊക്കെ ഞങ്ങൾ പ്ലാൻ ചെയ്തു പോയതല്ല. പോകുന്ന വഴിയിൽ കാണുന്നയിടത്തൊക്കെ കയറുക, അതായിരുന്നു ഞങ്ങളുടെ ആകെയുള്ള പ്ലാൻ. തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തിൽ എത്തിയതുപോലെയായിരുന്നു ശ്രീ മഹാമാരിയമ്മൻ ക്ഷേത്രത്തിൽ ഞങ്ങൾക്ക് അനുഭവപ്പെട്ടത്. ഒരു ഇസ്‌ലാം രാഷ്ട്രമായ മലേഷ്യയിൽ ക്ഷേത്രങ്ങളും സംസ്കാരങ്ങളും അതേപടി നിലനിർത്തുന്ന ഈ കാഴ്ചകൾ അഭിനന്ദനാർഹം തന്നെയാണ്. ഇതല്ലേ ശരിക്കും മത സൗഹാർദ്ദം? എന്തോന്ന് മതം അല്ലേ? എല്ലാം മനുഷ്യന്റെ സൃഷ്ടിയല്ലേ? എല്ലാ മതങ്ങളും നമ്മളെ പഠിപ്പിക്കുന്നത് നല്ല കാര്യങ്ങൾ മാത്രമാണ്. ഇതെല്ലാം ആലോചിച്ചുകൊണ്ട് ഞങ്ങൾ അവിടെ നിന്നും അടുത്ത സ്ഥലത്തേക്ക് യാത്രയായി.

പോകുന്ന വഴിയ്ക്ക് വ്യത്യസ്തങ്ങളായ കാഴ്ചകളായിരുന്നു ഞങ്ങളെ കാത്തിരുന്നത്. അവിടെയെല്ലാം ഞങ്ങൾ കണ്ട ഒരു സവിശേഷത എന്തെന്നാൽ ഭൂരിഭാഗം വീടുകൾക്കും മതിലുകൾ ഉണ്ടായിരുന്നില്ല എന്നതായിരുന്നു. ചുരുക്കം ചില വീടുകൾ കമ്പിവേലി കൊണ്ട് വേലികെട്ടിയിരിക്കുന്നത് കാണാമായിരുന്നു. അതെല്ലാം തമിഴ് വംശജരുടെയായിരുന്നു എന്നു ഞങ്ങൾക്ക് മനസിലായി. അങ്ങനെ ഞങ്ങൾ കാഴ്ചകൾ കണ്ടുകൊണ്ട് ഏതോ ഒരു ഗ്രാമത്തിലൂടെ യാത്ര തുടർന്നു.

സമയം ഉച്ച കഴിഞ്ഞിരുന്നു. ഞങ്ങൾക്ക് നല്ല വിശപ്പ് അനുഭവപ്പെട്ടിരുന്നു. ഗ്രാമപ്രദേശങ്ങളായിരുന്നതിനാൽ ചെറിയ ചായക്കട സെറ്റപ്പുകൾ മാത്രമാണ് അവിടങ്ങളിൽ കണ്ടിരുന്നത്. അവിടത്തെ ഭക്ഷണം ഉണ്ടാക്കുന്ന സ്മെൽ ഞങ്ങൾക്ക് പറ്റാത്തതിനാൽ അതിനു ഞങ്ങൾ മുതിർന്നുമില്ല. വിശപ്പടക്കുവാനായി ഞങ്ങൾ കപ്പ് ന്യൂഡിൽസും മംഗോ ജ്യൂസുമെല്ലാം കയ്യിൽ കരുതിയിരുന്നു. അങ്ങനെ ഞങ്ങളുടെ ഭക്ഷണച്ചെലവ് കുറയ്ക്കുവാൻ ഇതു കാരണമായി.

പോകുന്ന വഴിയിൽ അടുത്തായി ഒരു വെള്ളച്ചാട്ടം ഉണ്ടെന്നു ഞങ്ങൾ മനസ്സിലാക്കി. അങ്ങനെ ഞങ്ങൾ മെയിൻ റോഡിൽ നിന്നും വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലേക്ക് കയറി. വഴിയിൽ ആരെയും കാണുവാൻ കഴിഞ്ഞിരുന്നില്ല അവിടെ. ‘Durian Perangin’ എന്നായിരുന്നു ആ വെള്ളച്ചാട്ടത്തിന്റെ പേര്. അങ്ങനെ ഞങ്ങൾ വെള്ളച്ചാട്ടത്തിനു സമീപത്തെത്തി. അവിടെ ടൂറിസ്റ്റുകളെ കാത്ത് കടകളും ചെറിയ ഹോട്ടലുകളും ഒക്കെയുണ്ടായിരുന്നു. ഞങ്ങൾ അവിടെയൊരു കടയിൽ കയറി കപ്പ് ന്യൂഡിൽസ് കഴിച്ചു.

