ബസ് കഴുകാൻ വന്നു കണ്ടക്ടറും ഡ്രൈവറുമായി; ജോലിയ്ക്കിടയിൽ നേടിയത് എംഫിൽ ബിരുദം…

കഷ്ടപ്പാടുകളിലൂടെ പലതരം ജോലികളെടുത്തുകൊണ്ട് അതിനിടയിലും പഠനം മുന്നോട്ടു കൊണ്ടുപോകുന്നവരുണ്ട്. ഇത്തരത്തിൽ കഷ്ടപ്പെട്ടു പഠിച്ചു നേടുന്ന ബിരുദത്തിനും മറ്റു നേട്ടങ്ങൾക്കും മധുരം അൽപ്പം കൂടുതലായിരിക്കും. ഇത്തരത്തിലൊരു കഥയാണ് അരിയല്ലൂർ കരുമരക്കാട് ചെ‍ഞ്ചൊരൊടി വീട്ടിൽ ഗംഗാധരന്റെയും ഭാർഗവിയുടെയും മകൻ‍ അനൂപിന് പറയുവാനുള്ളത്.

അരിയല്ലൂർ കരുമരക്കാട് ചെ‍ഞ്ചൊരൊടി വീട്ടിൽ ഗംഗാധരന്റെയും ഭാർഗവിയുടെയും മകൻ‍ അനൂപ് ഗംഗാധരൻ എംഫിൽ ബിരുദം നേടിയത് ബസിൽ ‍ജോലി ചെയ്തുകൊണ്ടാണ്. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഫോക്‌ലോറിലാണ് അനൂപിന് എംഫിൽ ലഭിച്ചത്. സ്വകാര്യ ബസ് ഡ്രൈവറായി അവധി ദിവസങ്ങളില്‍ അടക്കം ജോലി ചെയ്തും പഠിച്ചുമായിരുന്നു അനൂപിന്റെ ജീവിത യാത്ര. പ്ലസ് വണ്‍ പഠനകാലത്താണ് ബസ് കഴുകി വൃത്തിയാക്കുന്ന ജോലിയിലേക്ക് അനൂപ് ആദ്യമായി എത്തുന്നത്. അതിന് മുമ്പ് കല്‍പ്പണി, സെന്‍ട്രിംഗ്, പെയിന്റിംഗ്, വയറിംഗ് മേഖലയില്‍ സഹായിയായി സ്വന്തമായി വരുമാനം കണ്ടെത്തി. സ്വകാര്യ ബസ് മേഖലയിലേക്ക് വന്നതിന് ശേഷം ക്ലീനറും ചെക്കറും കണ്ടക്ടറും ഒടുവില്‍ ഡ്രൈവറുമാകുകയായിരുന്നു. ഇതിനിടയിലും ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.

എം എ ഇംഗ്ലീഷില്‍ മറ്റൊരു പി ജി കൂടി നേടാന്‍ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലൂടെ പഠനം തുടരുന്നുണ്ട്. പരപ്പനങ്ങാടി കോഓപ്പറേറ്റീവ് കോളജില്‍ നിന്ന് 2004ല്‍ പ്ലസ്ടുവും 2009ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബി എ ഇംഗ്ലീഷ് ബിരുദവും നേടിയാണ് 2013ല്‍ സര്‍വകലാശാല ഫോക്‌ലോര്‍ പഠനവിഭാഗത്തില്‍ പി ജിക്ക് ചേരുന്നത്. തുടര്‍ന്ന് എം ഫില്‍ നേടി ഗവേഷണത്തിന് യോഗ്യനായി. ഹൈസ്‌കൂള്‍ പഠനം അരിയല്ലൂര്‍ മാതവാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. റെയില്‍വേയില്‍ ക്ലാസ് ഫോര്‍ ജീവനക്കാരനായിരുന്ന അച്ഛന്‍ ഗംഗാധരന്റെ സമ്പാദ്യം വീടുപണിക്കും സഹോദരി അമൃതയുടെ വിവാഹത്തിനും മറ്റ് കുടുംബ ചെലവുകള്‍ക്കുമായി ചെലവഴിക്കേണ്ടി വന്നപ്പോള്‍ തന്റെ പഠനചെലവുകള്‍ക്കുള്ള പണം സ്വന്തം ജോലി ചെയ്ത് തന്നെ നേടാമെന്ന് അനൂപ് ഉറപ്പിച്ചതോടെയാണ് തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ പഠനവും ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ ബസില്‍ ജോലിയും കണ്ടെത്തിയത്. മറ്റ് ജോലികള്‍ പഠനത്തോടൊപ്പം കൊണ്ടുപോകാനാത്തതിനാല്‍ പിന്നീട് ബസ് തൊഴിലിലേക്ക് തിരിയുകയായിരുന്നുവെന്ന് അനൂപ് പറയുന്നു.

