‘ബീഫ് ബിരിയാണി’യ്ക്ക് പേരുകേട്ട കോഴിക്കോട്ടെ റഹ്മത്ത് ഹോട്ടലിൻ്റെ വിശേഷങ്ങളിലേക്ക്…

കോഴിക്കോട് എന്ന സാംസ്കാരിക നഗരം, വിഭിന്നമായ ഭക്ഷണത്തിന്റെയും പുതുമയേറിയ രുചികളുടെയും കൂട്ടായ്മയുടെയാണ്. ആഥിത്യമര്യാദയിലും സാമൂഹികമര്യാദയിലും ഇഴുകിചേര്‍ന്നതാണ് കോഴിക്കോട്. കേരളത്തിലെ ഏറ്റവും നല്ലതും വ്യത്യസ്തവുമായ ഭക്ഷണം ലഭിക്കുന്നത് കോഴിക്കോട് തന്നെയാണെന്നതിൽ എതിരഭിപ്രായങ്ങൾ ഉണ്ടാകുവാനിടയില്ല. സർബത്തും അലുവയും മുതൽ ബിരിയാണി വരെ നീളുന്നു ആ രുചിപ്പെരുമ. കോഴിക്കോട് എത്തുന്നവർക്ക് ഏതു ഹോട്ടലിൽ കയറണം എന്തൊക്കെ കഴിക്കണം എന്ന കാര്യത്തിൽ ഭയങ്കര കൺഫ്യൂഷനായിരിക്കും. അത്തരക്കാർക്ക് ബീഫ് ബിരിയാണി കഴിക്കണം എന്നാണെങ്കിൽ നേരെ റഹ്മത്ത് ഹോട്ടലിലേക്ക് പോയാൽ മതി. അതെ, കോഴിക്കോട്ടെ ബിരിയാണികളിൽ ഏറ്റവും പ്രശസ്തമായത് റഹ്മത്തിലെ ബീഫ് ബിരിയാണി തന്നെയാണ്. മലബാറിന്റെ രുചിക്കൂട്ടുകളുടെ കേന്ദ്രമെന്ന് വേണമെങ്കിൽ റഹ്മത്തിനെ വിളിക്കാം.

തിരൂർ ആലത്തിയൂർ സ്വദേശിയായിരുന്ന കുഞ്ഞഹമ്മദ് ഹാജി ഏകദേശം അറുപതോളം വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ബീച്ചിനടുത്ത് ആരംഭിച്ച ഹോട്ടലാണ് പിൽക്കാലത്ത് മാനാഞ്ചിറ മൈതാനത്തിനും മാതൃഭൂമി സഹകരണ സംഘത്തിനും ലൂമിനാസ് ഡ്രസ്സസ്സിനും അടുത്തായി അരവിന്ദ് ഘോഷ് റോഡില്‍ ആയി, രണ്ടാം ഗെയ്റ്റിന് സമീപത്തെ ബിരിയാണിക്ക് പ്രശസ്തമായ റഹ്മത്ത് ഹോട്ടലായി മാറിയത്. ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലെ തിലകന്റെ കഥാപാത്രം ഇദ്ദേഹത്തെ കണ്ട് എഴുതിയതാണെന്നു വേണമെങ്കിൽ പറയാം. ഇന്നത്തെ റഹ്മത്ത് ഹോട്ടൽ തുടങ്ങിയിട്ട് 52 വർഷം കഴിഞ്ഞു. ഇത്രയും കാലത്തിനിടയിൽ ഹോട്ടലിൽ മോടിപിടിപ്പിക്കലും പുതുക്കിപ്പണിയലുമൊക്കെ ഉണ്ടായിട്ടുണ്ട്.

ബീഫ് ബിരിയാണി ഉണ്ടാക്കുന്നതിൽ സ്പെഷ്യലിസ്റ്റ് ആയിരുന്ന കുഞ്ഞഹമ്മദ് ഹാജിയുടെ ഹോട്ടലിലെ താരവും അതേ ബീഫ് ബിരിയാണി തന്നെയായി മാറി. കോഴിക്കോടെന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും നല്ല ബീഫ് ബിരിയാണി ലഭിക്കുന്ന സ്ഥലം എന്നതിനു ഉത്തരവും റഹ്മത്ത് തന്നെയാണ്. ഉസ്താദ് ഹോട്ടലിലെ തിലകൻ പറയുന്നതു പോലെ ബിരിയാണി കഴിക്കുന്നതിനേക്കാൾ കഴിപ്പിക്കുന്നതിലാണ് കുഞ്ഞഹമ്മദ് ഹാജി സന്തോഷം കണ്ടെത്തിയിരുന്നത്. വെറുതെ കഴിച്ചാൽ മാത്രം പോരാ, കഴിക്കുന്നവരുടെ മനസ്സും നിറയണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു.