വെള്ളച്ചാട്ടത്തിലേക്ക് കുറച്ചു നടക്കേണ്ടിയിരുന്നു. ഞങ്ങൾ അവിടേക്ക് നടന്നു. വെള്ളച്ചാട്ടത്തിനു മുന്നിലൂടെ ഒരു ചെറിയ തൂക്കുപാലം ഉണ്ടായിരുന്നു. താഴെ വലിയൊരു അരുവിയാണ്. വെള്ളച്ചാട്ടം വളരെ ചെറുതായിരുന്നു. ഇപ്പോൾ ഓഫ് സീസൺ ആയിരിക്കണം. സീസൺ സമയത്ത് വെള്ളച്ചാട്ടം അതിൻ്റെ രൗദ്രഭാവം കൈവരിക്കുമായിരിക്കും. താഴെ പാറക്കെട്ടുകൾ നിറഞ്ഞ അരുവിയിൽ ചിലർ കളിക്കുകയും കുളിക്കുകയും ഒക്കെയുണ്ടായിരുന്നു. ഞങ്ങളും താഴെ അരുവിയിൽ ഇറങ്ങി കുറച്ചു നേരം ആസ്വദിച്ചു. കുറച്ചു സമയം അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ അവിടെ നിന്നും യാത്രയായി.

ലങ്കാവിയുടെ വടക്കു ഭാഗത്തായി ഒരു മനോഹരമായ ബീച്ച് ഉണ്ടെന്നു ഞങ്ങൾ ഇതിനിടെ മനസ്സിലാക്കി. പിന്നീട് ഞങ്ങളുടെ യാത്ര അവിടേക്ക് ആക്കി. പോകുന്ന വഴിയ്ക്ക് ഞങ്ങൾ ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു. വിശപ്പ് അടക്കിയശേഷം ഞങ്ങൾ ബീച്ചിലേക്ക് യാത്രയായി. ബീച്ചിലേക്ക് പോകുന്ന വഴിയും മനോഹരകാഴ്ചകൾ കൊണ്ടു നിറഞ്ഞതായിരുന്നു. ‘Tanjung Rhu’ എന്നായിരുന്നു ഞങ്ങൾ പോയ ബീച്ചിന്റെ പേര്. കാടുപോലത്തെ വഴികളിലൂടെയൊക്കെ പോയിപ്പോയി ഞങ്ങൾ അവസാനം ബീച്ചിൽ എത്തി.

നോർത്ത് ഗോവയിലെപ്പോലത്തെ ഒരു സൈലൻറ് ബീച്ച് ആയിരുന്നു അത്. സഞ്ചാരികൾ അധികമൊന്നും അവിടെയുണ്ടായിരുന്നില്ല. ബീച്ചിനു മുന്നിലായി കടലിൽ പല ആകൃതിയിൽ ചില ദ്വീപുകൾ കാണപ്പെട്ടു. അധികം ആളുകൾ ഇല്ലാതിരുന്നതിനാൽ അവിടെ ഞങ്ങൾക്ക് ശരിക്കും ആസ്വദിക്കുവാൻ സാധിച്ചു. സത്യത്തിൽ ഇങ്ങനെയൊരു ബീച്ച് യാത്ര ഞങ്ങളുടെ പ്ലാനിൽ ഉണ്ടായിരുന്നതല്ല. അങ്ങനെ ബീച്ചിലെ കറക്കത്തോടെ ഞങ്ങളുടെ അന്നത്തെ യാത്ര അവസാനിപ്പിച്ചു. പിന്നെ ഞങ്ങൾ താമസിക്കുന്ന റിസോർട്ടിലേക്ക് യാത്രയായി. ഇന്നത്തെ ഞങ്ങളുടെ യാത്രയ്ക്ക് ആകെ ചെലവായത് പെട്രോളും ഭക്ഷണവും ഉൾപ്പെടെ 200 രൂപയാണ്. ലങ്കാവി ലക്കി ടെമ്പിൾ, Durian Perangin Waterfall, Tanjung Rhu Beach എന്നീ സ്ഥലങ്ങൾ ഞങ്ങൾ ബൈക്കിൽ യാത്ര ചെയ്ത് കണ്ട് ആസ്വദിച്ചു. അടിപൊളി കാഴ്ചകൾ ആയിരുന്നു ഇന്നത്തെ യാത്ര ഞങ്ങൾക്ക് സമ്മാനിച്ചത്. ആ ഓർമ്മകൾ എന്നും മനസ്സിൽ മായാതെ കിടക്കും എന്നുറപ്പ്..