പരപ്പനങ്ങാടിയില്‍ നിന്ന് ഉള്ളണം നോര്‍ത്ത് വഴി കോട്ടക്കടവ് ഫറോക്ക് റൂട്ടിലോടുന്ന ബസുകളിലാണ് അനൂപ് ഡ്രൈവറായി ജോലി ചെയ്യുന്നത്. പൊതുസമ്മതനായ അനൂപിന് എം ഫില്‍ ബിരുദം ലഭിച്ചത് അറിഞ്ഞതോടെ നാട്ടിലെ വിവിധ സംഘടനകളും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പുറമെ സാമൂഹിക മാധ്യമങ്ങളിലും താരമായി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്ന് അവസാനിപ്പിക്കുന്നുവോ അതോടെ ഓരോ വ്യക്തിയും മരിക്കാതെ മരിക്കുകയാണെന്നും അതിനാല്‍ ജീവിതം തന്നെ പഠനമാക്കണമെന്നുമാണ് അനൂപിന്റെ അഭിപ്രായം. വായനാതാത്പര്യമുള്ള അനൂപിന് വീട്ടില്‍ അഞ്ഞൂറോളം പുസ്തകങ്ങളുള്ള ചെറു ലൈബ്രറിയുമുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കിയയിടത്താണ് അനൂപ് സാധാരണ തൊഴില്‍- പഠന സമവാക്യത്തില്‍ നിന്ന് പുറത്തു കടക്കുന്നത്.

പഠനം എന്നത് തൊഴിലിനും വരുമാനത്തിനുമുള്ള കേവല ഉപകരണമായി മാത്രം കാണാതെ, കഴിയാവുന്നയത്രയും ആര്‍ജിക്കാനുള്ള മനസ്സ് കാണാതെ പോകരുത്. വേണമെങ്കില്‍ പഠനം ഡിഗ്രിയില്‍ അവസാനിപ്പിക്കാമായിരുന്നു, അല്ലെങ്കില്‍ പി ജിയില്‍. തുടര്‍ന്ന് വിദ്യാഭ്യാസ യോഗ്യതക്ക് അനുസൃതമായ താത്കാലികമോ സ്ഥിരമോ ആയ ജോലിയില്‍ പ്രവേശിക്കാമായിരുന്നു. എന്നാല്‍, ബസ് തൊഴിലാളിയായിത്തന്നെ അനൂപ് പഠനത്തെയും അറിവ് സമ്പാദനത്തെയും ഒരേ പാതയില്‍ കൊണ്ടുപോകുന്നു. ഫറോക്ക് – കോട്ടക്കടവ് – ഉള്ളണം – പരപ്പനങ്ങാടി റൂട്ടിലെ ബസിലെ ഡ്രൈവറാണ് ഇപ്പോൾ അനൂപ്. ഇനി പിഎച്ച്ഡി എടുക്കലാണ് അനൂപിന്റെ അടുത്ത ഉന്നം. ഇത്രയും കഷ്ടപ്പാടിനിടയിലും പഠിച്ചുകൊണ്ട് ഈ നിലയിലെത്താൻ കഴിഞ്ഞ നിലയ്ക്ക് ഇനി തുടർന്നുള്ള പാതയും അനൂപിന് ഈസിയായി കീഴടക്കുവാൻ സാധിക്കും. അനൂപിന് എല്ലാവിധ വിജയാശംസകളും നേരുന്നു.

കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.