ഹോട്ടൽ തുടങ്ങി അധികനാൾ ആകുന്നതിനും മുന്നേ റഹ്മത്തിലെ ബീഫ് ബിരിയാണിയുടെ രുചിയും പെരുമയുമെല്ലാം നാടൊട്ടുക്കും പരന്നു. പ്രശസ്തരായ സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളുമൊക്കെ റഹ്മത്തിലെ ബിരിയാണിയുടെ ആരാധകരായി മാറി. ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ക്യൂ റഹ്മത്തിനു മുന്നിൽ എന്നും കാണാവുന്നതാണ്. സ്വദേശികളും മറ്റു സ്ഥലങ്ങളിൽ നിന്നും കോഴിക്കോട് വരുന്ന സഞ്ചാരികളുമെല്ലാം അക്കൂട്ടത്തിൽപ്പെടും. റഹ്മത്തിലെ ബിരിയാണി രുചിക്കാൻ വേണ്ടി മാത്രം മറ്റു ജില്ലകളിൽ നിന്നും കോഴിക്കോട്ടേക്ക് ആളുകൾ വരുന്നുണ്ടെന്നത് മറ്റൊരു സത്യം. റഹ്മത്തിൽ നിന്നും ബിരിയാണി കഴിച്ചു കഴിഞ്ഞാൽ ഒരു ചൂടൻ സുലൈമാനി കൂടി കുടിച്ചിട്ടേ ആളുകൾ പോകാറുള്ളൂ. അതാണ് അതിന്റെയൊരു രീതി. ബീഫ് ബിരിയാണിയാണ് ഇവിടുത്തെ പ്രധാന വിഭവം എങ്കിലും മറ്റെല്ലാ വിഭവങ്ങളും ലഭ്യമാണ്. ഇത്രയും പേരും പ്രശസ്തിയുമൊക്കെ കൈവരിച്ചിട്ടും ഇന്നും മിതമായ നിരക്ക് മാത്രമാണ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത് എന്നത് ഈ ഹോട്ടലിനെ പ്രിയപ്പെട്ടതാക്കുന്നു.

1961 മുതല്‍ 2008 വരെ കുഞ്ഞഹമ്മദ് നേരിട്ടാണ് ഹോട്ടല്‍ നടത്തിയിരുന്നത്. പിന്നീട് മകന്‍ മുഹമ്മദ് സുഹൈല്‍ സ്ഥാപനം ഏറ്റെടുക്കുകയായിരുന്നു. 2017 ജൂൺ മാസത്തിൽ കുഞ്ഞഹമ്മദ് ഹാജി റഹ്മത്തിനെയും കോഴിക്കോടിനെയുമൊക്കെ വിട്ടു ഭൂമിയിൽ നിന്നും വിടപറഞ്ഞു. ഇന്ന് അറുപതോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന വലിയ തിരക്കുള്ള ഹോട്ടലാക്കി റഹ്മത്തിനെ മാറ്റിയത് കുഞ്ഞഹമ്മദ് ഹാജിയുടെ കൈപ്പുണ്യവും കഷ്ടപ്പാടുമായിരുന്നു.

കുഞ്ഞഹമ്മദ് ഹാജി.

ഹോട്ടലിൽ ദിനംപ്രതി തിരക്ക് വർദ്ധിച്ചതോടെ മറ്റൊരു ബ്രാഞ്ച് കൂടി കോഴിക്കോട് തുടങ്ങുവാൻ റഹ്മത്തുകാർ തീരുമാനിച്ചു. കോഴിക്കോട് പുതിയ സ്റ്റാന്റ് കോർപ്പറേഷൻ സ്റ്റേഡിയത്തിന് അടുത്താണ് 2018 ൽ പുതിയ ഹോട്ടൽ ആരംഭിച്ചത്. നാല് നിലകളിലായുള്ള ഈ ഹോട്ടലിൽ ഒരേ സമയം 400 പേർക്ക് ഭക്ഷണം കഴിക്കുവാനുള്ള സൗകര്യമുണ്ട്. ഗ്രൗഡ് ഫ്ളോറിൽ സാധാ ഫുഡും, ഫസ്റ്റ് ഫ്ളോറിൽ സ്പെഷ്യൽ ഫുഡും ആണ് . രണ്ടാം നില പൂർണമായും കുടുംബങ്ങൾക്കായി മാറ്റിവച്ചിരുന്നു. മൂന്നാം നിലയാകട്ടെ ഡീലക്സ് ഫ്ലോർ ആണ്. രണ്ടാം ഗെയ്റ്റിന് സമീപത്തെ പഴയ ഹോട്ടൽ നിലനിർത്തിക്കൊണ്ടു തന്നെയാണ് പുതിയ ഹോട്ടൽ ആരംഭിച്ചതും.

പേരുകേട്ട നിരവധി ഹോട്ടലുകൾ കോഴിക്കോട് നഗരത്തിലുണ്ടെങ്കിലും റഹ്മത്തിന്റെയും അവിടത്തെ ബീഫ് ബിരിയാണിയുടെയും തട്ട് എന്നും താണു തന്നെയിരിക്കും. ഇനി അടുത്ത തവണ കോഴിക്കോട് പോകുമ്പോൾ നിങ്ങൾ റഹ്മത്തിലെ ബീഫ് ബിരിയാണിയുടെയും ചൂട് സുലൈമാനിയുടെയും രുചി ഒന്നറിയുവാൻ ശ്രമിക്കുക.

വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.